UPDATES

വീഡിയോ

എന്തുകൊണ്ട് സര്‍ക്കാര്‍ ഈ 89കാരി മുത്തശ്ശിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല? വിതുമ്പിയും പ്രതിഷേധം രേഖപ്പെടുത്തിയും നാട്ടുകാര്‍

2016 ലാണ് ദാക്ഷായണിയ്ക്ക് ഗജരാജ പട്ടവും ഗിന്നസ് ബുക്കിൽ സ്ഥാനവും ലഭിച്ചത്

“ഞങ്ങൾ വിഷമിച്ചിരിക്കുമ്പോൾ തുമ്പിക്കൈ കൊണ്ട് മുഖം തുടച്ചു തരും. അത്രയ്ക്ക് ആത്മബന്ധം ആയിരുന്നു മുത്തശ്ശിയും ഞങ്ങളും തമ്മിൽ”. ഷാൾ കൊണ്ട് കണ്ണ് തുടച്ച് നളിനി പറഞ്ഞു നിർത്തി. ഏഷ്യയിലെ ഏറ്റവും പ്രായം ചെന്ന ദാക്ഷായണി എന്ന ഗജ മുത്തശ്ശിയുടെ വേർപാട് അത്രമേൽ വൈകാരികമാണ് ആനപ്രേമികൾക്ക് . ഗിന്നസ് റെക്കോർഡ് ഉൾപ്പടെ നിരവധി ബഹുമതികളുടെയും ഗജരാജ പട്ടത്തിന്റെയും ഉടമയായ ദാക്ഷായണി മുത്തശ്ശിക്ക് ചെരിയുമ്പോൾ വയസ്സ് 89. നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ പാപ്പനംകോട് മലമേൽക്കുന്നിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനക്കൊട്ടിലിൽ എത്തിയത്. തിരുവിതാംകൂർ രാജകുടുംബം കോടനാട് ആനക്കൂട്ടിൽ നിന്നാണ് ദാക്ഷായണിയെ സ്വന്തമാക്കി ആറ്റിങ്ങൽ തിരുവാറാട്ട് കാവിൽ നടയ്ക്കിരുത്തിയത്. 1960 ൽ ദാക്ഷായണി ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിലെത്തി. തുടർച്ചയായി 52 വർഷം ശംഖുമുഖം ദേവീക്ഷേത്രത്തിൽ എഴുന്നള്ളിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ഏറ്റവും കൂടുതൽ എഴുന്നള്ളിപ്പിനുണ്ടായതും ദാക്ഷായണിയാണ്. 2016 ലാണ് ദാക്ഷായണിയ്ക്ക് ഗജരാജ പട്ടവും ഗിന്നസ് ബുക്കിൽ സ്ഥാനവും ലഭിച്ചത്.

ദാക്ഷായണിയുടെ പാപ്പാൻ മുകേഷ് പോസ്റ്മോർട്ടത്തിനുള്ള കാര്യങ്ങൾ ചെയ്‌തു കൊടുക്കുന്ന തിരക്കിലായിരുന്നു.”അവന് നല്ല സങ്കടം ഉണ്ട്. പാവം പുറത്ത് കാണിക്കാത്തതാണ്. ആനകളെ ഇത്ര സ്നേഹത്തോടെ നോക്കുന്ന പാപ്പാന്മാരെ ഞാൻ കണ്ടിട്ടില്ല. ഇയാൾക്ക് മുമ്പുള്ള രാജേഷും നല്ലൊരു പയ്യനായിരുന്നു. ഇത്രയും സ്നേഹമുള്ള ദാക്ഷായണിയുടെ കൂടെ നിൽക്കുന്നവർക്ക് എങ്ങനാ തിരിച്ചു പെരുമാറാൻ കഴിയാ” എന്റെ അടുത്ത് നിന്നിരുന്ന ഒരു മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു. ആനയെ സംസ്‌കരിക്കുന്ന സമയത്ത് മുകേഷ് ആ പരിസരത്തേക്ക് വന്നതേയില്ല. കുറച്ച് ദൂരെ മാറിനിന്ന് അയാൾ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു.

“ഗർഭിണിയായിരുന്നപ്പോ എന്റെ മോൾടെ നെറുകിൽ തുമ്പിക്കൈ വച്ച് അനുഗ്രഹിച്ചിട്ടുണ്ട് മുത്തശ്ശി. അവളുടെ മക്കൾ നിവേദിതയും നിരഞ്ജനുമായി വലിയ കൂട്ടായിരുന്നു. കുടുംബത്തിലെ ഒരാൾ മരിച്ചാലുണ്ടാകുന്ന സങ്കടമാണ് ഞങ്ങൾക്ക്”.പറഞ്ഞു തീർക്കുമ്പോഴേക്കും നളിനി വിതുമ്പി തുടങ്ങിയിരുന്നു. അവിടെ കൂടിയ മിക്കവർക്കും ദാക്ഷായണിയെ പറ്റി പറയാൻ നല്ല ഓർമകളുണ്ട്. “ക്ഷേത്രത്തിന് സമീപം ബാബു എന്നൊരാളുടെ കടയുണ്ടായിരുന്നു. അതിലൂടെ കൊണ്ട് പോകുമ്പോൾ ദാക്ഷായണി ഒന്ന് നിൽക്കും. എന്ത് പറഞ്ഞാലും പോകില്ല. ബാബു വന്ന് കുറച്ച് പഴം എടുത്ത് കൊടുത്ത്, അത് കഴിച്ചിട്ടേ പിന്നെ നടത്തം തുടരൂ. ഇത്തരത്തിൽ എല്ലാവരോടും വലിയ സൗഹൃദ മനോഭാവം ഉണ്ടായിരുന്നു എന്നത് തന്നെയാണ് ദാക്ഷായണിയെ മറ്റ് ആനകളിൽ നിന്നും വേറിട്ട് നിർത്തുന്നത്”. ത്രിവിക്രമംഗലം ശ്രീ മഹാവിഷ്‌ണു ക്ഷേത്ര കമ്മറ്റിയുടെ മുൻ സെക്രട്ടറി ജി. സുരേന്ദ്രൻ പറയുന്നു.

ഇത് വരെ ഒരിക്കൽ പോലും ഇടയുകയോ അനിഷ്ട സംഭവങ്ങൾ സൃഷ്ടിക്കുകയോ ചെയ്‌തിട്ടില്ല ദാക്ഷായണി. പതിറ്റാണ്ടുകളോളം ഉത്സവങ്ങളുടെ മുഖമാവുകയും ആനപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ആനയാകാനും ദാക്ഷായണി മുത്തശ്ശിക്ക് സാധിച്ചു. ഇത്രയധികം ബഹുമതികൾ നേടിയ ഒരാന വിടവാങ്ങുമ്പോൾ അർഹിച്ച യാത്രയയപ്പ് നൽകുന്നതിൽ ബന്ധപ്പെട്ടവർ കാണിച്ച അലംഭാവം അത്യന്തം നിരാശാജനകമാണെന്ന് അവിടെ കൂടിയ ആനപ്രേമികൾ പറയുന്നു. നാട്ടുകാരുടെ ഓർമകളിലൂടെ/വീഡിയോ

ഷഹീന്‍ ഇബ്രാഹിം

ഷഹീന്‍ ഇബ്രാഹിം

Multi-Media journalist with Azhimukham

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍