UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദാദ്രി: മോദിയുടെ വികസിത ഇന്ത്യ ഇല്ലാതാകുന്ന വിധം

Avatar

ടോം ലാസെറ്റര്‍, ബിഭുദത്ത പ്രധാന്‍
(ബ്ലൂംബര്‍ഗ്)

ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തിയേക്കാവുന്ന ഇരട്ടശക്തികളെ ന്യൂഡല്‍ഹിക്കു കിഴക്കുള്ള പഴയ ഹൈവേ 91-ലെ പൊടിനിറഞ്ഞ വഴിത്തിരിവില്‍ കാണാം.

നേരെ മുന്നില്‍ ദാദ്രി പട്ടണമാണ്. ഇന്ത്യയെ ഏഷ്യയിലെ സാമ്പത്തിക സൂപ്പര്‍ പവറാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമാണ് ഇവിടെ പ്രതിഫലിക്കുന്നത്. സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അടിസ്ഥാന വികസനപദ്ധതികള്‍ ഇവിടെയാണ്. രാജ്യത്തെ ഒന്നിച്ചുകൊണ്ടുപോകാന്‍ സംവിധാനം ചെയ്ത ചരക്ക് റയില്‍ പദ്ധതിയുടെ കിഴക്ക്, പടിഞ്ഞാറ് പാതകള്‍ ഇവിടെ സംഗമിക്കുന്നു. 90 ബില്യണ്‍ ഡോളറിന്റെ ഡല്‍ഹി – മുംബൈ സാമ്പത്തിക ഇടനാഴിയുടെ വടക്കേയറ്റവും ഇവിടെയാണ്.

വഴി ഇടത്തേക്കു തിരിഞ്ഞാല്‍ മരങ്ങള്‍ നിറഞ്ഞ ഗ്രാമപാത എത്തുക ബിഷാര ഗ്രാമത്തിലാണ്. സെപ്റ്റംബറില്‍ ഇവിടെ നടന്ന ഒരു സംഭവമാണ് രാജ്യത്തെ ഞെട്ടിച്ചതും ദാദ്രിയെ രാജ്യംമുഴുവന്‍ പരിചിതമാക്കിയതും. രാത്രി വീട്ടിലെത്തിയ ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാക്ക് എന്ന മുസല്‍മാനെ മക്കളുടെ മുന്നില്‍ വടികളും ഇഷ്ടികകളും കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തി. ഹിന്ദുക്കള്‍ വിശുദ്ധമായി കരുതുന്ന പശുവിനെ അഖ്‌ലാക്ക് കൊന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് അയാളെ ആക്രമിക്കാനെത്തിയവരില്‍ അയല്‍ക്കാരും ദീര്‍ഘകാല സുഹൃത്തുക്കളുടെ മക്കളുമുണ്ടായിരുന്നു.

സാമ്പത്തിക പുരോഗതിയും ഹിന്ദു ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും (ഹിന്ദുത്വ) വാഗ്ദാനം ചെയ്താണ് രണ്ടുവര്‍ഷം മുന്‍പ് മോദി അധികാരത്തിലെത്തിയത്. ആദ്യത്തേത് നേടണമെങ്കില്‍ രണ്ടാമത്തേതിന് കടിഞ്ഞാണിട്ടേ തീരൂ. രണ്ടും അത്ര എളുപ്പമല്ല.

‘ഡല്‍ഹിയിലെ അധികാരം സാമ്പത്തിക ആധുനികീകരണത്തിന് ഉപയോഗിക്കാനുതകും വിധം സന്തുലനം പാലിക്കാനാകും എന്നായിരുന്നു മോദിയുടെ പ്രതീക്ഷ. എന്നാല്‍ ഹിന്ദുത്വവാദികളെ എളുപ്പത്തില്‍ ഒഴിവാക്കാനാവില്ലെന്ന് പെട്ടെന്നുതന്നെ മോദിക്കു മനസിലായി,’ വാഷിങ്ടണിലെ കാര്‍നെജി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷനല്‍ പീസിലെ ഇന്ത്യന്‍ രാഷ്ട്രീയ സ്‌പെഷലിസ്റ്റ് മിലന്‍ വൈഷ്ണവ് പറയുന്നു. ‘എങ്കിലും ദേശീയ തലത്തില്‍ സാമ്പത്തിക പരിഗണനകളെ മറികടക്കാന്‍ ഹിന്ദുത്വത്തെ അനുവദിക്കാനാകില്ലെന്ന് മോദിക്കറിയാം.’

വര്‍ഗീയവികാരങ്ങള്‍ ആളിക്കത്തിക്കുന്ന പ്രസംഗങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ ഭയം വളര്‍ത്തുമ്പോള്‍ റോഡ് വികസനം, പുതിയ തുറമുഖങ്ങളുടെ വരവ്, റയില്‍ ശൃംഖലയുടെ ആധുനികീകരണം തുടങ്ങിയവ മിക്കവരും അധികം അറിയുന്നില്ല. 

‘എന്റെ ജീവിതത്തിന് മാറ്റമൊന്നും വന്നിട്ടില്ല,’ പലചരക്കു വ്യാപാരിയായ അഭിനവ് ജെയിന്‍ പറയുന്നു. പുറത്തുനടക്കുന്ന റോഡ് നിര്‍മാണം ഗതാഗതക്കുരുക്കുണ്ടാക്കുന്നു എന്നതില്‍ക്കവിഞ്ഞ് മോദിയുടെ പദ്ധതികളെപ്പറ്റി ഒന്നും തന്നെ അഭിനവിന് അറിയില്ല.

പലചരക്കുകടയില്‍നിന്ന് മാസം 45,000 രൂപ അഭിവനവിനു വരുമാനമുണ്ട്. മാതാപിതാക്കളും രണ്ടു സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന് ചെലവുകഴിഞ്ഞു ലഭിക്കുന്നത് 5000 രൂപ.

ടിവി വാര്‍ത്താപരിപാടികളില്‍ മോദിയുടെ വിമര്‍ശകര്‍ ജനങ്ങളെ വിഘടിപ്പിച്ച് കീഴടക്കാനുള്ള വന്‍ പദ്ധതികളെപ്പറ്റി സംസാരിക്കുന്നു. ദാദ്രിയിലെയും ബിഷാരയിലെയും ഇടവഴികളിലും കടകളിലും ആശങ്ക ഗ്രാമാന്തരീക്ഷത്തിലെ മാറ്റങ്ങളെപ്പറ്റിയാണ്. വോട്ടിനുവേണ്ടി ഇത് ആളിക്കത്തിക്കുന്ന രാഷ്ട്രീയക്കാരെപ്പറ്റിയും.

മുന്‍പൊക്കെ മതത്തിന് പിന്നണിയിലായിരുന്നു സ്ഥാനം. ഇതൊരു ഗുരുതര പ്രശ്‌നമായത് കഴിഞ്ഞ വര്‍ഷങ്ങളിലാണെന്ന് റിട്ട. ആര്‍മി ഓഫിസര്‍ ഖസാന്‍ സിങ് (72) പറയുന്നു. ബിഷാരയില്‍ മുസ്ലിങ്ങള്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശത്താണ് സിങ്ങിന്റെ വീട്.

‘രാഷ്ട്രീയ പാര്‍ട്ടികള്‍ പലപ്പോഴും സമൂഹങ്ങളെ വിഭജിക്കുന്നു, ”അഖ്‌ലാഖിന്റെ കൊലപാതകത്തില്‍ ആദ്യം അറസ്റ്റിലായ 10 പേരെ പരിചയമുള്ള സിങ് പറയുന്നു. ഇവരില്‍ ബിജെപി പ്രാദേശിക നേതാവിന്റെ മകനുമുണ്ട്. ‘രാജ്യം നശിക്കുമ്പോള്‍ അവര്‍ക്ക് അധികാരം ലഭിക്കുന്നു’.

22 ഔദ്യോഗികഭാഷകളും ജാതിയാല്‍ വേര്‍തിരിക്കപ്പെടുന്ന സമൂഹങ്ങളും നാനാതരം സാംസ്‌കാരിക, വംശീയ, ഭൂമിശാസ്ത്രപര പിരിവുകളുമുള്ള 1.3 ബില്യണ്‍ ജനങ്ങള്‍ക്കിടയില്‍ വോട്ടിനുവേണ്ടി പരിശ്രമിക്കുന്നവര്‍ക്കു ലഭിക്കാവുന്ന പൊതുവേദിയാണ് ഹിന്ദുമതം. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 80 ശതമാനത്തോളം പേര്‍ ഹിന്ദുക്കളാണ്. 14 ശതമാനം പേര്‍ മുസ്ലിങ്ങളും.

അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഗോവധവും ഗോമാംസത്തിന്റെ കയറ്റുമതിയും വ്യാപകമാക്കിയെന്ന് 2014ലെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മോദി ആരോപിച്ചു. ഇതിനെ പിങ്ക് വിപ്ലവം എന്നു വിളിക്കുകയും ചെയ്തു.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും രക്തരൂഷിതമായ ഹിന്ദു- മുസ്ലിം ഏറ്റുമുട്ടലിനു കാരണമായ സ്ഥലത്ത് ഹിന്ദു ക്ഷേത്രം പണിയുന്നതിനെ മോദിയുടെ സഹായിയായ ഭരണകക്ഷി പാര്‍ട്ടി പ്രസിഡന്റ് അനുകൂലിക്കുന്നു. ഹിന്ദുത്വ വാദികള്‍ 1992-ല്‍ ഇവിടെ ഒരു മോസ്‌ക് തകര്‍ത്തതുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടുമുണ്ടായ അക്രമങ്ങളില്‍ ആയിരത്തോളം ആളുകള്‍ മരിച്ചിരുന്നു. അയല്‍ക്കാര്‍ അഖ്‌ലാക്കിനെ ആക്രമിച്ച ദിവസം രാത്രി പ്രദേശത്തെ ക്ഷേത്രത്തിലൂടെ വന്ന അറിയിപ്പ് ഇങ്ങനെയായിരുന്നു: ‘ആരോ ഒരു പശുവിനെ കൊന്നു. പോയി നോക്കുക’.

പശുവിന്റെ തൊലിയും കുളമ്പുകളും അടങ്ങിയ പ്ലാസ്റ്റ്ക് സഞ്ചി കണ്ടെടുത്തതിനെത്തുടര്‍ന്നാണ് അപവാദപ്രചരണം തുടങ്ങിയതെന്നാണ് പ്രദേശത്തെ മുതിര്‍ന്ന പൊലീസ് ഓഫിസര്‍ അനുരാഗ് സിങ് പറയുന്നത്.

‘ആ സഞ്ചി എറിഞ്ഞത് അഖ്‌ലാക്ക് ആണെന്ന് ഒരു ചെറിയ കുട്ടിയാണ് അവരോടു പറഞ്ഞത്. അതോടെ അഖ്‌ലാക്കിന്റെ വിധി തീരുമാനിക്കപ്പെട്ടു.’

‘അതൊരു ക്രമസമാധാന പ്രശ്‌നമായിരുന്നു. അത് പരിഹരിക്കപ്പെട്ടുകഴിഞ്ഞു,’ ദാദ്രിയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിങ് പറഞ്ഞു. ‘ വികസനത്തിന് ഇത് ദൂരവ്യാപകമായ തടസമൊന്നും ഉണ്ടാക്കില്ല’.

ദാദ്രിയിലെ വികസനം എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക പദ്ധതികള്‍ക്ക് മുന്‍നിര സ്ഥാനം എന്നാണ് അര്‍ത്ഥം. 3,300 കിലോമീറ്റര്‍ വരുന്ന രണ്ട് ചരക്കുഗതാഗതപാതകളുടെ സംഗമസ്ഥാനമാണ് ദാദ്രി. ഇതിലൂടെ ചരക്കുനീക്കം മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ നടക്കുമെന്നാണു കണക്കുകൂട്ടല്‍. ഇപ്പോള്‍ 25 കലോമീറ്ററാണ് വേഗം.

രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക തലസ്ഥാനങ്ങളെ 1500 കിലോമീറ്റര്‍ വരുന്ന വ്യാവസായിക വികസനമേഖല, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഡല്‍ഹി – മുംബൈ വ്യാവസായിക ഇടനാഴിയിലും ദാദ്രി ഉള്‍പ്പെടുന്നു. റയില്‍പ്പാതയോ വ്യവസായ ഇടനാഴിയോ മോദിയുടെ കണ്ടുപിടിത്തമല്ല. പക്ഷേ രണ്ടിനും മോദിയുടെ ശക്തമായ പിന്തുണയുണ്ട്.

ദാദ്രിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാല്‍ ഭാവിവാഗ്ദാനങ്ങളുടെ നിര കാണാം. ഉയര്‍ന്ന ജീവിതശൈലി വാദ്ഗാനം ചെയ്യുന്ന ന്യൂഡല്‍ഹിയുടെ പ്രാന്തപ്രദേശമാണിത്. പരസ്യങ്ങളില്‍ പേരുകള്‍ ഇങ്ങനെ – ഹെമിസ്പിയര്‍ ഗോള്‍ഫ് സ്വീറ്റ്‌സ്, ചെറികൗണ്ടി, ലേക്ക് സൈഡ് ഗാര്‍ഡന്‍ വില്ലാസ്….

ആ ലോകം ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും അപ്രാപ്യമാണ്. ദാദ്രിക്കും ബിഷാരയ്ക്കുമിടയില്‍ നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ ജോലി ചെയ്ത് മാസം മൂവായിരം രൂപയോളം മാത്രം സമ്പാദിക്കുന്ന പങ്കജ് സയ്‌നി ഉദാഹരണം.

‘ഭാവി മെച്ചപ്പെടുമെന്ന് എനിക്കു തോന്നുന്നില്ല,’ സയ്‌നി പറയുന്നു. ഒരു ട്രാക്ടര്‍ കമ്പനിയില്‍ അപ്രന്റീസായി ഒരു വര്‍ഷത്തോളം ജോലി ചെയ്ത സയ്‌നിക്ക് സ്ഥിരം ജോലി കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹിതനായ സയ്‌നി മോദിക്കു കീഴില്‍ സാമ്പത്തികരംഗം മെച്ചപ്പെടുന്നതു കാത്തിരിക്കുകയായിരുന്നു. ‘ഒരു മാറ്റവുമില്ല.’

സയ്‌നിക്കു പിന്നില്‍ കട ഇരുട്ടിലായിരുന്നു. വൈദ്യുതി നിലച്ചിരുന്നു. ദിവസവും മണിക്കൂറുകളോളം സംഭവിക്കുന്നൊരു കാര്യമെന്ന് സയ്‌നി പറയുന്നു.

ബിഷാരയിലേക്കുള്ള പ്രവേശനകവാടത്തിലൊരിടത്ത് പതിനാലുകാരനായ കുട്ടി ഉന്തുവണ്ടിയില്‍ അരി വില്‍ക്കുന്നു. കളിമണ്‍ പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്ന അച്ഛന്‍ വാങ്ങിയ കൈവായ്പ തിരിച്ചടയ്ക്കാനാകാതെ വലഞ്ഞപ്പോള്‍ സ്‌കൂള്‍ ഉപേക്ഷിച്ച് പണിക്കിറങ്ങിയതാണെന്ന് അവന്‍ പറയുന്നു.

‘എത്ര സ്മാര്‍ട്ട് സിറ്റികള്‍ വന്നാലും വ്യവസായ മേഖലകള്‍ വന്നാലും ഇന്ത്യയ്ക്ക് വേണ്ടത്ര തൊഴിലവസരം ഉണ്ടാക്കാന്‍ കഴിയില്ല’, ക്രെഡിറ്റ് സ്വിസെ സെക്യൂരിറ്റീസ് ഇന്ത്യ ഇക്വിറ്റി റിസര്‍ച്ച് മാനേജിങ് ഡയറക്ടര്‍ നീലകണ്ഠ് മിശ്ര പറയുന്നു. ‘ഇന്ത്യയ്ക്ക് ആവശ്യം ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങളാണ്.’

‘ചെറു ബിസിനസുകളെ വളര്‍ത്തുകയാണ് വേണ്ടത്. ഇപ്പോള്‍ രണ്ടോ മൂന്നോ പേര്‍ക്കു തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങളെ അഞ്ചുപേര്‍ക്കോ പത്തു പേര്‍ക്കോ തൊഴില്‍ നല്‍കാന്‍ കഴിവുള്ളവയാക്കുക.’ അടിസ്ഥാനകാര്യങ്ങളായ ബാങ്ക് വായ്പാസാധ്യതകള്‍, ഇന്റര്‍നെറ്റ്, വൈദ്യുതി, റോഡുകള്‍ എന്നിവ ഒരുക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു.

‘തൊഴിലവസരങ്ങളുടെ വര്‍ധനയെപ്പറ്റി ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. കാരണം വര്‍ഷം തോറും 10 മുതല്‍ 12 വരെ ലക്ഷം ആളുകളാണ് പുതുതായി തൊഴിലവസരം തേടുന്നത്’, ധനകാര്യസഹമന്ത്രി ജയന്ത് സിന്‍ഹ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

യുഎന്‍ കണക്കുകൂട്ടലനുസരിച്ച് അടുത്ത ആറുവര്‍ഷത്തില്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കും. ഹിന്ദുത്വവും തൊഴില്‍രഹിതരായ യുവതയും മോദിയുടെ സാമ്പത്തിക കാര്യപരിപാടിക്ക് ഭീഷണിയാണ്.

ദാദ്രി സംഭവത്തില്‍ ആദ്യം അറസ്റ്റിലായ 10 പേരില്‍ പകുതിയും തൊഴില്‍രഹിതരായിരുന്നു. ഈ സംഭവത്തില്‍ ഇതുവരെ 17 പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സാമുദായിക സംഘര്‍ഷം വര്‍ധിച്ചെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണം കണക്കുകള്‍ പരിശോധിച്ചാല്‍ ശരിയല്ലെന്നു കാണാമെന്ന് ബിജെപി വക്താവും എംപിയുമായ മീനാക്ഷി ലേഖി പറയുന്നു.

ആഭ്യന്തരവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 650 സാമുദായിക സംഘര്‍ഷങ്ങളാണ് ഉണ്ടായത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന 2013ല്‍ ഇത് 725 ആയിരുന്നു. എന്നാല്‍ ഒരു കുറ്റകൃത്യത്തിന്റെ കാരണം സാമുദായിക അസഹിഷ്ണുതയാണോ എന്നു തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്.

അഖ്‌ലാക്കിന്റെ കൊലപാതകം സംബന്ധിച്ച് ഒക്ടോബറിലാണ് മോദി ആദ്യ പൊതുപരാമര്‍ശം നടത്തിയത്. ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സംഭവം ‘നിര്‍ഭാഗ്യകരവും അനഭിലഷണീയവു’മാണെന്നാണ് മോദി പറഞ്ഞത്.

‘കാര്യം നടത്താനുള്ള എളുപ്പവഴി’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നവംബറില്‍ ഇങ്ങനെ പറഞ്ഞു: ഇന്ത്യ അസഹിഷ്ണുത നിറഞ്ഞ സമൂഹമാണെന്നു കാണിക്കാനുള്ള കോണ്‍ഗ്രസിന്റെയും ഇടതുകക്ഷികളുടെയും ശ്രമത്തിന്റെ ലക്ഷ്യം മോദിയാണ്. ‘ദാദ്രി ഒറ്റപ്പെട്ട സംഭവമായിരുന്നു. അത് നിര്‍ഭാഗ്യകരവും നിന്ദിക്കപ്പെടേണ്ടതുമാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും.’

കടുത്ത ഹിന്ദുത്വ കാര്യപരിപാടി രംഗം കയ്യടക്കും മുന്‍പ് വ്യാപകമായ സാമ്പത്തികപുരോഗതി കാഴ്ചവയ്ക്കാന്‍ മോദിക്കുള്ള സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ പ്രേംശങ്കര്‍ ഝാ പറയുന്നു. ‘ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതുകൊണ്ടാണ് മോദിക്ക് അധികാരം ലഭിച്ചത്. സമ്പദ്‌സമൃദ്ധമായ രാജ്യമെന്ന സ്വപ്‌നമാണ് മോദി വാഗ്ദാനം ചെയ്തത്. അതു നിറവേറ്റാന്‍ മോദിക്കായിട്ടില്ല.’

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, മിതത്വമുള്ള രാജ്യമാണ് ഭൂരിഭാഗം പൗരന്മാരുടെയും സ്വപ്‌നം എന്നതിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ നിലനില്‍ക്കുന്നത്.

അഖ്‌ലാക്ക് കൊല്ലപ്പെട്ട ദിവസം രാത്രി മുഹമ്മദ് അലി ജാന്‍ ഖാന്‍ എന്ന അലക്കുകാരന്‍ വീടിനുള്ളില്‍ ഭയന്നിരിക്കുകയായിരുന്നു.  ഖാന്റെ പരിചയക്കാരനായിരുന്നു അഖ്‌ലാക്ക്. ജനക്കൂട്ടം തെരുവുകളില്‍ ഭീതി പരത്തിയപ്പോള്‍ ഖാന്റെ വാതിലില്‍ ചിലര്‍ മുട്ടി.

അയല്‍ക്കാരനായ ഒരു ഹിന്ദുസുഹൃത്തായിരുന്നു അത്. അപകടം വന്നാല്‍ ഖാനെ കൈയൊഴിയില്ല എന്ന് ഉറപ്പുനല്‍കാന്‍ എത്തിയതായിരുന്നു സുഹൃത്ത്. തലമുറകളായി ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് ബിഷാര. ഗ്രാമത്തില്‍ പലര്‍ക്കും ഇത്തരം കഥകള്‍ പറയാനുണ്ട്.

ഗ്രാമത്തില്‍ തുടരാന്‍ തീരുമാനിച്ചെങ്കിലും വളരുന്ന സമുദായസ്പര്‍ധയില്‍ ആശങ്കാകുലനാണ് ഖാന്‍. ‘ രാഷ്ട്രീയക്കാര്‍ ഗ്രാമത്തിലെ അന്തരീക്ഷം മലിനമാക്കുന്നു.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍