UPDATES

ന്യൂസ് അപ്ഡേറ്റ്സ്

5 ദിവസം: 16 മരണം; കാര്യങ്ങള്‍ നേരെയാകാന്‍ 50 ദിവസം വേണമെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍

അഴിമുഖം പ്രതിനിധി

രാജ്യത്ത് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിനു ശേഷം ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മരിച്ചത് 16 പേര്‍. ഈ മാസം എട്ടിന് വൈകുന്നേരം എട്ടു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നു രാത്രി 12 മണിക്കു ശേഷം 500, 1000 രൂപാ നോട്ടുകള്‍ സാധുവല്ലെന്ന് പ്രഖ്യാപിച്ചത്. 10 മുതല്‍ ഈ കറന്‍സികള്‍ മാറിയെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീടുണ്ടായത് സാര്‍വത്രിക സാമ്പത്തിക അരാജകത്വമാണ്. ഈ തീരുമാനം മൂലം അഞ്ചു ദിവസത്തിനുള്ളില്‍ മരിച്ചത് 16 പേരാണെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 50 ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ നേരെയാക്കുമെന്നാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.

 

1. അസുഖബാധിതനായ നവജാതശിശുവിനെ ചികിത്സിക്കാന്‍ മുംബൈയിലെ ഒരാശുപത്രി വിസമ്മതിച്ചു. കുട്ടി മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം പഴയ നോട്ടുകള്‍ സ്വീകരിച്ചാല്‍ മതി എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

 

2. വിശാഖപട്ടണത്ത് 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് മരുന്ന് വാങ്ങാന്‍ മാതാപിതാക്കളുടെ പക്കല്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന്. പഴയ നോട്ടുകള്‍ വാങ്ങാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല.

 

3. ഒരു വയസുകാരന്‍ കുഷ് യുപിയിലെ മെയിന്‍പുരിയില്‍ മരിച്ചത് ഡോക്ടര്‍മാര്‍ ചികിത്സ പാതിവഴിക്ക് അവസാനിപ്പിച്ചതിനെ തുടര്‍ന്ന്. മാതാപിതാക്കളുടെ പക്കലുള്ള 100 രൂപാ നോട്ടുകള്‍ തീര്‍ന്നു പോയതായിരുന്നു കാരണം. മാതാപിതാക്കള്‍ കുട്ടിയുമായി വീട്ടിലേക്ക് പോന്നു. കുട്ടി മരിച്ചു.

 

4. രാജസ്ഥാനിലെ പാലി ജില്ലയില്‍ ചമ്പാലാല്‍ മേഘ്‌വാള്‍ എന്നയാളുടെ നവജാത ശിശുവിനെ ആംബുലന്‍സില്‍ കൊണ്ടു പോകാന്‍ വിസമ്മതിച്ചു. അയാളുടെ പക്കല്‍ 500, 100 മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് 100 രൂപാ നോട്ടുകള്‍ സംഘടിപ്പിച്ചു വന്നപ്പോഴേക്കും കുട്ടി മരിച്ചു.

 

5. ഉത്തര്‍ പ്രദേശിലെ കുശിനഗറില്‍ അലക്കുജോലികള്‍ ചെയ്യുന്ന ഒരു സ്ത്രീ ബാങ്കിലെത്തിയത് തന്റെ ഏക സമ്പാദ്യമായ രണ്ട് 1000 രൂപാ നോട്ടുകള്‍ നിക്ഷേപിക്കാനായിരുന്നു. ആ നോട്ടുകള്‍ക്ക് വിലയില്ലെന്ന് ബാങ്കുകാര്‍ പറഞ്ഞതിന്റെ ഷോക്കില്‍ ആ സ്ത്രീ തത്ക്ഷണം മരിച്ചു.

 

6. തെലുങ്കാനയിലെ മഹൂബാബാദില്‍ കണ്ഡുകുരി വിനോദ എന്ന 55 വയസുള്ള സ്ത്രീ ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ ചികിത്സ, മകളുടെ സ്ത്രീധനം എന്നിവ കൊടുക്കാനും ബാക്കിയുള്ള തുകയ്ക്ക് ഒരു ചെറിയ തുണ്ട് ഭൂമി വാങ്ങാനുമായി തന്റെ ഭൂമി വിറ്റ് കിട്ടിയ 54 ലക്ഷം രൂപയ്ക്ക് പുതിയ പ്രഖ്യാപനം വന്നതോടെ വിലയില്ല എന്നു കരുതിയായിരുന്നു ആത്മഹത്യ.

 

7. പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബാങ്കില്‍ പോയ ഭാര്യ വെറുംകൈയുമായി മടങ്ങി വന്നതാണ് ഭര്‍ത്താവിനെ ക്രൂദ്ധനാക്കിയത്. ഭാര്യ കൂടുതല്‍ നേരം ക്യൂ നിന്ന് പണം വാങ്ങി വരണമായിരുന്നു എന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം.

 

8. മകളെ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ പഴയ നോട്ടുകള്‍ സ്ത്രീധനമായി സ്വീകരിക്കില്ലേ എന്ന ആശങ്കപ്പെട്ട് ബിഹാറിലെ കൈമൂര്‍ ജില്ലയില്‍ 45 വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. അയാള്‍ 35,000 രൂപ മകള്‍ക്കുള്ള സ്ത്രീധനമായി സൂക്ഷിച്ചിരുന്നു.

 

9. തലശേരിയില്‍ 45 വയസുള്ളയാള്‍ മരിച്ചത് പണം മാറ്റാനുള്ള തിരക്കിനിടെ അപേക്ഷ പൂരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന അയാള്‍ തലേന്നാണ് അഞ്ചു ലക്ഷം രൂപ വായ്പയായി എടുത്തിരുന്നത്. ഈ പണം ആദ്യ ദിവസം തന്നെ മാറ്റിയെടുക്കാന്‍ കഴിയാതിരുന്നതില്‍ അസ്വസ്ഥനുമായിരുന്നു.

 

 

10. മുംബൈയില്‍ വിശ്വാസ് വാര്‍തക് എന്ന 72 വയസുകാരന്‍ പണം മാറ്റാനുള്ള ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഹൃദയസ്തംഭനം മൂലം മരിച്ചു.

 

11. ഗുജറാത്തിലെ താരാപ്പൂരില്‍ 47 വയസുകാരന്‍ മരിക്കുന്നതും പണം മാറ്റാനുള്ള ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന്. തന്റെ കൃഷിയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കാനുള്ള പണത്തിനായി വന്നതായിരുന്നു അയാള്‍.

 

12. ആലപ്പുഴയില്‍ കാര്‍ത്തികേയന്‍ എന്ന 75 വയസുകാരന്‍ മരിച്ചത് ഒരു മണിക്കുര്‍ പണം മാറ്റിയെടുക്കാനുള്ള ക്യൂവില്‍ നിന്ന ശേഷം തളര്‍ന്നു വീണ്.

 

13. കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ 96 വയസുള്ളയാള്‍ മരിച്ചത് ക്യൂവില്‍ ദീര്‍ഘനേരം നിന്നതിനെ തുടര്‍ന്ന്. ബാങ്ക് തുറന്നിട്ടു പോലുമുണ്ടായിരുന്നില്ല.

 

14. മധ്യപ്രദേശിലെ സാഗറില്‍ മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന വിനയ കുമാര്‍ പാണ്ഡെ മരിച്ചത് പണം മാറ്റിയെടുക്കാനുള്ള ക്യൂവില്‍ നില്‍ക്കുമ്പോള്‍.

 

15. മധ്യപ്രദേശിലെ ഭോപ്പാലില്‍ എസ്.ബി.ഐ കാഷ്യര്‍ ജോലിക്കിടെ ഹൃദയസ്തംഭനം മൂലം മരിച്ചു. ഈ ദിവസങ്ങളിലെ അമിത ജോലിഭാരമായിരുന്നു കാരണം.

 

16. യു.പിയിലെ ഫൈസാബാദില്‍ നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കണ്ടുകൊണ്ടിരുന്ന ഒരു ബിസിനസുകാരന്‍ നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണു. ഡോക്ടര്‍ എത്തുന്നതിനു മുമ്പേ മരിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍