UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് പിന്‍വലിക്കല്‍: നാട്ടിലെത്തിയ ഒരു പ്രവാസിയുടെ ഒരു ദിവസത്തെ ജീവിതം

അബ്ബാസ് ഒ.എം

 

കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പ്രത്യേകിച്ച് പ്രകൃതിക്ഷോഭത്തില്‍പ്പെട്ടോ ആഭ്യന്തര കലാപങ്ങളില്‍ പെട്ടോ ഒക്കെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒന്നും താമസിച്ച് ഒട്ടും പരിചയം ഇല്ലാത്തവരായ മലയാളികള്‍ക്ക്…

ഏതാണ്ട് ആ ഒരു അവസ്ഥയിലാണ് എല്ലാവരും. എന്തോ വലിയ ദുരന്തം നേരിട്ട ഇരകളുടെ ഭാവം എല്ലാവരുടെയും മുഖത്ത്. അങ്ങാടിയിലെ ബസ് സ്‌റ്റോപ്പില്‍ ആളുകള്‍ നിരന്നിരിക്കുന്നു. കൂലി കൊടുക്കാന്‍ ഇല്ലാത്തതുകൊണ്ട് ആരും പണിക്ക് വിളിക്കുന്നില്ല. മീന്‍ വാങ്ങുന്നവര്‍ 2000-ന്റെ നോട്ടുകാണിച്ചു കടം പറയുന്നത് കൊണ്ട് മീന്‍ എടുക്കാന്‍ കച്ചവടക്കാര്‍ പോകുന്നില്ല. ഓട്ടോകാരനോട് കടം പറയുന്നു. ബസ്സില്‍ കയറാന്‍ പറ്റുന്നില്ല.

എന്റെ ഒരു അനുഭവം പറയാം. കഴിഞ്ഞ ശനിയാഴ്ച്ച എനിക്ക് കൊണ്ടോട്ടിയില്‍ സ്‌കൂള്‍ മീറ്റിനു പോകാന്‍ വേണ്ടി സിദാന്റെ കാശ് കുടുക്ക പൊട്ടിച്ച് കുറച്ചു ചില്ലറ കിട്ടിയത് ഉപയോഗിച്ചു. കാനറ ബാങ്കിന്റെ ഒരു ചെക്കും ഫെഡറല്‍ ബാങ്കിന്റെ ഒരു ചെക്കും എഴുതി ഉപ്പാനെ ഏല്പിച്ചു. കാനറ ബാങ്കില്‍ നിന്നും ഉപ്പാക്ക് 10000 കിട്ടി. ഫെഡറല്‍ ബാങ്കില്‍ ലൈന്‍ നിന്ന് നിന്ന് ഉപ്പ ഏകദേശം കൗണ്ടറിന് അടുത്ത് എത്തിയപ്പോഴേക്കും കാശ് തീര്‍ന്നു എന്നും പറഞ്ഞു അവര്‍ തിരിച്ചയച്ചു.
ഉപ്പാക്ക് നാട്ടില്‍ ചെറിയ ഒരു കോഴിക്കട ഉണ്ട്. അത് 3 മണിവരെ അടച്ചിട്ടാണ് ഉപ്പ പോയത്.
കയ്യിലുള്ള 2 എടിഎം കാര്‍ഡും ഉപയോഗിക്കാന്‍ പറ്റിയ ഒറ്റ മെഷീനും കൊണ്ടോട്ടിയിലോ മണ്ണാര്‍ക്കാടോ കിട്ടിയില്ല. അപൂര്‍വമായി തുറന്നു വെച്ച മെഷീനുകളില്‍ നല്ല തിരക്ക്. രാത്രി മടങ്ങി വന്നിട്ട് കോയമ്പത്തൂര്‍ കല്യാണത്തിന് പോകാനുള്ളത് കൊണ്ട് ഇനി അങ്ങോട്ടുള്ള ബസിന് പൈസ ഉണ്ടാക്കണം.

സിദാന്റെ കാശ് കുറച്ചു ബാക്കിയുള്ളത് വൈഫിന് കൊടുത്തത് കൊണ്ട് അവളും ഉമ്മയും കുട്ടികളും നേരത്തെ പോയിരുന്നു. കൊണ്ടോട്ടിയില്‍ നിന്നും തീരിച്ചു വരുന്നവഴി കാഞ്ഞിരപ്പുഴയിലെ ഒരു ബേക്കറിയില്‍ കയറി ഒരു അവില്‍ മില്‍ക്ക് കുടിച്ച് കയ്യിലുണ്ടായിരുന്ന ഒരു പഴയ 500 രൂപ നോട്ടു കൊടുത്തപ്പോള്‍ കടക്കാരനൊരു ആക്കിയ ചിരി… അവില്‍ മില്‍കിന്റെ കാശ് നിങ്ങള്‍ പിന്നെ തന്നാല്‍ മതി എന്ന് പറഞ്ഞു എന്നോട്. ഞാനൊന്നു ശ്രമിച്ചു നോക്കിയതായിരുന്നു. അത് പാളി. ഇനി ഇപ്പൊ എന്ത് വാങ്ങി കാശ് ചില്ലറയാക്കും. വീട്ടില്‍ ഉപ്പ മാത്രമേ ഉള്ളൂ. ഉപ്പാക്കു ഹലുവ നല്ല ഇഷ്ടമാണ്. ഒരു കിലോ കറുത്ത ഹലുവ വാങ്ങി. 160 രൂപ + 20 ആകെ – 180. 500 കൊടുത്തപ്പോള്‍ കടക്കാരന്‍ 320 രൂപ ബാക്കി തന്നു. ഇനി ആ കാശും കൊണ്ട് കോയമ്പത്തൂര്‍ പോയി കല്യാണം കൂടി വരണം. ഉപ്പാക്ക് ബാങ്കില്‍ നിന്നും കിട്ടിയ കാശ് 2000-ന്റെ 5 നോട്ടുകളാണ്. അതില്‍ നിന്നും ഒന്നെടുത്ത് പേഴ്‌സില്‍ വെച്ചു.

 

കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ നേരം ഒരുമണിയായി. മൈലാഞ്ചി കല്യാണവും ഗാനമേളയും ഒക്കെ കഴിഞ്ഞു മണവാട്ടിയും ഉമ്മയും ഉപ്പയും എന്റെ മണവാട്ടിയും ഒക്കെ ആയിഷാ മഹല്‍ എന്ന കല്യാണ മണ്ഡപത്തില്‍ എന്നെ കാത്തിരിക്കാണ്. കല്ല്യാണം കുറേ മുന്നേ തീരുമാനിച്ചതിനാല്‍ അവിടെ സ്വര്‍ണവും മറ്റെല്ലാ ഒരുക്കങ്ങളും ഓക്കേ ആയിരുന്നു.

നേരം വെളുത്തപ്പോള്‍ മൊബൈലില്‍ ബാലന്‍സ് ഇല്ലാന്ന് മനസിലായി. ഒരു മൊബൈല്‍ ഷോപ്പില്‍ കയറി 147 ഫുള്‍ ടോക് ടൈം കയറ്റാന്‍ പറഞ്ഞപ്പോള്‍ ആള്‍ക്ക് കാശ് ആദ്യം വേണം. 2000-ന്റെ നോട്ടുകൊടുത്തപ്പോള്‍ അണ്ണന്‍ തമിഴിലെന്തോ പറഞ്ഞു. ഇതുവരെ കണ്ട ഒറ്റ തമിഴ് സിനിമയിലും അങ്ങനത്തെ ഒരു തെറി ഞാന്‍ കേട്ടിട്ടില്ല. ചിലപ്പോള്‍ അത് തെറി ആയിരിക്കില്ല അല്ലേ. തല്‍ക്കാലം 20 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് അവിടെ നിന്നിറങ്ങി.

ഇനി പോക്കറ്റില്‍ ഉപകാരപ്പെടുന്നതായി 200 രൂപയുണ്ട്. അന്ന് ഉപകാരം ഇല്ലാത്തതായി 2000-വും. കുറച്ചു കാശ് അവളുടെ കയ്യിലും ഉണ്ട്. ഈ കാശ് കൊണ്ട് കല്യാണം കഴിഞ്ഞു അവളെയും ഉമ്മനെയും കൂട്ടി തീരിച്ചു വീട്ടില്‍ എത്തണം. അതിനിടക്ക് വേറെ ബന്ധുക്കള്‍ ആരെങ്കിലും ബസ്സില്‍ കയറിയാല്‍ പണി പാളും.

കോയമ്പത്തൂര്‍ മട്ടന്‍ ബിരിയാണി കഴിച്ചു കഴിഞ്ഞപ്പോള്‍ ഒരു നാരങ്ങാ സോഡാ കുടിക്കാന്‍ തോന്നി. പക്ഷെ കാശ് പ്രശ്‌നമാകും. തല്ക്കാലം കുടിക്കണ്ട. ആദ്യമായാണ് നാട്ടില്‍ വന്നിട്ട് വേണം എന്ന്‍ തോന്നിയ ഒരു കാര്യം വേണ്ട എന്ന് വെക്കുന്നത്… 

എനിക്ക് ചിരി വന്നു. ദൈവാനുഗ്രഹത്താല്‍ നല്ലൊരു ജോലിയുണ്ട്. അതില്‍ അഹങ്കാരം ഒന്നും തോന്നിയിട്ടില്ലെങ്കിലും ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു എപ്പോഴും. ആ വിശ്വാസം തന്നെയാണ് ഇതുവരെ എത്തിച്ചതും. പക്ഷെ ഇപ്പോ മനസ്സിലായി എടുത്തുചാട്ടക്കാരനായ ഒരു ഭരണാധികാരി ഉണ്ടെങ്കില്‍ ഒരു നാരങ്ങാസോഡാ കുടിക്കാന്‍ പോലും നമ്മള്‍ മറ്റൊരാളെ ആശ്രയിക്കേണ്ടി വരുമെന്ന്…

 

 

ഒരുകാര്യം അടിവരയിട്ടു പറയട്ടെ. ഇത്രയും ഞാന്‍ പറഞ്ഞതില്‍ ഒരു സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നം ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് വേണമെങ്കില്‍ കൊണ്ടോട്ടിയിലും കോയമ്പത്തൂരും പോകാതെ ഇരിക്കാമായിരുന്നു. പിന്നെ ഞാനീ പറഞ്ഞത് അതേ അര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് മനസ്സിലാവണമെങ്കില്‍ എന്റെ സ്ഥാനത്ത് നാട്ടിലെ ഒരു സാധാരണക്കാരനെ സങ്കല്‍പ്പിച്ചു നോക്കൂ..

 

അവസാനിപ്പിക്കാം. നല്ല ഉദേശം ആണെന്ന് മനസ്സിലാക്കി ഈ പരിഷ്‌ക്കാരത്തെ സ്വാഗതം ചെയ്തു പോസ്റ്റ് ഇട്ട ആളാണ് ഞാന്‍. 3 മണിക്കൂര്‍ കൊണ്ട് തന്നെ പരിഷ്‌ക്കാരത്തിലെ മണ്ടത്തരം മനസ്സിലാക്കി പോസ്റ്റ് മുക്കേണ്ടിയും വന്നു.

ആള്‍ക്കൂട്ടത്തിന്റെ അല്ലെങ്കില്‍ ഭക്തരുടെ കയ്യടി മാത്രം മുന്നില്‍ കണ്ട് ഓരോരോ തീരുമാനങ്ങള്‍ എടുക്കുന്ന ഭരണാധികാരികള്‍ ഒരിക്കലും ആ നാടിനൊരു അലങ്കാരമല്ല, മറിച്ച് നാടിനു ശാപമാണ്.
50 ദിവസമൊക്കെ ജനജീവിതം സ്തംഭിക്കുക എന്ന് പറഞ്ഞാല്‍ നമ്മള്‍ 10 വര്‍ഷം പിറകോട്ടു പോവുകയാണ് എന്ന് മനസ്സിലാക്കാന്‍ എന്തേ ഇവര്‍ക്കൊന്നും പറ്റുന്നില്ല.

എത്ര നല്ല ഉദ്ദേശം ആണെങ്കിലും അത് സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുത്.
ഞാനിപ്പോള്‍ ഫെഡറല്‍ ബാങ്ക് മണ്ണാര്‍ക്കാട് ബ്രാഞ്ചിന്റെ മുന്നില്‍ നിന്നാണ് ഇത് ടൈപ്പുന്നത്. എന്റെ മുന്നിലുള്ള രണ്ട് ആളുകള്‍ ഇന്ന് പണിക്ക് പോവാതെ വന്നതാണ്. മൂന്നാമത്തെ ആള്‍ കട അടച്ചും വന്നു. ഒരാളുടെ അമ്മ ആശുപത്രിയില്‍ ആണ്. ബാങ്ക് അക്കൌണ്ട് ഒന്നുമില്ലാത്ത അയാള്‍ അയല്‍വാസിയോട് കടം ചോദിച്ചപ്പോള്‍ അയല്‍വാസി 10000-ന്റെ ചെക്ക് കൊടുത്തു. ഇയാള്‍ ബാങ്കില്‍ വരി നിന്ന് ചെക്ക് മാറ്റി 3000 കടമായി എടുത്തു; ബാക്കി 7000 അയാള്‍ക്ക് തിരിച്ചു കൊടുക്കണം.

ഇവിടെ ഇങ്ങനെയാണെങ്കില്‍ ഉത്തരേന്ത്യയില്‍ ഒക്കെ എന്തായിരിക്കും അവസ്ഥ… ഇപ്പൊ സെക്യൂരിറ്റികാരന്‍ വന്നു പറഞ്ഞു, 4500 കാശ് മാറ്റി തരാന്‍ പറ്റില്ല. കാശ് ഡപോസിറ്റ് ചെയ്യാം… വിഡ്രോ ചെയ്യാം…… 500 ന്റെ കുറച്ചു നോട്ടുകളുമായി വരി നിന്ന നാലഞ്ച് ആളുകള്‍ ആരുടെയൊക്കെയെയോ പിതാക്കന്മാരെ സ്മരിച്ചുകൊണ്ടു ക്യുവില്‍ നിന്നും ഇറങ്ങിപ്പോയി..

 

ഇതൊക്കെയാണ് ഇവിടുത്തെ വിശേഷങ്ങള്‍. ന്യായീകരണ തൊഴിലാളികളോട് സഹതാപം മാത്രം. കാരണം അവരും നമ്മളെപോലെ ക്യുവില്‍ തന്നെയാണല്ലോ… പാവങ്ങള്‍… 

ഖത്തറിലെ ഞങ്ങളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ പേര് ക്യു മലയാളം എന്നാണ്. ഇപ്പൊ ആ പേര് കേരളത്തിനാണ് നന്നായി ചേരുക. ശരിക്കും ക്യു മലയാളം. 

ഫെഡറല്‍ ബാങ്കിന്റെ ഇതുവരെ ചലിച്ച് തുടങ്ങാത്ത ക്യുവില്‍ നിന്നും പോക്കറ്റില്‍ 100 രൂപയുടെ ഒരു നോട്ടുമായി നിങ്ങളുടെ സ്വന്തം അബ്ബാസ് ഖുബ്ബൂസ്…

 

ജയ് ഹിന്ദ്…..

 

(അബ്ബാസ് ഫേസ്ബുക്കില്‍ എഴുതിയത്: https://www.facebook.com/Abbas.o.m)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍