UPDATES

ട്രെന്‍ഡിങ്ങ്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരോധനം ലംഘിച്ച് ബിജെപി മുന്‍പിലെന്ന് ദൈനിക് ജാഗരണിന്റെ എക്സിറ്റ് പോള്‍

കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരോധനവും തിരഞ്ഞെടുപ്പ് ചട്ടങ്ങളും സര്‍വ മാധ്യമ മര്യാദകളും ലംഘിച്ചുകൊണ്ട് ഹിന്ദിയിലെ ഏറ്റവും പ്രചാരമുള്ള ദൈനീക് ജാഗരണ്‍ പത്രം ബിജെപിക്ക് അനുകൂലമായി യുപി തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടതിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇപ്പോള്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളുടെ അവസാന ഘട്ടം പൂര്‍ത്തിയാക്കാതെ ഒരു തരത്തിലുള്ള എക്‌സിറ്റ് പോള്‍ സര്‍വെകളും നടത്തരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശനമായ നിര്‍ദ്ദേശം നിലനില്‍ക്കവെയാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് അനുകൂലമായി ഒരു പത്രം നഗ്നമായ നിയമലംഘനം നടത്തുന്നത്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126എ ചട്ടപ്രകാരം, ‘ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് എട്ടുവരെ നടക്കുന്ന തിരഞ്ഞെടുപ്പകളില്‍ ഏതെങ്കിലും തരത്തിലുള്ള എക്‌സിറ്റ് പോളുകള്‍ നടത്തുന്നതും അവയുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതും നിരോധിച്ചിരിക്കുന്നു,’ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെതിരെ ഗോവയില്‍ നിന്നുള്ള ഒരു മാധ്യമ സ്ഥാപനം ഈ മാസം ആദ്യം ഹര്‍ജി നല്‍കിയെങ്കിലും ബോംബെ ഹൈക്കോടതി അത് തള്ളിക്കളയുകയായിരുന്നു. യുപി തിരഞ്ഞെടുപ്പില്‍ ഇനി ആറ് ഘട്ടങ്ങള്‍ കൂടി ബാക്കി നില്‍ക്കെയാണ് ദൈനീക് ജാഗരണിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

റിസോഴ്‌സ് ഡെവലപ്‌മെന്റ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നടത്തിയ സര്‍വെയുടെ ഫലങ്ങളാണ് പുറത്തുവിടുന്നതെന്ന് ദൈനീക് ജാഗരണ്‍ പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനോ ആരാണ് അവരോട് സര്‍വെ നടത്താന്‍ ആവശ്യപ്പെട്ടതെന്നോ വെളിപ്പെടുത്തിയിട്ടില്ല. വോട്ടര്‍മാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വെ നടത്തിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഒരു എക്‌സിറ്റ് പോള്‍ നടത്തുന്ന എല്ലാ രീതികളും ഇത് പിന്തുടരുന്നു എന്നതും വിഷയം ഗുരുതരമാക്കുന്നു.

ബിജെപിക്ക് തിരിച്ചടിയേല്‍ക്കുന്ന തിരഞ്ഞെടുപ്പായിരിക്കും യുപിയില്‍ നടക്കുന്നതെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിക്കുന്നതിന് അപ്പുറം, അടുത്ത ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി ചിന്തിക്കാന്‍ വോട്ടര്‍മാരെ ബോധപൂര്‍വം പ്രേരിപ്പിക്കുന്നതിനുള്ള ഒരു ശ്രമമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ തൊട്ടു പിന്നാലെ യുപിയിലെ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 50 സീറ്റുകള്‍ ലഭിക്കുമെന്ന അവകാശവാദവുമായി പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത് വന്നതും ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന് ചട്ടലംഘനത്തിന്റെ പേരില്‍ ശിക്ഷ വിധിക്കാന്‍ കഴിയില്ല എന്നതും ശ്രദ്ധേയമാണ്. ചട്ടം ലംഘിക്കുന്ന പാര്‍ട്ടികള്‍ക്കെതിരെ ഒരു എഫ്‌ഐആര്‍ ഇടാന്‍ മാത്രമേ കമ്മീഷന് സാധിക്കൂവെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. ഒരു തരത്തിലുള്ള എക്‌സിറ്റ് പോളുകളും അനുവദനീയമല്ലെന്ന് മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമി ചൂണ്ടിക്കാട്ടുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ ചട്ടം ലംഘിക്കുന്നവരെ നിയമ നടപടികള്‍ക്ക് വിധേയമാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് ഗൗരവതരമായ കുറ്റമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍