UPDATES

ട്രെന്‍ഡിങ്ങ്

ഡി രാജയുടെ നിയമനം; ‘ദത്തുപുത്രന്മാര്‍’ നയിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ തിരുത്താകുമോ?

സുധാകര്‍ റെഡ്ഡിയുടെ ഒഴിവിലേക്കാണ് രാജ നിയമിക്കപ്പെടുന്നത്.

ഡി രാജയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനമെടുത്തുവെന്ന് വാര്‍ത്ത. സിപിഐയുടെ ദേശീയ നിര്‍വാഹക സമിതി രാജയെ നേതൃപദവിയിലേക്ക് നിയമിക്കാന്‍ തീരുമാനിച്ചു. ദേശീയ കൗണ്‍സില്‍ നിയമനം അംഗീകരിക്കുന്നതോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടുത്ത ജനറല്‍ സെക്രട്ടറിയായി രാജ മാറും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ പലതുകൊണ്ടും നിര്‍ണായകമാണ് രാജയുടെ തെരഞ്ഞെടുപ്പ്.

ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ ഡോ. അംബേദ്ക്കറെ കുറിച്ച് കുടുതലായി എഴുതുകയും പറയുകയും ചെയ്ത നേതാക്കളിലൊരാള്‍ ഡി രാജ ആയിരിക്കും. ദി ഹിന്ദു ഉള്‍പ്പെടെയുള്ള പത്രങ്ങളിലും മാര്‍ക്‌സ് ആന്റ് അംബേദ്ക്കര്‍ കണ്ടിന്യൂയിംങ് ദി ഡയലോഗ് തുടങ്ങിയ പുസ്തകങ്ങളിലും അദ്ദേഹം അംബേദ്ക്കര്‍ ഉയര്‍ത്തിയ സാമൂഹ്യനീതിയെക്കുറിച്ചുള്ള വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നു. മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അംബേദ്ക്കറെയും അദ്ദേഹം ഉയര്‍ത്തിയ ജാതിവിരുദ്ധ സമീപനങ്ങളെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുവെന്ന് തോന്നിപ്പിക്കാറുണ്ടെങ്കിലും ഗൗരവമായ ചര്‍ച്ചകള്‍ നടത്തിയതായി കാണാറില്ല. വോട്ട് രാഷ്ട്രീയത്തിന്റെ സാധാരണതത്വത്തില്‍ അത്തരം അന്വേഷണങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടാത്തതുമാവാം. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ട, ദേശീയ പാര്‍ട്ടി പദവിക്ക് പാരമ്പര്യം മാനദണ്ഡമാക്കണമെന്ന് പറയുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരു വരുന്നുവെന്നത് സാധാരണ ഗതിയില്‍ വലിയ വിഷയമാകേണ്ടതില്ല. എന്നാല്‍ ഡി രാജ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആകുന്നുവെന്നത് പ്രസക്തമാക്കുന്ന കാര്യമുണ്ട്. ആദ്യമായി ദളിത് വിഭാഗത്തില്‍പ്പെട്ട ആള്‍ ജനറല്‍ സെക്രട്ടറിയാകുന്നുവെന്നത് കൊണ്ടാണത്. ‘ദത്തുപുത്രന്മാരല്ലാത്ത’  അടിസ്ഥാന വിഭാഗത്തില്‍പ്പെട്ട ഒരാളെ പാര്‍ട്ടി നയിക്കാന്‍ സിപിഐ കണ്ടെത്തിയിരിക്കുന്നുവെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം നോക്കുമ്പോള്‍ ചെറിയ കാര്യമല്ല.

എസ് എ ഡാങ്കേയുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ദത്തുപുത്രന്മാര്‍ എടുത്ത യാന്ത്രിക സമീപനം ഇന്ത്യയിലെ ഏറ്റവും അടിസ്ഥാന വിഭാഗത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍നിന്നകറ്റി. ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ശത്രുക്കളിലൊരാള്‍ ഡോ. അംബേദ്ക്കര്‍ കൂടിയായിരുന്നു. അംബേദ്ക്കര്‍ രൂപികരിച്ച ഷെഡ്യൂള്‍ കാസ്റ്റ് ഫെഡറേഷനെ ഒരു വിഭാഗീയ പ്രസ്ഥാനമായിട്ടായിരുന്നു സിപിഐ കണ്ടത്. 1952 ല്‍ സിപിഐ അംഗീകരിച്ച പ്രമേയത്തില്‍ അംബേദ്ക്കറെ വിഭാഗീയത സൃഷ്ടിക്കുന്ന നേതാവായാണ് വിശേഷിപ്പിച്ചത്. ‘സാമ്പത്തികമായും സാമൂഹ്യമായും ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വിഭാഗത്തിന്റെ സാമൂഹ്യ സമത്വത്തിനുവേണ്ടിയുള്ള ശ്രമങ്ങളെ വക്രീകരിക്കാനും അരാജകമായ മാനം നല്‍കാനുമാണ് അവരുടെ സാമ്രാജ്വത്വ അനുകൂലിയും അവസരവാദിയുമായ നേതാവായ ഡോ. അംബേദ്ക്കര്‍ ശ്രമിക്കുന്നതെന്നായിരുന്നു’ അന്നത്തെ പ്രമേയത്തില്‍ പറഞ്ഞത്.

ബോംബെയിലെ മില്ലുകളില്‍ നെയ്ത് വിഭാഗത്തില്‍നിന്ന് ദളിത് വിഭാഗത്തെ മാറ്റി നിര്‍ത്തിയതിനെതിരായ സമരത്തില്‍ പങ്കാളികളാവണമെന്ന അംബേദ്ക്കറിന്റെ ആവശ്യത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിഷേധാത്മക സമീപനമായിരുന്നു സ്വീകരിച്ചത്. തുപ്പല്‍ ഉപയോഗിക്കേണ്ടിവരുമെന്നതുകൊണ്ടാണ് ആ തൊഴില്‍ മേഖലയില്‍നിന്ന് ദളിതരെ മാറ്റി നിര്‍ത്തിയത്. ദളിതരുടെ തുപ്പല്‍ നൂലില്‍ പെട്ടാല്‍ അശുദ്ധമാക്കപ്പെടുമെന്നതായിരുന്നു ഇതിന് കാരണമായി മില്ല് ഉടമകള്‍ പറഞ്ഞത്. ജാതിവിവേചനത്തിന്റെ ഈ ക്രൂരമായ പ്രയോഗത്തെയും ഉള്‍ക്കൊള്ളാന്‍ തൊഴിലാളികളെ സംബന്ധിച്ചുള്ള യാന്ത്രികവും ഫലത്തില്‍ ബ്രാഹ്മണിക്കല്‍ അനുകൂലവുമായ സമീപനം പുലര്‍ത്തിയ അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അവര്‍ അംബേദ്ക്കറെ പരിഷ്‌ക്കരണവാദിയും സാമ്രാജ്യത്വത്തിന്റെ ദാസനുമായും വിലയിരുത്തി.

എന്നാല്‍ രാഷ്ട്രീയ ബോധ്യം കാലത്തില്‍ തളം കെട്ടി നില്‍ക്കുന്നതല്ല, എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സമീപനങ്ങളില്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പല മാറ്റവും വരുത്തി. അംബേദക്കറൈറ്റ് പ്രസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ വര്‍ധിച്ച സ്വാധീനവും അവരെ മാറ്റി ചിന്തിപ്പിച്ചു. ദളിത് സംഘടനകളുമായി ചേര്‍ന്ന് പലയിടങ്ങളിലും പ്രക്ഷോഭങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പങ്കാളികളായി. അംബേദ്ക്കറുടെ രചനകളെ സംബന്ധിച്ച് പുതിയ പഠനങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റുകാര്‍ തുടക്കം കുറിച്ചു. അംബേദ്ക്കര്‍ മാര്‍ക്‌സിസവുമായി ബന്ധപ്പെട്ട് അവസാനകാലത്ത് നടത്തിയ എഴുത്തുകള്‍ ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ലെഫ്റ്റ് വേഡ് ബുക്‌സാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും മുതലാളിത്ത പ്രയോഗങ്ങളെക്കുറിച്ചും തൊഴിലാളികളുടെ സാമുഹിക സ്വത്വത്തെയും കുറിച്ചുള്ള ധാരണകളില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടായതുമില്ല. അത് സംബന്ധിച്ച അന്വേഷണങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് കാര്യമായി നടത്തുന്നുണ്ടെങ്കിലും.ഇങ്ങനെ യാന്ത്രികതയില്‍ തളച്ചിട്ടപ്പെട്ടതുകൊണ്ടുകൂടിയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃതലത്തില്‍ അടിസ്ഥാന വിഭാഗത്തില്‍നിന്നുള്ളവര്‍ എത്താതിരുന്നതിന്റെ കാരണമായി പറയുന്നത്. ഇവിടെയാണ് ഡി രാജയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ചരിത്രത്തിലെ ഒരു തെറ്റു തിരുത്തല്‍ ആകുന്നത്. നേതൃപദവിയിലെത്തുന്നതുകൊണ്ട് മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജാതി പ്രശ്‌നത്തിന്റെ സങ്കീർണത മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് പറയാന്‍ കഴിയില്ല. എങ്കിലും ഇതൊരു നിര്‍ണായകമായ മാറ്റമാണ്.

‘ഞാന്‍ ഇതുവരെ നിരാഹാര സമരം നടത്തിയിട്ടില്ല, എന്നാല്‍ എനിക്ക് പട്ടിണി എന്താണെന്നറിയാം’; തന്റെ ജീവിതത്തെ കുറിച്ച് ഡി രാജ ഈ അടുത്തകാലത്ത് പറഞ്ഞതാണ് ഇത്. ഈ അടിസ്ഥാനപരമായ അനുഭവങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതകപ്പെട്ട ദുരവസ്ഥയില്‍നിന്ന് മറികടക്കാന്‍ സഹായകരമാകുമോ എന്നത് മറ്റൊരു കാര്യം.

Read More: ആറു മാസം പോലും ഓടില്ല എന്ന് വിധി എഴുതി; ‘അടുക്കളയില്‍ നിന്നും പിടിച്ചു കൊണ്ടുവന്ന കുട്ടികളെ’ വെച്ച് നിരത്തിലിറങ്ങിയ തൃശൂരിലെ വനിത ബസ്സിന് 20 വയസ്

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍