UPDATES

ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ തീരങ്ങളിലേക്ക്

ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍. നേരത്തെ ക്യാന്ത് ചുഴലിക്കാറ്റ് കൊല്‍ക്കത്ത വഴിയോ ഒഡീഷയോ വഴിയാവും ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിക്കുക എന്നായിരുന്നു നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ദിശ മാറി തെക്കു പടിഞ്ഞാറന്‍ തീരത്തേക്കാണ് ചുഴലിക്കാറ്റ് നിലവില്‍ നീങ്ങുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നും വെള്ളിയാഴ്ചയോടെ തീരത്തേക്ക് അടിച്ചു കയറുമെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ  സ്‌കൈമെറ്റ് വെതര്‍ സൂചന നല്കുന്നു.

ആന്ധ്രാ പ്രദേശിലെ ഓഗോള്‍, നെല്ലൂര്‍ മേഖലയിലേക്കാവും ചുഴലിക്കാറ്റ് എത്തുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. വെള്ളിയാഴ്ച ആന്ധ്രാ തീരത്തേക്ക് എത്തുന്ന ചുഴലിക്കാറ്റ് കനത്ത മഴക്ക് ഇടയാക്കും. ശക്തമായ മഴക്കൊപ്പം 50 മൈല്‍ വേഗതയിലാണ് കാറ്റു വീശാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യബന്ധന തൊഴിലാളികളോട് കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റായി രൂപം മാറിയത്. ഒഡീഷയുടെ തീരപ്രദേശത്തും ആന്ധ്രാ തീരത്തുമാകും ക്യാന്ത് ചുഴലിക്കാറ്റ് ശക്തിപ്രകടിപ്പിക്കുക. താരതമ്യേനെ സംഹാരശേഷി കുറവാണ് ക്യാന്ത് ചുഴലിക്കാറ്റിനെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിക്കുന്നത്. തീരത്ത് എത്തുമ്പോഴേക്കും എതിര്‍ദിശയില്‍ നിന്നുള്ള കാറ്റ് വീശല്‍ മൂലം ശക്തി കുറയാനും സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍