UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ ജനത്തെ സല്യൂട്ട് ചെയ്യുകയല്ല; ഇവരോട് മാപ്പ് പറയുകയാണ് വേണ്ടത്

Avatar

ടീം അഴിമുഖം 

രാജ്യത്തുള്ള കള്ളപ്പണം പുറത്തു ചാടിക്കാനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അതനുസരിച്ച് പുതുക്കിപ്പണിയാനുമാണ് ഒറ്റയടിക്ക് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പറയുന്നത്. തീരുമാനം പ്രഖ്യാപിച്ച ശേഷം ജപ്പാന്‍ സന്ദര്‍ശനത്തിന് പോയ പ്രധാനമന്ത്രി അവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞത് കുറച്ചു ബുദ്ധിമുട്ട് ഒക്കെയുണ്ടാകുമെന്ന് അറിയാം, എന്നാല്‍ ഇന്ത്യന്‍ ജനത അത് സ്വീകരിച്ചു കഴിഞ്ഞു, രാജ്യത്തിന് വേണ്ടി ത്യാഗം സഹിക്കുന്ന അവരെ താന്‍ സല്യൂട്ട് ചെയ്യുന്നു എന്നാണ്. പിന്നാലെ അരുണ്‍ ജയ്റ്റ്‌ലി ഇനിയും എടിഎമ്മുകളില്‍ പണമെത്താന്‍ ഏതാനും ആഴ്ചകള്‍ എടുക്കുമെന്നും കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവര്‍ അത് വേറെ ഏതെങ്കിലും മാര്‍ഗത്തില്‍ സംരക്ഷിക്കുന്നത് തടയാനുമാണ് എടിഎമ്മുകള്‍ അടക്കമുള്ളവ ബന്തവസ്സാക്കുന്ന അവസ്ഥയില്‍ നിലനിര്‍ത്തിയതെന്നുമാണ്.

 

എന്നാല്‍ ചില സംശയങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗം വിദ്യാഭ്യാസം ലഭിക്കാത്തവരും രാഷ്ട്രീയക്കാരടക്കമുള്ളവരുടെ ചൂഷണത്തിന് വിധേയമാകുന്നവരുമാണ് എന്നത് അംഗീകരിക്കുന്നു. എന്നാല്‍ ആ ജനത്തിന് സാമാന്യ ബുദ്ധി എന്നൊന്നുണ്ട് എന്നത് ഏതു ഭരണകൂടവും മറക്കാന്‍ പാടില്ലാത്ത കാര്യമാണ്. ഇന്ത്യയില്‍ കുറെയേറെ ബ്യൂറോക്രാറ്റുകളും പ്രോപ്പര്‍ട്ടി ഡീലേഴ്‌സും വന്‍ വ്യാപാരികളുമൊക്കെയാണ് പണം അട്ടിയട്ടിയായി പലപ്പോഴും സൂക്ഷിക്കുന്നത് എന്ന കാര്യം അവര്‍ക്കറിയാം. അങ്ങനെയല്ലാത്ത വമ്പന്‍മാരുടെ പണം നികുതിരഹിത വിദേശ ബാങ്കുകളില്‍ ഭദ്രമാണെന്നും ആ സാധാരണ ജനത്തിനറിയാം. ജനത്തിന് ആ സാമാന്യ ബോധമുള്ളതുകൊണ്ടാണ് സര്‍, സ്വാതന്ത്ര്യം ലഭിച്ച് ഏഴു ദശകത്തോളമാകുന്ന വേളയിലും ഈ രാജ്യം ഒരു ജനാധിപത്യ രാജ്യമായി തുടരുന്നത്. ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച ഏതൊരവസരുവും അവര്‍ ചെറുത്തത്.

 

ഇപ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം വെല്ലുവിളിച്ചിരിക്കുന്നത് ഈ സാധാരണ ജനത്തെയാണ്. ഇന്നും മാറിയുടുക്കാന്‍ ഉടുതുണിക്ക് മറുതുണിയില്ലാതെയും ഒരു നേരത്തെ ആഹാരം പോലും കഷ്ടി കഴിക്കുന്നവരുമൊക്കെയുള്ള ദരിദ്രനാരായണന്മാര്‍ ഉള്ള രാജ്യം തന്നെയാണ് ഇന്ത്യ. വമ്പന്‍ സാമ്പത്തിക ശക്തിയാകുന്നുവെന്ന മേനി പറച്ചില്‍ ഒരു വശത്തു കൂടി നടക്കുമ്പോള്‍ തന്നെയാണ് ഏതു നിമിഷവും ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളും വര്‍ഗീയ കലാപങ്ങളും അക്രമവുമൊക്കെ സഹിച്ചും ക്ഷമിച്ചും ഈ ജനം ഒരു നല്ല ദിവസമുണ്ടാകും എന്ന് കരുതി കാത്തിരിക്കുന്നത്. ആ ജനം സ്വരുക്കൂട്ടി വച്ച കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ നിങ്ങള്‍ കള്ളപ്പണ വേട്ടയെന്ന പേരില്‍ അവരോട് അതിന്റെ തെളിവ് ചോദിക്കുന്നത്.

 

 

കറന്‍സിയിലൂടെ ചലിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. പ്ലാസ്റ്റിക് നോട്ടുകളോടോ ഇന്റര്‍നെറ്റ് ബാങ്കിംഗുകളോടോ ഇവിടെ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇന്ത്യന്‍ ജനതയില്‍ എത്ര പേര്‍ക്ക് അത് പ്രാപ്യമാണെന്ന് ഇത്തരത്തിലൊരു തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പ് എന്തുകൊണ്ടാണ് നമ്മുടെ ഭരണാധികാരികള്‍ ചിന്തിക്കാതിരുന്നത്? അതോ ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഈ പാവപ്പെട്ടവരെ പരിഗണിക്കേണ്ടതില്ല എന്നാണോ? അതിന്റെ തെളിവാണ് ഇപ്പോള്‍ നിങ്ങള്‍ തെരുവില്‍ കാണുന്ന ജനക്കൂട്ടം, അവരുടെ ആശങ്കകള്‍. അധ്വാനിച്ചുണ്ടാക്കിയ പണത്തിന് പെട്ടെന്നൊരു നിമിഷം വിലയില്ലെന്നും ഇനി നിശ്ചിത പരിധിയില്‍ കൂടുതല്‍ മൂല്യമുള്ള കാശ് കൈയിലുണ്ടാവന്‍ പാടില്ലെന്നും ആര്‍ക്കാണ് തീരുമാനിക്കാന്‍ പറ്റുക?

 

പ്രധാനമന്ത്രീ തീരുമാനം പ്രഖ്യാപിച്ച എട്ടാം തീയതി കഴിഞ്ഞ് നാലു ദിവസമായിട്ടും മണിക്കൂറുകളോളം പൊരിവെയിലത്ത് കാത്തു നില്‍ക്കുന്ന ഈ ജനക്കൂട്ടം കാണുന്നുണ്ടല്ലോ അല്ലേ? ആശുപത്രിയില്‍ കൊടുക്കാനും വീട്ടിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും മറ്റ് അടിയന്തര ചെലവുകള്‍ക്കുമൊക്കെ അവര്‍ സൂക്ഷിച്ചിരുന്ന പണമാണ് ഒറ്റ നിമിഷം കൊണ്ട് ഒന്നുമല്ലാതായത് എന്നത് മനസിലാക്കണം. ഈ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന കച്ചവടക്കാര്‍, ഈ വിപണിയിലുണ്ടായിട്ടുള്ള മാന്ദ്യം ഇതിനെയൊക്കെ ഇനി എങ്ങനെ മറികടക്കും എന്നാണ്? കഴിഞ്ഞ നാലു ദിവസമായി ക്യൂവില്‍ നിന്നിട്ടുള്ള, ഇനി വരും ദിവസങ്ങളില്‍ നില്‍ക്കാന്‍ പോകുന്ന മനുഷ്യര്‍ക്കുള്ള തൊഴില്‍ നഷ്ടങ്ങള്‍, അത് ഉത്പാദന മേഖലയില്‍ ഉണ്ടാക്കാന്‍ പോകുന്ന തിരിച്ചടികള്‍ ഇതൊക്കെ ഈ രാജ്യം നന്നാക്കാനാണെന്ന് ഇവിടുത്തെ സാധാരണക്കാരോട് പറയരുത്.

 

അതിനു പകരം നിങ്ങള്‍ ഉത്തരം നല്‍കേണ്ടത് മറ്റു ചില കാര്യങ്ങള്‍ക്കാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കെജ്‌രിവാളിന് രാഷ്ട്രീയപരമായി നേട്ടമുണ്ടാക്കാനാണ് എന്ന വാദം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എങ്ങനെയാണ് ബി.ജെ.പി പഞ്ചാബ് ലീഗല്‍ സെല്ലിന്റെ മേധാവി സഞ്ജീവ് കംബോജ് പ്രധാനമന്ത്രി പണം പിന്‍വലിക്കുന്ന തീരുമാനം പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പ് പുതിയ 2000 രൂപാ നോട്ടുകെട്ടുകളുടെ ചിത്രം ട്വിറ്ററില്‍ പബ്ലീഷ് ചെയ്തത്? അയാള്‍ എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞത്. ഇക്കാര്യത്തില്‍ ഫസ്റ്റ്‌പോസ്റ്റ്.കോമിനോട് കംബോജ് പറഞ്ഞത് താന്‍ പുതിയ നോട്ടുകള്‍ വരുന്നു എന്നു മാത്രമാണ് പറഞ്ഞത്, പഴയ നോട്ടുകള്‍ നിരോധിക്കുന്നു എന്ന് പറഞ്ഞിട്ടില്ല എന്നാണ്. അതിനൊപ്പം, 2000 രൂപാ കെട്ടുകളുടെ ചിത്രം ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ചതാണെന്നും കംബോജ് പറയുന്നു. അങ്ങനെയെങ്കില്‍ അതെങ്ങനെ ആ ഗ്രൂപ്പിലെത്തി? ഇക്കാര്യത്തില്‍ കംബോജ് പറയുന്നത് ഒട്ടും വിശ്വസനീയമല്ല.

 

മറ്റു ക്വാര്‍ട്ടറുകളെ അപേക്ഷിച്ച് ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ എങ്ങനെയാണ് ഇന്ത്യയിലെ ബാങ്കുകളില്‍ പൊടുന്നനെ കോടികളുടെ നിക്ഷേപം വര്‍ധിച്ചത്? എന്തായാലും ഇന്ത്യയിലെ സാധാരണക്കാരുടെ വരുമാനം പെട്ടെന്നു കൂടിയതോ തൊഴിലാളികള്‍ക്കുള്ള ശമ്പളം വര്‍ധിച്ചതോ അല്ല. അപ്പോള്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ സംശയം ഉയരുന്നുണ്ട്.

 

ബംഗാള്‍ ബിജെപി ഘടകം പ്രധാനമന്ത്രിയുടെ തീരുമാനം വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മൂന്നു കോടി രൂപ രണ്ടു ബാങ്കുകളില്‍ നിക്ഷേപിച്ചത് അവരും നിഷേധിച്ചിട്ടില്ല. പകരം സുതാര്യമായാണ് തങ്ങള്‍ ആ പണം ബാങ്കില്‍ നിക്ഷേപിച്ചത് എന്നാണ് അവര്‍ അവകാശപ്പെട്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ അറിയാവുന്ന ഒരാളും ഇക്കാര്യങ്ങള്‍ വിശ്വസിക്കില്ല. ഇക്കാര്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടിയല്ല ജയ്റ്റ്‌ലി ഇന്ന് നല്‍കിയതും. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളില്‍ മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

 

വിഡ്ഡിത്തവും ജനദ്രോഹവും നിറഞ്ഞ ഏതു തീരുമാനവും ദേശസുരക്ഷയുടെ മസാല പുരട്ടി വില്‍ക്കാന്‍ കഴിയുമെന്ന് ഏതു ഫാസിസ്റ്റ് ഭരണാധികാരികളും തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് കള്ളപ്പണം പിടിക്കാനുള്ള കാര്യങ്ങള്‍ ആ വഴിക്ക് നടക്കട്ടെ, അക്കാര്യത്തില്‍ ആര്‍ക്കും യാതൊരു എതിര്‍പ്പുമില്ല. പക്ഷേ അത് യുക്തിസഹമായിരിക്കുകയും വേണം, കാരണം, ഇവിടുത്തെ ജനം എന്നത് സര്‍ക്കാര്‍ ഇട്ടുകൊടുക്കുന്നത് തിന്നു ജീവിക്കുന്നവരല്ല, അധ്വാനിച്ച് ജീവിക്കുന്ന അവരുടെ ജീവിതത്തിന് വില പറയരുത്.

 

ഇനി വിദേശ ബാങ്കുകളിലേക്കൊഴുകുന്ന കള്ളപ്പണത്തിന്റെ കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്നതിലേക്ക് വെളിച്ചം വീശുന്ന ചില കാര്യങ്ങള്‍.

 

തുടര്‍ന്നു വായിക്കൂ
“അധികാരമേറ്റെടുത്ത 2014 മെയ് 28-ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു സുപ്രധാന തീരുമാനമെടുത്തു. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ അധ്യക്ഷനാക്കി ഒരു പ്രത്യേകാന്വേഷണ സംഘത്തെ ബ്ലാക്ക് മണി പ്രശ്‌നം അന്വേഷിക്കാനായി നിയോഗിച്ചതായിരുന്നു അത്. അന്നത്തെ യു.പി.എ സര്‍ക്കാരിനെതിരെ മോദി പൊതുതെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പ്രചരണത്തിലെ ഏറ്റവും വലിയ വിഷയവും ഈ കള്ളപ്പണമായിരുന്നു. മോദി നയിച്ച അഴിമതി വിരുദ്ധ തരംഗം രാജ്യവ്യാപകമായി തന്നെ ആ സമയത്ത് പടര്‍ന്നു പിടിച്ചു. ഈ അഴിമതി വിരുദ്ധ പോരാട്ടം യഥാര്‍ഥത്തില്‍ നയിച്ചത് ഇവിടുത്തെ സിവില്‍ സൊസൈറ്റിയും രാഷ്ട്രീയ ബന്ധമില്ലാത്ത സംഘടനകളുമായിരുന്നെങ്കിലും അതിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണഭോക്താവ് മോദിയായിരുന്നു. ഈ തരംഗത്തിനു മുകളിലേറി ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രചരണമായിരുന്നു മോദി അന്ന് നയിച്ചത്: ചാര്‍ട്ടേട് വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മാധ്യമങ്ങളിലൂടെ വന്‍ പ്രചരണം ഹോളോഗ്രാം, സോഷ്യല്‍ മീഡിയ തുടങ്ങി എല്ലാ മാര്‍ഗങ്ങളും ഇതില്‍ ഉപയോഗിച്ചു. അതുകൊണ്ടു തന്നെ അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ  കള്ളപ്പണ വിഷയം അന്വേഷിക്കുന്നതിന് SIT-യെ പ്രഖ്യാപിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഒട്ടൊക്കെ പ്രതീഷിതവുമായിരുന്നു.

 

എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ, ഈ SIT-ക്കു മുമ്പാകെ വന്ന ആദ്യ കള്ളപ്പണ കേസ് മോദിയുടെ അടുത്തയാളായ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പിന്റേതായിരുന്നു. ആ അദാനിയുടെ ഉടമസ്ഥതയിലുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ കയറിയാണ് യുപിഎ സര്‍ക്കാര്‍ അഴിമതിക്കെതിരെ നടപടി എടുക്കുന്നില്ലെന്ന പ്രചരണം മോദി നടത്തിയത്. ചൈനയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത് കണക്കില്‍ കവിഞ്ഞ ബില്ലുണ്ടാക്കി 5000 കോടി രൂപയിലധികം രാജ്യത്തിനു പുറത്തേക്ക് കടത്തി എന്നായിരുന്നു ഈ SIT മുമ്പാകെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലീജന്‍സും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നല്‍കിയ മൊഴി.

 

SIT-യുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നതോദ്യോഗസ്ഥര്‍ പറയുന്നത് അദാനിക്കേസ് അന്വേഷിക്കുകയും അതില്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ അദാനി ഗ്രൂപ്പ് 15,000 കോടി രൂപ പിഴയൊടുക്കേണ്ടി വന്നേനെ എന്നാണ്. “It’s a watertight case”, 5468 കോടി രൂപ അദാനി എങ്ങനെയാണ് ദുബായി വഴി മൗറീഷ്യസിലേക്ക് കടത്തിയതെന്നതിന്റെ രേഖകള്‍ കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പാകട്ടെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. തന്റെ ബഹളം നിറഞ്ഞ ആഹ്വാനങ്ങള്‍ക്കൊണ്ട് കൊണ്ട് അധികാരത്തിലേക്ക് എത്തിയ മോദിയാകട്ടെ മൗനത്തിലുമായിരുന്നു.

 

 

അദാനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു പ്രിലിമിനറി കേസ് അഹമ്മദാബാദില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. DRI-യുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ മോദി അധികാരത്തിലെത്തയതിനു ശേഷം ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നടന്ന കാര്യങ്ങള്‍ വര്‍ണനാതീതമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഹമ്മദാബാദ് ബ്രാഞ്ചിലെ ഈ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ആരോപിച്ച് സി.ബി.ഐ അറസ്റ്റ് ചെയ്യുന്നു. എന്നാല്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനു ശേഷവും ഇക്കാര്യത്തില്‍ യാതൊന്നും തെളിയിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ല. അഹമ്മദാബാദില്‍ നടക്കുന്ന അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന മുംബൈ റീജിയണല്‍ ഓഫീസിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ED-യില്‍ നിന്ന് തന്നെ പുറത്തു പോകേണ്ടി വന്നു. ഈ കേസിന്റെ അന്വേഷണം തുടങ്ങുമ്പോള്‍ ED-യുടെ തലപ്പത്തുണ്ടായിരുന്ന രാജന്‍ എസ്. കട്ടോച്ചിന് തന്റെ സര്‍വീസ് ഇടയ്ക്കു വച്ച് അവസാനിപ്പിക്കേണ്ടി വന്നു. അദാനിക്കു പുറമെ ഗുജറാത്തിലെ മറ്റു ചില വമ്പന്‍ കള്ളപ്പണ കേസുകളിലും ED ഈ സമയത്ത് അന്വേഷണത്തിന് തുടക്കം കുറിച്ചിരുന്നു…” (A Feast of Vultures: The Hidden Business of Democracy in India, Josy Joseph, Harper Collins, Page: 84-85)

 

ഇനി ഒരു പഴയ വാര്‍ത്തയിലേക്ക്: “പൊതുമേഖലാ ബാങ്കുകള്‍ക്ക് കോടിക്കണക്കിനു രൂപയാണ് ഈ ആളുകള്‍ നല്‍കാനുള്ളത്… ഇതൊരു വലിയ തട്ടിപ്പാണ്. 2015-ല്‍ മാത്രം 10 പൊതുമേഖലാ ബാങ്കുകള്‍ 40,000 കോടി രൂപയാണ് എഴുതിത്തള്ളിയത്. അതെല്ലാം ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിലുണ്ട് (കള്ളപ്പണ സംബന്ധിയായ). ഈ പണമൊന്നും തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ ഈ പണമെല്ലാം വായ്പയായി നല്‍കുകയായിരുന്നു. ആര്‍ബിഐ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. നിങ്ങളെന്താണ് ഇക്കാര്യത്തില്‍ ചെയ്യുന്നത്?” – (2016 ഫെബ്രുവരി 16-ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞ കാര്യങ്ങളാണ്.) 

 

(Edited)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍