UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

അഭിനവ റോബിന്‍ ഹുഡ് നടപ്പാക്കുന്നത് സര്‍ജിക്കല്‍ സ്ട്രൈക്കോ ക്ലിനിക്കല്‍ പ്രതികാരമോ?

കറന്‍സി പിവലിക്കലും കള്ളപ്പണവുമായുള്ള ബന്ധം ആദ്യത്തേതിലൂടെ രണ്ടാമത്തിനെ ചെറുക്കാന്‍ ഒരു സാധ്യത സൈദ്ധാന്തികമായി നിലനില്‍ക്കുന്നു എന്നതാണ്. പക്ഷേ ഇന്ത്യാ മഹാരാജ്യത്ത് കെട്ടിഘോഷിച്ച് നടപ്പാക്കിയ മാമാങ്കത്തിന് അങ്ങനെ ഒരു സൈദ്ധാന്തിക ബന്ധം പോലും ഇല്ല എന്ന് ദിനം പ്രതി വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. വേണമെങ്കില്‍ ഒരു യാദൃശ്ചിക ബന്ധം ഉണ്ടെന്ന് പറയാം. അതായത് ഈ നാടകമൊക്കെ കണ്ട്, ചാക്കില്‍ കെട്ടി തട്ടുമ്പുറത്ത് സൂക്ഷിച്ചിരുന്ന കാശ് കടലാസായി എന്ന് ധരിച്ച വല്ല മണ്ടന്‍ മാഫിയ തലവനും അത് കൂട്ടിയിട്ട് കത്തിച്ചെങ്കില്‍ അത് പോയി!

 

നവംബര്‍ എട്ട്, അന്തിപ്രസംഗം
കള്ളപ്പണക്കാര്‍ക്ക് മേല്‍ അശനിപാതം പോലെ സംഭവിച്ച ഒരു ചങ്കുറപ്പുള്ള ഭരണകൂട നീക്കം പ്രധാനമന്ത്രി മോദിയുടെ വാക്കുകളിലൂടെ രാജ്യസ്‌നേഹികളും സത്യസന്ധന്മാരുമായ ഭാരതീയരുടെ അന്തരംഗത്തില്‍ വരെ രോമാഞ്ചം വിരിയിക്കുന്നു. കള്ളപ്പണം എന്ന ദേശീയ വിപത്തിനെ നേരിടാന്‍ മറ്റൊരു വഴിയും ഇല്ലെന്നിരിക്കെ നോട്ട് പിന്‍വലിക്കല്‍ വഴി ഏതാനും ദിവസത്തേയ്ക്ക് ഉണ്ടാകുന്ന പ്രയാസം ധീരമായി സഹിക്കാന്‍ ദേശസ്‌നേഹികളെ അദ്ദേഹം ആഹ്വാനം ചെയ്തു. ദേശസ്‌നേഹികള്‍ അത് കേള്‍ക്കുകയും ചെയ്തു.

 

ചാക്കില്‍ കെട്ടിയല്ലാതെ ന്യായമായി ആള്‍ക്കാര്‍ എടുത്ത് പേഴ്‌സിലോ അലമാരിയിലോ വച്ച പണവും കാണുമല്ലോ അഞ്ഞൂറും ആയിരവുമായി. അത് ബാങ്കില്‍ കൊടുത്ത് മാറാന്‍ സമയം നല്‍കി. പക്ഷേ നിയന്ത്രണം വച്ചു. ഇല്ലെങ്കില്‍ കള്ളപ്പണക്കാര്‍ ചാക്കുമായി ബാങ്കില്‍ വന്ന് പൈസ വെളുപ്പിച്ചോണ്ട് പോവില്ലേ എന്നായിരുന്നു ന്യായം. ചിലര്‍ ചില കുനുഷ്ട് യുക്തികളൊക്കെ അവതരിപ്പിച്ചെങ്കിലും രാജ്യസ്‌നേഹികള്‍ അതൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി ദേശതാല്പര്യത്തോടൊട്ടിനിന്നു. ഏതാനും ദിവസം എന്ന് ആദ്യം പറഞ്ഞത് പൂജനീയ ജഡിലശ്രീ മോദിജി പിന്നീട് ഡിസംബര്‍ വരെ എന്ന് ചെറുതായി ഒന്ന് മാറ്റി പറഞ്ഞുവെങ്കിലും കൂടെ ഒരു ഓഫറും നല്‍കി. ഡിസംബറോടെ സംഗതി ശരിയായില്ലെങ്കില്‍ എവിടെയാണെന്നുവച്ചാല്‍ ശിക്ഷ അവിടെ കൊടിവച്ച കാറില്‍ വന്നിറങ്ങി ഏറ്റുവാങ്ങിക്കൊള്ളാമെന്ന്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ തൊണ്ട ഇടറുകയും കണ്ണ് നിറയുകയുകയും ചെയ്തിരുന്നു.

 

ചായവിറ്റ് ഉയര്‍ന്നുവന്ന, മുതിര്‍ന്നപ്പോള്‍ രാജ്യത്തിനായി കുടുംബജീവിതം തന്നെ ത്യജിച്ച, സാധാരണക്കാരില്‍ സാധാരണക്കാരനായ ത്യാഗരാജ് ജീയുടെ കണ്ണ് നിറയിച്ച കള്ളപ്പണലോബിയെ, അതിന്റെ പിണിയാളുകളായ വിമര്‍ശകരെ ഓര്‍ത്ത് രാജ്യസ്‌നേഹം പല്ലിറുമ്മി ഒടുക്കം അതിന് ക്യാപ്പിടാന്‍ ദന്തിസ്റ്റിന് കൊടുക്കാനുള്ള കാശിന് ബാങ്കില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയായി. ബിജെപിയുടെയും മോദിയുടെയും ജനപ്രീതി സര്‍വ്വകാല റെക്കോഡിലെത്തി. എത്തിട്ടും ചില നായ്ക്കള്‍ ചന്ദ്രനെ നോക്കി കുരച്ചുകൊണ്ടേയിരുന്നു.

 

 

നിഷ്പക്ഷ രോമാഞ്ചങ്ങള്‍
സാധാരണഗതിയില്‍ ഹിന്ദുത്വ രാഷ്ട്രീയം, സംഘിത്തം എന്നൊക്കെ വിളിക്കുന്ന എന്തോ ഒ’രി’തിനെ എന്നും വിമര്‍ശിച്ചിട്ടുള്ള പുരോഗമനവാദികള്‍ വരെ രാജ്യത്തിന്റെ ദീര്‍ഘകാല നന്മയെ കരുതി ഈ ഭരണകൂട നീക്കത്തെ പിന്തുണച്ചു. ഇതിനെയും എതിര്‍ക്കുന്നവരുടെ രാഷ്ട്രീയ തിമിരത്തിന് കണ്ണടകള്‍ വേണം എന്ന് കണ്ടു കടുത്ത ദാരിദ്ര്യത്തിലും അടുത്ത ഓപ്ടിക്കല്‍സില്‍ ഓര്‍ഡര്‍ നല്‍കുകയും അത് സൗജന്യമായി വിതരണം ചെയ്യാന്‍ ഒരു കണ്ണടവണ്ടി തന്നെ തയ്യാറാക്കുകയും ചെയ്തു.

 

പണമെന്താണ്, കള്ളപ്പണമെന്താണ്, അത് സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുന്നു, വിളിച്ച് ചൊല്ലി പറഞ്ഞും കൊണ്ട് അത് പിടിക്കാന്‍ ചെന്നാല്‍ കള്ളപ്പണം എങ്ങനെ തറയായും മഞ്ഞലോഹമായും കരിഞ്ചന്തയിലെ സ്‌റ്റോക്കായുമൊക്കെ ചെല്ലുന്നവരെ നോക്കി ചിരിക്കും എന്നും ഒക്കെ ലളിതമായ ഭാഷയില്‍ അതിഗഹന വിശകലനങ്ങള്‍ ഉണ്ടായി. നായ്ക്കള്‍ കുര തുടര്‍ന്നു. ഭാഗ്യത്തിന് മാവേലി ഇടപെടാത്തതുകൊണ്ട് ഉന്മൂലന ഭീഷണി ഉണ്ടായില്ല. ഉണ്ടായിരുന്നേല്‍ മേനകാ ഗാന്ധിപോലും ഉണ്ടാവില്ലായിരുന്നു ഇക്കുറി തുണയ്ക്ക്!

 

അങ്ങനെ ഒടുവില്‍ സാധാരണക്കാരായ ദേശസ്‌നേഹികളുടെ കയ്യിലിരിക്കുന്ന അഞ്ഞൂറും ആയിരവും തിരിച്ചുകൊടുക്കാനുള്ള തിയതിയും കഴിഞ്ഞു. കള്ളപ്പണം അങ്ങനെ വെറും കടലാസായി മാറിയ ആ സാമ്പത്തിക സര്‍ജിക്കല്‍ സ്ട്രൈക്ക് പൂര്‍ത്തിയായി. ചില പ്രായോഗിക പ്രശ്‌നങ്ങള്‍ പിന്നെയും ബാക്കിയാണ്. അതിപ്പോ സ്റ്റിച്ചിട്ടിടം നനയാന്‍ പാടില്ല എന്നുവന്നാല്‍ ചില പ്രയാസങ്ങളൊക്കെ ഉണ്ടാവില്ലേ. എന്നുവച്ച് ഇടാതിരുന്നാലോ. അതും ശരിയാണ്.

 

തുഗ്‌ളക്കും ഞെട്ടിയ നിമിഷം
കള്ളപ്പണം ചവറ്റുകൊട്ടയിലും, പിന്നെ ഗംഗാ, കാവേരി, ബ്രഹ്മപുത്ര ഒക്കെയായും ചത്ത് പൊന്തുന്ന വഴിക്ക് അനിവാര്യമായ താല്‍കാലിക തിരിച്ചടിയായ ജിഡിപി നിരക്കിലെ ഇടിവ് പിടിച്ചുയര്‍ത്താനുള്ള പണികളിലേക്ക് തിരിയാം എന്ന് ദേശസ്‌നേഹികള്‍ വിചാരിക്കുമ്പോള്‍ ഇതാ അതിനും മോദിജി വഴി തന്നെ പരിഹാരം!

 

കള്ളപ്പണക്കാര്‍ തെണ്ടികള്‍ക്ക് മര്യാദയ്ക്ക് ഒരു തുക നികുതി അടച്ച് അത് വെളുപ്പിച്ച് കൊണ്ടുപോകാന്‍ ശത്രുക്കളെയും സ്‌നേഹിക്കുന്ന മോദിജി ഒരവസരം കൊടുത്തിരുന്നു മുമ്പ്. അതുകൊണ്ടും പഠിക്കാത്ത പിള്ളകള്‍ ചോറിയുമ്പോള്‍ പഠിക്കട്ടേ എന്ന് കരുതിയാണ് പ്രേം നസീറിനെ വെല്ലുന്ന ക്ഷമയുള്ള അദ്ദേഹം കള്ളന്മാര്‍ക്കും ചില അവസരങ്ങള്‍ നല്‍കിയത്. ഒരവസരം തന്നു പഠിച്ചില്ല (കള്ളപ്പണം പിടികൂടുമെന്ന് തിരഞ്ഞെടുപ്പ് പത്രികയില്‍ തന്നെ അവന്മാരോട് മര്യാദയ്ക്ക് പറഞ്ഞിരുന്നു), രണ്ടാമതും ക്ഷമിച്ചു, എന്നിട്ടും പഠിച്ചില്ല ( കള്ളപ്പണം സ്വയം ഡിക്‌ളയര്‍ ചെയ്താല്‍ സര്‍ക്കാര്‍ ഇളവുകള്‍ ലഭിക്കുന്ന സ്‌കീം), അങ്ങനെയാണ് മൂന്നാമത്തെ തിരിച്ച് മൂക്കിനിട്ടുള്ള ഇടി: നോട്ട് പിന്‍വലിക്കല്‍. അതുകണ്ടാണ് വയറുവിശന്നിട്ടും ദേശസ്‌നേഹികള്‍ ക്യൂവില്‍ നിന്ന് ഊറിച്ചിരിച്ചതായി അവരുടെ സംഘടന സാക്ഷ്യപ്പെടുത്തിയത്.

 

പക്ഷേ എന്നിട്ടിപ്പോ ദാ, ചത്തു പൊന്തേണ്ട കള്ളപ്പണത്തിന് പിന്നേം ഇളവ്! പത്തിന പദ്ധതിയാണത്രേ. അതും പ്രകാരം ഇനിയും നോട്ട് മാറാം. അമ്പത് ശതമാനം നികുതി ഇനത്തില്‍ പോട്ടെന്ന് വച്ചാല്‍ ബാക്കിയുള്ളതില്‍ ഇരുപത്തിയഞ്ച് ശതമാനം ഉടന്‍ കിട്ടും. ബാക്കി നാലുവര്‍ഷം കഴിഞ്ഞ്! ഇനി അല്ല, റെഡി ടു വെയിറ്റ് ടീമുകള്‍ അല്ലെങ്കില്‍ ആ ഇരുപത്തിയഞ്ച് ശതമാനം വരുന്ന തുകയുടെ ഏണ്‍പത്തിയഞ്ച് ശതമാനവും പോവും. ബാക്കി പതിനഞ്ചും വാങ്ങി കയിച്ചിലാക്കുക. ഇനി ഇതും കൂടാതെ പിന്നെയും നോട്ട് കയ്യില്‍ വച്ച് റെയ്ഡില്‍ എങ്ങാനും പിടിച്ചാലോ, തൊണ്ണൂറുശതമാനവും സ്വാഹാ. ബാക്കി വെറും പത്ത് ശതമാനമേ കിട്ടു.

 

 

ജനത്തിന് ഇഷ്ടമാവില്ലേ, ഡോണ്ട് ദേ ലൈക്!
ഇങ്ങനെ കിട്ടുന്ന പണം മുഴുവന്‍ പ്രധാനമന്ത്രിയുടെ ‘ഗരീബി കല്യാണ്‍ യോജന’ എന്ന പേരുസൂചിപ്പിക്കുന്നതുപോലെ ദരിദ്രരുടെ നന്മയ്ക്കായുള്ള നിധിസമാഹരണത്തിലേയ്ക്ക് പോകും. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ സന്തോഷമാകില്ലേ? ഇങ്ങനെ കിട്ടുന്ന പണം വഴി കിട്ടുന്ന തള്ളും, കള്ളപ്പണം പൊന്തിച്ചത് വഴി കിട്ടുന്ന ഉന്തും കൂടിയാകുമ്പോള്‍ സംഗതി ഇന്ത്യയിലെ ദരിദ്രര്‍ക്കിടയില്‍ ഒരു സാമ്പത്തിക വിസ്‌ഫോടനം തന്നെ നടക്കില്ലേ? ഡോണ്ട് ദേ ലൈക്ക്?

 

ഉറപ്പായും. പക്ഷേ ചില സംശയങ്ങള്‍. കള്ളപ്പണത്തിന് കടലാസ് വിലയാകുന്ന ആ ദിവസത്തിന് വേണ്ടിയല്ലേ സര്‍ ഞങ്ങള്‍ പെര പണിയും കല്യാണവും പോയിട്ട് ഊണുപൊതിയുടെ നിറവ് വരെ മാറ്റിവച്ച് ക്യൂ നിന്നത്? എടുത്ത കാശുമാറ്റാന്‍ വേറെ ക്യൂ നിന്നത്? എന്നിട്ട് അവര്‍ക്ക് വീണ്ടും സമയം. മര്യാദയ്ക്കാണെങ്കില്‍ അമ്പത് ശതമാനം, മൊട കാണിച്ചാല്‍…? കടലാസായി മാറിയെന്ന് അങ്ങ് പ്രഖ്യാപിച്ച ഐറ്റമാണിത്. ദേശസ്‌നേഹികളായ സാധാരണക്കാരുടെ കയ്യില്‍ സാന്ദര്‍ഭികമായി കുടുങ്ങി പോയ നോട്ടുകള്‍ തിരിച്ച് കൊടുത്ത് പുതിയത് വാങ്ങാനുള്ള കാലാവധിയും കഴിഞ്ഞു. ഇനിയും ഉണ്ടെങ്കില്‍ അത് റിസര്‍വ് ബാങ്കിന്റെ ലഭ്യമായ ഏറ്റവും അടുത്ത കൗണ്ടറില്‍ കൊണ്ടുചെന്ന് മാറണം. എന്നിട്ടും കള്ളപ്പണം കെട്ടിവച്ച് കാത്തിരിക്കുന്നവര്‍ക്ക് എന്തിന് പിന്നെയും ഇളവ്? ഇതിലും കൊടുക്കാതെ പിന്നെയും ഈ കടലാസ് സൂക്ഷിച്ച് പിന്നീട് എപ്പോഴെങ്കിലും അത് റെയ്ഡില്‍ പിടിച്ചാല്‍ അപ്പോഴും കിട്ടും പത്ത് ശതമാനം മൂല്യമെന്ന്! അതായത് ഏപ്രില്‍ വരെ സമയമുണ്ട്. മാര്‍ച്ച് വരെ പലവഴികളില്‍ വെളുപ്പിക്കുക. പിന്നെയും വല്ലതും ബാക്കിയാകുന്നുണ്ടെങ്കില്‍ അത് സ്വയം റെയ്ഡില്‍ പിടിപ്പിക്കുക. എന്തായാലും കൂടും കുടുക്കയും ഉള്‍പ്പെടെ പോയെന്ന് പരാതി ഒരു കള്ളപ്പണക്കാരനും പറയില്ല. നന്ദിയുണ്ട് അങ്ങുന്നേ.., നന്ദി.

 

കോര്‍പ്പറേറ്റുകളുടേതായി എഴുതിത്തള്ളിയ സഹസ്രകോടികള്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടതുണ്ടായിരുന്നു. അതിന് അവരോട് ചോദിച്ച് ചെന്നാല്‍ ഒരിഞ്ച് കാണില്ല ബാക്കിയെടുക്കാന്‍. അതുകൊണ്ട് സാധാരണക്കാരന്റെ പോക്കറ്റില്‍ കൈയ്യിട്ടു. എന്നിട്ട് അതിന് സാമ്പത്തിക സര്‍ജിക്കല്‍ സ്ട്രൈക്കെന്നൊരു പെരുമിട്ട് കള്ളപ്പണ വേട്ട എന്ന് പ്രചരിപ്പിച്ചു. ജനം കള്ളപ്പണക്കാരനെ ഇപ്പൊ പിടിക്കും, ഇപ്പൊ പുഴുങ്ങും എന്ന് കരുതി പൊരിവെയിലത്ത് ക്യൂ നിന്ന് സ്വയം പുഴുങ്ങി.

 

പണ്ടൊരു റോബിന്‍ ഹുഡ് ധനികരുടെ സ്വത്ത് കൊള്ളയടിച്ച് ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്തതായി ഒരു കഥയുണ്ട്. മലയാള സിനിമയിലെ പുതിയ ‘റോബിന്‍ ഹുഡ്’ നായകന്‍, വില്ലന്‍ തന്നോട് ചെയ്ത ദ്രോഹത്തിന് പ്രതികാരമായാണ് മോഷണം നടത്തിയത്. ഇതിപ്പൊ രണ്ടിന്റെയും ഒരു മിശ്രണമാണ്. കൊള്ളയടി എന്തായാലും നടന്നു. അതുപക്ഷേ ദരിദ്രര്‍ക്കായി സമ്പന്നന്റെ കാശല്ല, സമ്പന്നര്‍ക്കായി ദരിദ്രന്റെ കാശ്. പ്രതികാരവും ചിലപ്പൊ കാണുമായിരിക്കും. തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യാത്ത അറുപത്തിയേഴ് ശതമാനത്തിനെതിരേ ഉള്ള ഒരു സാഡിസ്റ്റിക്ക് പ്രതികാരം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍