UPDATES

ഇന്ത്യക്ക് നന്ദി പറഞ്ഞ് ദലൈ ലാമ; അരുണാചല്‍ സന്ദര്‍ശനത്തില്‍ ഇന്ത്യ-ചൈന ബന്ധം ഉലയുമ്പോള്‍

ടിബറ്റിന് വേണ്ടത് ചൈനയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല, സ്വയംഭരണമെന്ന് ദലൈ ലാമ

ചൈനയില്‍ നിന്ന് രക്ഷപെട്ട് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് അരുണാചല്‍ പ്രദേശിലെ ബോംഡിലയിലയില്‍ അന്ന് ചെറുപ്പമായിരുന്ന ദലൈലാമ എത്തിയത് 58 വര്‍ഷം മുമ്പാണ്. ടിബറ്റ് ചൈനീസ് സൈന്യം പൂര്‍ണമായി ഏറ്റെടുക്കുന്നത് ഒഴിവാക്കുന്നതിന് ഒരു ദശകത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു 14-ാം ദലൈ ലാമയുടെ ഇന്ത്യയിലേക്കുള്ള രക്ഷപെടല്‍.

1954 ജൂലൈ മുതല്‍ 1955 ജൂണ്‍ വരെ ദൈല ലാമ സമാധാന ചര്‍ച്ചകള്‍ക്കായി ബെയ്ജിംഗിലേക്ക് യാത്ര ചെയ്തു. മാവോ സേ തൂങ്ങ്, ചൗ എന്‍ ലായി, ഡെംഗ് സിയോപിംഗ് തുടങ്ങിയവരുമൊക്കെയായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഇതൊന്നും ലാസയിലെ അശാന്തമായി തെരുവുകളിലേക്ക് സമാധാനം കൊണ്ടു വന്നില്ല. വളരെ നിഷ്‌കളങ്കമെന്ന് തോന്നിച്ച ഒരു ചൈനീസ് ക്ഷണത്തിന്റെ ഒടുവിലായിരുന്നു ലാസയില്‍ നിന്ന് രക്ഷപെടാനുള്ള ദലൈ ലാമയുടെ തീരുമാനമുണ്ടായത്. ഒരു ചൈനീസ് നൃത്ത സംഘത്തിന്റെ പരിപാടി കാണുന്നതിനുള്ള ക്ഷണമായിരുന്നു അത്. എന്നാല്‍ അദ്ദേഹം ഈ പരിപാടിക്ക് വരുന്നതിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍മാര്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തി- അതായത്, ദലൈ ലാമയെ ഒരു ടിബറ്റന്‍ സൈനികനും അനുഗമിക്കാന്‍ പാടില്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷ നോക്കുന്നവര്‍ ആയുധങ്ങള്‍ കരുതാന്‍ പാടില്ല എന്നുമായിരുന്നു അത്.

ആശങ്കയിലായ ആയിരക്കണക്കിന് ടിബറ്റന്‍ ജനത ലാസയിലെ തെരുവിലേക്ക് ഒഴുകി. ദലൈ ലാമയുടെ വേനല്‍ക്കാല വസതിയായ നോര്‍ബുലിംഗ്കാ കൊട്ടാരത്തിനു മുന്നില്‍ അവര്‍ തടിച്ചു കൂടി.

1959 മാര്‍ച്ച് 17-ന് തനിക്കുണ്ടായ ആത്മീയ വെളിപാടിന്റെ ഭാഗമായി ദലൈ ലാമ ഒരു സാധാരണ സൈനികനെ പോലെ വേഷം ധരിച്ച് തന്റെ യാത്ര ആരംഭിച്ചു. ഒരു ചെറിയ സംഘത്തിനൊപ്പം ക്യിചു നദിക്കരയിലേക്ക് നീങ്ങിയ ലാമ അവിടെ വച്ച് തന്റെ ഏതാനും കുടുംബക്കാരുള്‍പ്പെടെയുള്ള സംഘത്തെ കണ്ടു മുട്ടി.

ലാസയില്‍ നിന്ന് രക്ഷപെട്ട് മൂന്നാഴ്ചയ്ക്കു ശേഷം 1959 മാര്‍ച്ച് 30-ന് ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയ ലാമയെ അവിടെ വച്ച് ഇന്ത്യന്‍ സൈനികര്‍ സ്വീകരിച്ചു. തുടര്‍ന്ന് അവരുടെ സംരക്ഷണയില്‍ ബോംഡില പട്ടണത്തിലേക്ക്.

ചൈനീസ് അതിര്‍ത്തി കടന്ന് 58 വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ അവസാന സന്ദര്‍ശനത്തിന് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലാമ ഇന്നലെ തിരിച്ചെത്തിയിരിക്കുകയാണ്. ദക്ഷിണ ടിബറ്റ് എന്നറിയപ്പെടുന്ന തവാംഗിലേക്ക്. ചൈനയുടെ കടുത്ത പ്രതിഷേധത്തിനിടയിലാണ് ഈ സന്ദര്‍ശനം.

ലാമയെ വരവേല്‍ക്കാന്‍ എല്ലാ അര്‍ഥത്തിലും തവാംഗ് ഒരുങ്ങിയിരുന്നു. അരുണാചലിലെ വടക്കു പടിഞ്ഞാറന്‍ പട്ടണമായ തവാംഗിലെ നിരത്തുകള്‍ അവര്‍ വെടിപ്പാക്കി. ചൂലുകളുമേന്തി നിരവധി പേര്‍, കൂടുതലും ടിബറ്റന്‍ അഭയാര്‍ഥികളായ താമസക്കാരാണ് ഇവിടെ, നിരത്തിലിറങ്ങി.

എന്നാല്‍ ആഗോള രാഷ്ട്രീയത്തില്‍ ഈ സന്ദര്‍ശനം വലിയ തോതിലുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ഈ സന്ദര്‍ശനം പ്രതികൂലമായി ബാധിക്കുമെന്ന് ചൈന കടുത്ത ഭാഷയില്‍ മുന്നിയിപ്പ് നല്‍കിക്കഴിഞ്ഞു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള തന്റെ 12 ദിവസത്തെ യാത്രയില്‍ മൂന്നു ദിവസമാണ് ലാമ തവാംഗിലുള്ളത്. ഇന്നലെ ഗുവാഹത്തിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവിനൊപ്പം എത്തിയ ലാമ ദിരാംഗില്‍ തന്റെ പ്രഭാഷണം നടത്തും. തുടര്‍ന്ന് ധര്‍ഗ്യേലിംഗ് മൊണാസ്ട്രിയും അദ്ദേഹം സന്ദര്‍ശിക്കും. ഈ മാസം എട്ടു മുതല്‍ 10 വരെ തവാംഗില്‍ അദ്ദേഹം തങ്ങും. 400 വര്‍ഷം പഴക്കമുള്ള തവാംഗിലെ മൊണാസ്ട്രി ലാസയിലെ പൊടാല പാലസ് കഴിഞ്ഞാലുള്ള ഏറ്റവും വലിയ മൊണാസ്ട്രിയാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ യാത്ര ഒരു ദിവസം വൈകിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇറ്റാനഗര്‍ സന്ദര്‍ശിക്കില്ല.

2009-ല്‍ ദലൈ ലാമ തവാംഗിലെത്തിയപ്പോഴും ചൈന കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ 2017-ല്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ചൈന മുമ്പത്തേതിലും വലിയ ആഗോള ശക്തിയായി ഉയര്‍ന്നിരിക്കുന്നു. ഇന്ത്യ കുറെക്കൂടി നിശ്ചയദാര്‍ഡ്യം പ്രകടിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഈ ആത്മീയ നേതാവിനെ ഇടയ്ക്കു നിര്‍ത്തിക്കൊണ്ടുള്ള രണ്ട് ഏഷ്യന്‍ ശക്തികളുടെ നിഴല്‍പ്പോരാട്ടം വരും ദിവസങ്ങളില്‍ കടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ശക്തമായ പ്രതിഷേധമാണ് ചൈന ഇന്ത്യക്ക് മുമ്പാകെ ഉയര്‍ത്തിയത്. ചൈനീസ് താത്പര്യങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയിട്ടും ഇന്ത്യ മര്‍ക്കടമുഷ്ടി കാണിക്കുകയാണെന്നും അതിന്റെ ഭാഗമാണ് ദലൈ ലാമയുടെ തര്‍ക്ക മേഖലലകളിലുള്ള സന്ദര്‍ശനമെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ച്യൂനിംഗ് കുറ്റപ്പെടുത്തി. എന്നാല്‍ ഇതില്‍ രാഷ്ട്രീയമില്ലെന്നും ആത്മീയ സന്ദര്‍ശനം മാത്രമാണെന്നും ഇന്ത്യ പ്രതികരിച്ചെങ്കിലും ആരാണ് ദലൈ ലാമയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതുകൊണ്ടു തന്നെ ഇന്ത്യ ഇക്കാര്യത്തില്‍ വെറുംവാക്കുകള്‍ പറയുന്നതുകൊണ്ട് പ്രയോജനമില്ലെന്നുമാണ് അവരുടെ നിലപാട്.

അതേ സമയം, ഇന്ത്യ ഒരിക്കലും തന്നെ ചൈനയ്‌ക്കെതിരെ ഉപയോഗിച്ചിട്ടില്ലെന്ന് ദലൈ ലാമ അഭിപ്രായപ്പെട്ടു. ഞാന്‍ ഒരു ബുദ്ധ സന്യാസിയാണ്. പുരാതന ഇന്ത്യന്‍ തത്വചിന്തയുടെ സന്ദേശവാഹകനാണ് ഞാന്‍. അഹിംസ, സമാധാനം, ഐക്യം, മതേതര മൂല്യങ്ങള്‍ എന്നിവയാണ് എവിടെപ്പോയാലും ഞാന്‍ സംസാരിക്കാറ്. അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചൈനയിലെ ചില രാഷ്ട്രീയക്കാര്‍ തന്നെ രാക്ഷസനായാണ് കാണുന്നതെന്നും തനിക്കതില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം, ടിബറ്റിന് സ്വയംഭരണം വേണമെന്ന കാര്യം അദ്ദേഹം ആവര്‍ത്തിച്ചു. ചൈനയില്‍ നിന്ന് സ്വാതന്ത്ര്യമല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി നില്‍ക്കാന്‍ ഞങ്ങള്‍ തയാറാണ്. എന്നാല്‍ ഞങ്ങള്‍ക്ക് സ്വയംഭരണം നല്‍കാന്‍ ചൈന തയാറാകണണമെന്നും ലാമ ആവശ്യപ്പെട്ടു.

ഇന്ത്യയെ പ്രകീര്‍ത്തിക്കാനും ലാമ മറന്നില്ല. ഇന്ത്യയോട് എനിക്ക് നന്ദി പറയണം, 1959 മുതല്‍ ഞാനീ രാജ്യത്തുണ്ട്. ഇന്ത്യ എന്നെ എല്ലാ വിധത്തിലും പരിപാലിച്ചു. ഇവിടെ ഏറ്റവും കൂടുതല്‍ കാലം വസിക്കുന്ന അതിഥിയാണ് ഞാന്‍. എനിക്ക് സ്വാതന്ത്ര്യം കിട്ടി ആദ്യം ഇന്ത്യയിലെത്തിയപ്പോള്‍ ഞാന്‍ ആദ്യം വന്നത് അരുണാചല്‍ പ്രദേശിലാണ്. അതുകൊണ്ടു തന്നെ ഈ സംസ്ഥാനവുമായി എനിക്ക് വൈകാരിക ബന്ധമുണ്ട് ദലൈ ലാമ പറഞ്ഞു.

എന്നാല്‍ ദലൈ ലാമയുടെ സന്ദര്‍ശനം ഉണ്ടാക്കിയിരിക്കുന്ന അലയൊലികള്‍ അത്രയെളുപ്പത്തിലൊന്നും അവസാനിക്കില്ല എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അരുണാചലിനെ ചൊല്ലിയുള്ള അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമായേക്കാം എന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍