UPDATES

ഒടുവില്‍ സൈറസ് മിസ്ട്രി എല്ലാ ടാറ്റ കമ്പനികളില്‍ നിന്നും രാജിവെച്ചു

ടാറ്റ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെ ഞാന്‍ പ്രവര്‍ത്തിക്കും; മിസ്ട്രിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

എല്ലാ ടാറ്റ ഗ്രൂപ് കമ്പനി സമിതികളില്‍ നിന്നും രാജിവെക്കാനുള്ള സമ്മര്‍ദത്തിന് ഒടുവില്‍ സൈറസ് മിസ്ട്രി തിങ്കളാഴ്ച്ച വഴങ്ങി. തന്നെ പുറത്താക്കാന്‍ ടാറ്റ സണ്‍സ് വിളിച്ചുചേര്‍ക്കുന്ന അസാധാരണ പൊതുയോഗത്തിന് മുമ്പായി എല്ലാ ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ സ്ഥാനത്തുനിന്നും രാജിവെക്കുകയാണെന്ന് മിസ്ട്രി പറഞ്ഞു.

ഓഹരി ഉടമകള്‍ക്കായി മിസ്ട്രി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണരൂപം; 

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ടാറ്റ ഗ്രൂപ്പിന് എന്റെ കുടുംബത്തിന്റെ ഉറച്ച പിന്തുണ ഒരുതരത്തിലെ രക്ഷാകര്‍തൃത്വമായിരുന്നു. അനന്തരഫലം എന്തായാലും ശരിയായ കാരണങ്ങളാല്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നു എന്നു ഞങ്ങള്‍ എപ്പോഴും ഉറപ്പുവരുത്തിയിരുന്നു.

ഒക്ടോബര്‍ 24-നു അദ്ദേഹം നടത്തിയ നിയമവിരുദ്ധമായ അട്ടിമറിക്ക് മൂര്‍ത്തമായ കാരണങ്ങള്‍ രത്തന്‍ ടാറ്റ തരുന്നതിനു കാത്തിരിക്കാന്‍ തുടങ്ങിയിട്ടു ഇപ്പോള്‍ എട്ടാഴ്ച്ചയായി. യുക്തിസഹമായ ഒന്നും വന്നിട്ടില്ല.

കൂടുതല്‍ ആഴത്തില്‍ ചിന്തിച്ചപ്പോള്‍ ഇനി രീതികള്‍ മാറ്റാനും ടാറ്റ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ കൃത്യമാകാനും സമയമായെന്ന് ഞാന്‍ കരുതുന്നു. കൂടുതല്‍ കാര്യക്ഷമമാകാനും ഭരണപരിഷ്കാര ലക്ഷ്യത്തെ സാധ്യമാക്കാനും നഷ്ടമായ നൈതികാടിത്തറ വീണ്ടെടുക്കാനും അസാധാരണ പൊതുയോഗത്തില്‍ നിന്നും നിയമവാഴ്ച്ചയും തുല്യതയും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന വലിയൊരു വേദിയിലേക്ക് മാറാനും ഞാന്‍ തീരുമാനിച്ചു.

നമ്മുടെ സ്ഥാപകന്‍ ജാംസേട്ജി ടാറ്റയുടെ നൈതിക പാരമ്പര്യം സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനും ശ്രമിച്ചതാണ് എന്നെ പുറത്താക്കാനുള്ള യഥാര്‍ത്ഥ കാരണമെന്ന് ഇപ്പോള്‍ വ്യക്തമാണ്. മികച്ച ഭരണനിര്‍വ്വഹണവും നൈതികമായ വ്യാപാരവും ചില കോണുകളില്‍ കടുത്ത അസ്വസ്ഥതയുണ്ടാക്കി. ഏറെക്കാലത്തോളം ടാറ്റ സണ്‍സിലുണ്ടായ ഭരണനിര്‍വ്വഹണത്തകര്‍ച്ച പരിഹരിക്കാനാണ് ഞാന്‍ ശ്രമിച്ചിരുന്നത്.

പല തവണത്തെ നീട്ടിയെടുക്കലുകള്‍ക്ക് ശേഷം ടാറ്റ സന്‍സില്‍ നിന്നും വിരമിച്ച ടാറ്റ ട്രസ്റ്റ്സിന്റെ ട്രസ്റ്റികളായ രത്തന്‍ ടാറ്റയും നോഷിര്‍ സൂനാവാലയും ടാറ്റ സണ്‍സിന്റെയും ഇന്ത്യയിലും വിദേശത്തുമുള്ള നടത്തിപ്പ് കമ്പനികളുടെയും നിര്‍ണായക തീരുമാനങ്ങളിലെ പങ്കാളിത്തം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചു.

ഇത് ടാറ്റ സണ്‍സ് ബോര്‍ഡിനെ ദുര്‍ബ്ബലമാക്കുകയും കൂടാതെ വിവിധ അനുബന്ധ കമ്പനികളുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരടക്കം ടാറ്റ ഗ്രൂപ്പിനെ നിയന്ത്രണ സംവിധാന പ്രത്യാഘാതങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. പൊതു ചാരിറ്റബിള്‍ ട്രസ്റ്റുകളായ ടാറ്റ ട്രസ്റ്റ്സിന്റെ ഗുണഭോക്താക്കള്‍ക്ക് ഇത് പ്രതികൂല ഫലങ്ങളാണുണ്ടാക്കിയത്.

കഴിഞ്ഞ കുറേ ആഴ്ച്ചകളില്‍ ഞാന്‍ ചില ട്രസ്റ്റികളുടെ കയ്യില്‍ ടാറ്റ ഗ്രൂപ്പിന്റെ ഭരണനിര്‍വ്വഹണത്തകര്‍ച്ചയുടെ തെളിവുകളും വിവിധ നൈതിക പ്രശ്നങ്ങളും ഞാന്‍ കൊണ്ടുവരാന്‍ ശ്രമിച്ചു.

സെപ്റ്റംബര്‍ 15-ലെ ബോര്‍ഡ് യോഗത്തില്‍ ടാറ്റ സണ്‍സിന് ശിവശങ്കരനില്‍ നിന്നും കിട്ടാനുള്ള വലിയ തുക തിരിച്ചുപിടിക്കാനുള്ള വിഷയം ഞാന്‍ ഉന്നയിച്ച്. നിയമപരമായ നടപടികള്‍ക്ക് അനുമതി വാങ്ങി.

കുറച്ചു ദിവസങ്ങള്‍ക്കകം ടാറ്റ സണ്‍സിന് നിയമപരമായ നോട്ടീസ് ലഭിച്ചു- ടാറ്റ സണ്‍സില്‍ നിന്നും വിവരം ചോര്‍ന്ന് എന്നു വ്യക്തമായ സൂചനയായിരുന്നു അത്. ടാറ്റ ഗ്രൂപ്പും അദ്ദേഹവും തമ്മിലുള്ള സംശയകരമായ ഇടപാടുകളുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ടതാണ്. രത്തന്‍ ടാറ്റയുമായുള്ള തന്റെ അടുത്ത വ്യക്തിബന്ധം അദ്ദേഹം പരസ്യമായി പറയുമായിരുന്നു.

എയര്‍ ഏഷ്യ ഇന്‍ഡ്യയിലെ ചില ക്രമക്കേടുകളും തട്ടിപ്പും സംബന്ധിച്ച കണ്ടെത്തലുകളും ഫോറെന്‍സിക് റിപ്പോര്‍ടും ഞാന്‍ ഒക്ടോബര്‍ 24-ലെ ബോര്‍ഡ് യോഗത്തില്‍ വെച്ചു. ആ ചര്‍ച്ച നടന്നതേയില്ല.

ഇടക്കാല അദ്ധ്യക്ഷന്‍ രത്തന്‍ ടാറ്റയുടെ കീഴില്‍ ടാറ്റ സണ്‍സിന്റെ തുടര്‍ന്നുള്ള ഒരു ബോര്‍ഡ് യോഗം നവംബര്‍ 17-നു നടന്നു. തട്ടിപ്പിനെക്കുറിച്ച് പൂര്‍ണ ധാരണയുണ്ടായിട്ടും എയര്‍ ഏഷ്യ ഇന്‍ഡ്യക്കു വീണ്ടും പണം അനുവദിച്ചു. എന്നിട്ടും ഒരു നീതിയുക്തമായ സ്ഥാപനത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന പോലെ തട്ടിപ്പിന് ഉത്തരവാദികളെ കണ്ടെത്താനുള്ള നടപടികള്‍ ഇതുവരേക്കും ഉണ്ടായിട്ടില്ല.

ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണ്. 2ജി സ്പെക്ട്രം അഴിമതിയും അത് ടാറ്റ ഗ്രൂപ്പിന്റെ യശസ്സില്‍ വീഴ്ത്തിയ കളങ്കവും നമുക്കെല്ലാം അറിയാം. ഇന്നും ടാറ്റ ഗ്രൂപ്പില്‍ നിന്നും അതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ വിചാരണയ്ക്കുള്ള സാധ്യതകള്‍ നാം കേള്‍ക്കുന്നു.

അത്തരം നൈതിക പ്രശ്നങ്ങള്‍ മുന്നിലേക്ക് കൊണ്ടുവരുന്നത് ടാറ്റ ഗ്രൂപ്പിന് ഹ്രസ്വകാല പ്രശ്നം മാത്രമേ ഉണ്ടാക്കുകയുള്ളൂ. എന്നാല്‍, ജീവനക്കാരുടെ, ഓഹരിയുടമകളുടെ, ടാറ്റ ഗ്രൂപ്പിന്റെ മറ്റ് തത്പരകക്ഷികളുടെ ദീര്‍ഘകാല താത്പര്യങ്ങള്‍ക്കായി അത്തരം ഹ്രസ്വകാല വേദന ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ടാറ്റ സണ്‍സിന്റെ ഒരു വലിയ ഓഹരിയുടമ എന്ന നിലയിലും അഭിമാനത്തോടെ ദീര്‍ഘകാല പങ്കാളി എന്ന നിലയിലും എന്റെ കുടുംബവും തുല്യതോതില്‍ ഈ വേദന അനുഭവിക്കും.

പ്രശ്നങ്ങളെ അവയുടെ യുക്തിസഹമായ അന്ത്യത്തിലേക്ക് എത്തിക്കേണ്ട സമയമായിരിക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും നമ്മുടെ സ്ഥാപകന്‍ ജാംസേട്ജി ടാറ്റയുടെ കാഴ്ച്ചപ്പാടുകള്‍ യാഥാര്‍ത്ഥ്യമാക്കാനും എന്റെ അവസാന ശ്വാസം വരെ ഞാന്‍ പ്രവര്‍ത്തിക്കും.

നിങ്ങളെല്ലാവരുടെയും പിന്തുണയ്ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍