UPDATES

ദൈനിക് ജാഗരണ്‍; ജനാധിപത്യത്തിനിടയില്‍ രാഷ്ട്രീയ കച്ചവടം നടത്തുന്ന മാധ്യമങ്ങള്‍

യുപി ഒന്നാംഘട്ട വോട്ടെടുപ്പിനു പിന്നാലെ ബിജെപിക്കു മുന്നേറ്റം എന്ന എക്‌സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിച്ചതിനു ദൈനിക് ജാഗരണിനെതതിരേ ക്രിമിനല്‍ കേസ് എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ദൈനിക് ജാഗരണ്‍ ദിനപത്രത്തിനെതിരേ ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്ന കീഴവഴക്കമില്ലാത്ത ക്രിമിനല്‍ കേസ് മഞ്ഞുമലയുടെ ഒരു അരിക് മാത്രമേ ആകുന്നുള്ളു. ഇന്ത്യന്‍ മുഖ്യധാര മാധ്യമങ്ങള്‍ പേറുന്ന നെറികെട്ട രഹസ്യങ്ങളുടെ മഞ്ഞുമലയുടെ ഒരു മൂല മാത്രം.

ഉത്തര്‍ പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ ആഴ്ച നടന്ന ആദ്യ ഘട്ടത്തിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട ദൈനിക് ജാഗരണ്‍ എഡിറ്റര്‍മാര്‍ക്കെതിരെ പ്രത്യേകം പ്രത്യേകം ക്രിമിനല്‍ കേസുകള്‍ എടുക്കാനാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എക്‌സിറ്റ് പോള്‍ സംഘടിപ്പിച്ച റിസോഴ്‌സ് ഡെവലപ്‌മെന്റ് ഇന്റര്‍നാഷണല്‍ (i) പ്രൈവറ്റ് ലിമിറ്റഡിന് എതിരെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126എ, ബി ചട്ടങ്ങള്‍ പ്രകാരം ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 188 ആം വകുപ്പ് അനുസരിച്ച് ഹിന്ദി പത്രത്തിന്റെ എഡിറ്റര്‍ക്ക് എതിരെയും പ്രത്യേകം പ്രത്യേകമായി 15 എഫ്‌ഐആറുകള്‍ എടുക്കാനാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബോധപൂര്‍വം ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് ഐപിസിയുടെ 188 ആം ചട്ട പ്രകാരം എടുക്കുന്ന കേസുകള്‍ എടുക്കുന്നത് എന്നതിനാല്‍, വാറണ്ടോ കോടതിയുടെ അനുമതിയോ ഇല്ലാതെ തന്നെ പോലീസിന് ഒരാളെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ട്.

തിരഞ്ഞെടുപ്പ് നിരീക്ഷക സംഘടന നിശ്ചയിക്കുന്ന സമയപരിധിക്കുള്ളില്‍ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സംഘടിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ജനപ്രാതിനിധ്യ നിയമത്തിലെ 126എ(1) ചട്ടം നിരോധിക്കുന്നു. ഈ ചട്ടം ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങിയ ഫെബ്രുവരി നാല് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന മാര്‍ച്ച് എട്ടുവരെ യാതൊരു തരത്തിലുള്ള എക്‌സിറ്റ് പോളുകളും അനുവദിക്കുന്നതല്ലെന്ന് കാണിച്ചുകൊണ്ട് ജനുവരി 27ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ 73 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞ ഫെബ്രുവരി 11ന് വൈകിട്ട് ഏഴരയോടെ ഒരു എക്‌സിറ്റ് പോള്‍ ഫലം ദൈനിക് ജാഗരണ്‍ പ്രസിദ്ധീകരിച്ചു. ആദ്യ ഘട്ടത്തില്‍ വോട്ടിംഗ് നടന്ന 38 മണ്ഡലങ്ങളിലുള്ള 5,700 പേരുമായി അഭിമുഖം നടത്തിയെന്ന് അവകാശം ഉന്നയിച്ച എക്‌സിറ്റ് പോള്‍ ഏജന്‍സി, ബിജെപി മുന്നില്‍ വരുമെന്നും പിന്നില്‍ ബിഎസ്പിയും അതിന് പിന്നില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യമായിരിക്കുമെന്നും പ്രവചിച്ചു. ചട്ടലംഘനം നടന്നതായി ഒരു വിഭാഗം മാധ്യമങ്ങള്‍ ആരോപിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാവിലെയാണ് വെബ്‌സൈറ്റില്‍ നിന്നും ഫലങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്തത്.

ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇങ്ങനെ പറയുന്നു: ‘സ്വതന്ത്രവും ന്യായയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനു് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126എ ചട്ടത്തിലെ വകുപ്പുകള്‍ ഗുരുതരമായി ലംഘിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.’

പത്രത്തിന്റെ പരസ്യ വിഭാഗം അതിന്റെ വെബ്‌സൈറ്റിലാണ് എക്‌സിറ്റ് പോള്‍ സംഘടിപ്പിച്ചതെന്ന് ന്യായീകരിച്ച പത്രത്തില്‍ പക്ഷെ വാര്‍ത്ത വന്നിരുന്നില്ല. തിങ്കളാഴ്ച രാവിലെയോടെ ഈ വ്യാജ സര്‍വെ അവര്‍ നീക്കുകയും ചെയ്തു.

ഒരു എക്‌സിറ്റ് പോള്‍ നടത്തിയതിന്റെ പേരില്‍ ഇതാദ്യമായല്ല ഒരു മാധ്യമ സ്ഥാപനത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നത്. 2007 ഫെബ്രുവരിയില്‍, വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പ്രവചനങ്ങള്‍ എന്നു വിളിക്കാവുന്ന തരത്തിലുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ എന്‍ഡിടിവി ചാനലിന്റെ ചുമതല ഉണ്ടായിരുന്ന പ്രണോയ് റോയിയുടെ പേരില്‍ പ്രത്യേകം പ്രത്യേകം ക്രിമിനല്‍ കേസുകള്‍ എടുക്കാന്‍ പഞ്ചാബിലെ 20 ജില്ല തിരഞ്ഞെടുപ്പ് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണത്തെ പോലെ, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 188ാം വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്താനല്ല അന്നു ജില്ല തിരഞ്ഞെടുപ്പ് മേധാവികളോട് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കും എന്നു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അഭിപ്രായപ്പെട്ട 1997ലാണ് എക്‌സിറ്റ്, അഭിപ്രായ സര്‍വെകളെ കുറിച്ചുള്ള പ്രശ്‌നം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ വരുന്നത്. അതുവരെ, വോട്ടിംഗ് സമയത്ത് പോലും ഇത്തരം അഭിപ്രായ സര്‍വെകള്‍ പ്രസിദ്ധീകരിക്കാന്‍ എല്ലാ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും അധികാരമുണ്ടായിരുന്നു.

ഒരു മാധ്യമ സ്ഥാപനത്തിനെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കുന്നത് അനുയോജ്യമാണോ എന്ന ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെങ്കിലും, ജനങ്ങളെ ഭീഷണിപ്പെടുത്തി ഭരിക്കാനും ഇന്നത്തെ മാധ്യമ രാജാക്കന്മാര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയവും വാണിജ്യപരവുമായ താല്‍പര്യങ്ങളെ പരിപോഷിപ്പിക്കാനും നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ ശ്രമിക്കുന്നതിന്റെ ഒരു വഷളന്‍ ഉദാഹരണം കൂടിയാണിത്.

ഒരു സാധാരണ ദിനപത്രമല്ല ദൈനിക് ജാഗരണ്‍. പ്രചാരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഈ പത്രം ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വാര്‍ത്ത സ്രോതസ് ആണെന്ന് മാത്രമല്ല വടക്കേ ഇന്ത്യയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന പത്രം കൂടിയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് 1942ല്‍ സ്ഥാപിതമായ പത്രത്തിന്റെ ഉടമസ്ഥത ഇപ്പോള്‍ ബിജെപിക്ക് അനുകൂലമായ ഒരു കുടുംബത്തിന്റെ കൈയിലാണ്.

ഈ കാലവസ്ഥയുടെ രുചികള്‍ നരേന്ദ്ര മോദിയും ബിജെപിയുമാണ്. ഏതൊരു സ്വതന്ത്ര മാധ്യമത്തെയും ഭീഷണിപ്പെടുത്താനുള്ള കഴിവും ധാര്‍ഷ്ട്യവും അവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഉത്തരവുകള്‍ പുറത്തുവരുന്നതിന് മുമ്പെ സ്വയം പ്രഖ്യാപിത നിയന്ത്രണങ്ങളും സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്താന്‍ മുഖ്യധാര മാധ്യമങ്ങള്‍ തയ്യാറാവുന്നു. മോദി നിര്‍മ്മിത രാഷ്ട്രീയത്തിന്റെ സ്വകാര്യ ആരാധകരാണ് മിക്ക മാധ്യമ രാജക്കന്മാരും എന്നതാണ് അതിലും ദയനീയമായ വസ്തുത.

സീടിവിയുടെ ഉടമ സുഭാഷ് ചന്ദ്ര രാജ്യസഭയിലെ ബിജെപി എംപിയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന് ധനസഹായം ചെയ്യുന്നവര്‍ അവരുടെ ഗുജറാത്തിലെ വാണിജ്യ താല്‍പര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മോദിയുടെ ദേശാഭിമാന ഭീകരവാദത്തെ അംഗീകരിക്കുന്ന ആളാണ് അര്‍ണാബ് ഗോസ്വാമി. ഏഷ്യാനെറ്റിന്റെ മുതലാളി രാജീവ് ചന്ദ്രശേഖര്‍ ഭരിക്കുന്ന കക്ഷിയുടെ രാജ്യസഭ അംഗമാണ്. ഈ പട്ടിക ഇനിയും നീളും.

മന്‍മോഹന്‍ സിംഗ് അധികാരത്തിലുണ്ടായിരുന്ന യുപിഎ ഭരണകാലത്ത് ഇവരില്‍ എത്ര കേമന്മാര്‍ സഖ്യകക്ഷികളായി നടിച്ചിരുന്നു എന്നറിയാന്‍ വിവരങ്ങളെ നിങ്ങള്‍ കീറിമുറിക്കേണ്ടി വരും. അധികാരപ്രമത്തതയും അവസരവാദവും പ്രത്യയശാസ്ത്രമായി വിചാരിക്കുന്ന നിരവധി മാധ്യമ ഭീകരന്മാര്‍ ഉണ്ടെന്നുള്ളത് ഇന്ത്യയുടെ ഒരു ദൗര്‍ഭാഗ്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഈ ഭീമന്മാര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍