UPDATES

എഡിറ്റര്‍

ദയാവധത്തിന്റെ വക്കില്‍ നിന്നും ജ്ഞാന സായി തിരികെ വരുന്നു; അച്ഛന്റെ കരളുമായി

Avatar

സ്വന്തം മാതാപിതാക്കള്‍  തന്നെ ഒരു തവണ ദയാവധത്തിന് അപേക്ഷിച്ച 11 മാസം പ്രായമുള്ള  ജ്ഞാന സായ് എന്ന പെണ്‍ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വരുന്നു.  അച്ഛന്‍ കരള്‍ പകുത്ത് നല്‍കിയാണ് അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നത്.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ആണ് ജ്ഞാന സായ്യുടെ സ്വദേശം. അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ചുതന്നെ അവള്‍ക്ക്  കരള്‍ രോഗം ഉണ്ടെന്നു തിരിച്ചറിഞ്ഞിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ ജെ രമണപ്പയും ഭാര്യ സരസ്വതിയും തങ്ങളുടെ കുട്ടിയുടെ വിഷമാവസ്ഥ സഹിക്കവയ്യാതെ ദയാവധത്തിനനുമതി തേടി ചിറ്റൂര്‍ കോടതിയെ സമീപിച്ചിരുന്നു.

“അവള്‍ ഇപ്പോഴും കരഞ്ഞുകൊണ്ടേയിരിക്കും അവളുടെ ചര്‍മത്തിലും പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു, എപ്പോള്‍ ഭക്ഷണം നല്‍കിയാലും അതെല്ലാം ഉടനടി വിസര്‍ജിക്കുമായിരുന്നു” അമ്മ സരസ്വതി പറയുന്നു.

മകളുടെ ചികിത്സാ ചെലവ് തങ്ങളെ കൊണ്ട് താങ്ങില്ല എന്നും സഹായം നല്‍കണം എന്നും പറഞ്ഞു പത്രങ്ങളിലും ഇവര്‍ പരസ്യം നല്‍കിയിരുന്നു. ചില സുമനസ്സുകള്‍ 10000 രൂപ വരെ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും കുട്ടിയ്ക്ക് ചികിത്സക്കായി തികയില്ലാരുന്നു. മൈസൂരുള്ള  ഒരു മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രിയില്‍ കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ 50 ലക്ഷം രൂപയാണ് ചോദിച്ചത്. ഇത് താങ്ങാനുള്ള ശേഷി ഈ കുടുംബത്തിന് ഇല്ലായിരുന്നു.

തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നത്. അവിടെ നിന്നാണ് ജ്ഞാന സായിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് വേദിയൊരുങ്ങുന്നത്. സ്വന്തം കുഞ്ഞിന്‍റെ ദയാവധത്തിന് കോടതിയെ സമീപിച്ച രക്ഷിതാക്കളുടെ ദയനീയാവസ്ഥ വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു വിഷയത്തില്‍ നേരിട്ടിടപെടുകയും ചികിത്സയ്ക്കുള്ള മുഴുവന്‍ ചിലവും സര്‍ക്കാരില്‍ നിന്നും നല്‍കുകയും ചെയ്തു. ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രി സങ്കീര്‍ണമായ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ ഏറ്റെടുത്തു.

കരളിന് വേണ്ടി നെട്ടോട്ടം ഓടാന്‍ സമയം ലഭിക്കില്ല എന്ന ബോധ്യം ഉണ്ടായിരുന്ന  ഡോക്ടര്‍മാര്‍ അച്ഛന്‍റെ കരള്‍ തന്നെ പകുത്തു വെക്കുന്നതാകും ഉചിതമെന്ന് അറിയിച്ചു. അങ്ങനെ  രമണപ്പ തന്‍റെ കരള്‍ പകുത്ത് നല്‍കാന്‍ സമ്മതിച്ചു.

കുട്ടി ആരോഗ്യ നില വീണ്ടെടുത്തതായും അടുത്ത് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

 http://goo.gl/ZKaU8V

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍