UPDATES

വിദേശം

സിറിള്‍ അല്‍മീഡ: പാക്കിസ്ഥാനിലെ ഗോവന്‍ കത്തോലിക്കന്‍; ഇന്ന്‍ വിലക്കപ്പെട്ടവന്‍

Avatar

ടീം അഴിമുഖം

തന്റെ റിപ്പോര്‍ട്ടിംഗ് മൂലം രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കപ്പെട്ട പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനായ സിറിള്‍ അല്‍മീഡ, പാകിസ്ഥാനില്‍ അതിവേഗം അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു ചെറിയ വിഭാഗമായ ഗോവന്‍ കത്തോലിക്കാക്കാരനാണ്. ഒരു മുസ്ലീം രാഷ്ട്രമായി നിലവില്‍ വന്നശേഷവും ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുകയും അതിന് ശേഷം ഏതു ജനാധിപത്യസ്ഥാപനത്തെയും തകര്‍ത്തെറിയാന്‍ കെല്‍പ്പുള്ള ഒരു സൈന്യത്തിന്റെ സാന്നിധ്യത്തില്‍ ഉണ്ടാകുന്ന അനിശ്ചിതത്വത്തിന്റെയും അരാജകത്തിന്റെയും പാതയിലൂടെ ആ രാജ്യം സഞ്ചരിച്ചതിന്റെ പ്രതീകമായി അദ്ദേഹം നില്‍ക്കുന്നു. മുഹമ്മദലി ജിന്ന സ്ഥാപിച്ച ഡോണ്‍ ദിനപ്പത്രത്തിലാണ് സിറിള്‍ ജോലി ചെയ്യുന്നത്. സിറിള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത തങ്ങള്‍ ‘പരിശോധിക്കുകയും ഒത്തുനോക്കുകയും വസ്തുത പരിശോധന നടത്തുകയും ചെയ്തു’ എന്നും ആ വാര്‍ത്തയോടൊപ്പം ഉറച്ചുനില്‍ക്കുകയാണെന്നും ഡോണ്‍ പത്രം വ്യക്തമാക്കിയിട്ടുണ്ട്. ‘ഒരു വിഷലിപ്തമായ പ്രചാരണത്തില്‍പ്പെടുത്തി’ പത്രത്തെ ‘ഇരയാക്കാനുള്ള ശ്രമത്തില്‍നിന്നും’ സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്ന് ഡോണിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ആവശ്യപ്പെട്ടു. സൈനിക, രാഷ്ട്രീയ നേതൃത്വങ്ങള്‍ പങ്കെടുത്ത ഒരു ‘രഹസ്യയോഗം’ നടന്നുവെന്നും അതില്‍ സൈനിക നേതൃത്വത്തിനും ചാരസംഘടനയായ ഐഎസ്‌ഐയ്ക്കുമെതിരായ രാഷ്ട്രീയ നേതൃത്വം കടന്നാക്രമണം നടത്തിയെന്നും ഒരു വാര്‍ത്ത അല്‍മീഡ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാകിസ്ഥാനിലെ ഗോവക്കാര്‍
കറാച്ചി, ബോംബെ പ്രവിശ്യയുടെ ഭാഗമായിരുന്ന വിഭജനപൂര്‍വകാലഘട്ടത്തിലാണ് അല്‍മീഡ കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറുന്നത്. കറാച്ചിയില്‍ വളരെ സമ്പന്നമായ ഒരു ഗോവന്‍ സമൂഹമുണ്ടായിരുന്നതിനാല്‍ വിഭജനശേഷവും അവിടെ തുടരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. സമീപകാലത്ത് പലതവണ അല്‍മീഡ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, ഗോവന്‍ കല, സാഹിത്യോത്സവത്തിന് (ജിഎഎല്‍എഫ്). ‘പാകിസ്ഥാന്‍ പത്രപ്രവര്‍ത്തനത്തിന് വലിയ ഭാവിയൊന്നും ഞാന്‍ കാണുന്നില്ല,’ അവസാനം ഇന്ത്യയില്‍ വന്ന സമയത്ത് ഗോവയില്‍ ഒരു യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ആ തകര്‍ക്കപ്പെട്ട ഭാവിയുടെ പ്രതീകമായി താന്‍ മാറുമെന്ന് അന്നദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. 

‘ഗോവന്‍ പ്രാദേശിക ഭാഷയുടെ ഉച്ചാരണവും പ്രകടനങ്ങളും ഉച്ചാരണഭേദവുമൊക്കെ എന്റെ കാതുകള്‍ക്ക് വളരെ പരിചിതമായി തോന്നുന്നു. രണ്ടു തലമുറകള്‍ക്ക് മുമ്പ് ജനങ്ങള്‍ കൊങ്കിണി സംസാരിക്കുന്നവരോ അല്ലെങ്കില്‍ മനസ്സിലാക്കുന്നവരോ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അധികവും പാകിസ്ഥാനി ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത്,’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് 2015 ഡിസംബറില്‍ അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 1971-ല്‍ ബംഗ്ലാദേശില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ നിര്‍ണായകവും നാടകീയവുമായ ഇടപെടലുകള്‍ നടത്തിയ പാകിസ്ഥാനിലെ ഗോവന്‍ വംശജനായ മാധ്യമപ്രവര്‍ത്തകന്‍ ആന്റണി മസ്‌കരാനസ് തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് അല്‍മീഡ പറഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ച കാലത്ത് മസ്‌കരാനസ് ദ മോണിംഗ് ന്യൂസിന്റെ (കറാച്ചി) അസിസ്റ്റന്റ്് എഡിറ്ററായിരുന്നു. വിശദാംശങ്ങള്‍ പാകിസ്ഥാനില്‍ പ്രസിദ്ധീകരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ മസ്‌കരാനസ്, ലണ്ടന്‍ ആസ്ഥാനമായുള്ള ദ സണ്‍ഡേ ടൈംസിന്റെ ഹാരോള്‍ഡ് ഇവാന്‍സിനെ ബന്ധപ്പെട്ടു. ആഗോളതലത്തില്‍ വന്‍വിവാദത്തിന് കാരണമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു് മുമ്പ് അദ്ദേഹം തന്റെ കുടുംബത്തെ നിശബ്ദമായി ലണ്ടനിലേക്ക് മാറ്റി. 1971 ജൂണ്‍ 13-ന് സണ്‍ഡേ ടൈംസ് പ്രസിദ്ധീകരിച്ച ‘വംശഹത്യ’ എന്ന അദ്ദേഹത്തിന്റെ ലേഖനമാണ് അതിന്റെ കിഴക്കന്‍ പ്രവിശ്യയുടെ വിട്ടുപോകല്‍ നീക്കത്തെ അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ കിരാത നടപടികള്‍ ആദ്യമായും വിശദമായും പുറംലോകത്തിലെത്തിച്ചത്.


കറാച്ചിയിലെ ഗോവന്‍ അസോസിയേഷന്‍ മന്ദിരം

ഗോവന്‍ കഥ
കറാച്ചി ഗോവക്കാര്‍ ഇപ്പോഴും ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാളാഘോഷത്തിന് ജന്മനാട് സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ അല്‍മീഡയുടെ തലമുറയില്‍പ്പെട്ടവര്‍ കറാച്ചിക്ക് പുറത്തേക്ക് ജീവിതം വ്യാപിപ്പിച്ചുകഴിഞ്ഞു. സുരക്ഷയും മെച്ചപ്പെട്ട അവസരങ്ങളും തേടി അവര്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നു. ചരിത്രരേഖകള്‍ പ്രകാരം, ഏകദേശം 150 വര്‍ഷം മുമ്പ് പോര്‍ച്ചുഗീസ് ഭരണത്തിന് കീഴില്‍ ഗോവന്‍ കത്തോലിക്കര്‍ കറാച്ചിയിലേക്ക് കുടിയേറാനാരംഭിച്ചിരുന്നു. വിഭജനത്തിനുശേഷം ഇവരില്‍ ചുരുക്കം ചിലര്‍ പാകിസ്ഥാന്‍ സൈന്യത്തിലും പോലീസിലും റെയില്‍വേയിലും കോടതികളിലും ആശുപത്രി വ്യവസായത്തിലും ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. 1960-കളിലെ കറാച്ചി ജീവിതത്തില്‍ സമ്പല്‍സമൃദ്ധിയുടെയും ഊര്‍ജ്ജസ്വലതയുടെയും സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയതിന്റെ പേരില്‍ ഗോവന്‍ സമൂഹത്തെ ഒരു പഴയ ഡോണ്‍ റിപ്പോര്‍ട്ട് പ്രകീര്‍ത്തിച്ചിരുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനും ആദ്യത്തെ കര്‍ദ്ദിനാള്‍മാരെ സംഭാവന ചെയ്തതും കറാച്ചിയിലെ ഈ ഗോവന്‍ സമൂഹമാണ്. കര്‍ദ്ദിനാല്‍ വലേറിയന്‍ ഗ്രേഷ്യസും കര്‍ദ്ദിനാള്‍ ജോസഫ് കോര്‍ഡെയ്‌റോയും. ഡല്‍ഹി, അലഹബാദ്, പൂനെ, നാഗ്പൂര്‍, കൊല്‍ക്കത്ത, കറാച്ചി, ലാഹോര്‍, ഇസ്ലാമബാദ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി ബിഷപ്പുമാരെയും ആര്‍ച്ച് ബിഷപ്പുമാരെയും സംഭാവന ചെയ്യാനും ഈ സമൂഹത്തിന് സാധിച്ചിട്ടുണ്ട്. സിന്ധ് ഹൈക്കോടതിയിലെ ജഡ്ജിയും പിന്നീട് പാകിസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അധ്യക്ഷനുമായ ചാള്‍സ് ലോബോയാണ് പാകിസ്ഥാനി ഗോവക്കാരില്‍ ഏറ്റവും പ്രശസ്തന്‍. ഐക്യരാഷ്ട്രസഭയിലേക്കുള്ള പാകിസ്ഥാന്‍ പ്രതിനിധി സംഘത്തിലെ അംഗമായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. 

സിന്ധ്, ബലൂച്ചിസ്ഥാന്‍ ഹൈക്കോടതികളിലെ ജഡ്ജിയും ചീഫ് പ്രോസിക്യൂട്ടറുമായിരുന്നു ഹെര്‍മണ്ട് റെയ്മണ്ട്. രാഷ്ട്രീയ അഴിമതികള്‍ അന്വേഷിക്കാനുള്ള ഒരു പ്രത്യേക നിയമ കമ്മിറ്റിയുടെ അധ്യക്ഷനായി അദ്ദേഹത്തെ പിന്നീട് പാകിസ്ഥാനിലെ ആദ്യ സൈനിക ഏകാധിപതിയായിരുന്ന അയൂബ് ഖാന്‍ നിയമിച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍ മൗറീസ് റെയ്മണ്ടായിരുന്നു കറാച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ആദ്യത്തെ ജനറല്‍ മാനേജര്‍. 

ജോസഫ് ഡി’മെലോ പാകിസ്ഥാന്‍ റെയില്‍വേ ബോര്‍ഡിന്റെ അധ്യക്ഷനായിരുന്നു. മറ്റൊരു പ്രശസ്ത ഗോവന്‍ കത്തോലിക്കനായ സിഡ്‌നി പെരേര, പാകിസ്ഥാന്‍ ആണവോര്‍ജ്ജ കമ്മിഷന്റെ അധ്യക്ഷനായിരുന്നു. ഉദ്യോഗവൃന്ദങ്ങളില്‍ മാത്രമായിരുന്നില്ല പാകിസ്ഥാനിലെ നാമമാത്രമായ ഗോവന്‍ സമൂഹം അവരുടെ സാന്നിധ്യം അറിയിച്ചത്. 

നിരവധി കായികതാരങ്ങളെയും അവര്‍ സംഭാവന ചെയ്തിട്ടുണ്ട്. രാജ്യത്തെ ബാഡ്മിന്റണില്‍ പ്രതിനിധീകരിച്ച ഒരേ ഒരു ഗോവന്‍ മെന്നന്‍ സോറസാണ്. പാകിസ്ഥാനിലെ ഒന്നാം നമ്പര്‍ വനിതാ ബാഡ്മിന്റണ്‍ താരമായിരുന്നു ഫോബെ ഡയസ് ബാര്‍ബോസ. 

ഹെവിവെയ്റ്റ് ബോകിസിംഗില്‍ കഴിവ് തെളിയിച്ച താരമാണ് ബെര്‍ട്ടി ഗോമസ്. മത്തായിസ് വാലിസും അന്റാവോ ഡി’സൂസയും പാകിസ്ഥാനായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു. ‘ഏറ്റവും സുരക്ഷിതമായ കൈകള്‍’ എന്ന് സര്‍ ഗാരി സോബേഴ്‌സ് വിശേഷിപ്പിച്ച വാലിസ് പാകിസ്ഥാന്റെ ഏറ്റവും മികച്ച സ്ലിപ്പ് ഫീല്‍ഡറായി കണക്കാക്കപ്പെടുന്നു. കറാച്ചിയിലെ ഗോവന്‍ സമൂഹത്തിന്റെ തിലകക്കുറിയായി, 125 വര്‍ഷത്തെ ചരിത്രമുള്ള കറാച്ചി ഗോവന്‍ അസോസിയേഷന്‍ അഥവാ കെജിഎ എന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമുളള ക്ലബ് തലയുയര്‍ത്തി നില്‍ക്കുന്നു. 1886-ല്‍ ഗോവന്‍ പോര്‍ച്ചുഗീസ് അസോസിയേഷന്‍ എന്ന പേരില്‍ തുടങ്ങിയ സംഘടന പിന്നീട് കറാച്ചി ഗോവന്‍ അസോസിയേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു. അതിന്റെ സുവര്‍ണദിനങ്ങളില്‍ ഗോവന്‍ ബാന്‍ഡുകളുടെ പത്തുദിവസം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് കറാച്ചി ഗോവന്‍ അസോസിയേഷന്‍ യുഎസ് സൈന്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള ക്ലബ്ബായി മാറി. 

ഔദ്യോഗികമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും, പന്ത്രണ്ടായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ കൊങ്കിണി ഗോവന്‍ കത്തോലിക്കക്കാര്‍ പാകിസ്ഥാനിലുണ്ടെന്നാണ് ഗോവന്‍ അസോസിയേഷന്‍ പറയുന്നത്. ഇവരില്‍ നല്ലൊരു ശതമാനവും പഴയ കറാച്ചിയുടെ പ്രാന്തങ്ങളില്‍ ജീവിക്കുന്നു. കറാച്ചിയില്‍ മൊത്തത്തിലെടുത്താല്‍, മദ്യം വില്‍ക്കാനും വിളമ്പാനും അനുവാദമുള്ള രണ്ടേ രണ്ടു ക്ലബുകളിലൊന്നാണ് കെജിഎ. 

നിരവധി ഗോവക്കാര്‍ വിട്ടുപോയെങ്കിലും കറാച്ചിയുടെ ഒരു ഭാഗം തങ്ങളിലിപ്പോഴുമുണ്ടെന്ന് കെജിഎ വെബ്‌സൈറ്റ് പറയുന്നു. വെനിസ്വലയിലെ മാര്‍ഗരീത്ത ദ്വീപില്‍ താമസിക്കുന്ന ബ്രയാന്‍ ഗോണ്‍സാല്‍വസ് എന്ന കറാച്ചി ഗോവക്കാരന്‍ പാകിസ്ഥാനിലുള്ള ഗോവക്കാര്‍ക്ക് ഇങ്ങനെ എഴുതുന്നു: ‘വെനിസ്വലയിലെ എന്റെ വീടിന്റെ പേര് ‘പാകിസ്ഥാന്‍’ എന്നാണ്- എങ്ങനെയുണ്ട് ദേശസ്‌നേഹം!’

എന്നാല്‍ ഓരോ തവണ ഗോവ സന്ദര്‍ശിക്കുമ്പോഴും ഗോവയുടെ പ്രിയപ്പെട്ട ചുവന്ന മസാല വീട്ടിലേക്ക് കൊണ്ടുപോകുന്ന സിറില്‍ അല്‍മീഡയ്ക്ക് ഒറ്റവീടേയുള്ളു. നിരോധനാജ്ഞ പുറത്തുവന്നശേഷം അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെയെഴുതി, ‘ആശങ്കയും ദുഃഖവുമുണ്ട്. എങ്ങോട്ടും പോകാന്‍ ആലോചിക്കുന്നില്ല. എന്റെ വീട് പാകിസ്ഥാനാണ്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍