UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്തിനുവേണ്ടി എന്തും സഹിക്കാന്‍ തയ്യാറായവര്‍ നിലപാട് മാറ്റിയിട്ടുണ്ട്

Avatar

അഴിമുഖം പ്രതിനിധി

രാജ്യപുരോഗതിക്കായി അശ്രാന്തം പരിശ്രമിക്കുന്നവരാണ് ഇന്നാട്ടിലെ സാധാരണക്കാരനെങ്കിലും പലപ്പോഴും ഭരണകൂടത്തിന്റെ നിലപാടുകളില്‍ അജ്ഞരായിരിക്കും. ഭരണകൂടം എടുക്കുന്ന തീരുമാനങ്ങളില്‍ ശരിയുണ്ടോ തെറ്റുണ്ടോ എന്നു മനസിലാക്കിയെടുക്കാന്‍ കഴിയാതെ പോകുന്ന ശതകോടികളാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. ആ അജ്ഞത തന്നെയാണല്ലോ തെരഞ്ഞെടുപ്പുകളില്‍ പ്രകടമാകുന്നതും. ഇവിടെയിപ്പോള്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചിരിക്കുന്ന സാഹചര്യം രാജ്യത്തിനു ഗുണം ചെയ്യുമെന്നു വിശ്വസിക്കുന്നവരായിരുന്നു കൂടുതലും. കൂടുതലും എന്നു പറയുമ്പോള്‍, സാധാരണക്കാര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചിരുന്നു എന്നു തന്നെ. പക്ഷെ ആ പിന്തുണ മൂന്നാം ദിവസത്തിനിപ്പുറം നോക്കുമ്പോള്‍ പ്രതിഷേധമായി മാറിത്തുടങ്ങിയിട്ടുണ്ട് എന്നു കാണാം.

നോട്ട് നിരോധനം പ്രഖ്യാപിച്ച രാത്രിയുടെ പിറ്റേന്നു വഴിക്കച്ചവടക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും വീട്ടമ്മമാരുമെല്ലാം ഒരേപോലെ പറഞ്ഞത് കള്ളപ്പണക്കാര്‍ക്കെതിരേയും കള്ളനോട്ടടിക്കാര്‍ക്കെതിരേയും സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തു എന്നായിരുന്നു. ഇതുമൂലം തങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരികയാണെങ്കില്‍ അതിനു തയ്യാറാണെന്നായിരുന്നു അവരുടെ അഭിപ്രായം. തീര്‍ച്ചയായും ഈ അഭിപ്രായം തന്നെയാണ് രാജ്യപുരോഗതിക്ക് വേണ്ടി എന്തും സഹിക്കാന്‍ സാധാരണക്കാരന്‍ തയ്യാറാവുന്നു എന്നു പറയുന്നത്. പക്ഷേ രണ്ടു ദിവസങ്ങള്‍ക്കിപ്പുറം ജനത്തിന് അഭിപ്രായവ്യത്യാസം വന്നു തുടങ്ങിയെങ്കില്‍ അതാണ് ആദ്യം പറഞ്ഞ അജ്ഞത. ഭരണകൂടം അതിന്റെ തീരുമാനങ്ങള്‍ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടപ്പാക്കുന്നു.

ഒരു ദിവസത്തിന്റെ ക്ഷീണമെല്ലാം തീര്‍ക്കാന്‍ ജനം ഉറങ്ങാന്‍ പോകുന്നതിനു മുമ്പായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. ഭൂരിഭാഗവും ഈയൊരു തീരുമാനം അറിയുന്നത് പിറ്റേദിവസമാണ്. അതിനകം കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വാഴ്ത്തിക്കൊണ്ടും ന്യായീകരിച്ചുകൊണ്ടും വന്‍തോതിലുള്ള പ്രചരണം നടന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഇതിനു വലിയ പ്രോത്സാഹനം നല്‍കി. ഭൂരിഭാഗം ജനങ്ങളും ഈ പ്രചാരണകോലാഹലത്തിലേക്കാണ് ഉണര്‍ന്നു വന്നത്. കേട്ടവരെന്തോ അതിനു വശംവദരായി. രാജ്യത്തിനായി എന്തും സഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നു പറഞ്ഞവരെല്ലാം സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചിന്തിച്ചു തീരുമാനം പറഞ്ഞവരാകാന്‍ വഴിയില്ല. എങ്കില്‍ മൂന്നാം ദിവസമാകുമ്പോഴേക്ക് അവര്‍ കേന്ദ്രസര്‍ക്കാരിനെ തള്ളിപ്പറയാന്‍ മുന്നോട്ടുവരില്ലായിരുന്നു.

ഇന്നിപ്പോള്‍ കേട്ട രണ്ടു വാര്‍ത്തകള്‍ മതി നോട്ട് പിന്‍വലിക്കല്‍ തീരുമാനം ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതെന്ന്. മുംബൈയിലെ കല്യാണില്‍ ആയിരവും അഞ്ഞൂറും സ്വീകരിക്കില്ലെന്ന ആശുപത്രിയധികൃതരുടെ പിടിവാശിമൂലം ജദഗീശ് ശര്‍മയ്ക്കു നഷ്ടപ്പെട്ടത് തന്റെ പിഞ്ചു കുഞ്ഞിനെയാണ്. ആശുപത്രികളില്‍ നോട്ടുകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കില്‍ തന്നെയും ഒട്ടുമിക്ക ആശുപത്രികളിലും ആയിരമോ അഞ്ഞൂറോ സ്വീകരിക്കുന്നില്ല. മനുഷ്യജീവന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടവര്‍പോലും ഇങ്ങനെ പിടിവാശി നടത്തുമ്പോള്‍ പെട്രോള്‍ പമ്പുകളിലും മില്‍മ ബൂത്തുകളിലും ആരാണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുക? ഇതിന്റെയെല്ലാം ഫലം എന്താണു കാണിക്കുന്നത്? ജഗദീശ് ശര്‍മയെ പോലുള്ളവര്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നു… എത്രയോപേര്‍ ആശുപത്രികളില്‍ പോകാന്‍ വഴിയില്ലാതെ കഷ്ടപ്പെടുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഉത്തരവാദിത്വം പറയേണ്ട ഭരണകൂടം ഇതിനെല്ലാം ഉത്തരം നല്‍കേണ്ടതായിരുന്നു.

ചെറുകിട കച്ചവടക്കാരുടെ അവസ്ഥയെന്താണ്? കടകളില്‍ സാധനങ്ങളില്ല, കച്ചവടം കുറയുന്നു. ഉപഭോക്താക്കളെ പിണക്കേണ്ടതില്ലല്ലോ എന്നു വിചാരിച്ചു കടപൂട്ടിയിട്ടിരിക്കുന്നവരുണ്ട്. ബസുകളില്‍ ചില്ലറയുടെ പേരില്‍ തകര്‍ക്കം. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും മരുന്നുകള്‍ പോലും കൊടുക്കുന്നില്ല. കൈയില്‍ പണം ഉണ്ടായിട്ടും, മറ്റുള്ളവരില്‍ നിന്നും ചോദിച്ചു (യാചിച്ചു) വാങ്ങിയ ചില്ലറ തുട്ടുകളുമായി തനിക്കുള്ള മരുന്നു വങ്ങാന്‍ പോകേണ്ടി വന്ന ഒരു മധ്യവയസ്‌കന്റെ രോഷം അദ്ദേഹത്തെിന്റെ മാത്രമായിരിക്കില്ല. ജനം പരസ്പരം വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയാണ്. അരക്ഷിതാവസ്ഥ എല്ലാവരിലും ഉണ്ടായിരിക്കുന്നു. രണ്ട് ആത്മഹത്യ വാര്‍ത്തകള്‍ നാം കേട്ടുകഴിഞ്ഞു. രണ്ടില്‍ അതു നിന്നാല്‍ ഭാഗ്യം.

കേരളത്തിന്റെ വിവിധ തൊഴില്‍ മേഖലകള്‍ സ്തംഭിക്കപ്പെട്ടിരിക്കുന്നു. നിര്‍മാണ മേഖല പൂര്‍ണമായി നിശ്ചലമായിരിക്കുന്നുവെന്നു കാണാം. ആഴ്ചക്കൂലിയാണ് നിര്‍മാണരംഗം അടക്കമുള്ള തൊഴില്‍ മേഖലകളിലെ പതിവ്. കരാറുകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും ആവശ്യമായ പണം കൈയില്‍ ഇല്ലാത്ത അവസ്ഥയില്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പണമില്ല. ദിവസക്കൂലിക്കാരും ആഴ്ചക്കൂലിക്കാരും കൂടുതലുള്ള ഒരു രാജ്യത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സാമ്പത്തിക ഞെരുക്കം ജനജീവിതത്തെ എത്രമേല്‍ ബാധിച്ചിട്ടുണ്ടെന്നതിന് മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഉത്തര്‍പ്രദേശില്‍ എവിടെയോ ഗ്രാണീണര്‍ റേഷന്‍ കട കൊള്ളയടിച്ചു എന്ന വാര്‍ത്ത തന്നെ നിലവിലെ സാഹചര്യത്തിന്റ ഭയാനകത വെളിപ്പെടുത്തുന്നില്ലേ? അരക്ഷിതാവസ്ഥ അക്രമാവസ്ഥയിലേക്ക് മാറിയാല്‍ കാര്യങ്ങള്‍ എങ്ങനെ കൈവിട്ടുപോകുമെന്നു ചിന്തിക്കണം.

മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും അനാവശ്യമായ ഭീതി സൃഷ്ടിക്കുകയാണെന്ന വിമര്‍ശനം വലിയ പ്രാധാന്യം അര്‍ഹിക്കുന്നില്ല. മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യത്തെ കണിച്ചുകൊടുക്കുകയാണ്. റേഷന്‍ കട കൊള്ളടയിക്കാന്‍ പറഞ്ഞതോ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കരുതെന്ന് ഉപദേശിച്ചതോ മാധ്യമങ്ങളോ പ്രതിപക്ഷ പാര്‍ട്ടികളോ അല്ല. അതെല്ലാം സ്വഭാവികമായി നടന്നതാണ്. അങ്ങനെ നടക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ക്ക് എവിടെയോ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ തിരിച്ചറിയേണ്ടതാണ്. നോട്ടുകള്‍ പിന്‍വലിച്ചതിലല്ല, അതു ചെയ്ത രീതിയിലും പറയുന്ന ന്യായീകരണത്തിലുമാണ് സംശയവും വിമര്‍ശനവും. അത്തരമൊരു സാഹചര്യമുണ്ടെങ്കില്‍ കൃത്യമായ വിശദീകരണവും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ പരിഹരിക്കാനുള്ള സന്നദ്ധതയും സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതാണ്. അതില്‍ ഈഗോ എന്തിനാണ്?

രാജ്യം എന്നാല്‍ ജനങ്ങളാണ്. സര്‍ക്കാരിന്റെ ഏതു തീരുമാനവും ജനോപകാരപ്രദമായിരിക്കണം. രാജ്യത്തിനു വേണ്ടി ജനം എല്ലാം സഹിക്കണം എന്നു പറയുമ്പോള്‍, ചതുരശ്രകീലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂമിയും ആകാശം മുട്ടുന്ന കുറേ കെട്ടിടങ്ങളുമല്ല രാജ്യം എന്നതിന്റെ നിര്‍വചനം എന്നും ആത്യന്തികമായി അത് ജനം ആണെന്നും തിരിച്ചറിയുക. അത്തരമൊരു കാഴ്ചപ്പാട് ഇല്ലാതെ നടപ്പാക്കുന്ന ഏതു തീരുമാനത്തിലും ആത്മര്‍ത്ഥത കാണില്ല, അല്ലെങ്കില്‍ അതിനു ജനാധിപത്യവിരുദ്ധമായ മറ്റെന്തെങ്കിലും താത്പര്യം കാണണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍