ഓഫിസ് ജോലിക്കിടെ നടത്തിയ ഒരു യൂട്യൂബ് തിരച്ചിലിനിടെ ആണ് ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടി കഴിഞ്ഞ വര്‍ഷം ഏകദേശം ഒക്ടോബര്‍ മാസത്തില്‍ കണ്ണിലുടക്കുന്നത്. പിന്നീട് അങ്ങോട്ട് ആ പരിപാടിയുടെ സ്ഥിരം പ്രേക്ഷക എന്ന നിലയില്‍ എന്നെ മാറ്റിയത് ആ പരിപാടിയുടെ വ്യത്യസ്തമായ അവതരണം തന്നെ ആണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ആ പരിപാടിയുടെ കടുത്ത ആരാധികയാണ് ഞാന്‍ എന്ന പോരായ്മ കണക്കിലെടുക്കാതെ വേണം ഈ ലേഖനം വായിക്കാന്‍ എന്ന് അപേക്ഷ:
ഈ പരിപാടിയില്‍ എന്നെ ആകര്‍ഷിക്കുന്ന പല ഘടകങ്ങള്‍ ഉണ്ട്. അവതാരകര്‍, വിധികര്‍ത്താക്കള്‍, നര്‍ത്തകര്‍, എന്നിവയെക്കുറിച്ചാണ് ഞാന്‍ ഇവിടെ പറയുന്നത്. ഇന്ത്യന്‍ സിനിമയിലെ നൃത്ത സംവിധായകനായ പ്രസന്ന മാസ്റ്റര്‍, മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവ് പ്രിയാമണി, ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയാലിറ്റി ഷോ അംഗവും, പ്രശസ്ത നര്‍ത്തകന്‍ ടെറന്‍സ് ലൂയീസിന്റെ ശിഷ്യനുമായ നീരജ് ബവ്‌ലേച്ചയും ആണ് വിധികര്‍ത്താ ക്കള്‍. നടനും മോഡലുമായ ഗോവിന്ദ് പദ്മസൂര്യയും, പുതുമുഖ അവതാരകയായ ജുവേല്‍ മേരിയും ആയിരുന്നു സീസണ്‍ ഒന്നിലെ അവതാരകര്‍. സീസണ്‍ രണ്ടില്‍ നടിയും മോഡലുമായ പേളി മാനി ആണ് ജുവലിനു പകരം അവതരണം.
വിധികര്‍ത്താക്കളും അവതാരകരും നര്‍ത്തകരും പങ്കുവയ്ക്കുന്ന സൗഹൃദം ആണ് ഇതില്‍ എടുത്തുപറയേണ്ട ഒന്ന്. വിധികര്‍ത്താക്കള്‍ എന്നാല്‍ മസില്‍ പിടിച്ചു മത്സരാര്‍ത്ഥികളുടെ നൃത്തത്തെ തലകീറി പരിശോധിക്കേണ്ടതാണ് എന്ന നിലപാടില്‍ അല്ല ഇവരുടെ ഇടപെടല്‍ എന്നത് ഏറെ പുതുമ നല്‍കുന്നു. വിധികര്‍ത്താവായ നീരവ് ബവ്‌ലെച്ച സൗത്ത് ആഫ്രിക്കയില്‍ പോയതിനെ കളിയാക്കി റംസാന്‍ അവതരിപ്പിച്ച നൃത്തംപോലും മുപ്പതില്‍ മുപ്പതു നേടിയിരുന്നു. വിധികര്‍ത്താക്കള്‍ പരസ്പരം കളിയാക്കുകയും, ഇടയ്ക്കു മത്സരാര്‍ത്ഥികളുടെ നൃത്തത്തില്‍ ഭാഗമായും അവരെ പിന്തുണയ്ക്കുന്നു. എല്ലാ ഷോയും പോലെ ഈ റിയാലിറ്റി ഷോയും തിരക്കഥ എഴുതി അഭിനയിക്കുന്ന ഒന്നാണ് എന്ന് പരാതി പറഞ്ഞു കേള്‍ക്കാറുണ്ട്. പക്ഷെ, അത് കണ്ടു കൊണ്ടിരിക്കുന്ന ഒരു സാധാരണ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഇതിലുണ്ട് എന്നത് കാണാതെ പോകാന്‍ വയ്യ.
പേളി മാനി എന്ന അവതാരകയുടെ ഇടപെടലുകള്‍ രസകരമായ പല മുഹൂര്‍ത്തങ്ങളും പ്രേക്ഷകന് സമ്മാനിക്കുന്നു. തന്റെ സഹ അവതാരകനായ ജി പി എന്ന ഗോവിന്ദ് പദ്മസൂര്യയുമായി പേളി നടത്തുന്ന ‘കുസൃതികളും’ ഈ ഷോയെ ആകര്‍ഷകമാക്കുന്നു. ഈ അവതാരകര്‍ തമ്മിലുള്ള ഇടപെടലുകള്‍ സദാചാര കോമാളികളെ വെറിപിടിപ്പിച്ചേക്കാം. ഇഷ്ടം വന്നാല്‍ അത് ശാരീരികമായി പ്രകടിപ്പിക്കുന്നത് ഒരു തെറ്റല്ല എന്നും, ആണും പെണ്ണും കെട്ടിപിടിച്ചാല്‍ ഉടന്‍ ലൈംഗിക ചുവ നല്‍കുക എന്ന പൊതുബോധത്തെ, പരസ്പരം കെട്ടിപിടിച്ചും ഉപദ്രവിച്ചും തന്റെ ആത്മസുഹൃത്താണ് മറ്റേ വ്യക്തി എന്ന് പറഞ്ഞും സാമ്പ്രദായിക അവതരണത്തിന്റെ അതിരുകള്‍ പൊട്ടിച്ചെറിയാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഒരു പരിപാടിയില്‍, വിരലുകള്‍ പോലും പരസ്പരം സ്പര്‍ശിച്ചാല്‍ എന്തോ അപരാധം സംഭവിച്ചു എന്ന് കരുതുന്ന ടെലിവിഷന്‍ അവതാരകര്‍ക്കിടയില്‍ ഇവര്‍ വ്യത്യസ്തരാകുന്നതും ഇതുകൊണ്ട് തന്നെ ആണ്. ഇതേ സമീപനം തന്നെ ആണ് മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളും തമ്മില്‍ പങ്കിടുന്നത്. തോളിലൂടെ കയ്യിട്ടും, മറ്റേ വ്യക്തിയുടെ മുഖത്ത് തലോടിയും സന്തോഷം വരുമ്പോള്‍ ഉമ്മ കൊടുത്തും യാതൊരു ശങ്കയും ഇല്ലാതെ അവര്‍ ഇടപെടുന്നു.
രണ്ടാമത്തെ സീസണില്‍ ഒരു നൃത്തത്തിന് ഫര്‍സാന എന്ന കുട്ടി, മൊബൈല്‍ ഫോണ്‍ ദുരുപയോഗവും അതിലൂടെ സ്വന്തം നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണി മുഴക്കുന്ന കാമുകനും അതെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെയും കഥയാണ് അവതരിപ്പിച്ചത്. എന്നാല്‍ ഇതിനുശേഷം നമ്മള്‍ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ അല്ല ഇത് കൈകാര്യം ചെയ്യേണ്ടത് എന്നും, മാതാപിതാക്കളുടെ പിന്തുണയോടു കൂടി ഇവരെക്കുറിച്ച് സൈബര്‍സെല്ലില്‍ പരാതി നല്‍കുകയും ആണ് വേണ്ടത് എന്നും ‘അച്ഛാ അമ്മേ.. എന്റെ ഒരു നല്ല ഫോട്ടോ ഇന്റര്‍നെറ്റില്‍ വരുന്നുണ്ട്, നമുക്ക് അത് സൈബര്‍ സെല്ലില്‍ പറയാം’ എന്ന് തമാശയായി ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യുക’ എന്നാണ് അവതാരകയായ പേളി പറഞ്ഞത്. ‘ ഒരു ശലഭം തീയിലേക്ക് എടുത്തു ചാടാന്‍ തയ്യാറായാല്‍ നാം ഇതു ചെയ്യേണ്ടൂ’ എന്നും, ഇത്തരത്തില്‍ ഒരു ഫോട്ടോ വന്നാല്‍ ഈ പെണ്‍കുട്ടിയുടെ മാനം നശിക്കില്ലേ എന്നും, ഇല മുള്ളില്‍ വീണാലും…. എന്നും പുലമ്പുന്ന കവയത്രി സുഗതകുമാരി, ജസ്റ്റിസ് ശ്രീദേവി, പത്രപ്രവര്‍ത്തക ലീലാ മേനോന്‍ എന്നീ സ്ത്രീവാദി കോമരങ്ങളെക്കാള്‍ എത്രയോ ശക്തമാണ് ‘വെറും ഒരു അവതാരക മാത്രമായ’ പേളി മാനി.
അതെപോലെ സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു കുട്ടി മത്സരാര്‍ത്ഥിയെ സഹായിക്കാന്‍ ആയി വന്നിരുന്നു. ആ കുട്ടിയോട് ‘മുന്നിലെ വാതില്‍ ഇല്ലെങ്കില്‍ എന്താ സ്വന്തം വീടല്ലേ പുറകിലെ വാതിലിലൂടെ ചെന്ന് അച്ഛാ ഞാന്‍ വന്നൂ എന്ന് പറഞ്ഞാല്‍ മതി എന്നും, പുറകില്‍ വാതില്‍ ഇല്ലെങ്കില്‍ ഓടു പൊളിച്ചു ഇറങ്ങിയാല്‍ മതി’ എന്നും ദിദൊക്കെ ദിത്രേ ഉള്ളു എന്ന ഒരു നയം സ്വീകരിക്കാന്‍ മറ്റുള്ളവരെ സഹായിക്കുക കൂടിയാണ് ഇവിടെ.
ഈ ഷോയിലൂടെ അതില്‍ പങ്കെടുക്കുന്ന നര്‍ത്തകരേക്കള്‍ പ്രശസ്തി ലഭിച്ചിരിക്കുക ഒരു പക്ഷെ ജി പി എന്ന നടനായിരിക്കും. ഈ ഷോയില്‍ വരുന്നതിനു മുന്‍പ് സംസ്ഥാന അവാര്‍ഡ് ലഭിച്ച അടയാളങ്ങളിലെ നായക വേഷം, ഡാഡീ കൂളിലെ ക്രിക്കറ്റ് കളിക്കാരന്‍, ഐജി യിലെ വില്ലന്‍, എട്ടേകാല്‍ സെക്കന്‍ഡിലെ നായകന്‍ എന്നിങ്ങനെ മുന്‍നിര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ നടനെ ആരും അങ്ങനെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ആദ്യ സീസണ്‍ അവസാനിക്കുന്നതിനു മുന്‍പ് തന്നെ കേരളത്തിലെ മുന്‍നിര അവതാരകര്‍ക്കിടയില്‍ സ്ഥാനം നേടാന്‍ ഇദ്ദേഹത്തിനായി. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഇദ്ദേഹത്തിന് ഈയിടെ നടന്ന ഒരു സര്‍വെയില്‍ കേരളത്തിലെ ഏറ്റവും പ്രശസ്തരായ യുവ വ്യക്തികളില്‍ ആറാം സ്ഥാനം ആണ് ലഭിച്ചത്. മലയാളത്തിന്റെ മികച്ച നടന്‍മാരില്‍ ഒരാള്‍ ആയ ഫഹദ് ഫാസിലിനെ പിന്തള്ളിയാണ് ജി പി ഈ ലിസ്റ്റില്‍ ഇടം പിടിച്ചത്. പൃഥിരാജ്, ദുല്‍ഘര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവരൊക്കെയാണ് ആ ലിസ്റ്റിലെ മറ്റു താരങ്ങള്‍. സിനിമ എന്ന ബിഗ് സ്‌ക്രീനിനു നല്‍കാന്‍ സാധിക്കാതെ പോയ പ്രശസ്തി അദ്ദേഹത്തിന് നല്‍കിയത് മിനി സ്‌ക്രീന്‍ ആണ്. മിനി സ്‌ക്രീനുകള്‍ ആണ് പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം എന്നും നാം ഓര്‍ക്കണം. ഫേസ് ബുക്കില്‍ ജി പി അഡിക്റ്റ്സ് എന്ന പേജുപോലും ഉണ്ട്.
.
ഏഷ്യാനെറ്റ് തുടക്കമിട്ട ഈ റിയാലിറ്റി ഷോ പരമ്പര മുതല്‍ നാം കാണുന്നതാണ് മത്സരാര്‍ത്ഥികളുടെ കണ്ണീരും കിനാവും പരിപാടി. എലിമിനേഷന്‍ എപ്പിസോഡുകള്‍ കണ്ണീര്‍ കടലാകുന്നതും, ഈ ഷോ എന്റെ ജീവിതമായിരുന്നു എന്ന വിധത്തില്‍ പെരുമാറുന്ന മത്സരാര്‍ത്ഥികളും നമ്മുടെ മനം മടുപ്പിക്കാറുണ്ട്. അതിലും ഈ ഷോ വ്യത്യസ്തമാകുന്നു. ‘ഞങ്ങള്‍ ഈ കുട്ടികളെ പ്രേക്ഷകരുടെ ഇടയിലേക്ക് തരുന്നു’ എന്നാണു എലിമിനേഷന് ഇവര്‍ പറയുന്നത്. ആദ്യ സീസണിലെ കുഞ്ഞുവാവയായ ഐഷു എന്ന ഐശ്വര്യ എലിമിനേറ്റ് ആയപ്പോള്‍ ആരാണ് എലിമിനേറ്റ് ചെയ്യപ്പെട്ടത് എന്ന് പറയാതെ അവതാരകന്‍ ആ കുട്ടിയെ എടുത്തു ‘we will miss you Aishu’ എന്ന് പറയുകയും എപ്പിസോഡ് അവസാനിക്കുകയും ചെയ്തു. ഓരോ എലിമിനേഷനും അത്രയേ അവര്‍ പ്രാധാന്യം നല്‍കിയിട്ടൂള്ളു. ഒരു ഷോയില്‍ പങ്കെടുക്കുക എന്നതല്ല ജീവിതത്തിന്റെ അവസാനം എന്നും അതിലെ തോല്‍വി അല്ല ഒരാളുടെയും ഭാവി നിര്‍ണയിക്കുന്നതെന്നും ഒന്ന് കൂടി ഓര്‍മ്മിപ്പികുകയാണ് ഇവിടെ.
ഒരു പരിശീലനത്തിനിടെ മുറിവ് പറ്റിയ നര്‍ത്തകനോട് ആവിശ്യമായ സുരക്ഷാക്രമീകരണം പരിശീലന സമയത്തും, വേണമെങ്കില്‍ അവതരണ സമയത്തും ഉപയോഗിക്കണം എന്നും, ഒന്നോ രണ്ടോ മാര്‍ക്കിനുവേണ്ടി ജീവന്‍ പണയം വയ്ക്കരുത് എന്നും വിധികര്‍ത്താക്കള്‍ ഓര്‍മിപ്പിക്കുന്നു. മറ്റുള്ളവരുടെ നെഞ്ച് പിടക്കുന്ന അഭ്യാസമുറയ്ക്ക് മുമ്പ് വേണ്ടത്ര പരിശീലനം ആണ് ആവശ്യം എന്നും ഇവര്‍ ഓരോ തവണയും ഓര്‍മിപ്പിക്കുന്നു.
മത്സരാര്‍ത്ഥികള്‍ ഭയഭക്തി ബഹുമാനത്തോടെ കാല് തൊട്ടു വണങ്ങുന്നതും അവരെ ആത്മ നിര്‍വൃതിയോടെ അനുഗ്രഹിക്കുന്നതും റിയാലിറ്റി ഷോകളിലെ സ്ഥിരം കാഴ്ചയാണ്. അത്തരം ക്ലീഷേ കാര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട് ഈ ഷോയില്‍ എന്നതും ശ്രദ്ധേയമാണ്. ഒരു കച്ചവട പരിപാടിയുടെ എല്ലാ ഘടകങ്ങളും ഉണ്ടെങ്കിലും അല്‍പം സാമൂഹിക ബോധവും തുറന്ന സമീപനവും ഉള്ള ഒരു സംഘത്തിന്റെ കൂടെ കൂട്ടാന്‍ സാധിച്ചു എന്നതിലാണ് യമുന എന്ന ബുദ്ധിമതിയായ സംവിധായികയുടെ കഴിവ് ദൃശ്യമാകുന്നത്.
എന്റെ പ്രിയപ്പെട്ട രണ്ടു മത്സരാര്‍ത്ഥികളെ കുറിച്ച് കൂടി പറയട്ടെ. റംസാന്‍ എന്ന ഒരു പരിപൂര്‍ണ നര്‍ത്തകനെക്കുറിച്ചാവട്ടെ ആദ്യം പറയുന്നത്. മഞ്ച് ഡാന്‍സ് ഡാന്‍സ്, ജൂനിയര്‍ ഡാന്‍സ് എന്നീ റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്ന റംസാന്‍ ഇപ്പോള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആണ്. ഡി ഫോര്‍ ഡാന്‍സ് സീസണ്‍ ഒന്നിലെ വിജയി കൂടിയാണ് ഈ നര്‍ത്തകന്‍. ഒരു പരിപൂര്‍ണ നര്‍ത്തകന്റെ ചടുലതയും ലയവും താളവും ഓരോ പേശിയിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഒരു പതിനാലുകാരനേക്കാള്‍ ഏറെ പക്വമായ ചലനങ്ങള്‍. കൃത്യമായി വേണ്ടത് മാത്രം. ഒട്ടും കൂടുതല്‍ ഇല്ല, കുറവും. അതേ പോലെ ആഷിക് എന്ന മറ്റൊരു മത്സരാര്‍ത്ഥി. എംബിബിഎസ് കഴിഞ്ഞു എം ഡിക്കായി പ്രവേശനപരീക്ഷ എഴുതിയിരിക്കുകയാണ് കക്ഷി. അദ്ദേഹം ഒരു ഗുരുവിന്റെയും കീഴില്‍ നൃത്തം അഭ്യസിച്ചിട്ടില്ല. കോളേജ് പരിപാടികളില്‍ നൃത്തം ചെയ്തു അതിനോടുള്ള അഭിനിവേശം ആണ് അഷിക്കിനെ ഡി ഫോര്‍ ഡാന്‍സില്‍ എത്തിച്ചത്. സിനിമ രംഗത്തെ രണ്ടു പ്രമുഖ നടന്മാരായ മോഹന്‍ലാലിനെയും മമ്മുട്ടിയെയും കുറിച്ചും ഇവരുടെ അഭിനയശൈലിയെ കുറിച്ചും പറയുമ്പോള്‍ ഒരാള്‍ ബോണ്‍ ആക്ടര്‍ ആണെന്നും മറ്റെയാള്‍ സ്വയം പരിഷ്‌കരിച്ചു ഒരു നടന്‍ ആയതാണെന്നും പറയാറുണ്ട്. റംസാനെ ഇതിലെ ആദ്യ ഉപമയുമായും, ആഷിക്കിനെ രണ്ടാം ഉപമയുമായും ബന്ധപ്പെടുത്താം. ഓരോ എപ്പിസോഡിലും സ്വന്തം നൃത്തത്തെ പരിഷ്‌കരിച്ചു, പുതിയ പരീക്ഷണങ്ങള്‍ നടത്തി ആണ് ആഷിക് ആദ്യ സീസണിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. നൃത്തത്തിനു വേണ്ടി എന്ത് പരീക്ഷണവും ഇവര്‍ നടത്തുന്നു.
ഇതൊരു ഉത്തമ പരിപാടി ആണെന്നോ പോരായ്മകള്‍ക്ക് അതീതമെന്നോ പറയുന്നില്ല. ഒരുപാട് വിമര്‍ശനങ്ങള്‍ പറയാനുണ്ട്. പക്ഷെ ഇന്ന് നിലവില്‍ നമുക്കുള്ള നൃത്ത റിയാലിറ്റി ഷോകളില്‍ ഡി ഫോര്‍ ഡാന്‍സ് ഒരു വേറിട്ട അനുഭവമാണ് എന്ന് പറയാതെ വയ്യ.
പിന്‍ കുറിപ്പ്: എന്റെ ഓഫീസിലെ മലയാളം അറിയാതെ രണ്ടു സുഹൃത്തുക്കള്‍ കൂടി ഇപ്പോള്‍ ഇതിന്റെ ആരാധകരാണ്. എന്നെക്കൊണ്ട് ഇത്രയൊക്കയേ സാധിച്ചുള്ളൂ.