UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനം ഒരാഴ്ച പിന്നിടുമ്പോള്‍; ജനത്തിന് ചിലത് പറയാനുണ്ട്

Avatar

കൃഷ്ണ ഗോവിന്ദ്

നോട്ട് നിരോധനം ഒരാഴ്ച പിന്നിടുമ്പോള്‍ അസാധാരണമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് സാധാരണ മനുഷ്യര്‍ കടന്നു പോകുന്നത്. തിരുവനന്തപുരത്തെ പാളയം, ചാല മാര്‍ക്കറ്റുകള്‍, മറ്റ് കച്ചവട കേന്ദ്രങ്ങള്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തുടങ്ങി ജനങ്ങള്‍ നിരന്തരം ബന്ധപ്പെടുന്ന സ്ഥലങ്ങളില്‍ നിന്നുള്ള അനുഭവങ്ങളിലേക്ക് അഴിമുഖം നടത്തിയ അന്വേഷണം. 

‘ഇനി ആദ്യം മുതല്‍, ഒന്നേ എന്നു പറഞ്ഞു തുടങ്ങണം’കുഞ്ഞുമോന്‍, പാളയം മാര്‍ക്കറ്റിലെ പാത്രക്കച്ചവടക്കാരന്‍
ബുദ്ധിമുട്ടിലായി എന്നു മാത്രം പറഞ്ഞാല്‍ ശരിയാകില്ല. ശരിക്കും ബുദ്ധിമുട്ടിലായി. ഈ 2000-നു പകരം 500-ന്റെ നോട്ട് ഇറക്കുവായിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു. മൊത്തത്തില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാണിപ്പോള്‍. മധുരയില്‍ നിന്നാണ് സാധനങ്ങള്‍ എടുക്കുന്നത്. അത് മുഴുവനും കടം പറഞ്ഞാണ് ഇടപാടുകള്‍ നടത്തുന്നത്. കച്ചവടം നടക്കുന്ന മുറയ്ക്ക് പണം നല്‍കും. ഇപ്പോ അവരു പറയുന്നത്. ഇതുവരെയുള്ള ഇടപാടിന്റെ പണത്തിന്റെ കാര്യത്തിന് സാവകാശമുണ്ട്, പക്ഷെ സാധനം ഇനി എടുക്കണമെങ്കില്‍ രോക്കം പണം നല്‍കണമെന്നാണ്. പഴയ നോട്ട് വച്ച് ഇടപാടു നടത്താനും കഴിയുന്നില്ല. ദേ ഇപ്പോ ഉച്ച കഴിഞ്ഞു. ഇതുവരെ 680 രൂപയുടെ കച്ചവടമാണ് നടന്നത്. റോളിംഗ് ആകെ തകര്‍ന്നു. ഇനി ആദ്യം മുതല്‍ ഒന്നേ എന്നു പറഞ്ഞു തുടങ്ങണം. അത് എങ്ങനെയായി തീരുമെന്ന്‍ അറിയില്ല.

‘എങ്ങനെ അവര്‍ വിശ്വസിച്ച് ഞങ്ങള്‍ക്ക് സാധനങ്ങള്‍ തരും’അമീര്‍, പാളയം മാര്‍ക്കറ്റിലെ  ചെറുകിട തുണി വ്യാപാരി
പൊതുവേ കച്ചവടം വളരെ മോശമായ സീസണയായിരുന്നു ഇത്. അതിന്റെ കൂടെ നോട്ട് നിരോധനം കൂടിയായപ്പോള്‍ വളരെ ബുദ്ധിമുട്ടായി. നോട്ട് നിരോധനം മൂലം ആദ്യത്തെ രണ്ട് ദിവസത്തേക്ക് മാത്രമെ പ്രശ്‌നങ്ങള്‍ കാണുകയുള്ളൂവെന്ന് കരുതി. എന്നാല്‍ ഓരോ ദിവസവും കഴിയുമ്പോള്‍ കച്ചവടം മോശമായി വരുകയാണ്. പുതിയ തീരുമാനം നല്ലതൊക്കെ തന്നെയാണ്. ആവശ്യത്തിന് നോട്ടുകള്‍ വേഗത്തില്‍ എത്തിക്കാനുള്ള സംവിധാനം ആദ്യമെ ഒരുക്കിയിരുന്നുവെങ്കില്‍ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഇങ്ങനെ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നു. 2000-ന്റെ നോട്ടുകള്‍ക്ക് പകരം ചെറിയ തുകയുടെ നോട്ടുകള്‍ എങ്കിലും ഇറക്കിയിരുന്നുവെങ്കില്‍ ഇത്രയും ബുദ്ധിമുട്ട് അനുഭവപ്പെടില്ലായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് തുണിയെടുക്കുന്നത്. മുഴുവന്‍ തുകയും ഉടന്‍ കൊടുക്കില്ല. കച്ചവടം നടക്കാത്തതുകൊണ്ട് ഇടപാടുകളെല്ലാം താളം തെറ്റി. ഇനി എങ്ങനെ അവര്‍ വിശ്വസിച്ച് ഞങ്ങള്‍ക്ക് സാധനങ്ങള്‍ തരും?

കുറച്ച് കള്ളമാരെ പൂട്ടാന്‍ പറ്റുമല്ലോ?’; ഭഗവതിയമ്മ, പാളയം മാര്‍ക്കറ്റിലെ ചെറുകിട പച്ചക്കറി വ്യാപാരി
കച്ചവടം കുറഞ്ഞിട്ടുണ്ട്. പക്ഷെ പ്രശ്‌നങ്ങള്‍ അധികം വൈകാതെ മാറും. നോട്ട് നിരോധനം വന്ന് ആദ്യ ദിവസത്തേക്കാള്‍ ഭേദമാണ് ഇപ്പോള്‍ കാര്യങ്ങള്‍. കാര്യങ്ങളൊക്കെ നടന്നു പോകുന്നുണ്ട്. ചാല മാര്‍ക്കറ്റില്‍ നിന്നാണ് സാധനങ്ങള്‍ എടുക്കുന്നത്. കടം പറഞ്ഞാണ് എടുക്കുന്നത്. അറിയാവുന്നവരൊക്കെയായതുകൊണ്ട് ഇപ്പോഴും സാധനങ്ങള്‍ കടം തരുന്നുണ്ട്. ഇത് ഒന്നും കുഴപ്പമില്ല. ഈ അവസ്ഥ മാറും. കുറച്ച് കള്ളമാരെ പൂട്ടാന്‍ പറ്റുമല്ലോ? ഈ പുതിയ നടപടി നല്ലതാണ്.

‘1000-രൂപ കൊണ്ടും ഒരാഴ്ച ജീവിക്കാമെന്ന് പൈസയുള്ളവനും പഠിച്ചു’; പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത പാളയം മാര്‍ക്കറ്റിലെ പലചരക്ക് വ്യാപാരി
എന്തായാലും 1000-രൂപ കൊണ്ടും ഒരാഴ്ച ജീവിക്കാമെന്ന് പൈസയുള്ളവനും പഠിച്ചു. ചെലവുചുരുക്കി ജീവിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായി. കച്ചവടം കുറവുണ്ട്. അത് സഹിച്ചോളാം. ചില വന്‍ ഇടപാടുകള്‍ (കള്ളപ്പണം) ഇല്ലാതാവുമല്ലോ. ഏറിയ പങ്കും ആളുകളുടെ കൈയിലും ഉപയോഗിക്കാന്‍ കഴിയുന്നത് 3000 രൂപയൊക്കെയുള്ളൂ. ബാക്കിയൊക്കെ ബാങ്കിലും മറ്റും എടുക്കാന്‍ പറ്റാതെ കിടക്കുവല്ലെ. ബുദ്ധിമുട്ടുകളുണ്ട്. 500-ന്റെ നോട്ടുകള്‍ ആവശ്യത്തിനുണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കുറച്ചു സുഗമമായേനെ.

‘തയ്ച്ചുവച്ചതിന് ആളുകള്‍ വരുന്നില്ല. ; കബീര്‍, തയ്യല്‍ കടക്കാരന്‍
ജോലി ഇഷ്ടംപോലെയുണ്ട് പക്ഷെ ഇടപാടുകള്‍ ഒന്നും നടക്കുന്നില്ല. മുമ്പ് തന്നവരുടെ തുണികള്‍ തയ്ക്കുവാനുണ്ട്. തയ്ച്ചുവച്ചതിന് ആളുകള്‍ വരുന്നില്ല. ഇതിനെക്കാള്‍ ആവശ്യമുള്ള പലകാര്യങ്ങളും അവര്‍ക്ക് നടത്തേണ്ടേ. തുണി തിരിച്ചു വാങ്ങാന്‍ വരുന്നവരുടെ കൈയ്യില്‍ പഴയ നോട്ടും പുതിയ 2000-ന്റെ നോട്ടുമൊക്കെയുള്ളൂ. എങ്ങനെ ഇടപാടു നടത്താനാണ്. ബാങ്കുകളാണെങ്കില്‍ കുറച്ചു തുക മാത്രമെ ചില്ലറയാക്കി നല്‍കുന്നുള്ളൂ. ഈയാഴ്ച കഴിയുമ്പോള്‍ കാര്യങ്ങള്‍ ശരിയാക്കുമെന്നാണ് വിചാരിക്കുന്നത്.

പതിവുപോലെ പച്ചക്കറി ലോറി ദിവസവും എത്തുന്നുണ്ട് ‘ കേശവന്‍ ചെട്ടിയാര്‍, അമീര്‍ ചാലമാര്‍ക്കറ്റിലെ പച്ചക്കറി മൊത്ത/ചില്ലറ വ്യാപാരികള്‍
നോട്ട് നിരോധനത്തിലെ ആദ്യ ദിവസങ്ങളില്‍ നല്ല ബുദ്ധിമുട്ടിലായിരുന്നു. ഇപ്പോള്‍ കുഴപ്പമില്ല. ഇടപാടുകള്‍ക്ക് വേഗത കുറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് പതിവുപോലെ പച്ചക്കറി ലോറി ദിവസവും എത്തുന്നുണ്ട്. ചെറിയ പ്രശ്‌നങ്ങളെയുള്ളൂ. അതിപ്പം മാറും. ഇനി ചില്ലറ മാറുവാന്‍ ബാങ്കില്‍ ചെല്ലുന്നവരുടെ കൈയ്യില്‍ മഷി പതിപ്പിക്കുന്ന നടപടി തുടങ്ങിയെന്നു കേട്ടു. അത് ഞങ്ങള്‍ക്ക് അല്പം കൂടി കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.

‘കച്ചവടത്തിന്റെ കണ്ണി മുറിഞ്ഞു’; ജയന്‍ചാലമാര്‍ക്കറ്റിലെ ഫ്രൂട്ട്‌സ് മൊത്ത/ചില്ലറ വ്യാപാരി
റോളിംഗ് ഇടപാടുകള്‍ ആകെ തകര്‍ന്നു. കച്ചവടത്തിന്റെ കണ്ണി മുറിഞ്ഞു. കാര്യങ്ങള്‍ പഴയതുപ്പോലെയായാലും ആ കണ്ണികള്‍ വീണ്ടും കൂട്ടിക്കെട്ടുക എന്നത് ബുദ്ധിമുട്ടാണ്. ഇടപാടിലെ വിശ്വാസ്യതയാണ് നഷ്ടപ്പെട്ടത്. പണം പോകുന്നത് തിരിച്ചു പിടിക്കാം. കച്ചവടം കുറയുന്നതും സഹിക്കാം, പക്ഷെ ഇടപാടുകളിലെ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ ഞങ്ങളെപ്പോലെയുള്ള കച്ചവടക്കാര്‍ ഇല്ലാതാകും. ഇടപാടുകള്‍ നടത്തുന്നവര്‍ക്കറിയാം നോട്ട് ക്ഷാമവും നിലവിലെ സാഹചര്യവുമൊക്കെ, എന്നാലും നാളെയും തമ്മില്‍ കച്ചവടം നടത്തുമ്പോള്‍ എങ്ങനെയായി തീരുമെന്ന് അറിയില്ല. കടമായി സാധനം എടുക്കുന്ന ചെറിയ കച്ചവടക്കാരോട് ഇപ്പോള്‍ പറയുന്നത്, ഇതുവരെയുള്ള ഇടപാടിന്റെ പൈസ നമുക്ക് പതിയെ തീര്‍ക്കാം, ഇനി മുതലുള്ളതിന് പണം തന്ന് എടുക്കണമെന്നാണ്. അവര്‍ക്ക് അത് ബുദ്ധിമുട്ടാണ്. ഞങ്ങളെയും അത് ബാധിക്കും പക്ഷെ വെറെ നിവൃത്തിയില്ല. കാര്യങ്ങള്‍ പെട്ടെന്ന് ശരിയായാല്‍ ഒരു ആശ്വാസമാകുമായിരുന്നു.

‘കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പ്രതീക്ഷയേ ഇല്ലായിരുന്നു. കേരളസര്‍ക്കാരിന് ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല?’പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത മലക്കറി മൊത്ത/ചില്ലറ വ്യാപാരി. 
(സര്‍ക്കാരിന്റെ നടപടിയില്‍ അങ്ങേയറ്റത്തെ രോഷത്തിലാണ് ഈ വ്യാപാരി). ഇടപാടുകള്‍ എല്ലാം നിശ്ചലമാണ്. സാധനമെടുക്കുന്നത് തമിഴ്‌നാട്ടിലെ വ്യാപാരികളുമായിട്ടാണ്. ഇപ്പോ അവരുമായിട്ട് കച്ചവടം നടത്താന്‍ സാധിക്കുന്നില്ല, ചെറുകിട കച്ചവടക്കാരുമായും ഇടപാട് നടത്താന്‍ കഴിയുന്നില്ല. കേരള സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ഒന്നും ചെയ്യാന്‍ കഴിയില്ലെ. ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനെങ്കിലും കഴിയില്ലേ? മുഖ്യമന്ത്രി എന്താണ് ഒന്നും പ്രതികരിക്കാത്തത്. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള ജനകീയ സര്‍ക്കാരാണെന്നാണല്ലോ അവകാശപ്പെടുന്നത്. ഇതുവരെ എന്താ ഒന്നും പറയാത്തത്. (മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ടെന്ന് അറിയിച്ചപ്പോള്‍) വ്യാപാരിയുടെ മറുപടി- മര്യാദക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തവരാണ് ഞങ്ങള്‍. അതിനിടയില്‍ ഏതെങ്കിലും ബുക്കില്‍ കൂടി എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ ഞങ്ങള്‍ എന്തറിയാനാണ്. ഇവരില്‍ നിന്ന് ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പ്രതീക്ഷയെ ഇല്ലായിരുന്നു. കേരളസര്‍ക്കാരിന് ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല?

‘പ്രതീക്ഷകള്‍ മാത്രമെയുള്ളൂ ഇപ്പോള്‍ ‘; തലസ്ഥാനത്തെ ഒരു പ്രമുഖ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് ഉടമ
എന്തു പറഞ്ഞാലും സര്‍ക്കാര്‍ നടപടി ഒന്നും മാറ്റാന്‍ പോകുന്നില്ല. അനുഭവിക്കുക അത്ര തന്നെ. നിലവിലെ സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഇടപാടുകള്‍ നന്നായി തകര്‍ന്നു. എത്ര നാള്‍ ഈ അവസ്ഥ തുടരുമെന്ന് അറിയില്ല. പ്രതീക്ഷകള്‍ മാത്രമെയുള്ളൂ ഇപ്പോള്‍.

‘നാളെ വീണ്ടും കുഴപ്പത്തിലാകുമോ എന്ന്  പേടിയുണ്ട്‌’ ഹുസൈന്‍, ചന്ദ്രന്‍, അനില്‍- ചെറുകിട മത്സ്യ വ്യാപാരികള്‍
ആളുകള്‍ വരുന്നുണ്ട്, പക്ഷെ പലരുടെ ഉദ്ദേശ്യം വലിയ നോട്ട് തന്നിട്ട് ചെറിയ തുക മേടിക്കുകയെന്നതാണ്. 2000-ന്റെ നോട്ടു കൊണ്ട് കച്ചവടത്തിനു വരുന്നവര്‍ക്ക് ഏങ്ങനെ ചില്ലറ നല്‍കും. ഇപ്പോഴും മീന്‍ കടമായിട്ടു തരാന്‍ ആളുണ്ട്. ചില്ലറയുണ്ടങ്കിലെ കച്ചവടം നടക്കൂ. ഇടത്തരക്കാരാണ് മീന്‍ മേടിക്കാന്‍ അധികവും വരുന്നത്. ഇപ്പോ എല്ലാവരും വരുന്നുണ്ട്. ചില്ലറ ഇല്ലാത്തതുകൊണ്ട് കച്ചവടം നടക്കുന്നില്ല. കഴിഞ്ഞ ദിവസം എനിക്ക് 250 രൂപയുടെ കച്ചവടം മാത്രമെ നടന്നൊള്ളൂ (അനില്‍). ഇങ്ങനെയായാല്‍ കാര്യങ്ങള്‍ എങ്ങനെ നടക്കും. ആദ്യദിവസത്തേക്കാള്‍ ഭേദമായിട്ടുണ്ട് നിലവിലെ അവസ്ഥ. നാളെ വീണ്ടും കുഴപ്പത്തിലാകുമോ എന്ന് പേടിയുണ്ടെന്നും ഈ വ്യാപാരികള്‍ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെയും അവിടുത്തെ മെഡിക്കല്‍ ഷോപ്പുകളുടെയും അവസ്ഥ
നോട്ട് ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ കാര്യമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. യുദ്ധകാല അടിസ്ഥാനത്തിലാണ് അധികൃതര്‍ സ്വൈപ്പിങ്ങ് മെഷ്യന്‍ സജ്ജമാക്കിയത്. കാര്‍ഡ് ഇല്ലാതെ പണം അടയ്ക്കുവാന്‍ വരുന്നവര്‍ക്ക് വലിയ നോട്ടുകളും പഴയ നോട്ടുകളും മാറി ഇടപാടുകള്‍ നടത്തുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ എത്തുന്ന ആളുകള്‍ക്ക് പണമിടപാട് നടത്തുവാന്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് അടിയന്തരമായി മെഷ്യന്‍ സ്ഥാപിച്ചതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ മോഹന്‍ ദാസ് അഴിമുഖത്തോട് പറഞ്ഞു. ലാബുകളില്‍, സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സ്വൈപ്പിങ്ങ് മെഷ്യന്‍ ഉപയോഗിക്കാന്‍ സൗകര്യമുണ്ടായിരിക്കും. ചെറിയ പണമിടപാടുകളും മെഷ്യന്‍ വഴി നടത്താന്‍ സാധിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.

 

മെഡിക്കല്‍ കോളേജിനുള്ളിലെ നീതി മെഡിക്കല്‍ ഷോപ്പുകളില്‍ സ്വൈപ്പിങ്ങ് മെഷ്യന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇടപാടുകള്‍ അപാകതയില്ലാതെ നടക്കുന്നുണ്ടെന്നാണ് അവര്‍ അറിയിച്ചത്. ചില്ലറ ക്ഷാമം ഉണ്ട്. എന്നാല്‍ മെഡിക്കല്‍ കോളേജിന് പുറത്തുള്ള മെഡിക്കല്‍ ഷോപ്പുകളുടെ അവസ്ഥ അതല്ല. മരുന്നു വാങ്ങുന്നത് വളരെ കുറഞ്ഞുവെന്നാണ് അവര്‍ പറയുന്നത്. മരുന്നു കമ്പനികളും ഏജന്‍സികളും എത്ര വേണമെങ്കിലും കടം തരാന്‍ തയ്യാറാണ്. പകരം അവര്‍ക്ക് ചെക്ക് നല്‍കിയാല്‍ മതി. ചെക്ക് നല്‍ക്കുന്ന രീതിയെ ഞങ്ങള്‍ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു നടപടിയാണോ ഇത് എന്ന സംശയം കൊണ്ടാണ് ചെക്ക് കൊടുക്കാന്‍ ഇപ്പം മടിക്കുന്നത്.

രോഗികളുടെയും ബന്ധുകളുടെയും പ്രതികരണങ്ങള്‍
‘നോട്ട് നിരോധനം ആദ്യ ദിവസം നന്നായി വലച്ചു. ഭക്ഷണവും, മരുന്നും ഒന്നും മേടിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ക്ക് ആശ്വാസമുണ്ട്. സ്വൈപ്പിങ്ങ് മെഷ്യന്‍ സ്ഥാപിച്ചത് ഗുണമായി. പഴയനോട്ട് ഇവിടെ എടുക്കുന്നുണ്ട്. ഇപ്പം കുഴപ്പമൊന്നുമില്ല’ പിതാവിന്റെ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലു ദിവസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന റഹിം എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. 

മകനെയും കൊണ്ട് ആശുപത്രിയില്‍ എത്തിയ സിന്ധുദേവി ഇങ്ങനെയാണ് പ്രതികരിച്ചത്, എനിക്ക് കാര്‍ഡ് ഇല്ല. പഴയനോട്ട് ആശുപത്രിയില്‍ എടുക്കുന്നതുകൊണ്ട് ഇവിടെ ബുദ്ധിമുട്ടില്ല. പക്ഷെ ഭക്ഷണം മേടിക്കണമെങ്കില്‍ ചില്ലറ നോട്ടുകള്‍ വേണം. അത് വലയ്‌ക്കുന്നുണ്ട്. ആശുപത്രിയിടപാടിന് ശേഷം കിട്ടുന്ന ബാക്കി തുകയാണ് ഒരു ആശ്വാസം. ആശുപത്രിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് ബാങ്കില്‍ പോകുവാന്‍ കഴിയില്ല.’

പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു രോഗിയുടെ ബന്ധു, ‘ഒരാഴ്ചയിലെറെയായി ഇവിടെ എത്തിയിട്ട്. മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ടിയിരുന്നുവെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ ഒക്കെ ശരിയായിട്ടുണ്ട്. മറ്റൊരു കാര്യമാണ് ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത്. അറ്റന്‍ഡറുമാര്‍ കാശ് ചോദിക്കുന്നുണ്ട്, ഡോക്ടറുമാര്‍ക്കും നേഴ്‌സുമാര്‍ക്കു കൂടി ഉള്ളത് അവരെ ഏല്‍പ്പിക്കണമെന്നാണ് പറയുന്നത്. കൊടുത്തില്ലെങ്കില്‍ രോഗിയെ അവര്‍ കാര്യമായി പരിഗണിക്കില്ല. ഇവര്‍ക്ക് പണം കൊടുക്കാമെന്നു കരുതിയാല്‍ പഴയ നോട്ട് വേണ്ട. പരാതി നല്‍കാന്‍ ഭയമാണ്. ഗുരുതരമായ അസുഖമുള്ള രോഗിയാണ് ഇവിടെ കിടക്കുന്നത്. ഇനിയും രണ്ടാഴ്ചയെങ്കിലും ഇവിടെ കിടക്കേണ്ടി വരും. പരാതി നല്‍കിയാല്‍ രോഗിയുടെ അവസ്ഥ എന്താകും. ഞങ്ങള്‍ക്ക് പഠിത്തം ഒന്നുമില്ല, അധികം ഒന്നും അറിയുകയും വേണ്ട. എങ്ങനെയെങ്കിലും കാര്യങ്ങള്‍ നടന്നുപോകണം.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍