UPDATES

പുറത്താക്കപ്പെട്ട രീതി തന്നെ ഞെട്ടിച്ചു, തന്റെ ഭാഗം പറയാന്‍ അവസരം നല്‍കിയില്ല: സൈറസ് മിസ്ട്രി

അഴിമുഖം പ്രതിനിധി

ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു തന്നെ പുറത്താക്കപ്പെട്ട രീതി തന്നെ ഞെട്ടിച്ചുവെന്ന് സൈറസ് മിസ്ട്രിയുടെ ഇ-മെയില്‍ സന്ദേശം. ഇതിനുമുമ്പ് ഒരിക്കലും ഉണ്ടാകാത്ത നടപടിയാണിതെന്നും തന്റെ ഭാഗം പറയാന്‍ അവസരം നല്‍കിയില്ലെന്നും മിസ്ട്രി, ടാറ്റ ബോര്‍ഡ് മെമ്പേഴ്‌സിനെ ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിച്ചു. ടാറ്റയുടെ മാനേജ്‌മെന്റിന് ഒരു മഹിമയുണ്ടെന്നും അത് അവര്‍ പിന്തുടര്‍ന്നില്ലെന്നും മിസ്ട്രി സന്ദേശത്തില്‍ വ്യക്തമാക്കി.

ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മിസ്ട്രിയെ പുറത്താക്കിയതിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് വിവിധ കോടതികളില്‍ കവിയറ്റ് ഫയല്‍ ചെയ്തിരുന്നു. മിസ്ട്രിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏതെങ്കിലും കോടതി വിധി പറയുന്നത് ഒഴിവാക്കാനാണിത്. സുപ്രീം കോടതി, ഡല്‍ഹി ഹൈക്കോടതി, ബോംബെ ഹൈക്കോടതി, നാഷണല്‍ കമ്പനി ട്രിബ്യൂണല്‍ എന്നിവിടങ്ങളിലാണ് കവിയറ്റ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ 6 പേര് മിസ്ട്രിക്കെതിരെ വോട്ടു ചെയ്യുകയും രണ്ടു പേര്‍ മാറി നില്‍ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഏകപക്ഷീയമായി നീക്കം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ബോര്‍ഡ് മീറ്റിങ്ങില്‍ മിസ്ട്രി ഉന്നയിച്ചപ്പോള്‍ ഇത് കോടതിയല്ലെന്ന പ്രതികരണമായിരുന്നു കമ്പനി നേതൃത്വത്തില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചത്. ടാറ്റ കുടുംബത്തിന് പുറത്ത് നിന്നും കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മിസ്ട്രി. 18 ശതമാനം ഓഹരിയുള്ള ഷാപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പാണ് ടാറ്റ സണ്‍സില്‍ ഏറ്റവും കൂടുതല്‍ ഓഹരി വഹിക്കുന്നത്.

അതേസമയം, ഓഹരി വിപണിയില്‍ ടാറ്റ സണ്‍സിന് തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം രേഖപ്പെടുത്തി. ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ പവര്‍, ടാറ്റാ സ്റ്റീല്‍, ടിസിഎസ് കമ്പനികളെല്ലാം നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ചെയര്‍മാന്‍ നേതൃമാറ്റത്തോടെ ടാറ്റയ്ക്ക് ഇന്നലെയും വിപണിയില്‍ നഷ്ടമായിരുന്നു ഫലം.

മിസ്ട്രി ഗ്രൂപ്പ് നിയമനടപടികള്‍ക്കായി ബോംബെ ഹൈക്കോടതിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരന്‍, വിരാഗ് തുല്‍സാപൂര്‍കാര്‍ എന്നിവരില്‍ നിന്ന് നിയമോപദേശം തേടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചെയര്‍മാനെ പുറത്താക്കുന്ന കാര്യത്തില്‍ 15 ദിവസത്തെ നോട്ടീസ് ഓഹരി ഉടമകള്‍ക്ക് നല്‍കിയിരിക്കണം എന്നാണ് ഇവരുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍