UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെയ്ടിഎമ്മിനെ 6 ലക്ഷം കബളിപ്പിച്ചു; കേസന്വേഷിക്കാന്‍ സിബിഐ; രാജ്യം എഴുതിക്കൊടുത്തോയെന്ന്‍ ജനം

മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്, നവംബര്‍ ഒമ്പതിന് മോദിയുടെ ചിത്രമുപയോഗിച്ച് പെയ്ടിഎം പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിനു ശേഷം പണമിടപാടുകള്‍ക്ക് ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഇ-വാലറ്റായ പെയ്ടിമ്മിനെ കബളിപ്പിച്ച് ആറു ലക്ഷം തട്ടിയതായി പരാതി. തങ്ങളുടെ സര്‍വീസ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ 48 കേസുകളാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇത് തങ്ങളുടെ സേവനം ഉപയോഗിക്കുന്നവരെ കബളിപ്പിക്കലാണെന്നും പെയ്ടിഎം ആരോപിച്ചു. എന്നാല്‍ ഈ കേസ് സി.ബി.ഐ അന്വേഷിക്കാന്‍ തീരുമാനിച്ചതോടെ സോഷ്യല്‍ മീഡിയയിലെങ്ങും പരിഹാസവും രോഷവും നിറഞ്ഞ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജി, ഗോവിന്ദ്പുരി തുടങ്ങിയ സ്ഥലങ്ങളിലെ 15 പേര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം പെയ്ടിഎം വഴി പണം നല്‍കിയ ചില ഉപഭോക്താക്കള്‍ക്ക് പണം തിരിച്ച് അവരുടെ അക്കൗണ്ടിലേക്ക് തന്നെ പോയെന്നാണ് കടയുടമയുടെ പരാതി. വാങ്ങിയ സാധനങ്ങള്‍ തൃപ്തികരമാണെന്ന് ഉപഭോക്താക്കള്‍ അറിയിച്ചു കഴിഞ്ഞാല്‍ ഇത്തരത്തില്‍ പണം തിരികെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പോകില്ലെന്നും അതിനാല്‍ തന്നെ കബളിപ്പിക്കല്‍ നടന്നിട്ടുണ്ടെന്നുമാണ് ആരോപണം.

സംഭവം ഉണ്ടായതോടെ പെയ്ടിഎം പരാതിയുമായി രംഗത്തെത്തുകയായിരുന്നു. എന്നാല്‍ 6.15 ലക്ഷം രൂപയുടെ കബളിപ്പിക്കല്‍ കേസില്‍ സി.ബി.ഐ എങ്ങനെയാണ് അന്വേഷിക്കുക എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത ഇക്കാര്യത്തില്‍ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. അദ്ദേഹത്തിന്റെ ട്വീററ് ഇങ്ങനെ.

shekhar

മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്, നവംബര്‍ ഒമ്പതിന് മോദിയുടെ ചിത്രമുപയോഗിച്ച് പെയ്ടിഎം പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഒരു സ്വകാര്യ കമ്പനിയുടെ പരസ്യപ്രചരണാര്‍ഥം പ്രധാനമന്ത്രി മോഡലാകുന്നത് ശരിയല്ലെന്ന വിമര്‍ശനം അന്നുയര്‍ന്നിരുന്നു. നോട്ട് നിരോധന പദ്ധതി പരാജയപ്പെടുമെന്ന ഘട്ടത്തിലാണ് ക്യാഷ്‌ലെസ് ഇന്ത്യ എന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയ്. തുടര്‍ന്ന് സര്‍ക്കാര്‍ തന്ന വിവിധ പദ്ധതികള്‍ ആവിഷകരിച്ചു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ പെയ്ടിഎം ഉള്‍പ്പെടെയുള്ള ഇ-വാലറ്റ് കമ്പനികളാണ്. പെയ്ടിഎം എന്നാല്‍ പേ ടു മോദി എന്നാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

അതേ സമയം തട്ടിപ്പ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസം മുതലുള്ളതാതെന്നും നോട്ട് നിരോധന പദ്ധതിയുമായി ബന്ധമില്ലെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. IT നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ സ്വകാര്യ വ്യക്തികള്‍ക്കെതിരെയും അന്വേഷണം നടത്താന്‍ കഴിയുമെന്ന് സിബിഐ വക്താവ് വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍