UPDATES

കാഴ്ചയുടെ പൂരത്തിന് തിരിതെളിഞ്ഞു: ഇനി അഭ്രപാളിയില്‍ ആഘോഷ നാളുകള്‍

Avatar

അഴിമുഖം/ഐ എഫ് എഫ് കെ ഡെസ്ക്

ലോകോത്തരസിനിമകളുടെ പ്രദര്‍ശനത്തിനും ക്രിയാത്മക ചര്‍ച്ചകള്‍ക്കും സിനിമാപ്രേമികളുടെ സംഗമത്തിനും വേദിയാകുന്ന ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. കനകക്കുന്ന് നിശാഗന്ധിയില്‍ പ്രത്യേകം തയ്യാറാക്കിയ ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക, കലാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി നിലവിളക്ക് തെളിയിച്ച് എട്ടു ദിവസത്തെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.

ലോകം ഒരു ഗ്രാമമായി മാറുന്ന ആധുനിക സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളിലെ ജനതയേയും സാംസ്‌കാരിക പാരമ്പര്യത്തേയും ജീവിത സാഹചര്യങ്ങളേയും മനസ്സിലാക്കുന്നതിനുള്ള വേദിയാണ് ചലച്ചിത്രമേളയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനപങ്കാളിത്തം കൊണ്ട് ഏഷ്യയിലെ രണ്ടാമത്തെ മേളയ്ക്ക് ഇവിടെ ആതിഥ്യമരുളാനാകുന്നത് തിരുവനന്തപുരത്തിന്റെ ഭാഗ്യമാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മലയാള സിനിമയ്ക്ക് ഇന്ത്യന്‍ സിനിമയും ലോകസിനിമയുമായുള്ള ബന്ധം വളര്‍ത്താന്‍ മേള സഹായകമാകുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന സിനിമാ  വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അടുത്തവര്‍ഷം നാലായിരം പേര്‍ക്ക്  പരിപാടി ആസ്വാദിക്കാനാകുന്ന തരത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തെ വിപുലീകരിക്കുമെന്നും ഈ മേള കഴിഞ്ഞാല്‍ അതിന്റെ പണി ആരംഭിക്കുമെന്നും  ടൂറിസം വകുപ്പ് മന്ത്രി ശ്രീ എ പി അനില്‍ കുമാര്‍ പറഞ്ഞു.

സാംസ്‌കാരിക സമ്പത്തുള്ള നാടാണ് കേരളമെന്നും മേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുഖമാണോ എന്ന് മലയാളത്തില്‍ സംസാരിച്ചു സദസ്യരുടെ കൈയ്യടി നേടിയ മുഖ്യാതിഥി ലോകപ്രശസ്ത തബലവാദകന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. മേളയിലെ മത്സരവിഭാഗം ചിത്രങ്ങളുടെ ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രെസനും പങ്കെടുത്തു.

ലോകത്തെ മികച്ച മേളയായി ഐഎഫ്എഫ്‌കെ മാറിയതായി ആശംസ അര്‍പ്പിച്ച മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ശ്രീ ശശി തരൂര്‍ എംപി, ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ പാലോട് രവി, ചീഫ് സെക്രട്ടറി ശ്രീ ജിജി തോംസണ്‍,  സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ്‌നാഥ്, മേള ഉപദേശക സമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, അക്കാദമി സെക്രട്ടറി എസ്.രാജേന്ദ്രന്‍ നായര്‍, സിനിമാ താരം നെടുമുടിവേണു, ഫെഫ്കാ പ്രെസിഡന്റ് ബി ഉണ്ണികൃഷ്ണന്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് ജി പി വിജയകുമാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു. ഫെസ്റ്റിവല്‍ ബുക്ക്, പ്രതിദിന ബുള്ളറ്റിന്‍, ഐഎഫ്എഫ്‌കെ സുവനീര്‍, ടൂറിസം വകുപ്പിന്റെ കേരളത്തിലെ ലൊക്കേഷനുകളെക്കുറിച്ചള്ള പുസ്തകം എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു. 

സക്കീര്‍ ഹുസൈന്റെ നവീന താളശൈലിയുള്ള നാദവിസ്മയമായിരുന്നു  ഉദ്ഘാടനചടങ്ങിന്റെ ആകര്‍ഷണം. തുടര്‍ന്ന് ഫ്രെഞ്ച് സംവിധായകന്‍ ജീന്‍ ജാക്വസ് ആനൂഡിന്റെ ത്രീ ഡി ചിത്രം ‘വൂള്‍ഫ് ടോട്ടെം’  പ്രദര്‍ശിപ്പിച്ചു. ജിയാന്‍ റോങ്ങ് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ചൈനീസ് എഴുത്തുകാരന്‍ ലൂ ജിയാമിന്റെ ആത്മകഥാപരമായ നോവലിനെ അടിസ്ഥാനമാക്കിയ ചിത്രം മംഗോളിയന്‍ ഉള്‍നാടുകളിലെ മനുഷ്യരെ സംസ്‌കൃതരാക്കുക എന്ന ദൗത്യമേറ്റെടുത്ത് യാത്രതിരിക്കുന്ന ബെയ്ജിംഗുകാരന്‍ വിദ്യാര്‍ത്ഥിയെയാണ് ആസ്വാദര്‍ക്ക് മുന്നിലെത്തിച്ചത്. പ്രകൃതിയുടെ വന്യതയും സൗന്ദര്യവും ക്യാമറയിലൊതുക്കുന്നതിലുള്ള ആനൂഡിന്റെ മികവിനു സാക്ഷ്യം കൂടിയാണ്  വൂള്‍ഫ് ടോട്ടെം. 

ആധുനികരീതിയില്‍ പുതുക്കിയെടുത്ത 13 തിയേറ്ററുകളിലായി  64 രാജ്യങ്ങളില്‍നിന്ന് 180 ചിത്രങ്ങളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. ഇതില്‍ 50 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനമാണ് മേളയില്‍ നടക്കുക. ഒരു ചിത്രം ഏഷ്യയിലാദ്യമായാണ് പ്രദര്‍ശനത്തിനെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍