UPDATES

ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു, 50 ദിവസത്തിനുള്ളില്‍ പ്രതിസന്ധി പരിഹരിക്കാനാകും: മോദി

അഴിമുഖം പ്രതിനിധി

1000-ന്റെയും 500-ന്റെയും നോട്ടുകള്‍ പിന്‍വലിച്ചതു മൂലം ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും 50 ദിവസത്തിനുള്ളില്‍ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്ത് റേഡിയോ പ്രഭാഷണ പരിപാടിയിലാണ് മോദി പ്രതികരിച്ചത്. പ്രഭാഷണത്തില്‍ മോദി പറഞ്ഞത്-

‘രാജ്യ താല്‍പര്യത്തിനുവേണ്ടിയാണ് നടപടി നടപ്പിലാക്കിയത്. തീരുമാനം എടുത്തപ്പോള്‍തന്നെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നു അറിയാമായിരുന്നു. നോട്ട് അസാധുവാക്കിയ നടപടിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. നോട്ട് പിന്‍വലിക്കല്‍ കൊണ്ടുണ്ടായ പ്രതിസന്ധികള്‍ക്ക് 50 ദിവസത്തിനകം പരിഹാരമാകും. കഴിഞ്ഞ 70 വര്‍ഷത്തെ അഴിമതി പരിഹരിക്കുക അത്ര എളുപ്പമല്ല. ഇതിനു സമയമെടുക്കും. നോട്ടു അസാധുവാക്കല്‍ നടപടി വിജയിക്കുമെന്നു ഉറപ്പുണ്ട്. ജനങ്ങള്‍ എന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും ഇതു വിജയകരമാക്കാന്‍ ജനങ്ങള്‍ വളരെയധികം സഹായിക്കുന്നുണ്ടെന്നും അറിയാം.

പുതിയ തിരുമാനം മൂലം പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബാങ്ക് ജീവനക്കാര്‍, പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. വളരെ ആത്മാര്‍ത്ഥതയോടെയാണ് അവരെല്ലാം പ്രവര്‍ത്തിക്കുന്നത്. അവരോട് നന്ദി പറയുന്നു. ഇപ്പോഴും ചിലര്‍ കയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള വഴി തേടുകയാണ്. സാധാരണക്കാരായ ജനങ്ങളെയാണ് അവര്‍ ഇതിനായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. കള്ളപ്പണം നിക്ഷേപിക്കുന്നതിന് സാധാരണക്കാരെ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

കറന്‍സി രഹിത സമൂഹമാണ് തന്റെ ലക്ഷ്യം. ഇതു പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്നറിയാം. അതിനുള്ള ആദ്യപടിയാണ് ഇപ്പോഴത്തെ നീക്കം. കറന്‍സിയുടെ ഉപയോഗം പതുക്കെ പതുക്കെ കുറച്ച് ഈ ലക്ഷ്യം നേടിയെടുക്കും. ചെറുകിട സംരംഭര്‍ക്ക് പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിലൂടെ അവര്‍ക്കും മാറ്റമുണ്ടാകും. തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുന്നില്ല. പണിക്കൂലി ബാങ്ക് വഴി വിതരണം ചെയ്യുന്നതിലൂടെ ഇതു പരിഹരിക്കാനാവും. ഗ്രാമീണരെ മൊബൈല്‍ ബാങ്കിംഗ് പരിചയപ്പെടുത്താന്‍ യുവതലമുറ സഹായിണം.’

മന്‍ കി ബാത്തില്‍ മോദി രാജ്യത്തെ കൃഷി വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുന്ന കര്‍ഷര്‍ക്ക് നന്ദി അറിയിച്ചു. കൂടാതെ ഈ വര്‍ഷത്തെ എന്റെ ദീപാവലിക്ക് ജനങ്ങള്‍ സൈനികര്‍ക്ക് സന്ദേശം അയച്ചതിലൂടെ ഈ വര്‍ഷത്തെ ദീപാവലി തികച്ചും വ്യത്യസ്തമായിയെന്നും മുഴുവന്‍ രാജ്യവും സൈനികര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ അവരുടെ ബലം 125 കോടി തവണയായി വര്‍ധിക്കുമ ന്നെും മോദി കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍