UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനം കൊള്ളയടിക്കുകയും കുഴഞ്ഞു വീണു മരിക്കുമ്പോഴും ഭജനസംഘക്കാര്‍ മുറപോലെ പാടുകയാണ്

Avatar

അഴിമുഖം പ്രതിനിധി

ശ്രീനാരായണ ഗുരുവിനെ മതം മാറ്റാന്‍ രണ്ടു മിഷനറിമാര്‍ എത്തി. യേശു ക്രിസ്തുവിന്റെ ചരിത്രവും മഹത്വവും പറയുകയും ക്രിസ്തു കുരിശേറിയതോടെ ലോകത്തിന്റെ പാപം കഴുകി കളഞ്ഞതായും അവര്‍ ഗുരുവിന്റെ മുന്നില്‍ സ്ഥിരീകരിക്കാന്‍ ശ്രമിച്ചു. എങ്കില്‍ പിന്നെ താന്‍ ക്രിസ്ത്യാനി ആകേണ്ട കാര്യമില്ലല്ലോ പാപം തീര്‍ന്നല്ലോ എന്നായി ഗുരു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ഈ ആനുകൂല്യമുള്ളൂ എന്നായി മിഷനറിമാര്‍. ലോകത്തിന്റെ പാപം ഇല്ലാതായെന്നു പറയുകയും അതേസമയം അനുയായികള്‍ക്ക് മാത്രമേ അതിന്റെ ഗുണം ലഭിക്കൂവെന്നും പറയുന്നതെന്താണെന്നു ഗുരു കൃത്യമായ യുക്തിസഹിതം ചോദിക്കുമ്പോഴും പറഞ്ഞത് തന്നെ പലരീതിയില്‍ പറഞ്ഞു കടുംപിടുത്തം തുടരുകയായിരുന്നു ക്രൈസ്തവ മിഷണറിമാര്‍. ആ രണ്ടുപേരെയും ചൂണ്ടിക്കാട്ടി ഗുരു പറഞ്ഞു; ‘കണ്ടോ ഇതാണ് വിശ്വാസം’.

ബാങ്കിന് മുന്നില്‍ ആളുകള്‍ കുഴഞ്ഞു വീണാലും, ചികിത്സ നിഷേധിക്കപ്പെട്ടു കുഞ്ഞുങ്ങള്‍ മരിക്കുമ്പോഴും പ്രധാനമന്ത്രിയുടെ തുഗ്ലക് നയത്തിന് പിന്തുണ നല്‍കുകയാണ് സൈബര്‍ സംഘികള്‍. സാമ്പത്തിക സ്തംഭനം ഉണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയ രാജ്യത്തെ ഏക ധനമന്ത്രി ഡോ തോമസ് ഐസക് ആയിരുന്നു. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അദ്ദേഹത്തെ ട്രോളി നശിപ്പിക്കാനാണ് സുദര്‍ശനം പോലുള്ള സൈബര്‍ കാവിപ്പട മുന്‍കൈ എടുത്തത്. അവര്‍ യുക്തികളോടെ പ്രതികരിക്കില്ല. ഗുരുവിനെ മതം മാറ്റാന്‍ വന്ന മിഷണറിമാരെ പഠിച്ചതു മാത്രം പാടിക്കൊണ്ടിരിക്കും.

ആദ്യദിനം പണം ബാങ്കിലുമില്ല എ ടിഎമ്മിലുമില്ല. കള്ളപ്പണക്കാര്‍ക്ക് പണികൊടുക്കാനല്ലേ എന്നോര്‍ത്ത് ജനം മിണ്ടാതെ വീട്ടിലിരുന്നു. എല്ലാവരുടെയും കൈയില്‍ അഞ്ഞൂറും ആയിരമോക്കെയോ ഉള്ളോ എന്ന് പറഞ്ഞു ഭജനസംഘം പരിഹാസം കൊഴുപ്പിച്ചു. ബാങ്ക് തുറന്നപ്പോള്‍ പലയിടത്തും നൂറിന്റെയും അമ്പതിന്റെയും അടക്കമുള്ള നോട്ട് ജനങ്ങള്‍ക്കു കൊടുക്കാന്‍ തികയില്ല.

ചില്ലറ മാറി നല്‍കാനുള്ള അപേക്ഷ ഫോം ബാങ്കില്‍ തീര്‍ന്നതോടെ അടുത്ത ഫോട്ടോസ്റ്റാറ് കടക്കാരന് ലാഭമായി. ഒരു കോപ്പിക്ക് ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെ വില ഈടാക്കി. ക്യൂ നിന്ന് ബുദ്ധിമുട്ടിയപ്പോള്‍ ലഭിച്ചതാകട്ടെ രണ്ടായിരത്തിന്റെ നോട്ട്. ആദ്യകൗതുകവും സെല്‍ഫി എടുക്കലും കഴിഞ്ഞപ്പോള്‍ മീന്‍കാരനും, പച്ചക്കറി കടക്കാരനും, പലചരക്കു കടയിലും, സിനിമ തിയേറ്ററിലും, ബസിലും ഓട്ടോറിക്ഷയ്ക്കും നല്‍കാന്‍ ജനങ്ങളുടെ കൈയില്‍ കാശില്ല.

ബാങ്കില്‍ നിന്നും മാറിയെടുത്ത രണ്ടായിരം രൂപ ഒരു ദിവസത്തെ പണിക്കൂലിയായും അടുത്ത ദിവസത്തെ അഡ്വാന്‍സ് ആയും നല്‍കിയിട്ടും വേണ്ട എന്ന നിലപാടിലാണ് തൊഴിലാളികള്‍ എന്നും അതിനാല്‍ മൂന്ന് ദിവസമായി കെട്ടിട നിര്‍മാണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും കരാറുകാരനായ സി പി ബൈജു പറഞ്ഞു. നൂറിന്റെ നോട്ട് കിട്ടാക്കനിയാണ്. 100 രൂപയുടെ ചെരുപ്പ് വാങ്ങിയിട്ട് രണ്ടായിരം രൂപയുടെ നോട്ട് നല്‍കിയ ഉപഭോക്താവിനോട് ചെരുപ്പ് തിരികെ വാങ്ങേണ്ടി വന്നെന്നും കച്ചവടം സ്തംഭനത്തിലാണെന്നും ചേര്‍ത്തല സ്വദേശി റാസിഖ് വ്യക്തമാക്കി.

ഹര്‍ത്താലുകള്‍ വരുമ്പോള്‍ ചിക്കനും മദ്യവുമായി ആഘോഷിക്കുന്ന മലയാളികള്‍ക്ക് രണ്ടു ദിവസം ചുമ്മാ വീട്ടില്‍ ഇരുന്നുകൂടെ എന്നുമാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഹര്‍ത്താല്‍ ആറ് മുതല്‍ ആറ് വരെയോ 12 മുതല്‍ 12 വരെയോ ഒക്കെ ആണ്. ഇത് എന്ന് തീരും എന്നു പോലും ആര്‍ക്കും അറിയില്ല. സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസികളില്‍ നിന്നും ആസ്മയ്ക്കുള്ള മരുന്ന് പോലും ചില്ലറ നോട്ട് ഇല്ലാത്തവര്‍ക്ക് നല്‍കുന്നില്ല. പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ട് സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും ബാക്കി നല്‍കില്ല. അഞ്ഞൂറിനും ആയിരത്തിനും ബാക്കി നല്‍കില്ല. ബൈക്കിനു പെട്രോള്‍ ഫുള്‍ ടാങ്ക് അടിച്ചിട്ടും കിട്ടാനുള്ള തുക ബാക്കിയാകും. എല്ലാ അടവുകളും മാറ്റി ഒടുവില്‍ പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ ദിവസേന വെയില്‍ കൊള്ളുന്നുണ്ടല്ലോ എന്നൊക്കെ ആയി ഭജനസംഘത്തിന്റെ പാട്ട്.

സര്‍ സിപി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ഭരിച്ചപ്പോള്‍ രാജശാസനം പാടിപുകഴ്ത്താന്‍ ഒരു രാജഭക്ത സംഘം ഉണ്ടായിരുന്നു. കൂലി ചോദിക്കുന്ന തൊഴിലാളിയെ അഹങ്കാരിയാക്കി തല്ലി ചതക്കുന്ന ജന്മിമാര്‍ ആയിരുന്നു ഈ സംഘങ്ങളുടെ നേതാക്കള്‍. റിമോട് കണ്‍്ടോള്‍ പോലെ സംഘത്തെ നിയന്ത്രിച്ച സിപി മുറിഞ്ഞ ചെവിയും മൂക്കുമായി നാട് വിടേണ്ടിവന്നു. ഭജനസംഘം എന്നും അധികാരത്തോടൊപ്പം ആയിരുന്നു. നിങ്ങള്‍ ഭജന പാടിക്കോളൂ പക്ഷെ ഈ രാജ്യത്ത് ഒരു പ്രശ്‌നവും ഇല്ലെന്നും ഉണ്ടെങ്കില്‍ തന്നെ അത് സഹിക്കാവുന്നതാണ്, സഹിക്കേണ്ടതാണ് എന്നൊന്നും പറയരുത്.

ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കും വര്‍ഷങ്ങളായി ഒരിടത്തു മാത്രം താമസിക്കുന്നവര്‍ക്കും സാമൂഹ്യബന്ധം മൂലം കടകളില്‍ നിന്നും സാധനങ്ങള്‍ കടം കിട്ടിയേക്കും. ഇങ്ങനെ ഒന്നുമല്ലാതെ പരിചയമില്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, ട്രെയിനികള്‍ ഇങ്ങനെ ലക്ഷക്കണക്കിന് ആളുകളുണ്ട്. ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെ ജീവിതം കുഴഞ്ഞു മറിഞ്ഞു. രണ്ടു ദിവസം കൂടി ഈ അവസ്ഥ തുടര്‍ന്നാല്‍ ചെന്നൈ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ അവിടെ ജനങ്ങള്‍ അനുഭവിച്ച അതേ അവസ്ഥ നാടുമുഴുവന്‍ ഉണ്ടാകും. മധ്യപ്രദേശില്‍ ജനങ്ങള്‍ റേഷന്‍ കട കൊള്ളയടിച്ചതായി വാര്‍ത്ത ഇപ്പോള്‍ വരുന്നുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം.

പിന്നില്‍ കുത്ത്: അമ്പലത്തിലെ ഉത്സവത്തിന് മോരും വെള്ളം കൊടുക്കുന്ന ചേട്ടന്മാര്‍ക്ക്, ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന മനുഷ്യര്‍ക്ക് ഇത്തിരി പച്ചവെള്ളം എങ്കിലും കൊടുക്കാന്‍ പാടില്ലേ ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍