UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

അവന്തി: ആദ്യത്തെ ‘ട്രൂലി ഇന്റര്‍നാഷണല്‍’ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് കാര്‍

മലയാളിക്ക് ഒരു സ്വഭാവമുണ്ട് എന്തുകണ്ടാലും ‘ഓ, ഇതൊക്കെ എന്ത്!’ എന്നൊരു മട്ട്. ഏറ്റവും ഇഷ്ടപ്പെട്ട സിനിമാതാരത്തെ കണ്ടാലും മിക്ക മലയാളികളും ഒന്ന് ഇടം കണ്ണിട്ട് നോക്കിയിട്ട് കണ്ടില്ലെന്നു നടിച്ച് നടന്നുപോകും. മലബാര്‍ ഭാഗത്തുള്ളവര്‍ കുറേ കൂടി നിഷ്‌കളങ്കരാണ്. അവര്‍ പല കാര്യത്തിലും കുറേക്കൂടി ‘എക്‌സ്പ്രസ്സീവ്’ ആണ്. ‘ഇതൊക്കെ എന്ത്!’ എന്ന മട്ട് ഏറ്റവുമധികമുള്ളത് എന്റെ സ്വദേശമായ കോട്ടയത്തെ ജനങ്ങള്‍ക്കാണ്. എറണാകുളത്തുകാരും മോശമല്ല.

അങ്ങനെയുള്ള മലയാളികളുടെ ഈഗോ തകര്‍ന്ന് തരിപ്പണമായിപ്പോയ കാഴ്ചയാണ് ഓഗസ്റ്റ് ഒന്നിന് കാണാന്‍ കഴിഞ്ഞത്. രാവിലെ ഏഴ് മണിക്ക് എറണാകുളത്ത് മരടിലെ ‘കളര്‍ഗ്ലോ’ എന്ന ഓട്ടോമോട്ടീവ് കസ്റ്റമേഷന്‍ റിസ്റ്റോറേഷന്‍ സ്ഥാപനത്തില്‍ നിന്ന് ഓറഞ്ച് നിറമുള്ള ഒരു കാര്‍ പുറത്തിറങ്ങിയതു മുതല്‍ വൈകീട്ട് 5.30ന് തിരിച്ചു കൊടുക്കുന്നതുവരെ നൂറു കണക്കിന് മലയാളികള്‍ കൈമെയ് മറന്ന് കാറിന്റെ പിന്നാലെ കൂടി. ഓടുമ്പോഴും നിര്‍ത്തുമ്പോഴുമെല്ലാം നൂറായിരം പേര്‍ ചുറ്റും കൂടി. നൂറായിരം മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ ആ വാഹനം പതിഞ്ഞു. അങ്ങനെ, മലയാളികളെ സാഷ്ടാംഗം പ്രണമിച്ച ആ വാഹനത്തിന്റെ പേരാണ് ഡി സി അവന്തി.

ഡി സി അവന്തി
ദിലീപ് ഛാബ്രിയ അഥവാ ഡി സി എന്ന പ്രശസ്ത വാഹന ഡിസൈനര്‍ നിര്‍മ്മിച്ച് പുറത്തിറക്കിയ രണ്ട് സീറ്റര്‍ സ്‌പോര്‍ട്‌സ് കാറാണ് അവന്തി. ഇത്രയും കാലം ഡി സി ചെയ്തുകൊണ്ടിരുന്നത് മറ്റുവാഹനങ്ങളുടെ മോഡിഫിക്കേഷനാണ്. എന്നാല്‍ അവന്തി, ഡി സിയുടെ സ്വന്തം സന്തതിയാണ്. 1998-ല്‍ പുറത്തിറങ്ങിയ സാന്‍സ്റ്റോം എന്ന മോഡലിനു ശേഷം വിപണിയിലെത്തുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് കാര്‍ എന്ന പദവിയും അവന്തിക്ക് സ്വന്തം. 1992ലും 94ലും ഡല്‍ഹി ഓട്ടോ എക്‌സ്‌പോകളില്‍ അവന്തി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. അതില്‍ നിന്ന് ഏറെ മാറ്റമില്ലാതെയാണ് പ്രൊഡക്ഷന്‍ കാറും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ പ്രദീപ് ദാമോദറാണ് ഈ അവന്തിയുടെ ഉടമ.

കാഴ്ച
ഒരു തികഞ്ഞ സൂപ്പര്‍ കാറിന്റെ രൂപഭാവങ്ങളാണ് ഡി സി അവന്തിക്കുള്ളത്. നിലം തൊട്ടുകിടക്കുന്ന രൂപം. എന്റെ മുട്ടൊപ്പമേ വാഹനത്തിന്റെ ഉയരമുള്ളു. ലംബോര്‍ഗ്‌നി ഗലാര്‍ഡോയെ ഓര്‍മ്മിപ്പിക്കുന്ന രൂപം. വശങ്ങളിലേക്ക് തള്ളി നില്‍ക്കുന്ന, നീളം കുറഞ്ഞ ബോണറ്റ്. അതിന്മേല്‍ എയര്‍ സ്‌കൂപ്പ്. മൂന്ന് ഭാഗങ്ങളായി ഹെഡ്‌ലാമ്പ്. ഗ്രില്‍ ഇല്ല. വലിയ എയര്‍ഡാമില്‍ ഹണികോമ്പ് ഡിസൈന്‍. ഹെഡ്‌ലാമ്പിനു താഴെയും ഹണികോമ്പ് സിസൈനുണ്ട്. ലോവര്‍ലിപ് ഉള്‍പ്പെടെ സ്‌പോര്‍ട്‌സ് കാറിനു വേണ്ട ഡിസൈന്‍ തന്ത്രങ്ങളെല്ലാം ബോണറ്റിലുണ്ട്.

20 ഇഞ്ച് പിരെലി ടയറുകള്‍ ചുറ്റിക്കിടക്കുന്നത് തകര്‍പ്പന്‍ അലോയ്‌വീലില്‍. വലിയ വീല്‍ ആര്‍ച്ചുകളുടെ മസില്‍ പവര്‍ പിന്നറ്റം വരെ നീളുന്നു. മേല്‍ഭാഗത്ത് ബ്ലാക്ക് ഫിനിഷാണ്. ഡോറിനു പിന്നിലേക്ക് നീണ്ടുകിടക്കുകയാണ് അവന്തി. അതായത്, ബോണറ്റിനെക്കാള്‍ നീളം ബൂട്ട് ലിഡിനുണ്ടെന്നര്‍ത്ഥം. ബൂട്ട്‌ലിഡില്‍ ഗ്ലാസ് ഏരിയയിലൂടെ നോക്കിയാല്‍ എഞ്ചിന്‍ കാണാം. മിഡ് എഞ്ചിന്‍ മോഡലാണിത്.

ടെയില്‍ ലാമ്പുകള്‍ വളരെ ചെറുതാണ്. പിന്നിലും വലിയ എയര്‍ഡാമുണ്ട്. ദീര്‍ഘചതുരാകൃതിയിലുള്ള ക്രോമിയം എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ കൂടിയാകുമ്പോള്‍ ഡിസൈന്‍ പൂര്‍ണ്ണമാകുന്നു. ഡിസൈനിന്റെ കാര്യത്തില്‍ 95 മാര്‍ക്ക് കൊടുക്കാം ദിലീപ് ഛാബ്രിയയ്ക്ക്.

ഉള്ളില്‍
കറുത്ത ഇന്റീരിയര്‍ ഒരു സ്‌പോര്‍ട്‌സ് കാറിനു ചേരുന്നതു തന്നെ. താഴ്ന്ന സീറ്റിങ്ങ് പൊസിഷനാണ്. കയറാനും ഇറങ്ങാനും ആരോഗ്യവാന്മാര്‍ക്കേ സാധിക്കൂ. എന്നാല്‍ സീറ്റുകള്‍ ഒന്നാന്തരമാണ്. ഇരുന്ന് ‘സെറ്റ്’ ആയാല്‍ ആയാസരഹിതമായി അവന്തിയെ ഓടിച്ചു രസിക്കാം. എയര്‍ബാഗുകളോ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോ അവന്തിക്കില്ല. സ്റ്റിയറിംഗ്‌വീലില്‍ ഓഡിയോ കണ്‍ട്രോള്‍ പോലുള്ള കാര്യങ്ങളുമില്ല. പയനിയറിന്റെ ഇന്‍ഫോ ടെയ്ല്‍മെന്റ് സിസ്റ്റവും ഒന്നാന്തരം. ഒരു എ സിയും പവര്‍വിന്‍ഡോകളും പവര്‍ സ്റ്റിയറിംഗുമാണ് അവന്തിയുടെ ആഡംബരങ്ങള്‍. സീറ്റിന്റെ പിന്നില്‍ ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാം. റിവേഴ്‌സ് ക്യാമറയുണ്ട്. മീറ്റര്‍ കണ്‍സോള്‍ അത്യാധുനികമൊന്നുമല്ല. ഉള്‍ഭാഗം ആഢംബരസമൃദ്ധമല്ലെങ്കിലും ഒരു തികഞ്ഞ സ്‌പോര്‍ട്‌സ് കാറിന്റെ ‘ഫീല്‍’ നല്‍കുന്നുണ്ട്.

എഞ്ചിന്‍, ഹാന്‍ഡ്‌ലിങ്ങ്
2 ലിറ്റര്‍, 4 സിലിണ്ടര്‍, 248 ബി എച്ച് പി പെട്രോള്‍ എഞ്ചിന്‍ ഫ്രഞ്ച് കമ്പനിയായ റെനോയില്‍ നിന്ന് കടം കൊണ്ടതാണ്. ഈ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ സ്‌പോര്‍ട്‌സ് കാറിന്റെ ഹുങ്കാരശബ്ദമൊന്നും പുറപ്പെടുവിക്കുന്നില്ല. 100 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ 7.5 സെക്കന്റ് മതി. 366 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്ക് 3500 ആര്‍ പി എമ്മില്‍തന്നെ ലഭിക്കുന്നു. ഒരു ലാഗും അറിയിക്കാത്ത എഞ്ചിനാണിത്. കാറിന്റെ ഭാരം 1560 കി.ഗ്രാം. മാത്രമായതിനാല്‍ പെര്‍ഫോമന്‍സില്‍ ഒരു കോംപ്രമൈസുമില്ല. 20 ഇഞ്ച് ടയറുകളും 170 മി മീ ഗ്രൗണ്ട് ക്ലിയറന്‍സും ഉള്ളതുകൊണ്ട് ഏതുവഴിയിലും ധൈര്യമായി ഈ സ്‌പോര്‍ട്‌സ് കാറിനെ ഓടിച്ചു കയറ്റാം. 330 മി മീ ഡിസ്‌ക് ബ്രേക്കുകളും എ പിയുടെ റേസിങ് കാലിപ്പറുകളും സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍