UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഹിപ് ഹോപ് മ്യൂസിക് പിറക്കുന്നു, ദാദ്ര-നാഗര്‍ ഹവേലി ഇന്ത്യയുടെ ഭാഗമാകുന്നു

Avatar

1973 ആഗസ്ത് 11
കൂള്‍ ഹെര്‍ക് ഹിപ് ഹോപ് മ്യൂസിക് അവതരിപ്പിക്കുന്നു


1973 ആഗസ്റ്റ് 11 ല്‍ ന്യുയോര്‍ക്കിലെ വെസ്റ്റ് ബ്രോങ്ക്‌സിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന പിറന്നാള്‍ ആഘോഷം സംഗീതലോകത്തിന് ഒരു പുതുമ സമ്മാനിക്കുകയായിരുന്നു. തന്റെ സഹോദിയുടെ പിറന്നാള്‍ ആഘോഷത്തിന് ചുക്കാന്‍ പിടിച്ച ഡി ജെ കൂള്‍ ഹെര്‍ക് എന്ന ക്ലിന്‍ കാംപെല്‍ അന്ന് അവതരിപ്പിച്ച പുതുമയാര്‍ന്ന സംഗീതരൂപമാണ് ലോകം പിന്നീട് ഹിപ് ഹോപ് മ്യൂസിക് എന്ന പേരില്‍ നെഞ്ചേറ്റിയത്. റാപ് മ്യൂസിക്കിനെ അടിസ്ഥാനമാക്കിയാണ് കൂള്‍ ഹെര്‍ക് അന്ന് ഹിപ് ഹോപ് എന്നൊരു നവ്യാനുഭവം സംഗീതത്തില്‍ പരീക്ഷിച്ചത്. സംഗീതത്തിന്റെ മറ്റ് രൂപങ്ങളില്‍ നിന്ന് കടംകൊണ്ട് കൂള്‍ ഹെര്‍ക് അവതരിപ്പിച്ച ഹിപ്‌ഹോപ് വളരെവേഗം തന്നെ യുവതയെ ആ സംഗീതരൂപത്തിന്റെ അടിമകളാക്കി. ഹിപ്‌ഹോപ് മ്യൂസിക്കിന്റെ സൃഷ്ടാവായി ജമൈക്കക്കാരനായ കൂള്‍ ഹെര്‍ക്കിനെയാണ് നിസ്സംശയമായി ലോകം അംഗീകരിച്ചിരിക്കുന്നതും.

പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ നൃത്തം ചെയ്യുന്നതിനായി റെക്കോര്‍ഡിന്റെ ചില ഭാഗങ്ങള്‍ വരാനായി കാത്തുനില്‍ക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് ഹിപ് ഹോപ്പിന്റെ പിറവിയിലേക്ക് നയിച്ചതിന് ഒരു കാരണമായി കൂള്‍ ഹെര്‍ക് പറയുന്നത്. ഇത് തന്നെ രണ്ട് ടേണ്‍ടേബിള്‍സ് ഉപയോഗിക്കാനും, വളരെ വേഗത്തില്‍ ഒരു പാട്ടിന്റെ ഡിസ്‌ക് അടുത്ത ടേണ്‍ടേബിളിലേക്ക് മാറ്റിയിടാനും പ്രരിപ്പിച്ചു. ഇങ്ങിനെ ചെയ്യുമ്പോള്‍ ആ പാട്ടിന്റെ വരികളും ബീറ്റ്‌സും വീണ്ടും ആവര്‍ത്തിച്ചുകേള്‍ക്കാന്‍ വളരെ ചെറിയൊരു സമയമേ എടുക്കൂ. ഝടുതിയില്‍ മാറിമാറിവരുന്ന ബീറ്റ്‌സ് അതോടെ പാര്‍ട്ടികളെ വന്യമായൊരു മൂഡിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങി. ബ്രേക് ബീറ്റ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ സ്റ്റൈലിന് കൂള്‍ ഹെര്‍ക് അന്ന് കൊടുത്ത പേര് മെറി ഗോ-റൗണ്ട് എന്നായിരുന്നു. ലോകത്തിന് ഇന്ന് വളരെ പരിചിതമായൊരു പദമാണ് ഹിപ് ഹോപ്.

1961 ആഗസ്ത് 11
ദാദ്ര, നാഗര്‍ ഹവേലി ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുന്നു

1950 കളുടെ അവസാനത്തോടെയാണ് ഇന്ത്യന്‍ മണ്ണിലെ പോര്‍ച്ചുഗീസ് അധിനിവേശത്തിന് അവസാനം കുറിക്കപ്പെടുന്നത്. 1961 ആഗസ്ത് 11 ന് പോര്‍ച്ചുഗീസിന്റെ കീഴിലായിരുന്ന ദാദ്രയും നാഗര്‍ ഹവേലിയും ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി ചേര്‍ക്കപ്പെട്ടു.

ഗുജാറത്തിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തികള്‍ പങ്കിടുന്ന പടിഞ്ഞാറന്‍ തീര പ്രദേശത്തിന്റെ ഭരണനിയന്ത്രണം 1783 ജൂണ്‍ 10 മുതല്‍ പോര്‍ച്ചുഗീസുകാര്‍ക്കായിരുന്നു. മറാത്ത രാജവംശത്തിനു കീഴിലായിരുന്ന ഈ പ്രദേശങ്ങള്‍ അവര്‍ സൗഹൃദ ഉടമ്പടിയിലൂടെയാണ് പോര്‍ച്ചുഗീസുകാര്‍ക്ക് ഭരണച്ചുമതല കൈമാറിയത്. മുഗളന്മാര്‍, രജപുത്രര്‍, ഇംഗ്ലീഷുകാര്‍ എന്നിവരില്‍ നിന്ന് സംരക്ഷണം ആയിരുന്നു ഉടമ്പടിയുടെ അടിസ്ഥാനം.

1785 ല്‍ പോര്‍ച്ചുഗീസുകാര്‍ ദാദ്ര പൂര്‍ണമായി തങ്ങളുടെ ആധീനതയിലാക്കി. ഈ ചെറുപ്രദേശം യഥാര്‍ത്ഥത്തില്‍ കോലി വംശത്തിന്റെതായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഇത് മറാത്തരാജവംശം തങ്ങളുടെ കീഴിലാക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തിന് ശേഷം 1954 ല്‍ ആണ് പോര്‍ച്ചുഗീസുകാര്‍ ദാദ്രയില്‍ നിന്നും നാഗര്‍ ഹവേലിയില്‍ നിന്നും പിന്‍വാങ്ങുന്നതും പിന്നീട് ഈ പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാകുന്നതും.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍