UPDATES

ദാദ്രി കേസിലെ പ്രതിയുടെ മൃതദേഹം ദേശീയ പതാകയില്‍ പൊതിഞ്ഞു ഫ്രീസറില്‍

അഴിമുഖം പ്രതിനിധി

ഹിന്ദു മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷിയായ ആളാണ് ഇന്നലെ ജയിലില്‍ വെച്ചു മരണപ്പെട്ട രവിന്‍ സിസോദിയ എന്ന് വി എച്ച് പി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ദേശീയ പതാകയില്‍ പൊതിഞ്ഞാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അതേസമയം കൊലപാതകക്കേസിലെ പ്രതിയായ രവിന്റെ മൃതദേഹം ദേശീയ പതാകയില്‍ പൊതിഞ്ഞതിനെതിരെ പ്രതിഷേധം വ്യാപകമാണ്.

രവിന്‍ മരിച്ചത് വൃക്ക രോഗത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ രവിന്‍റേത് കൊലപാതകമാണെന്ന ആരോപണവുമായി കുടുംബവും സംഘ പരിവാറും രംഗത്തെത്തി. ജയില്‍ അധികൃതരാണ് മരണത്തിന് ഉത്തരവാദികളെന്നും രവിന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നെന്നും കുടുംബം വാദിക്കുന്നു.

മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ബന്ധുക്കളും വി എച്ച് പി പ്രവര്‍ത്തകരും രവിന്‍ സിസോദിയയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും രവിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാമായി നല്‍കണമെന്നും രവിന്‍റെ മരണത്തിന് ഉത്തരവാദികളായ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

രവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്കുമെന്ന് സംസ്ഥാന ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്.  കുടുംബത്തിന്റെ ആവശ്യ പ്രകാരം സി ബി ഐ അന്വേഷണത്തിനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദാദ്രി കേസില്‍ പ്രതികളായ 17 പേരെയും ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ഹിന്ദുത്വവാദികള്‍ രംഗത്തെത്തി. ഒരുവര്‍ഷം മുമ്പ് അഖ്‌ലാഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന അതേ സ്ഥലത്ത് ധര്‍ണ സംഘടിപ്പിച്ചുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയത്. സാധ്വി പ്രാചി ഉള്‍പ്പെടെയുള്ള വി എച്ച് പി നേതാക്കള്‍ പ്രദേശത്ത് എത്തുകയും ആളുകളെ അഭിസംബോധന ചെയ്തു പ്രകോപന പരമായി സംസാരിക്കുകയും ചെയ്തിരുന്നു.

‘ഈ ഗവണ്‍മെന്‍റിന് തൊപ്പിവാലകളോടാണ് സ്നേഹമെന്നും നിങ്ങളെ അവര്‍ ചൂഷണം ചെയ്യുകയാണെന്നും അവരെ ഒരു പാഠം പഠിപ്പിക്കണമെന്നും’ സാധ്വി പ്രാചി ആഹ്വാനം ചെയ്തു. തുടര്‍ന്നു ഇത്തരം കാര്യങ്ങള്‍ ഒരിക്കലും പൊറുക്കില്ലെന്നും തടവില്‍ കഴിയുന്ന മറ്റ് കുട്ടികള്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും  അവരെ യു പിക്ക് പുറത്തുള്ള ജയിലിലേക്കു മാറ്റണമെന്നും  സാധ്വി പ്രാചി ആവശ്യപ്പെടുകയും ചെയ്തു.

തങ്ങള്‍ ഇവിടെ നടന്ന സംഭവങ്ങള്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പ്രദേശത്തെ സമാധാനം തകര്‍ക്കുന്ന രീതിയില്‍ ആരെങ്കിലും പ്രകോപന പരമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും എന്നാല്‍ മൃതദേഹം കാണാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും മറ്റുമായി ധാരാളം പേര്‍ വരുന്നുണ്ടെന്നും അവര്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് തടയില്ലെന്നും എസ് എസ് പി ധര്‍മേന്ദ്ര സിംഗ് പറഞ്ഞു. ഗ്രാമത്തിലേക്കുള്ള എല്ലാ വഴികളിലും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഫയര്‍ എഞ്ചിനും മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ പക്ഷപാതം കാണിക്കുകയാണെന്ന് രവിന്‍റെ ബന്ധു പറഞ്ഞു. അഖ്‌ലാഖിന്റെ കുടുംബം ബീഫ് സൂക്ഷിക്കുകയും കഴിക്കുകയും ചെയ്‌തെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ടെന്നും അതിനാല്‍ അവര്‍ തെറ്റുകാരാണെന്നും അന്വേഷണം പോലും നടത്താതെയാണ് അഖ്‌ലാഖിന്റെ കുടുംബത്തിന് വലിയ തുക നഷ്ടപരിഹാരമായി നല്‍കിയതെന്നും. ഞങ്ങളുടെയാളെ പീഡിപ്പിച്ച് കൊല്ലുകയാണ് ചെയ്തതെന്നും രവിന്റെ ബന്ധു പറയുന്നു.

കഴിഞ്ഞ സെപ്തംബറിലാണ് മുഹമ്മദ് അഖ്‌ലാക് എന്ന അമ്പതു വയസ്സുകാരനെ വീട്ടില്‍ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ചു ജനക്കൂട്ടം വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്നത്. അഅഖ്‌ലാകിന്റെ മകന്‍  മുഹമ്മദ് ഡാനിഷിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അഖ്‌ലാകിന്റെ വീട്ടില്‍ പശുവിറച്ചിയുണ്ടെന്ന അനൌണ്‍സ് മെന്റിനെ തുടര്‍ന്നാണ് ജനക്കൂട്ടം അഖ്‌ലാകിനെ വീടുകയറി ആക്രമിച്ചത്.  

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍