UPDATES

വിദേശം

ചെക്ക് റിപ്പബ്ലിക്കിലെ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചുവരവിന്റെ പാതയില്‍

Avatar

ലഡ്കാ ബൌറോവ
(ബ്ലൂംബര്‍ഗ്)

ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയോടെ രാഷ്ട്രീയമായി  പാര്‍ശ്വവത്കരിക്കപ്പെട്ടതിന് മൂന്നു പതിറ്റാണ്ടിന് ശേഷം അധികാരത്തില്‍ പങ്കാളികളാകാന്‍ തയ്യാറെടുക്കുകയാണ് ചെക്ക് കമ്മ്യൂണിസ്റ്റുകാര്‍.

മാര്‍ക്സിസ്റ്റ് ആശയങ്ങളില്‍ അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയോടുള്ള പ്രതിബദ്ധതയും NATO-യെ തള്ളിപ്പറയലും അടക്കം ചെക്കിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയകക്ഷി അസ്ഥിരമായ രാഷ്ട്രീയ ഭൂമികയുടെ ആനുകൂല്യത്തില്‍ മുഖ്യധാരയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്. നാല് പതിറ്റാണ്ടു നീണ്ട സമഗ്രാധിപത്യ ഭരണത്തിന്റെ ഭാരങ്ങളില്‍ നിന്നും കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കാന്‍ മറ്റ് കക്ഷികള്‍ തയ്യാറല്ലെങ്കിലും പ്രധാനമന്ത്രി ബോഹുസ്ലാവ് സോബോറ്റ്കായുടെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും തരത്തിലുള്ള അധികാരം പങ്കിടലിന് തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്.

“തീര്‍ച്ചയായും ഞങ്ങള്‍ തയ്യാറെടുത്തു,”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അദ്ധ്യക്ഷന്‍ വോജ്ടെക് ഫിലിപ് പറഞ്ഞു. “മിക്ക വിഷയങ്ങളിലും ഞങ്ങളുടെയും സോഷ്യല്‍ ഡെമോക്രാറ്റുകളുടെയും പരിപാടികള്‍ 70-80% ഒരുപോലെയാണ്.”

കമ്മ്യൂണിസ്റ്റുകാരുമായി അധികാരം പങ്കിടുന്നതിനെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഇപ്പോള്‍ തള്ളിക്കളയുന്നെങ്കിലും മന്ത്രിസഭയ്ക്ക് പുറത്തുനിന്നുള്ള പിന്തുണ നിരസിക്കുന്നില്ല. നിലവില്‍ പല പ്രാദേശിക ഭരണസമിതികളിലും അവരുമായി അധികാരം പങ്കിടുന്ന സോബോട്കായുടെ കക്ഷി തങ്ങളുടെ സഖ്യക്ഷിയായ കോടീശ്വരനായ  ധനമന്ത്രി ആന്ദ്രെ ബാബ്സിസിന്‍റെ ANO-യില്‍ നിന്നുള്ള മത്സരത്തെയാണ് ചെറുക്കാന്‍ ശ്രമിക്കുന്നത്.

യൂറോപ്പിലെങ്ങും വ്യവസ്ഥാവിരുദ്ധ കക്ഷികളുടെ വളര്‍ച്ച മനസിലാക്കുന്ന കമ്മ്യൂണിസ്റ്റുകാരും ANO-യും 1989-ലെ വെല്‍വെറ്റ് വിപ്ലവത്തിനുശേഷം ചെക് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന കക്ഷികളോടുള്ള ജനങ്ങളുടെ അസംതൃപ്തിയെ മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

കമ്മ്യൂണിസ്റ്റുകാര്‍ സോബോട്കായുടെ കക്ഷിയുമായി ഒത്തുപോകുന്ന ഒരു കാര്യം വലിയ കമ്പനികളുടെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള നയമാണ്. ബാബിസിന്റെ കക്ഷിയുമായി ചേര്‍ന്നപ്പോള്‍ മാറ്റിവെക്കേണ്ടിവന്ന നയം, ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്താന്‍ വലിയ വ്യവസായങ്ങള്‍ക്ക് നികുതി ചുമത്തുന്നത്, തിരിച്ചുകൊണ്ടുവരും എന്നു സോഷ്യല്‍ ഡെമോക്രാറ്റുകള്‍ സൂചന നല്‍കുന്നു.

നികുതി വര്‍ദ്ധിപ്പിക്കാതെ തന്നെ ധനക്കമ്മി കൂടാതെ 2016 അവസാനിക്കാനുള്ള സാധ്യതകളാണുള്ളത്. രണ്ടു ദശാബ്ദത്തിനുള്ളില്‍ ഇതാദ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചനിരക്കും, നികുതി വെട്ടിപ്പ് തടയാനുള്ള പ്രചാരണവും ബജറ്റ് വരുമാനം വര്‍ധിപ്പിച്ചു.

കോര്‍പ്പറേറ്റ് നികുതി നാല് പോയന്‍റ് ഉയര്‍ത്താനാണ് തന്റെ ലക്ഷ്യമെന്ന് ഫിലിപ് പറയുന്നു. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് താങ്ങാനാവുന്നതെന്ന് കരുതുന്നതിന്റെ രണ്ടിരട്ടി. ഇരുകക്ഷികളും യോജിക്കുന്ന മറ്റൊരു കാര്യം വേതന വര്‍ധനവാണ്. ഇപ്പോളത് പ്രതിമാസ ശരാശരി 1,055 ഡോളറാണ്. ജര്‍മ്മനിയിലേതിനേക്കാള്‍ മൂന്നിലൊന്ന് കുറവ്.

“നമുക്ക് എല്ലാക്കാലത്തും തുച്ഛമായ കൂലിയുള്ള തൊഴില്‍ നകാനാവില്ല,” ഫിലിപ് പറഞ്ഞു. “ഈ കാഴ്ച്ചപ്പാട് സോഷ്യല്‍ ഡെമോക്രാറ്റുകളുമായി  ഞങ്ങള്‍  പങ്കുവെക്കുന്നു. നിങ്ങള്‍ ജര്‍മ്മന്‍കാരേക്കാള്‍ മോശക്കാരാണെന്ന് ഞങ്ങള്‍ക്ക് ആളുകളോട് എപ്പോഴും പറയാനാകില്ല.”

സഖ്യ കക്ഷികളുടെ ആഗ്രഹങ്ങള്‍ക്കെതിരായി കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയോടെ നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തയ്യാറായ കഴിഞ്ഞ പതിറ്റാണ്ടു മുതലേ ഈ ഐക്യത്തിന് കളമൊരുങ്ങിയിരുന്നു. എന്നാല്‍ ഇത്തരം ഐക്യങ്ങളുണ്ടെങ്കിലും പരസ്യമായ ഭരണസഖ്യത്തിലേര്‍പ്പെടുന്നതില്‍ നിന്നും തടയുന്ന കടുത്ത ഭിന്നതകളുമുണ്ട്.


കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അദ്ധ്യക്ഷന്‍ വോജ്ടെക് ഫിലിപ്

കമ്മ്യൂണിസ്റ്റുകാര്‍ North Atlantic Treaty Organisation-ല്‍ നിന്നും വിട്ടുപോരാന്‍ വാദിക്കുന്നു. 1999-ലാണ് 10.7 ദശലക്ഷം ജനസംഖ്യയുള്ള ഈ രാജ്യം നാറ്റോയില്‍ ചേര്‍ന്നത്. ചെക്കിന്റെ സുരക്ഷ നയത്തിന്റെ അടിസ്ഥാനത്തിലാണ്  ഇപ്പോള്‍ അംഗത്വം എങ്കിലും അതുകൊണ്ടു ഒരു പ്രയോജനവുമില്ലെന്നാണ് ഫിലിപ് പറയുന്നത്.

“ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആകില്ല. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ NATO-ക്കു സമ്മതം മൂളുന്നവരാണ്.”

കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്ത് കിഴക്കന്‍ യൂറോപ്പില്‍ വന്ന പല മാറ്റങ്ങളെയും ഫിലിപ്പിന്റെ കക്ഷി എതിര്‍ക്കുന്നു. ഏകകക്ഷി ഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്കും കേന്ദ്രീകൃത ആസൂത്രിത സമ്പദ് വ്യവസ്ഥയില്‍ നിന്നുമുള്ള പരിഷ്കാരവും ഈ രാജ്യങ്ങളില്‍ സംഭവിച്ചു. അന്താരാഷ്ട്ര നാണയ നിധിയെ ലോകത്തിലെ ഏറ്റവും വലിയ സൂത്രക്കാരായാണ് ഫിലിപ് വിശേഷിപ്പിച്ചത്. മാധ്യമങ്ങളെയും പൊതുജനാഭിപ്രായത്തെയും രൂപപ്പെടുത്തുന്നത് ബാങ്കുകളും മറ്റ് ഭീമന്‍ കോര്‍പ്പറേഷനുകളുമാണെന്ന് ഫിലിപ് കുറ്റപ്പെടുത്തി.

1948-ല്‍ സമഗ്രാധിപത്യ ഭരണം സ്ഥാപിച്ച, അട്ടിമറിയെ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പൊഴും ആഘോഷിക്കുന്നു. പടിഞ്ഞാറിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ അന്ന് വെടിവെച്ചുകൊന്നു. രാഷ്ട്രീയ എതിരാളികളെ നിര്‍ബന്ധിത തൊഴില്‍ കേന്ദ്രങ്ങളിലേക്ക് അയച്ചു. യുറേനിയം ഖനികളില്‍ പണിയെടുപ്പിച്ചു.

സാമ്പത്തിക രംഗത്ത് പാര്‍ട്ടിയുടെ പ്രകടനപത്രിക തുകയീടാക്കാതെ നിക്ഷേപങ്ങളില്‍ പലിശ വരുമാനവും താങ്ങാവുന്ന നിരക്കില്‍ വായ്പകളും നല്‍കുന്ന സര്‍ക്കാര്‍ ബാങ്കുണ്ടാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നു. സ്വയം തീവ്രകക്ഷി എന്നുവിളിക്കുന്ന അവര്‍ മുതലാളിത്തത്തിനെതിരെ വ്യക്തമായ ഏക പ്രതിപക്ഷം എന്നും അവകാശപ്പെടുന്നു. സോഷ്യല്‍ ഡെമോക്രാട്ടുകള്‍ക്കാണെങ്കില്‍ കമ്മ്യൂണിസ്റ്റുകാരുമായി അധികാരം പങ്കിടുന്നില്ല എന്നു പ്രഖ്യാപിക്കുന്ന പ്രമേയവുമുണ്ട്. പ്രധാന വിഷയങ്ങളില്‍ എതിരാണെങ്കിലും തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മറ്റൊരു രീതിയിലുള്ള ബന്ധം സാധ്യമാണെന്ന് മുന്‍ പ്രസിഡണ്ട് വക്ലാവ് ഹാവെലിന്റെ ഉപദേശകനായിരുന്ന ജിറി പെഹേ പറയുന്നു.

“കമ്മ്യൂണിസ്റ്റുകാരുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഒരു ന്യൂനപക്ഷ സര്‍ക്കാരിനുള്ള സാധ്യത ഞാന്‍ കാണുന്നു. പക്ഷേ അത് തെരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകൂട്ടലുകളെ ആശ്രയിച്ചിരിക്കും. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് മറ്റൊരു സഖ്യകക്ഷിയെ ആവശ്യം വന്നാല്‍ കമ്മ്യൂണിസ്റ്റുകാരുമായുള്ള ഒത്തുതീര്‍പ്പിന് അവര്‍ തയ്യാറായേക്കില്ല.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍