UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക അടിയന്തിരാവസ്ഥ ഒരു പരീക്ഷണ പറക്കലോ?

ഒരു ജനാധിപത്യരാജ്യത്തിന്റെ ഭരണഘടന എന്ന നിലയ്ക്ക് മഹാത്മാ ഭീം റാവ് അംബേദ്ക്കര്‍ രചിച്ച ആ രേഖ നമുക്ക് പല സ്വാതന്ത്ര്യങ്ങളും നല്‍കുന്നുണ്ട്. അതില്‍ ഒന്നാണ് ന്യായമായി പണിയെടുത്ത് ഉപജീവനം നടത്തുക എന്നത്. ആ അവകാശം ഉറപ്പ് വരുത്തുന്ന ഒരു പ്രായോഗിക ഉപകരണം കൂടിയാണ് പണം എന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിട്ട ആ രേഖ ഒരു അധ്വാന – മൂല്യ കരാര്‍ കൂടിയാണ്. അതായത് എന്റെ അധ്വാനത്തിന് മൂല്യമായി എന്റെ അതിജീവനം ഈ കടലാസിനാല്‍ ഉറപ്പ് വരുത്തുന്നു എന്ന് നമ്മുടെ പ്രതിനിധികള്‍ തത്വത്തില്‍ അധികാരികളായ നമ്മളുമായി ഉണ്ടാക്കിയ ഒരു കരാര്‍. അതാണ് ഒരു ഭരണാധികാരിയുടെ പ്രസംഗത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഫലത്തില്‍ സ്വതന്ത്ര വിനിമയ മൂല്യത്തില്‍ നിന്ന് അസാധുവായി നിയന്ത്രിത മൂല്യം മാത്രമുള്ള ഒന്നായി തീരുന്നത്. എങ്കിലും ഈ തീരുമാനത്തെ നമ്മളില്‍ പലരും സ്വാഗതം ചെയ്യുന്നുണ്ട്. എന്താവും അതിന് കാരണം? അത് ഇത്തരം ഒരു നടപടി അനിവാര്യമാക്കുന്ന ഒരു അടിയന്തിര ഘട്ടത്തില്‍ നമ്മുടെ രാജ്യം എത്തി ചേര്‍ന്നിരിക്കുന്നു എന്ന, ഒട്ടൊക്കെ നമുക്കും ബോധ്യമുള്ള ഒരു സാഹചര്യമാണ്.

 

ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അടിയന്തിരാവസ്ഥ എന്നത് അന്നുവരെ അവിടത്തെ പൗരജീവിതം അടിസ്ഥാനമാക്കിയിരുന്ന ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും അതിനെ ഉറപ്പ് വരുത്തുന്ന ഭരണഘടനയുടെ മൂന്നു തൂണുകളും പ്രവര്‍ത്തനങ്ങളും (നാലാം തൂണായ മാധ്യമങ്ങള്‍ സ്വാഭാവികമായും ഒപ്പം പെടും എന്നതിനാല്‍ പ്രത്യേകിച്ച് എടുത്ത് പറയേണ്ടല്ലോ), ഫലത്തില്‍ ഭരണഘടന തന്നെയും താല്‍കാലികമായി സ്തംഭിപ്പിക്കപ്പെടുന്ന അവസ്ഥയാണ്. അതായത് ഭരണകൂടം അതിന്റെ പ്രാതിനിധ്യ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുമെന്ന് ജനങ്ങള്‍ എന്ന തത്വത്തിലെ അതിന്റെ ‘അധികാരികള്‍’ക്ക് നല്‍കിയ ജനാധിപത്യ സ്വഭാവം സമയബന്ധിയായി മരവിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു എന്ന ഒരു പ്രഖ്യാപനം. അവിടെ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ട് എന്നത്. അതിന്റെ ഉത്തരമാണ് നിങ്ങളുടെ തന്നെ ദീര്‍ഘകാല നന്മയ്ക്ക് വേണ്ടി എന്ന്.

 

ഇത്തരം ഒരു വിശദീകരണം വിശ്വാസ്യമാകണമെങ്കില്‍ സാധാരണ ഗതിയില്‍ നേരിടാനാവാത്ത ഒരു അടിയന്തിര സാഹചര്യം രാജ്യത്ത് ഉണ്ടായിരിക്കുന്നു എന്ന് എല്ലാ വിഭാഗം മനുഷ്യരെയും, അല്ലെങ്കില്‍ അതിനെതിരെ പ്രതികരിക്കാന്‍ സാദ്ധ്യതയുള്ളവരില്‍ ഒരു ഭൂരിപക്ഷത്തെയെങ്കിലും ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിന് കഴിയണം. എന്നുവച്ചാല്‍ ഒരടിയന്തിരാവാസ്ഥയൊന്നും ചുമ്മാ അങ്ങ് എടുത്ത് വീശാന്‍ പറ്റില്ല, അതിന് ചില പൂര്‍വ്വ നിര്‍മ്മിതികള്‍ അനിവാര്യമാണ്. അത്തരം ഒരു നിര്‍മ്മിതി രായ്ക്കുരാമാനം സാധ്യവുമല്ല. കള്ളപ്പണം എന്ന ദേശീയ ഭീഷണി നമ്മുടെ ഇന്നത്തെ ഭരണകൂടം നമ്മുടെ മുമ്പില്‍ വച്ചത് ഇന്നോ ഇന്നലെയോ അല്ല. വിദേശങ്ങളില്‍ കുമിഞ്ഞ് കൂടിയ കള്ളപ്പണം തിരികെ എത്തിച്ച് നമ്മുടെ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം വീതം മുതല്‍ക്കൂട്ടുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നതാണത്. ഇതുവരെ പൈസ ഒന്നും വന്നില്ലെങ്കിലും തകൃതിയായി അക്കൗണ്ട് എടുപ്പിക്കല്‍ എങ്കിലും നടന്നു എന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു.

അതായത് ഇന്നലെ നിലവില്‍ വന്ന സാമ്പത്തിക അടിയന്തിരാവസ്ഥ പൊടുന്നനെ നിലവില്‍ വന്ന ഒന്നല്ല എന്ന് വ്യക്തം. അതിനാവശ്യമായ പൂര്‍വ്വ നിര്‍മ്മിതികള്‍ ഒക്കെയും അവധാനതയോടെ പൂര്‍ത്തിയാക്കിയ ശേഷം മാത്രം നിലവില്‍ വന്ന ഒന്നാണത്. അടിയന്തിരാവസ്ഥയൊ, ഇവിടെയൊ, എപ്പോള്‍, എങ്ങനെ എന്ന ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരാം. അതുകൊണ്ട് നമുക്ക് അവിടുന്ന് തന്നെ തുടങ്ങാം.

 

 

നിര്‍വചനം
വിക്കിപീഡിയ അടിയന്തിരാവസ്ഥയെ വിശദീകരിക്കുന്നത് ഇങ്ങനെയാണ് : “This means that the government can suspend and/or change some functions of the executive, the legislative and/or the judiciary during this period of time. It alerts citizens to change their normal behavior and orders government agencies to implement emergency plans.  A government can declare a state of emergency during a time of natural or human-made disaster, during a period of civil unrest, or following a declaration of war or situation of international/internal armed conflict. Justitium is its equivalent in Roman law, where Senate could put forward Senatusconsultumultimum. 

It can also be used as a rationale (or pretext) for suspending rights and freedoms guaranteed under a country’s constitution or basic law. The procedure for and legality of doing so varies by country.“

അതായത് പ്രാകൃതികമോ, മനുഷ്യനിര്‍മ്മിതമോ ആയ അടിയന്തിരാവസ്ഥയെ, സാമൂഹ്യ അരക്ഷിതാവസ്ഥയെ, ആഭ്യന്തരമോ അന്തര്‍ദേശീയമോ ആയ യുദ്ധാവസ്ഥയെ ഒക്കെ നേരിടാനായി ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒരു നിശ്ചിത കാലഘട്ടം അടിയന്തിരാവസ്ഥയായി പ്രഖ്യാപിക്കാം. ഈ കാലഘട്ടത്തില്‍ സാധാരണ പൗരജീവിതം സര്‍ക്കാര്‍ ഏജന്‍സികള്‍ തങ്ങളുടെ അടിയന്തിര പദ്ധതികള്‍ നടപ്പിലാക്കുന്നതിനനുരൂപമായി പരുവപ്പെടേണ്ടിവരും. ഇത് എത്ര നാളേക്ക് എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ഇത് പ്രഖ്യാപിക്കപ്പെടുന്നത് തത്വത്തിലെങ്കിലും ദേശീയ താല്പര്യത്തെ, പൊതുനന്മയെ മുന്‍നിര്‍ത്തിയാവും എന്നതാണ്. അപ്പോള്‍ ആ പൊതുനന്മ സാധ്യമാകുംവരെ ആ അടിയന്തിരാവസ്ഥയും തുടരാം. രാജ്യസ്‌നേഹികളായ പൗരന്മാര്‍ അതിനെ ചോദ്യം ചെയ്യാന്‍ പാടില്ല എന്നതാണ് തത്വം.

മേല്‍പ്പറഞ്ഞ നിര്‍വചനത്തിലെ ആദ്യ ഭാഗം പോലെതന്നെ പ്രധാനമാണ് പിന്നീട് വരുന്ന ജാഗ്രതപ്പെടുത്തലും. അതായത് ഭരണകൂടം മുന്നോട്ട് വയ്ക്കുന്ന ദേശീയ സുരക്ഷ, പൊതു നന്മ എന്നൊക്കെ പറയുന്ന പരിഗണനകള്‍ മുന്‍ നിര്‍ത്തിയുള്ള അടിയന്തിര സാഹചര്യം രാജ്യത്തിന്റെ ഭരണഘടനയും പൗരാവകാശ നിയമങ്ങളും പൗരസമൂഹത്തിന് നല്‍കുന്ന അവകാശങ്ങളേയും സ്വാതന്ത്ര്യത്തെയും റദ്ദ് ചെയ്യാനുള്ള ഒരു നാട്യവും ആകാം. അതുകൊണ്ട് തന്നെ ഏഴ് പതിറ്റാണ്ടോളം വരുന്ന ജനാധിപത്യ ചരിത്രത്തില്‍ നിന്നുള്ള ദേശീയവും വിദേശീയവുമായ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓരോ പൗരനെ സംബന്ധിച്ചിടത്തോളവും ഭരണാധികാരികള്‍ പൊതുവില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴുള്ള അതിവൈകാരികത നിറഞ്ഞതും നാടകീയവുമായ ഭാഷയേയും ശരീര ഭാഷയെയും ഒക്കെ, അവ നല്‍കുന്ന ലക്ഷണങ്ങളെ ഭക്തിസാന്ദ്രമായി കണ്ണടച്ച് ഇരുട്ടിലാക്കി നല്ല ദിനങ്ങള്‍ വരവായി എന്ന് ‘ദേശസ്‌നേഹ’ബന്ധിയായി ആശ്വസിക്കുന്നത് ചിലപ്പോള്‍ ആത്മഹത്യാപരമായ പ്രത്യാഘാതങ്ങളാവാം ഉണ്ടാക്കുന്നത്.

അടിയന്തിരാവസ്ഥയെന്ന പൂര്‍വ്വാനുഭവം
ഇന്നും ഇന്ത്യയില്‍ പരക്കെ ബഹുമാനിക്കപ്പെടുന്ന, നമ്മുടെ ഉരുക്ക് വനിതയായിരുന്ന സ്ത്രീ ഭരണാധികാരി നാട്ടില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് 1975-ലാണ്. പ്രഖ്യാപനം മുതല്‍ 21 മാസം അത് നീണ്ടുനിന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു കളങ്കമായി ഒക്കെ അതിനെ ഇന്ന് എണ്ണുന്നവര്‍ അത് എങ്ങനെയാണ് നിലവില്‍ വന്നത് എന്നതും, നിലനിന്നത് എന്നതും കൂടി ഒന്ന് ഓര്‍ക്കണം. മുഴുവന്‍ ഇന്ത്യാക്കാരുടെയും ഇച്ഛയ്ക്ക് വിപരീതമായി, ഒരു അനുകൂല വാദവും സാധ്യമാകാത്തവിധം പൊടുന്നനേ ഒരു ദിവസം നടപ്പിലാക്കിയ അടിമുടി ഋണാത്മകമായ ഭരണകൂട ഇടപെടലായി അന്നത് വ്യാഖ്യാനിക്കാന്‍ കഴിയുമായിരുന്നുവോ? ഇന്നത്തെപ്പോലെ ദൃശ്യമാധ്യമങ്ങളും, ദൈനംദിന അന്തിച്ചര്‍ച്ചകളും സമാന്തര സൈബര്‍ മാധ്യമങ്ങളും അവയില്‍ അനുനിമിഷം നടക്കുന്ന പൊതുജന ആശയവിനിമയവും ഒക്കെ ചേര്‍ന്ന് ഉണ്ടാവുന്ന ഒരു പൊതുബോധത്തിലേയ്ക്കല്ല ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് എന്നത് സത്യം. പക്ഷേ അന്നും അതിനെ അനുകൂലിക്കുന്ന സാംസ്‌കാരിക യുക്തികള്‍ ഉണ്ടായിരുന്നു എന്നത് നമ്മള്‍ മറന്നും കൂട.

 

1967 മുതല്‍ 71 വരെയുള്ള കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സില്‍ പണ്ടുണ്ടായിരുന്ന നെഹ്രുവിയന്‍ ആന്തരിക ജനാധിപത്യത്തിന്റെ അവസാന തരിയെയും തുടച്ചുനീക്കി അവര്‍ അതിലെ ഏക ശബ്ദമായി. ഒപ്പം പൊടുന്നനെ എടുത്ത ചില ജനപ്രിയ തീരുമാനങ്ങളുടെ ബലത്തില്‍ അവര്‍ ഇന്ദിരാ ഗാന്ധിയില്‍ നിന്ന് ഇന്ദിരാമ്മയുമായി. എഴുപതില്‍ പൊടുന്നനേ ‘പ്രിവി പേഴ്‌സ്’ എന്ന് വിളിക്കുന്ന കപ്പം സമ്പ്രദായം നിര്‍ത്തിയത് ഉള്‍പ്പെടെ ഇടത് സോഷ്യലിസ്റ്റ് എന്ന് തോന്നിപ്പിക്കുന്ന നീക്കങ്ങള്‍ വരെ അവര്‍ എടുത്തിരുന്നു എന്നതിന്റെ കൂടെ ഫലമാണ് ‘ഗരീബീ ഹഠാവോ’ മുദ്രാവാക്യത്തിന് 71-ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച 352 സീറ്റിന്റെ ഭൂരിപക്ഷം. തുടര്‍ന്ന് ‘പരമ്പരാഗത വൈരി’കളായ പാകിസ്ഥാനെ രണ്ടായി, പാകിസ്ഥാനും ബംഗ്‌ളാദേശുമായി വിഭജിച്ച യുദ്ധവിജയം. അതോടെ രാഷ്ട്രീയ വരികളും അവരെ ‘ദുര്‍ഗ്ഗ’ എന്ന് വിളിച്ചു തുടങ്ങി.

 

73 മുതല്‍ 75 വരെയുള്ള കാലത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെതിരേ നടന്ന പ്രക്ഷോഭങ്ങളില്‍ ഗുജറാത്ത് മുതല്‍ ബീഹാര്‍ വരെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹം നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നു. ഏകാധിപത്യ സ്വഭാവമുള്ള അധികാര കേന്ദ്രീകരണത്തിനെതിരേ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം സുപ്രീം കോടതിയില്‍ വന്ന തിരഞ്ഞെടുപ്പ് തിരിമറി കേസിലെ വിധിയും പ്രതികൂലമായതോടെ ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അന്ന് ഇന്ദിരാ അനുകൂലികള്‍ നടപടിയെ അനുകൂലിച്ച് നിരത്തിയ കാരണങ്ങള്‍ പാകിസ്ഥാനെതിരേ ഉള്ള ഒരു യുദ്ധം കഴിഞ്ഞതേയുള്ളു എന്നിരിക്കെ ഇപ്പോള്‍ ഭരണതലത്തില്‍ ഒരു അനിശ്ചിതാവസ്ഥ രാജ്യതാല്പര്യത്തെ വൃണപ്പെടുത്തും, കൂടാതെ വരള്‍ച്ച, 73-ലെ എണ്ണ പ്രതിസന്ധി തുടങ്ങിയവയില്‍ നിന്ന് മോചനം നേടേണ്ടതുണ്ട്, അത്തരം ദേശീയ താല്പര്യങ്ങള്‍ ഒക്കെയും ഇതിനാല്‍ മുറിപ്പെടും; അതുകൊണ്ട് ദേശസ്‌നേഹിയായ ഓരോ ഇന്ത്യന്‍ പൗരനും ദേശീയ താല്പര്യം മുന്‍നിര്‍ത്തി വിട്ടുവീഴ്ച ചെയ്യണം എന്നതായിരുന്നു.

 

 

അന്ന് നടന്നത്
അടിയന്തിരാവസ്ഥക്കാലത്ത് നടന്നതോ? എതിര്‍ ശബ്ദങ്ങളൊക്കെയും നിര്‍ദ്ദയം അടിച്ചമര്‍ത്തപ്പെട്ടു. ‘ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം’ എന്ന പ്രയോഗമൊക്കെ ഇന്ന് വെറും ക്‌ളീഷേ ആയിരിക്കാം. പക്ഷേ അന്ന് പൊലീസ് സ്‌റ്റേഷന്‍ കണ്ടവരില്‍ അവിടെനിന്ന് ആയുസ്സിന്റെ ബലത്താല്‍ ജീവനോടു ഇറങ്ങാന്‍ കഴിഞ്ഞ ഒരാള്‍ക്കും ആ മെറ്റാമോഡേണ്‍ ക്‌ളീഷേ പ്രഖ്യാപനത്തിന് കീഴില്‍ വിരലുപതിക്കാനും കൈ പൊന്തില്ല. ഇന്ദിരയുടെ പ്രത്യക്ഷ രാഷ്ട്രീയ വൈരികള്‍ മാത്രമല്ല, ഭരണകൂടത്തിനെ, അതിന്റെ വിവിധ തലങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന പ്രാതിനിധ്യ ബിംബങ്ങളെ ചോദ്യം ചെയ്തവരില്‍ പലരും ജയിലില്‍ അടയ്ക്കപ്പെടുകയല്ല, അപ്രത്യക്ഷമായി. അതില്‍ നമ്മള്‍ ഇന്നും ഓര്‍ക്കുന്ന ഒരാളാണ് രാജന്‍. എന്നാല്‍ അത്തരം ഓര്‍ക്കപ്പെടുന്നതും വിസ്മരിക്കപ്പെട്ടതുമായ നിരവധി യുവ’രാജന്മാര്‍’ 21 മാസം നീണ്ടുനിന്ന ആ കാലഘട്ടത്തില്‍ ദേശത്തിലുടനീളം ഉണ്ടായി.

 

എല്ലാവരും നിരന്തരം അനുസ്മരിക്കുന്ന ഈ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ദിര അധികാരത്തില്‍ വന്നത് ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ്. ഈ ഗരീബി അഥവാ ദാരിദ്ര്യത്തിന്റെ കാരണമായി അന്ന് പട്ടികപ്പെട്ടിരുന്നതോ ജനസംഖ്യാ വര്‍ധനയും. അതിനെ നിയന്ത്രിക്കണം. അത്തരം ഒരു ദേശീയ രോഗത്തിന് ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ തന്നെ വേണം. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരയുടെ രാഷ്ട്രീയ പിന്‍ഗാമിയായി അന്ന് കരുതപ്പെട്ടിരുന്ന സഞ്ജയ് ഗാന്ധി ചെയ്തത് നിര്‍ബന്ധിത വന്ധ്യംകരണമായിരുന്നു. അയാളുടെ നെഞ്ചളവ് അറിയില്ല. പക്ഷേ ദേശീയ പ്രതിസന്ധിയെ നേരിടാനായി വ്യക്തി സ്വാതന്ത്ര്യത്തില്‍ ചില ‘നേരിയ’ കടന്നുകയറ്റങ്ങള്‍ നടത്തി എന്നതിനെ അങ്ങനെ വിമര്‍ശിക്കാമോ, മറ്റ് പോംവഴികള്‍ ഇല്ല എന്ന് പറഞ്ഞവര്‍ അന്നും ഉണ്ടായിരുന്നു.

 

ഇത് കൂടാതെയാണ് മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് നടപ്പിലാക്കപ്പെട്ട നിരവധി ഭരണഘടനാ പരിഷ്‌കാരങ്ങള്‍. എന്നാല്‍ അവയില്‍പ്പെടുന്ന നിര്‍ണ്ണായകമായ ഒന്നാണ് 42-ആം ഭേദഗതി. അതിലൂടെയാണ് ഭരണഘടനയുടെ ‘പ്രിയാംബിളി’ലേയ്ക്ക് മതേതരത്വവും സോഷ്യലിസവും വാചികമായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ആ കാലഘട്ടത്തില്‍ നിലവില്‍ വന്ന ’25 പോയിന്റ്’ പദ്ധതിയില്‍ കാര്‍ഷിക, വ്യാവസായിക ഉല്പാദനം വര്‍ദ്ധിപ്പിക്കുവാനും സര്‍ക്കാര്‍ സേവനം കാര്യക്ഷമമാക്കാനും നിരക്ഷരത തുടച്ചുനീക്കാനും ഉള്ള കര്‍മ്മപരിപാടികള്‍ ഉണ്ടായിരുന്നു. ഒപ്പം കുടുംബാസൂത്രണത്തിനും പാരിസ്ഥിതിക പുനര്‍നിര്‍മ്മാണത്തിനും ജാതി വ്യവസ്ഥയുടെയും സ്ത്രീധന സമ്പ്രദായത്തിന്റെയും നിര്‍മ്മാര്‍ജ്ജനത്തിനും ഉള്ള പദ്ധതികളും ഉള്‍പ്പെട്ടിരുന്നു. അപ്പോള്‍ അത് ജനനന്മ മുന്‍ നിര്‍ത്തി എടുത്ത ഒരു തീരുമാനം തന്നെ ആയിരുന്നില്ലേ? 21 മാസം ഇത്തിരി കഷ്ടപ്പെടെണ്ടിവന്നെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്ന് നിരക്ഷരതയും പട്ടിണിയും ജാതിവ്യവസ്ഥയും സ്ത്രീധനസമ്പ്രദായവും ഒക്കെ തുടച്ച് നീക്കപ്പെട്ടില്ലേ!

കേരളം വേറൊരു രാജ്യമാണ്
വിഷയവുമായി പ്രത്യക്ഷത്തില്‍ വലിയ ബന്ധമൊന്നും ഇല്ലെങ്കിലും പരോക്ഷമായ ചില സൂചനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിഗത അനുഭവം പറയട്ടെ. 2000-ല്‍ ഒമാനിലെ സലാലയില്‍ എത്തിയ ഈ ലേഖകന്‍ അന്ന് അന്യം നിന്നു പോയിട്ടില്ലാത്ത ഒരു വിനിമയ ഉപകരണം എന്ന നിലയില്‍ കത്തയയ്ക്കാന്‍ അവിടത്തെ പോസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ അവ നിക്ഷേപിക്കേണ്ടുന്ന രാജ്യങ്ങളുടെ പേരുവച്ച് തരംതിരിച്ച ബോക്‌സുകള്‍ക്ക് മുമ്പിലെത്തി. ഈജിപ്റ്റ്, ടുണീഷ്യ, സുഡാന്‍, ഇംഗ്‌ളണ്ട് എന്നിങ്ങനെ പോകുന്ന പേരുകളില്‍ ഇന്ത്യയും ഉണ്ട്. പക്ഷേ കേരളത്തിന് പ്രത്യേക ബോക്‌സും ഉണ്ട്!

 

അന്ന് ഇവിടെ ഉണ്ടായിരുന്ന വിദേശികളില്‍ സിംഹഭാഗവും ഇന്ത്യാക്കാരും, അവരില്‍ ബഹുഭൂരിപക്ഷവും കേരളീയരും ആയതാവാം ഇതിന്റെ പ്രായോഗിക കാരണം. പക്ഷേ അപ്പോഴും കേരളത്തെ ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളില്‍നിന്ന് നിന്ന് പൊതുവില്‍ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ ഉണ്ട് എന്നത് തിരിച്ചറിയാതെ വയ്യ. എല്ലാ മാറ്റത്തിനും പിന്നില്‍ സാമ്പത്തിക ശാസ്ത്രപരമായ ഒരു കാരണം കാണും എന്നത് ഒരു മാര്‍ക്‌സിയന്‍ ദര്‍ശനമാണ് എന്നതുകൊണ്ട് അതിനെ സാമാന്യവല്‍ക്കരിക്കണ്ട. പക്ഷേ കേരളത്തില്‍ ജാതി, മത, ലിംഗ വിവേചനങ്ങള്‍ ഒക്കെ നിലനില്‍ക്കുമ്പോഴും സ്വത്വത്തെ അടിസ്ഥാന തലത്തില്‍ പ്രായോഗിക വ്യവഹാരങ്ങളില്‍ നിര്‍വചിക്കുന്നത് വരുമാനം അഥവാ പണം ആയി തീര്‍ന്നിട്ടുണ്ട് എന്നത് മുഴുവനായി തള്ളിക്കളയാന്‍ പറ്റുകയുമില്ല. ‘അണ്‍സ്‌കില്‍ഡ് ലേബര്‍’ എന്ന നിര്‍വചനത്തില്‍ പെടുന്ന തൊഴിലാളിക്കും കേരളത്തില്‍ ഇന്ന് പ്രതിദിനം അഞ്ഞൂറുരൂപയില്‍ അധികം (പലയിടത്തും അത് 800 ഒക്കെയാണ്) വരുമാനം ലഭിക്കും, തൊഴില്‍ ലഭ്യത, സന്നദ്ധമാണെങ്കില്‍ എല്ലാ ദിവസവും ഉണ്ടാവും. അതായത് ആഴ്ചയില്‍ രണ്ട് ദിവസം അവധി എടുത്താലും ചുരുങ്ങിയത് മാസം പതിനായിരവും, വര്‍ഷം ഒരുലക്ഷത്തി ഇരുപതിനായിരവും വരുമാനം ഉണ്ട്. ഇത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ അവസ്ഥയില്‍ നിന്ന് ബഹുദൂരം വ്യത്യസ്തമാണ്.

ഇതുകൊണ്ട് തന്നെ ദീര്‍ഘകാലമായി കേരളീയ സമ്പദ്വ്യവസ്ഥ വര്‍ഗ്ഗപരമായി മധ്യവര്‍ഗ്ഗാധിപത്യമുള്ള ഒന്നായി തുടരുന്നു. അതില്‍ ആഭ്യന്തര സമ്പദ്ഘടനയില്‍ പ്രവാസം ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ വര്‍ഗ്ഗപരമായ ഈ ഘടകം അവര്‍ക്ക് മാത്രം അനുകൂലമായതും, അതിന് പുറത്ത് നില്‍ക്കുന്ന ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ വ്യാജമായ ദേശീയ നമയാല്‍ തിരസ്‌കരിക്കുന്നതുമായ ചില രാഷ്ട്രീയ ഉദാസീനതകളിലേയ്ക്കും സ്വാര്‍ത്ഥതകളിലേയ്ക്കും നയിച്ചേക്കാം എന്നതിനും ഇതേ കേരള ചരിത്രം തെളിവാണ്. ഇന്ത്യയില്‍ ഒട്ടാകെ ഇന്ദിരയും കോണ്‍ഗ്രസ്സും കനത്ത പരാജയം ഏറ്റുവാങ്ങിയ അടുത്ത തിരഞ്ഞെടുപ്പില്‍ സമയത്തോടിയ തീവണ്ടികളും സീറ്റിലുണ്ടായിരുന്ന സര്‍ക്കാര്‍ ഗുമസ്തരും മതിയായിരുന്നു കേരളത്തിന്റെ മാത്രം ജനവിധി അടിയന്തിരാവസ്ഥയ്ക്ക് അനുകൂലമാക്കാന്‍.

 

 

പക്ഷേ പറഞ്ഞുവരുന്നത് അതൊന്നുമല്ല. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പ്രധാനമന്ത്രി നടത്തിയ ഒരു അന്തിപ്രസംഗത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ അസാധുവായി തീരുന്നത് ഇന്ത്യയിലെ നിരവധി ഗ്രാമങ്ങളില്‍ ഒരു ചലനവും ഉണ്ടാക്കിയിരിക്കില്ല. പക്ഷേ കേരളത്തില്‍ അത് ആശങ്കയും പരിഭ്രാന്തിയും പടര്‍ത്താത്ത ഒരു ഗ്രാമവും ഉണ്ടാവില്ല. എന്ന് മാത്രമല്ല, ആ നോട്ടുകളുടെ അസാധുവാക്കല്‍ ഇവിടെ നേരിട്ട് ബാധിക്കുക പതിനായിരങ്ങളും ലക്ഷങ്ങളും ശമ്പളമുള്ള ഉപരിവര്‍ഗ്ഗം ഇതിനോടകം തന്നെ മാറിക്കഴിഞ്ഞ ഇലക്ട്രോണിക് സാമ്പത്തിക വിനിമയ സൗകര്യങ്ങളെയല്ല, പച്ച നോട്ടുകള്‍ കൈമാറി ജീവിക്കുന്ന സാധാരണക്കാരെയാണ്. എങ്കിലും കള്ളപ്പണക്കാരെ തുലയ്ക്കാമല്ലോ എന്ന പ്രതീക്ഷ കേരളീയ മധ്യവര്‍ഗ്ഗത്തിന് ഒരു പ്രതീക്ഷയും നല്‍കുന്നുണ്ട്. പക്ഷെ എന്താണ്, കള്ളപ്പണം, അത് എങ്ങനെ ഉണ്ടാകുന്നു, അതില്‍ പൗര സമൂഹം എന്ന നിലയില്‍ പൊതുജനത്തിന്റെ സാംസ്‌കാരിക പിന്തുണ എങ്ങനെ അടിസ്ഥാനമൂലധനാകുന്നു തുടങ്ങിയ കാര്യങ്ങള്‍ പ്രധാന പരിഗണന ആകുന്നുമില്ല. ഇതൊക്കെയും ഇങ്ങനെ നിലനില്‍ക്കുന്നത് ഇന്നുകഴിഞ്ഞ് നാളെ ബാങ്കും, മറ്റന്നാള്‍ എടിഎമ്മും പിന്നെ രണ്ടായിരവും പുത്തന്‍ അഞ്ഞൂറും ഒക്കെ ചേര്‍ന്ന് നമ്മുടെ കാര്യവും നടക്കും, ബ്ലേഡുകാരന്റെ ആപ്പീസും പൂട്ടും എന്ന ലളിത സമവാക്യത്തിലാണ്. അത് വൈകുംതോറും പണി പാളും, അമ്പത്താറിഞ്ചിലധികം പാളും.

 

അറുനൂറ്റിയമ്പതും എഴുന്നൂറും എണ്ണൂറും നിത്യശമ്പളം പറ്റുന്ന, എന്നാല്‍ അതല്ലാതെ കുറെ നാള്‍ പിടിച്ച് നില്‍ക്കാന്‍ നീക്കിയിരുപ്പൊന്നുമില്ലാത്ത തൊഴിലാളിക്ക് ശമ്പളം നൂറുരൂപ നോട്ടില്‍ തന്നാല്‍ മതി എന്ന് ശഠിക്കാനാവില്ല. അങ്ങനെയെങ്കില്‍ പണി രണ്ട് ദിവസം കഴിഞ്ഞ് മതിയെന്ന് സാധാരണ ആഭ്യന്തര തൊഴില്‍ദാതാവ് പറയും. അതിലൂടെ അയാള്‍ക്ക് അതിജീവനം ദുഷ്‌കരമാക്കുന്ന പ്രശ്‌നങ്ങളൊന്നും സാധാരണഗതിയില്‍ വരാനിടയില്ല. പക്ഷേ ആ തൊഴിലാളിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ ഇത് ബാധിക്കും. കൂടാതെ ചെറുകിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും റിയല്‍ എസ്‌റ്റേറ്റിലും വരുന്ന എന്ന് തീരുമെന്ന് ഉറപ്പില്ലാത്ത മാന്ദ്യം.

അഞ്ഞൂറുരൂപാ നോട്ട് വാങ്ങിയാല്‍ പിറ്റേന്ന് എത്ര നേരം ക്യൂ നിന്നാല്‍ ആ പണം ഉപയോഗിക്കാവുന്ന അവസ്ഥയില്‍ ആകുമെന്ന് നിലവില്‍ ഒരു ഉറപ്പുമില്ല. ബാങ്കില്‍ പോലും പണം തീര്‍ന്നു എന്ന് കേട്ട് ‘പുലി മുരുക’ന് ക്യൂ നിന്ന് ഹൗസ് ഫുള്‍ ബോര്‍ഡ് കണ്ട് മിഴുങ്ങസ്യമാകുന്ന അവസ്ഥ. പിറ്റേന്ന് പിന്നെയും ബാങ്കില്‍ ക്യൂ നില്‍ക്കുന്ന മനുഷ്യന്റെ സമയത്തിന് സര്‍ക്കാര്‍ കൂലിയും നല്‍കുന്നില്ലല്ലൊ. അപ്പോള്‍ നോട്ട് പിന്‍വലിക്കല്‍ കേരളത്തിലെ സാധാരണ മനുഷ്യരെ വന്‍ ആശങ്കയില്‍ ആക്കുന്നത് ‘ഓ, ഇവനൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടും കൊണ്ടേ നടക്കൂ’ എന്ന് ക്രെഡിറ്റ് കാര്‍ഡ് പോക്കറ്റിലിട്ട് നെറ്റി ചുളിക്കുന്ന ഉപരി മദ്യവര്‍ഗ്ഗത്തിന്റെ ആക്ഷേപങ്ങള്‍ കൊണ്ട് അഭിസംബോധന ചെയ്യാവുന്ന പ്രശ്‌നമല്ല. അവര്‍ നേരിടുന്നതാണ് അടിയന്തിരാവസ്ഥ, ഭരണകൂടം അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചതല്ല. അതുകൊണ്ട് തന്നെയാണ് ഇതൊരു സാമ്പത്തിക അടിയന്തിരാവസ്ഥയാണെന്ന വിമര്‍ശനം കേരളത്തില്‍ നിന്ന് ഉയരുന്നതും നമ്മള്‍ ഇപ്പോള്‍ കാണുന്നത് വെറും ഒരു പരീക്ഷണ പറക്കലാണൊ എന്ന സംശയം ഉണ്ടാക്കുന്നതും.

(തുടരും)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍