UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുസമൂഹമേ, ക്യാമ്പസുകള്‍ മരിച്ചിട്ടില്ല; സമരതീവ്രതയില്‍ കുസാറ്റും

Avatar

അഭിജിത്ത് അശോക്

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ‘ഫെസ്റ്റിവൽ ഓഫ് റെസിസ്റ്റൻസ്’ കേരളത്തിലെ കലാലയങ്ങൾക്കും പുത്തൻ സമരരൂപങ്ങൾക്കും നൽകിയ ഊർജ്ജം ചെറുതല്ല. എവിടെ നമ്മുടെ യുവത്വമെന്നും, ഫാഷിസത്തിനെതിരെ പ്രതികരിക്കാൻ നമ്മുടെ യുവത്വത്തിനു കഴിവേതുമില്ലെന്നും വിലപിക്കുന്നവരുടെ ഇടയിലേക്ക്, വിസിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത് തീപ്പന്തമായ ഒരു കൂട്ടം വിദ്യാർത്ഥികളെയാണ് നമ്മൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിന്നീട് കണ്ടത്. അടിച്ചമർത്തലുകൾ അധികാരികൾ ആഘോഷപൂർവ്വം നടപ്പിലാക്കുമ്പോൾ പ്രതിരോധങ്ങൾ എങ്ങനെ ഉത്സവമാക്കാം എന്ന് സർഗ്ഗാത്മക സമരത്തിലൂടെ വിദ്യാർത്ഥികൾ കാണിച്ച് തരികയായിരുന്നു.

രാജ്യമാകെ ഫാഷിസം പതിയേ നിലയുറപ്പിക്കുമ്പോൾ, സമൂഹത്തിന്റെ പരിച്ഛേദങ്ങളായ സർവ്വകലാശാലകളിൽ ഫാഷിസം കടന്നുവരുന്നത് അതിശയിപ്പിക്കുന്ന വേഗത്തിലാണെന്നാണ് സമീപകാല സംഭവവികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഏകാധിപത്യപ്രവണതകൾ സർവ്വകലാശാലകളിൽ എന്നും നിലനിന്നിരുന്നെങ്കിലും, രാജ്യത്തെ ഭരണകൂടത്തെ പിന്തുടർന്ന് അവ എത്രമാത്രം ശക്തിപ്പെട്ടുവെന്ന് ബോധ്യപ്പെടുത്തുകയാണ് രാജ്യത്തെ യൂണിവേഴ്സിറ്റികളിലെ സമകാലീന സംഭവങ്ങൾ.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഐതിഹാസിക സമരാദ്ധ്യായങ്ങൾക്ക് ശേഷം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലും കൊച്ചിൻ ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയിലും നടക്കുന്ന വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾക്കെതിരെ, പ്രതിരോധങ്ങൾ ശക്തമാകുമ്പോൾ നമ്മുടെ കാമ്പസുകൾക്ക് ജീവൻ നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കപ്പെടുകയാണ്. വിദ്യാർത്ഥി വിരുദ്ധനിലപാടുകൾക്ക് രണ്ട് വർഷം മുന്നേ കോടതി പോലും താക്കീത് കൊടുത്ത പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറുടെ അയോഗ്യത ചൂണ്ടിക്കാണിച്ച വിദ്യാർത്ഥികൾക്ക്‌ നേരിടേണ്ടി വന്നത് പോലീസിനെയും ഗുണ്ടകളെയുമാണ്. മാധ്യമശ്രദ്ധ കിട്ടാതെ, പലരാലും അറിയാതെ, കൊണ്ട ലാത്തിയടികളെല്ലാം പുറത്ത് കല്ലിച്ച്, അനുഭവിച്ച പ്രതികാര നടപടികളെല്ലാം നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിക്കുന്ന ഓരോ വിദ്യാർത്ഥിക്കു മുന്നിലും തോറ്റ് പോകുന്നത് അധികാരികൾ മാത്രമല്ല. സമരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പൊതുസമൂഹം കൂടിയാണ്.

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ സമരത്തോട് ഐക്യപ്പെടുന്നതിനോടൊപ്പം, കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ, ചീഫ് ഹോസ്റ്റൽ വാർഡന്റേയും, രജിസ്ട്രാറുടേയും, വിദ്യാർത്ഥികളെ തല്ലിച്ചതച്ച് അമേരിക്കയിലിരുന്ന് നോക്കിക്കാണുന്ന വിസിയുടേയും സ്വേച്ഛാധിപത്യ പ്രവണതകളെ പ്രതിരോധിക്കേണ്ടത് വിദ്യാർത്ഥികളുടേതെന്നത് പോലെ ജനാധിപത്യവിശ്വാസികളുടെ ഓരോരുത്തരുടെയും കടമയാണ്.

2010ൽ ഫസ്റ്റ് ഇയർ ഹോസ്റ്റൽ എന്ന യു ജി സി വിജ്ഞാപനം വന്നിട്ടും, ഒന്നരക്കോടിയോളം രൂപ മുതൽ മുടക്കി യൂണിവേഴ്സിറ്റിയിൽ ഒരാവശ്യവുമില്ലാത്ത ഒരു കുളം നിർമ്മിക്കുകയാണ് അധികാരികൾ ചെയ്തത്. പുതിയ ഹോസ്റ്റലിനായുള്ള ഒരു കോടി രൂപ ലാപ്സാക്കികളയുകയും ചെയ്തു. എന്നിട്ട് കഴിഞ്ഞ അധ്യയന വർഷം ചേർന്ന വിദ്യാർത്ഥികളുടെയൊക്കെ അഡ്മിഷൻ മരവിപ്പിക്കുകയും, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ‘സനാതന’ എന്ന ബോയ്സ് ഹോസ്റ്റലും ‘ഐശ്വര്യ’ എന്ന ഗേൾസ് ഹോസ്റ്റലും ഈ വർഷം തൊട്ട് ഫസ്റ്റ് ഇയർ ഹോസ്റ്റലാക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ഇവിടെ താമസിക്കുന്ന നിലവിലുള്ള വിദ്യാർത്ഥികളെ ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. വിദ്യാർത്ഥി സംഘടനാ രംഗത്തെ അവിഭാജ്യഘടകമായിരുന്ന ‘സനാതന’ ഹോസ്റ്റൽ ഒഴിപ്പിക്കുക വഴി രജിസ്ട്രാറിന്റെയും വാർഡന്റെയും രാഷ്ട്രീയ കുതന്ത്രത്തിനു കൂട്ട് നിൽക്കുക കൂടിയാണ് വിസി ചെയ്തത്. ഇതേ രജിസ്ട്രാർ തന്നെയാണ്, കഴിഞ്ഞ വർഷം നൂറുകണക്കിനു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ അഡ്മിഷൻ മരവിപ്പിച്ച് രാഷ്ട്രീയ പിന്‍ബലത്തിന്റെ പേരിൽ നേരിട്ടെത്തി രണ്ട് കെ എസ്‌ യു നേതാക്കൾക്ക് മാത്രം ഹോസ്റ്റൽ റൂം തരപ്പെടുത്തിക്കൊടുത്തത് എന്നുമോർക്കണം.

പക്ഷേ ഫസ്റ്റ് ഇയർ ഹോസ്റ്റൽ എന്ന ആശയത്തെ തുറന്ന മനസ്സോടെ തന്നെ സ്വാഗതം ചെയ്യുകയായിരുന്നു വിദ്യാർത്ഥി പ്രസ്ഥാനം ചെയ്തത്. പക്ഷേ ഒന്നുകിൽ പുതിയൊരു ഹോസ്റ്റൽ പണിതതിനു ശേഷം അല്ലെങ്കിൽ ഒരു സ്വകാര്യ ഹോസ്റ്റൽ ലീസിനെടുത്തതിനു ശേഷം എന്നതായിരുന്നു എസ്‌ എഫ് ഐ നിലപാട്. കാമ്പസിൽ പുതിയൊരു ഹോസ്റ്റൽ കെട്ടിടം പണിഞ്ഞിട്ട് കാൽനൂറ്റാണ്ടിലധികമായി എന്ന വസ്തുത അവിടെയാണ് പ്രസക്തമാകുന്നത്. പക്ഷേ എന്തിനെക്കാളും മുന്നേ സനാതന ഹോസ്റ്റൽ ഒഴിപ്പിക്കാനായിരുന്നു അധികാരികൾക്ക് തിടുക്കം. വിദ്യാർത്ഥിനികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല‌. ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും ഓരോ ഹോസ്റ്റലുകൾ ഒഴിപ്പിക്കുകയും അവിടത്തെ വിദ്യാർത്ഥികളെയും കഴിഞ്ഞ വർഷം അലോട്ട്മെന്റ് മരവിപ്പിച്ച വിദ്യാർത്ഥികളെയും ബാക്കിയുള്ള ഹോസ്റ്റലുകളിൽ യാതൊരു വിധ അടിസ്ഥാന സൗകര്യവും ഏർപ്പെടുത്താതെ മാറ്റിപ്പാർപ്പിക്കുകയുമാണ് ‌ചെയ്തത്.

തുടർന്ന് സർഗ്ഗാത്മകമായ ഒരുപിടി സമരപരിപാടികളാണ് വിദ്യാർത്ഥികൾ കാമ്പസിൽ നടത്തിയത്. ആവശ്യത്തിന് കുളിമുറികളും ടോയ്ലെറ്റുകളുമില്ലാത്തിൽ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി അങ്കണത്തിൽ പരസ്യമായി കുളിച്ചും, ഓരോ റൂമിലും മൂന്നു മുതൽ ആറു വരെ വിദ്യാർത്ഥികളെ കുത്തിനിറച്ചതിൽ പ്രതിഷേധിച്ച് ഡിപ്പാർട്മെന്റുകളിൽ പായ വിരിച്ചും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

മഴക്കാല രോഗങ്ങൾ പടർന്ന് പിടിക്കുന്ന കാലത്ത് കുടിവെള്ളം പോലും ലഭ്യമായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇതിനെയാണ് മനോരമയെ ഉപയോഗിച്ച് ‘കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾക്കായി എല്ലാ ദിവസവും സമരം ചെയ്യുന്നുവെന്ന്’ യൂണിവേഴ്സിറ്റി എഴുതിപ്പിടിപ്പിച്ചത്.

ഫസ്റ്റ് ഇയർ ഹോസ്റ്റൽ എന്ന യു ജി സി റൂൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന യൂണിവേഴ്സിറ്റി ഒരു റൂമിൽ നാലിൽ കൂടുതൽ പെൺകുട്ടികളെ കുത്തിനിറച്ച് യു ജി സി നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയത്. തുടർന്ന് നടത്തിയ വിസിയുടെ ഹോസ്റ്റൽ സന്ദർശനത്തിൽ വിദ്യാർത്ഥിനികൾ ഈ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ‘നിങ്ങൾ പെൺകുട്ടികളല്ലേ, ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യണ’മെന്ന സൗജന്യ ഉപദേശമായിരുന്നു വിസി വക ലഭ്യമായത്.

ഇതിലും വലിയ ലിംഗ വിവേചനം ഞങ്ങൾ ഈ വിസിയിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ലൈബ്രറി IEEE പേപ്പറുകളുടെ റഫറൻസിനാണെന്നും ആളില്ലാത്ത ലൈബ്രറിക്ക് എന്തിനിത്രയും വലിയ കെട്ടിടമെന്നും ചോദിച്ച വെറും ടെക്നോക്രാറ്റ് മാത്രമായ വിസി സർഗ്ഗാത്മക സമരങ്ങളോട് പോലും കാണിക്കുന്ന അസഹിഷ്ണുതയാണ് ഒരു മാസത്തോളമായി വിദ്യാർത്ഥികൾ കണ്ടുവരുന്നത്.

അധികാരികൾ എത്രമാത്രം വിദ്യാർത്ഥി വിരുദ്ധമായാണു നിലകൊള്ളുന്നത് എന്ന് മനസിലാക്കാൻ അവരുടെ ചില പ്രസ്താവനകൾ മാത്രമെടുത്ത് പരിശോധിച്ചാൽ മതിയാകും.

ഹോസ്റ്റൽ അലോട്ട്മെന്റ് ശരിയായില്ലെന്ന് പറഞ്ഞ് ചീഫ് വാർഡനെ സമീപിച്ച വിദ്യാർത്ഥിയോട് പുറത്തെത്ര മാത്രം പ്രൈവറ്റ് ഹോസ്റ്റലുകൾ ഉണ്ടെന്നും കോണ്ടാക്റ്റ് നമ്പർ ഞാൻ തരാമെന്നുമാണു വാർഡൻ പറഞ്ഞത്.

പുറത്ത് താമസിക്കാൻ വരുന്ന മൂവായിരത്തോളം രൂപയുടെ ചിലവ് പറഞ്ഞ് രജിസ്ട്രാറോട് സങ്കടം പറഞ്ഞ വിദ്യാർത്ഥിയോട് പറഞ്ഞത് പണമുള്ളവൻ മാത്രം പഠിച്ചാൽ മതിയെന്നാണ്. എല്ലാറ്റിലുമുപരി ഞാനാണ് വിസി, ഞാൻ പറയുന്നത് എല്ലാവരും അനുസരിച്ചോളണമെന്ന വിസിയുടെ ഫ്യൂഡലിസവും.

ഇതിനൊക്കെ അവസാനമാണ് ഒമ്പതോളം പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ അലോട്ട്മെന്റിനു വേണ്ടി ഉപരോധസമരം ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനികളെ അർദ്ധരാത്രി ഒരു മണിക്ക് പോലീസിനെ വിളിച്ച് തല്ലിച്ചതച്ച് ഏഴോളം പേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.

തങ്ങൾ തന്നെ ഉണ്ടാക്കിയ യുദ്ധസാഹചര്യം മുതലെടുത്ത് കാമ്പസ് അടച്ചിട്ട് അതിന്റെ ഉത്തരവാദിത്തം വിദ്യാർത്ഥികളുടെ മേൽ കെട്ടിവെക്കുക എന്ന‌ തന്ത്രം‌ തന്നെയാണ് അധികാരികൾ എന്നും പ്രയോഗിച്ചിട്ടുള്ളത്. വിദ്യാർത്ഥിസമരങ്ങളെ പൊതുജനങ്ങളുടെ മുന്നിൽ അപഹാസ്യപ്പെടുത്താൻ എത്രയോ നാളുകളായി ഇത്തരം നടപടികൾക്ക് കഴിഞ്ഞിട്ടുമുണ്ട്.

കൊച്ചിൻ യൂണിവേഴ്സിറ്റി ചെയ്തത് ഇത് മാത്രമല്ല ഹോസ്റ്റൽ അലോട്മെന്റിനു വേണ്ടി അപേക്ഷിച്ച ഒമ്പത് വിദ്യാർത്ഥിനികളുടേയും വീട്ടിലേക്ക് ഡിസിപ്ലിനറി ആക്ഷന്റെ പേരു പറഞ്ഞ് കത്തയച്ചിരിക്കുന്നു. സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അയക്കാത്ത കത്ത് എന്തുകൊണ്ട് ഈ ഒമ്പത് പെൺകുട്ടികൾക്ക് മാത്രമയച്ചു എന്നതിനു രണ്ട് തന്ത്രങ്ങളാണ് യൂണിവേഴ്സിറ്റി കാണുന്നത്. ഒന്ന് എല്ലാവർക്കും അറിയാവുന്നത് പോലെ പെൺകുട്ടികളെ പേടിപ്പിച്ച് നിലക്ക് നിർത്താമെന്ന വ്യാമോഹം, മറ്റൊന്ന് എന്തുകൊണ്ട് പെൺകുട്ടികൾക്കെതിരെ മാത്രം നടപടി എന്നും സമരം ചെയ്ത ബാക്കി വിദ്യാർത്ഥികൾക്ക് നേരെ നടപടിയെടുത്തില്ലെന്നുമുള്ള പൊതുബോധം സൃഷ്ടിക്കുക. യൂണിവേഴ്സിറ്റി ഒരാഴ്ചയോളം അടച്ചിടുക വഴി വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ നിന്ന് ഒളിച്ചോടുക മാത്രമല്ല, എല്ലാറ്റിനും കാരണക്കാർ ഈ സമരക്കാരാണെന്ന് വരുത്തിത്തീർക്കുകയും ആവാമല്ലോ. സമരങ്ങളെല്ലാം തള്ളിപ്പറയുന്നവർ തന്നെയാണല്ലോ, എസ്‌ ബി ടി ലോൺ തിരിച്ചടവിനു റിലയൻസിനെ ചുമതലപ്പെടുത്തിയത് കേട്ട് ഭയന്ന്, എസ്‌ എഫ് ഐ യേയും ഡി വൈ എഫ് ഐയേയുമൊക്കെ സമരം ചെയ്യാനേൽപ്പിച്ചെന്ന ഭാവത്തിൽ മാറി നിന്നു പുച്ഛിക്കുന്നത്.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരവും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന‌ പ്രശ്നമല്ലെന്ന രീതിയിൽ പൊതുബോധത്തിന്റെ അവജ്ഞ ആവോളം സമ്പാദിച്ചതിലൊന്നാണ്. പക്ഷേ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഡൽഹിയിൽ നടത്തിയ മാർച്ചിനും തുടർന്ന് നടത്താനുദ്ദേശിക്കുന്ന സമരപരിപാടികൾക്കും വർധിതവീര്യത്തോടെ പിന്തുണ നൽകുന്ന ഒരു കൂട്ടം ജനങ്ങളിലാണു ഞാൻ നേരത്തെ പ്രകടിപ്പിച്ച പ്രതീക്ഷ നിലനിൽക്കുന്നത്. ആ പ്രതീക്ഷയുടെ പച്ചപ്പ് തന്നെയാണ് അംബേദ്കർ പെരിയാർ സ്റ്റഡി‌ സർക്കിളിനെ ഇന്ത്യയാകെ പടർത്തിയതും.

സമരകലുഷിതമായ ഒരന്തരീക്ഷം പൊതുബോധത്തിനു എത്രതന്നെ അസ്വസ്ഥമാണോ‌, അതിനേക്കാളും അസ്വസ്ഥമാണു പ്രതികരിക്കുന്ന യുവതയ്ക്ക് ഫാഷിസം പിൻപറ്റുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും.

ക്യാമ്പസുകൾക്ക് ഇന്നും ജീവനുണ്ട്. സമരങ്ങൾ തുടരുന്നുണ്ട്. പ്രിയപ്പെട്ട വിദ്യാർത്ഥികളേ, പൊതുസമൂഹമേ, മാധ്യമങ്ങളേ…. 

(കുസാറ്റിലെ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സില്‍ വിദ്യാര്‍ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍