UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോഷ്യല്‍ മീഡിയയിലെ മുകേഷ് സിംഗുമാര്‍ അറിയാന്‍, ഇത് ഞങ്ങളുടെ കൂടി ഇടമാണ്

അനു ചന്ദ്ര

Express yourself using your words, a picture, a video or favorite quote – സോഷ്യല്‍ മിഡിയകള്‍ എനിക്ക് മുന്‍പില്‍ തുറക്കുന്ന സാധ്യതകളാണിത്. തനിഭാഷയില്‍ തനിച്ചിത്രത്തിലാവിഷ്ക്കാരം. ആ സാധ്യതകള്‍ക്ക് മുകളിലാണവര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ഞാന്‍ കണ്ടിട്ടില്ലാത്ത, എനിക്കറിയാത്ത ആരെല്ലാമോ.. (പെണ്ണാകാം, ആണാകാം,transgender ആകാം ആരുമാകാം). ഇന്‍ബോക്സുകളിലോട്ട് എന്റെ സ്വാതന്ത്ര്യത്തെ വിലങ്ങിടാനായി കുതിച്ചെത്തുന്നു. “പെണ്ണേ ഇത് നിന്റെ ഇടമല്ല, നിന്റെ ഇടം വേറെയാണ്, ആ നാല് ചുമരുകള്‍ക്കുളളിലാണ് ആ ഇടം. അവിടെ നീ നിശബ്ദയായിരിക്കൂ” എന്ന് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. ആ ഓര്‍മ്മപ്പെടുത്തലുകളുടെ തുടക്കത്തിന് ആറ് വര്‍ഷത്തെ പഴക്കമേയുളളൂ.

ഫേസ്ബുക്ക് അക്കൌണ്ട് ആദ്യമായി ക്രിയേറ്റ് ചെയ്തപ്പോള്‍… സുപരിചിതമല്ലാത്ത പദങ്ങള്‍ക്ക് മുന്‍പില്‍ ആകാംക്ഷയോടെ കാത്ത് നിന്നു, ഒന്ന്‍ പഠിച്ചെടുക്കുവാന്‍. അറിയില്ല, അനന്തസാധ്യതകളൊന്നും. കോളേജ് സഹപാഠി (അവന്‍) ഉത്തരവിട്ടു ഫേസ്ബുക്കില്‍ കയറി നിരങ്ങരുത്, വല്ലപ്പോഴും login ചെയ്താല്‍ മതിയെന്ന്. എന്റെ ഫേസ്ബുക്ക് സാധ്യതകള്‍ക്ക് മേല്‍ വിലങ്ങിട്ടുകൊണ്ട് പുരുഷ കൂട്ടായ്മകളും, ചില സ്ത്രീ കൂട്ടായ്മകളും നിരന്തരം ഓര്‍മ്മപ്പെടുത്തി. ‘പെണ്ണാണ്…രാത്രി 10 മണി കഴിഞ്ഞാല്‍ ഫേസ്ബുക്ക് ഉപയോഗിച്ച് കൂടാ നീ’. പെണ്ണിന്റെ സദാചാരം ഫേസ്ബുക്കിലെ സമയമാണ് തീരുമാനിക്കുന്നതെന്ന വാസ്തവത്തിലെത്തി ചേര്‍ന്നു. അവരുടെ ഓര്‍മ്മപ്പെടുത്തലുകള്‍. ഉത്തരവുകള്‍ക്ക് മുന്‍പിലെല്ലാം സര്‍വ്വസാഷ്ടാംഗയായി ഞാന്‍ പ്രണമിച്ചു. 

വര്‍ഷങ്ങള്‍ വീണ്ടും മുന്‍പോട്ടു പോയപ്പോള്‍ ഇതെങ്ങനെ എന്റെ ഇടമല്ലാതായി തീരുമെന്ന ചോദ്യം മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നപ്പോഴാണ് വിലക്കുകളെ അവഗണിച്ചു കൊണ്ട് ഫേസ്ബുക്കിന്റെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കുന്നത്. ഫേസ്ബുക്ക് നിഷ്ക്കര്‍ഷിക്കുന്ന അനന്തസാധ്യതകള്‍ പരതി. രാത്രി പത്ത് മണി ഒരു മണിയായി, രണ്ട് മണിയായി. ലിങ്കുകള്‍ വഴി സോഷ്യല്‍ മീഡിയകളിലെത്തുന്ന വെബ്സൈററുകളില്‍ നിന്ന് നേരിട്ടുളള വായനകളെ അദ്ഭുതത്തോടെ വരവേററു. 

ആണ് മാത്രം ആഘോഷിക്കുന്ന ഫേസ്ബുക്ക് ജീവിതങ്ങള്‍ക്കിടയില്‍, ഇത് ഞങ്ങളുടെ കൂടി ഇടമാണ്, അതിനുള്ള അവകാശം ഞങ്ങള്‍ക്ക് വിട്ടു തരൂ എന്ന് ഉറക്കെയുറക്കെ ആഹ്വാനം ചെയ്യുന്ന പെണ്‍ പോരാളികള്‍ക്ക് നേരെയുള്ള പുരുഷപ്പടയുടെ സൈബര്‍ ആക്രമണം കണ്ട്പകച്ചുപോയി. പത്ത് മണിക്ക് ശേഷം online കണ്ട ഞാനെന്ന പെണ്‍കുട്ടിയെ offline ചെയ്യെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്ന അവര്‍ പേടിച്ചിരിക്കണം നഷ്ടപ്പെടാന്‍ പോകുന്ന എന്റെ സദാചാരത്തെക്കുറിച്ച് ഓര്‍ത്ത്. പത്ത് മണിക്ക് ശേഷം onlineല്‍ കയറുന്നത് സെക്സ് ചാററിന് വേണ്ടി അല്ലേ എന്ന് ചോദിച്ചവനോട് നമുക്ക് സഹതപിക്കാം. comment box ല്‍ ഒരു പരിധിക്കപ്പുറത്തേക്ക് കമന്‍റ് ചെയ്തുകൂട എന്ന് വിലക്കിയവര്‍ക്ക് മുന്‍പില്‍ കമന്റുകളിലൂടെ തന്നെ പ്രതികരിച്ചു. സ്വന്തം ഫോട്ടോ upload ചെയ്ത് കൂടെന്ന് പറഞ്ഞവര്‍ക്ക് മുന്‍പില്‍ സ്വന്തം photo uload ചെയ്ത് തന്നെ വെല്ലുവിളിച്ചു. ആര്‍ക്കാണ് നൊന്തത്? ആരൊക്കെയാണ് എന്റെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് പരിതപിച്ചത്? പെണ്ണേ, നീ photo upload ചെയ്തു കൂടാ എന്ന് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നയിടത്ത് ആണ്‍ മേല്‍ക്കോയ്മയുണ്ട്, അധീശത്വവുമുണ്ട്. നീ upload ചെയ്താല്‍ ഞങ്ങള്‍ അതെടുത്ത് ഇഷ്ടമുളളത് ചെയ്യും, അതിന് ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്ന ധാര്‍ഷ്ട്യവുമുണ്ട്.

പേടിക്കണം സോഷ്യല്‍ മീഡിയയിലെ പെണ്‍ജീവിതങ്ങള്‍. ഇതിനിടയില്‍ സമരം ചെയ്യുന്നു ഒരായിരം പെണ്ണുങ്ങള്‍. അരുന്ധതിയായും, ഹൈറുന്നീസയായും, ലിഖിതയായുമെല്ലാം. അവര്‍ വരുന്നു. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്നു. inboxകളിലേക്ക് add ചെയ്യാനും, ചാററ് ചെയ്യുവാനും, ലൈംഗിക അഭ്യര്‍ഥനകളുമായി വരുന്ന പുരുഷന്മാരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അറപ്പ് തോന്നും, പുളിച്ച് തികട്ടും. നിശബ്ദസമരം നടത്താന്‍ സ്വയം തീരുമാനിച്ചിടത്ത്  നിന്നാണ് മെസേജുകളെ strictly filter ചെയ്തത്. എന്നിട്ടും ഇടക്കിടെ other messages കാററഗറി തുറക്കുമ്പോള്‍ അടിഞ്ഞു കൂടിയ മെസേജുകളെക്കുറിച്ചോര്‍ത്ത് വീണ്ടും അറക്കും. നിശബ്ദയാകുകയേ നിവര്‍ത്തിയുളളൂ..കുററപ്പെടുത്തലുകളെല്ലാം പെണ്ണിനായതുകൊണ്ട്. തലവട്ടം കണ്ട് പെണ്ണിനെ സൈബര്‍ ആക്രമണം നടത്തുന്നവരെക്കുറിച്ചോര്‍ത്ത് വീണ്ടും സഹതപിക്കാം.

ഫേസ്ബുക്കില്‍ നിന്ന് ഞാന്‍ whatsapp ലോട്ട് വരുന്നു. തികഞ്ഞ സ്വകാര്യത വാഗ്ദാനം ചെയ്യുന്ന സോഷ്യല്‍ മീഡിയ. മാസങ്ങള്‍ക്ക് മുന്‍പ് whatsapp open ചെയ്തപ്പോള്‍ unknow number ല്‍ നിന്ന് നിര്‍ത്താതെ message പ്രവഹിക്കുകയുണ്ടായി. സ്വയം പരിചയപ്പെടുത്തല്‍, സൌഹൃദാഭ്യര്‍ഥന…പരിചയമില്ലാത്ത number ആയതിനാല്‍ തിരിച്ചു വിളിച്ചു ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞു. തീര്‍ന്നില്ല പ്രശ്നം. അയാള്‍ നിരന്തരം message കളയച്ചു. മറുപടി ഇല്ലെന്നു കണ്ടപ്പോള്‍ പ്രകോപിതനായിക്കൊണ്ട് തെറിവിളികളും, അശ്ലീലവുമായി മാറി. എടീ നിനക്ക് ബ്ലോക്ക് ചെയ്തു കൂടെ എന്ന ചോദ്യത്തിന് നിശബ്ദമായ എന്റെ മറുപടി ബ്ലോക്ക് ചെയ്യില്ല എന്ന് തന്നെയാണ്. അതിന് കാരണം എനിക്ക് മുന്‍പില്‍ വിലങ്ങായി നിന്ന രണ്ട് ചോദ്യങ്ങളാണ്. ഞാന്‍ block ചെയ്താല്‍ അയാള്‍ വേറെ പെണ്ണിനെ തേടിപ്പോകും അയാളുടെ വൈകൃതങ്ങള്‍ അവള്‍ക്ക്  മേല്‍ ചൊരിയും. അവള്‍ block ചെയ്താലോ…ഇതൊരു തുടര്‍ പ്രക്രിയ പോലെ നടക്കും. 

അങ്ങനെ വൈകല്യങ്ങളുടെ വിഴുപ്പുപേറേണ്ടവളാണോ പെണ്ണ്? അവന്‍ ഒരു സ്ത്രീയെ എത്രത്തോളം അപമാനിക്കും? ആരതിനുളള അവകാശം കൊടുത്തു? പെണ്ണാണ്, അടങ്ങിയിരിക്കുമെന്ന് കരുതിയിരിക്കണം. സുഹൃത്തുക്കള്‍ ഉപദേശിച്ചു പെണ്ണാണെന്ന് മറക്കേണ്ട, അവന്റെ പുറകെ പോകേണ്ടെന്ന്. ആണാണവന്‍ പ്രതികരിച്ചാല്‍ വരാന്‍ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തി. കോളേജ് സഹപാഠികള്‍ അഹങ്കാരമാണ് നീ അനുഭവിക്കുമെന്ന് പ്രാകി. പിന്മാറാന്‍ തയ്യാറല്ലായിരുന്നു. സ്വാധീനം ഉളളതുകൊണ്ടുതന്നെയാണ് തൃശൂര്‍ക്കാരനായ അവനെ 2 ദിവസത്തിനുളളില്‍ മലപ്പുറം stationല്‍ എത്തിച്ചത്. അവന്റെ ഭാവി, പഠനം എല്ലാം എന്റെ കൈക്കുളളില്‍. അവന്‍ കരഞ്ഞു അവന്റെ വീട്ടുകാരപേക്ഷിച്ചു. വെറുതെ വിടണമെന്ന്. എന്നെക്കാള്‍ 4 വയസ്സ് പ്രായക്കുറവുളള അവന്‍ മുന്‍പില്‍ എന്റെ മാതൃത്വം ഉണര്‍ന്നു. ക്ഷമിക്കുക തന്നെചെയ്തു. പക്ഷേ അവന് മാസങ്ങളോളം ഇതിന് പുറകെ stationല്‍ കയറി നടക്കേണ്ടിവന്നു. എനിക്കെന്ത് ലാഭമെന്ന ചോദ്യത്തിന് ആത്മസന്തുഷ്ടി എന്നുത്തരം. ചെയ്ത തെററിന്റെ വില അവന്‍ അറിഞ്ഞതില്‍, ഇനി number കറക്കിക്കുത്തി സമൂഹത്തിലെ ഒരാളേയും വ്യക്തിഹത്യ നടത്താനവന്‍ ധൈര്യപ്പെടില്ലെന്നതില്‍, അവനിലൂടെ അവന്റെ, സുഹൃത്തുക്കള്‍ സഹപാഠികള്‍ ബന്ധുക്കള്‍ എല്ലാവരും തിരിച്ചറിയുകയാണ് നിയമങ്ങള്‍.

പൊതുബോധത്തെ പ്രതിനിധീകരിക്കുന്ന ഭൂരിപക്ഷത്തിനിടയില്‍ കുടുംബത്തിന്റെ പിന്തുണയില്‍ മാത്രമാണ് എന്റെ ആത്മാഭിമാനത്തെ ഛേദിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ നീതിക്കായുളള സമരം നടത്തിയത്. വിജയിക്കുക തന്നെചെയ്തു. നിരുത്സാഹപ്പെടുത്തിയവരെല്ലാം ഒടുക്കം അഭിനന്ദിക്കുകയുമുണ്ടായി. നാല് ചുമരുകള്‍ക്ക് പുറത്ത് വരുന്ന പെണ്‍പടകളെയെല്ലാം തലങ്ങുംവിലങ്ങും ആക്രമിക്കുകയാണ് സൈബര്‍ ലോകത്തെ ഒരു പറ്റം ആണുങ്ങള്‍. എതിര്‍ത്തതുകൊണ്ടാണ് നിര്‍ഭയയെ കൊന്നതെന്ന് പറഞ്ഞ പ്രതിയും, പ്രതികരിക്കാതെ നിശബ്ദമായി സൈബര്‍ ആക്രമണം സഹിക്കണം പ്രതികരിച്ചാല്‍ അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവരുമെല്ലാം തുല്ല്യം തന്നെ. അതിനിടയില്‍ ഞങ്ങളെ പിന്തുണക്കുന്ന പുരുഷന്മാരോട് ബഹുമാനമാണ്, പെണ്ണേ ഇത് നിന്റെ കൂടി ഇടമാണെന്ന് ഓര്‍മ്മപ്പെടുത്തുമ്പോള്‍.

(ചലച്ചിത്ര സഹസംവിധായികയാണ് ലേഖിക)

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച അനുചന്ദ്രയുടെ ലേഖനം

മിശ്രവിവാഹിതരുടെ മക്കളോട് സമൂഹം ചെയ്യുന്നത് 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍