UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കത്തുന്ന ഡല്‍ഹിയെക്കുറിച്ചാണിത്; മോദിയെക്കുറിച്ചും

Avatar

ടീം അഴിമുഖം

 

അസാധാരണമായൊരു ചൂടുകാലത്തിന്റെ വറചട്ടിയിലാണ് ഡല്‍ഹി നഗരം. കഴിഞ്ഞ ഞായറാഴ്ച ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 47.8 ഡിഗ്രി സെല്‍സ്യസ് താപനില 62 വര്‍ഷത്തെ റെക്കോര്‍ഡ് ആണ് തകര്‍ത്തത്. അതുപോലെ തന്നെ വെള്ളിയാഴ്ച 46.5 ഉം ശനിയാഴ്ച 47 ഉം ഡിഗ്രി വീതമായിരുന്നു കൂടിയ താപനിലകള്‍. 

 

ഇന്ത്യന്‍ ചൂടുകാലത്തിന്റെ യഥാര്‍ത്ഥ മുഖവും അത് സാധാരണക്കാര്‍ക്കുണ്ടാക്കുന്ന ദുരിതങ്ങളും മനസ്സിലാക്കാന്‍ ഈ വരണ്ട സൂര്യന് കീഴിലേക്ക് വന്നുനോക്കുക തന്നെ വേണം. ഉത്തരേന്ത്യയില്‍ ഒട്ടാകെ ദിവസേന നിരവധി പേര്‍ ചൂടേറ്റു മരിക്കുകയും നൂറുകണക്കിനു പേര്‍ക്കു സൂര്യാഘാതമേല്‍ക്കുകയും ചെയ്യുന്നു. ജലാംശം നഷ്ടപ്പെടുന്നത് മൂലമുണ്ടാവുന്ന തളര്‍ച്ച മിക്കവര്‍ക്കും ഒരു നിത്യസംഭവമാണ്. എന്തെങ്കിലും  മാര്‍ഗമുള്ളവര്‍ അടുത്തുള്ള വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് പോവുകയോ താല്‍ക്കാലികമായി വലിയ ഹോട്ടലുകളിലേക്ക് മാറുകയോ ചെയ്യുന്നു. ഒബ്റോയ് ഹോട്ടലിനും മറ്റും സമീപം തണുത്ത വെള്ളത്തിനായി ജനങ്ങള്‍ റോഡില്‍ വരിനില്‍ക്കുന്നതു സ്ഥിരം കാഴ്ചയാണ്. ഏ.സികളും കൂളറുകളും ചൂടപ്പം പോലെ വിറ്റഴിയുന്നു.

 

ഇതൊന്നും താങ്ങാന്‍ ആവാത്തവര്‍ തളര്‍ച്ചക്കും മരണത്തിനും കീഴടങ്ങുന്നു. നിരവധി അജ്ഞാത മൃതദേഹങ്ങള്‍ ഉത്തരേന്ത്യന്‍ മോര്‍ച്ചറികളില്‍ അന്ത്യകര്‍മങ്ങള്‍ക്കായി ‘ചൂട് പിടിച്ച്’ നില്‍ക്കുന്ന പോലീസുകാരുടെ ദയ കാത്ത് ദിനവും എത്തുന്നു. ട്രാഫിക് സിഗ്നലുകളിലെ പോലീസുകാരുടെയും ഭിക്ഷക്കാരുടെയും അവസ്ഥ ഒരുപോലെ പരിതാപകരമാണ്. ഇതിന് പുറമേയാണ് മരുഭൂമിയില്‍ നിന്നും അടിക്കുന്ന വരണ്ട അത്യുഷ്ണക്കാറ്റുകള്‍. ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടണയെന്നോണം നിരന്തരമായി വോള്‍ട്ടേജ് പ്രശ്നങ്ങളും ഇടക്കിടക്കുള്ള പവര്‍കട്ടുകളും കൂടിയാവുമ്പോള്‍ ഇവിടത്തെ ഉഷ്ണകാലം വര്‍ണിക്കുവാന്‍ വാക്കുകള്‍ പോരാതെ വരുന്നു.

  

ഈ ഗ്രീഷ്മകാലത്തിന്റെ കാഠിന്യം കൊണ്ട് ഡല്‍ഹിയുടെ എതിരാളികളാരും തന്നെ ആക്രമണത്തിന് ചൂടുകാലം തെരഞ്ഞെടുക്കാറില്ല എന്നത് ചരിത്ര സത്യം. റഷ്യയെ ആക്രമിക്കാനെത്തിയ നെപ്പോളിയനും പിന്നീട് ഹിറ്റ്ലറും തോറ്റുപിന്തിരിഞ്ഞത് റഷ്യന്‍ പട്ടാളക്കാരുടെ ശക്തിക്ക് മുന്നിലെന്നതിനെക്കാള്‍ അവിടത്തെ അസഹനീയമായ തണുപ്പുകാലത്തിന് മുന്നിലായിരുന്നു. ‘ജനറല്‍ വിന്റര്‍’ എന്നു റഷ്യന്‍ തണുപ്പിനെ വിളിക്കും പോലെ ‘ജനറല്‍ സമ്മര്‍’ എന്നു ഡല്‍ഹി ചൂടിനെ വിളിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചരിത്രം സൃഷ്ടിക്കുന്നത് പലപ്പോഴും ധൈര്യം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും അസാധ്യമായത് ചെയ്യുന്നവരാണല്ലോ. പലപ്പോഴും ഭ്രാന്തിനോടടുത്ത് നില്‍ക്കുന്ന നിശ്ചയദാര്‍ഢ്യമാണ് ഇത്തരം ചരിത്രസംഭവങ്ങള്‍ക്ക് പിന്നിലെന്നത് നാം ഇഷ്ടപ്പെടാനിടയില്ലാത്ത സത്യമാണ്.

 

ഇത് ചരിത്രപ്രാധാന്യമുള്ള ചൂടോ?

നെഹ്റുവിയന്‍ കാലത്തിനു ശേഷമുള്ള ഇന്ത്യ കണ്ടിട്ടില്ലാത്ത പല പ്രത്യേകതകളുള്ള, അതിനാല്‍ തന്നെ ചരിത്രപ്രാധാന്യമുള്ള ഉഷ്ണകാലമാണിതെന്ന് പറയാം. ഉദാഹരണത്തിന് മോദിയുടെ വിജയം പോലെ പ്രാധാന്യമുള്ള സംഭവങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പത്തെ ചൂടുകാലചരിത്രത്തില്‍ പോലും അധികം കണ്ടെത്താനാവില്ല. എന്നാല്‍, 488 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ചൂടുകാലത്തിന്റെ ചരിത്രം ഇന്നത്തെ ചരിത്രമുഹൂര്‍ത്തവുമായി ചേര്‍ത്ത് വായിക്കാവുന്നതാണെന്ന് തോന്നുന്നു. ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ ‘ജ്ഞാനം’കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ നൂറ്റാണ്ടുകള്‍ മുന്പ് നടന്ന ആ ഗ്രീഷ്മകാലദിനത്തെ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരിക്കാന്‍ വഴിയില്ല. 

 

1526, ഏപ്രില്‍ 21-ന് പാനിപ്പത്തില്‍ വച്ച് വിദൂരമായ ഫര്‍ഘാന രാജ്യത്തുനിന്നും വന്ന ഏതോ സേനയ്ക്കെതിരെ ഇബ്രാഹിം ലോധി പടനയിച്ചപ്പോള്‍ ലോധിയ്ക്ക് എളുപ്പം ജയിക്കാവുന്ന ഒരു യുദ്ധമായിട്ടേ ഏവരും അതിനെ കണ്ടുകാണൂ. 40,000 പടയാളികളും ആയിരത്തോളം ആനകളും അടങ്ങുന്ന ഒരു ലക്ഷത്തോളം വരുന്ന ലോധിയുടെ സൈന്യത്തിന് മുന്നില്‍ വെറും 15,000 പേരുള്ള ബാബറിന്റെ പട ഒന്നുമല്ലായിരുന്നു.

 

അനേകം ചരിത്ര വിജയങ്ങളുടെ കഥയും ബാബറിന് സ്വന്തമായില്ലായിരുന്നു. സമര്‍ഖണ്ട് പലവട്ടം നഷ്ടപ്പെടുത്തിയ അയാള്‍ കാബൂള്‍ കീഴടക്കിയത് യുദ്ധം വഴിയല്ല, തന്റെ കുടില രാഷ്ട്രീയ തന്ത്രങ്ങള്‍ വഴിയാണെന്നതും സത്യം. എന്നാല്‍, ഡല്‍ഹി ലക്ഷ്യം വെച്ചു പാനിപ്പത്തിലേക്ക് വന്ന ബാബര്‍ മെനഞ്ഞ പല തന്ത്രങ്ങളും നൂറ്റാണ്ടുകളോളം ഇന്ത്യന്‍ ജീവിതത്തെ ഇളക്കിമറിക്കാനും ഇന്നും നാം കരുതുന്നതിലും ആഴത്തില്‍ സ്വാധീനിക്കാനും കെല്‍പ്പുള്ളവയായിരുന്നു. ബാബ്റി മസ്ജിദ് മുതല്‍ വര്‍ഗീയ കലാപങ്ങള്‍ വരെ, സിഗരറ്റ് മുതല്‍ മിഷണറികള്‍ വരെ, ബിരിയാണി മുതല്‍ താജ്മഹല്‍ വരെ നമ്മുടെ ജീവിതത്തിലെ നിത്യ സാന്നിധ്യങ്ങളായ ഒട്ടനവധി വസ്തുക്കള്‍ മുഗളന്മാരിലൂടെയാണ് ഇന്ത്യയില്‍ എത്തിയത്.

 

തന്റെ പടയുടെ വലതു ഭാഗം പാനിപ്പത്ത് പട്ടണത്തില്‍ വിന്യസിപ്പിച്ച ബാബര്‍ ഇടത്തു ഭാഗത്ത് വലിയൊരു കിടങ്ങ് നിര്‍മിച്ച് കരിയിലകള്‍ നിറച്ചു വെച്ചു. അതിനപ്പുറം യമുനാനദിയായിരുന്നു. അങ്ങനെ വീതികുറഞ്ഞ ഒരിടത്ത് വിന്യസിപ്പിക്കപ്പെട്ട ബാബറിന്റെ സൈന്യത്തിന്റെ ശക്തി പതിന്‍മടങ്ങായി വര്‍ധിക്കുകയും ചെയ്തു. രാവിലെ യുദ്ധം തുടങ്ങിയപ്പോള്‍ ലോധിക്ക് പരിചയമില്ലാതിരുന്ന വലിയ തോക്കുകള്‍ ബാബര്‍ യുദ്ധത്തിനുപയോഗിച്ചു. പടയാളികളെ കൊല്ലുക മാത്രമല്ല ആ തോക്കുകള്‍ ചെയ്തത്. ലോധിയുടെ ആനപ്പടയിലെ ആനകള്‍ തോക്കുകളുടെ വിചിത്ര ശബ്ദം കേട്ടു വിരണ്ടോടി തങ്ങളുടെ പടയാളികളെ തന്നെ ചവിട്ടിയരച്ചു. 

 

യുദ്ധം ഉച്ചയോടെ തന്നെ അവസാനിച്ചു. തന്റെ പടയാളികള്‍ക്കിടയില്‍ മരിച്ചു കിടന്ന ഇബ്രാഹിം ലോധിയെ ബാബര്‍ വിശേഷിപ്പിച്ചത് ‘അശ്രദ്ധമായി നീങ്ങുന്ന, ചിട്ടയില്ലാതെ പടനയിക്കുന്ന, കൃത്യമായ രീതികളില്ലാതെ നീക്കം നിര്‍ത്തുന്ന, ദീര്‍ഘവീക്ഷണമില്ലാതെ ഇടപെടുന്ന, അനുഭവജ്ഞാനമില്ലാത്ത ചെറുപ്പക്കാരന്‍’ എന്നായിരുന്നു.

 

തന്റെ എതിരാളിയെക്കുറിച്ച് എന്തെങ്കിലും ഇത്ര ആലോചനയോടെ മോദി എഴുതില്ലായിരിക്കും. എങ്കിലും, ലോധിയെക്കുറിച്ചുള്ള ബാബറിന്റെ വാക്കുകള്‍ 2014-ലെ പൊതുതെരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധിയുടെ പ്രകടനത്തെ വിചിത്രമായി അനുസ്മരിപ്പിക്കുന്നതാണ്. 1526-ലെ ബാബറിന്റെ തന്ത്രങ്ങള്‍ പോലെ തന്നെ ഭാവനപൂര്‍ണവും അസാധാരണവുമായിരുന്നു 2002 മുതല്‍, പ്രത്യേകിച്ചു തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ മോദി നടപ്പിലാക്കിയ തന്ത്രങ്ങള്‍. 

 

 

നമ്മുടെ പത്രപ്രവര്‍ത്തകരും ചിന്തകരും വിചാരിക്കുന്നതിലും ഏറെ പ്രാധാന്യമുള്ളതാണ് മോദിയുടെ ഡല്‍ഹി പിടിച്ചടക്കല്‍. ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും മാറ്റിതീര്‍ക്കുന്നതില്‍ മുന്‍പത്തെ ഏത് സര്‍ക്കാറിനെക്കാളും കണിശതയോടെയാണ് മോദി സര്‍ക്കാര്‍ നീങ്ങുന്നത് എന്നു സൂചിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ നാം കണ്ടുകഴിഞ്ഞു.  

 

1980-കളുടെ അവസാനം രാജീവ് ഗാന്ധി തന്റെ വിജയം ഭരിച്ചു നശിപ്പിച്ചതുപോലെ മോദിയുടെ കാര്യത്തിലും സംഭവിച്ചേക്കാം. എന്നാല്‍ തന്റെ നീണ്ട ഗുജറാത്ത് ഭരണത്തിന്റെ അനുഭവപരിചയവും അപ്പോള്‍ കാണിച്ച നേതൃത്വപാടവവും മോദിയെ അന്നത്തെ രാജീവ് ഗാന്ധിയില്‍ നിന്നും വ്യത്യസ്തനാക്കുന്നു. അധികാരം നേടുന്നതിലും അത് നിലനിര്‍ത്തുന്നതിലും തന്റെ പെരുമ ഊതിപ്പെരുപ്പിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്ന മോദി ഏതുവിധേനയും പ്രതിപക്ഷത്തെ പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തുന്നതിലും വിജയിച്ചിരുന്നു.

 

അധികാരം നിലനിര്‍ത്താനായി തന്റെ വലതുപക്ഷ ചിന്തകള്‍ വേണ്ടെന്ന് വയ്ക്കാന്‍ വരെ കഴിയുന്ന അവസരവാദിയാണ് മോദിയെന്ന്‍ പല നിരീക്ഷകരും പറഞ്ഞിട്ടുണ്ട്. അതൊരു ഹൃസ്വദൂര ചിന്തയാണ് എന്നാണ് അഴിമുഖത്തിന്റെ അഭിപ്രായം. ആര്‍. എസ്. എസിനെയോ തന്റെ തീവ്ര വലതുപക്ഷ ചിന്തയെയോ അത്ര എളുപ്പം അകറ്റിനിര്‍ത്താന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി തയ്യാറല്ല എന്നതിന് പല സൂചനകളും ഉണ്ട്. നെഹ്റുവിന്റെയോ ഇന്ദിരാഗാന്ധിയുടെയോ പോലെയുള്ള ദേശീയ‘പാരമ്പര്യം’ ഉണ്ടാക്കിയെടുക്കാന്‍ മോദിക്ക് ഇനിയും പല തെരഞ്ഞെടുപ്പുകളില്‍ ജയിക്കേണ്ടതുണ്ട്. അതിനു സംഘ്പരിവാറിന്റെ കാല്‍നടപോരാളികള്‍ അദ്ദേഹത്തിന് ആവശ്യമാണ്.

 

മാത്രമല്ല, ഒരു നേതാവെന്ന നിലയില്‍ വലതുപക്ഷ ചിന്തകളോടുള്ള തന്റെ മമതയും ഏകാധിപത്യത്തിനുള്ള കഴിവും മോദി കൃത്യമായി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ എല്ലാം തന്നെ ലാഭമുണ്ടാക്കാനുള്ള പരക്കം പാച്ചിലില്‍ ആയിരിക്കുന്നത് കൊണ്ട് മോദിക്ക് തന്റെ അധികാരം നാം കരുതുന്നതിലും നന്നായിത്തന്നെ പ്രയോഗിക്കാനാവും. ഇത്തരത്തില്‍ മാധ്യമങ്ങളുടെ എതിര്‍പ്പില്ലാതാക്കിയും പ്രതിപക്ഷത്തിന്റെ ദൌര്‍ബല്യം മുതലെടുത്തും സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളില്‍ ഇന്ത്യയെ എന്നെന്നേക്കുമായി മാറ്റിത്തീര്‍ക്കുന്ന പരിഷ്കാരങ്ങള്‍ എളുപ്പത്തില്‍ തന്നെ മോദിക്ക് നടപ്പിലാക്കാനാവും. 

  

 

സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ മോദി കൊണ്ടുവരുന്ന മാറ്റങ്ങള്‍ സംഘ് പരിവാര്‍ നിര്‍ദേശിക്കുന്ന തരത്തിലായിരിക്കും. നമ്മുടെ പാഠ്യപദ്ധതിയില്‍ ഹിന്ദുത്വ മോഡല്‍ ചരിത്ര പഠനങ്ങള്‍ ഇടം പിടിക്കുന്നത് അക്കൂട്ടത്തില്‍ ഒരു പ്രധാന മാറ്റമായിരിക്കും. ലിബറല്‍ ബുദ്ധിജീവിവൃന്ദത്തോട് പൊതുവേ അസഹിഷ്ണുത കാണിച്ചേക്കാമെങ്കിലും ഒരു പരിധി വരെ അവരെ അവഗണിക്കുകയോ സഹിക്കുകയോ ചെയ്യുന്ന തരത്തിലുള്ളതായിരിക്കും മോദി സര്‍ക്കാരിന്റെ സമീപനം. ഒട്ടേറെ പുസ്തകങ്ങള്‍ ഇതിനോടകം തന്നെ പ്രസാധകര്‍ പിന്‍വലിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൌനം പാലിക്കുകയും ചെയ്യുന്നു. ബൌദ്ധിക സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ഈ സര്‍ക്കാരിന്റെ നയങ്ങളില്‍ പെടില്ല എന്ന്‍ ഏതാണ്ട് ഉറപ്പിച്ച് തന്നെ പറയാനാവും.

 

സുരക്ഷാരംഗത്തും സര്‍ക്കാരിന്റെ വലതുപക്ഷചായ്വ് മാറ്റങ്ങളുണ്ടാക്കും. ഭീകരതയ്ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നത് നാം വരും നാളുകളില്‍ കാണും. രാഷ്ട്രീയ വാഗ്വാദങ്ങളിലൂടെ കീഴ്കോടതികളെ സ്വാധീനിക്കാം എന്നതിനാല്‍ കൂടുതല്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്കു വധശിക്ഷ ലഭിച്ചേക്കാം. സ്വതന്ത്ര വിചാരണക്കുള്ള അവകാശം പോലും ലഭിക്കാതെ അവരില്‍ പലരും തൂക്കിലേറ്റപ്പെടുകയും ചെയ്തേക്കാം. 

 

മോദിയുടെ പദ്ധതികള്‍ ഫലപ്രദമാവുകയാണെങ്കില്‍ ഒരു വര്‍ഷത്തിനകം സാമ്പത്തിക രംഗം വളര്‍ച്ച നേടിയേക്കാം. ആഗോള രംഗത്ത് ചൈനക്കൊപ്പം നില്‍ക്കാന്‍ നമ്മെ പ്രാപ്തരാക്കും വിധമുള്ള ശേഷി നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കാം. വലിയ വിദേശ നിക്ഷേപങ്ങളും വന്‍ അടിസ്ഥാന സൌകര്യ വികസന പദ്ധതികളും ഇതിനൊക്കെ വഴിയൊരുക്കാനുള്ള ത്വരിതസര്‍ക്കാര്‍ തീരുമാനങ്ങളുമായിരിക്കും പ്രധാനമായും ഈ സാമ്പത്തികവളര്‍ച്ചയ്ക്ക് പിന്നില്‍. തങ്ങളുടെ അവകാശങ്ങള്‍ മെല്ലെ നഷ്ടപ്പെടുന്നതില്‍ നിന്നും നഗരങ്ങളിലെ മധ്യവര്‍ഗത്തിന്റെ ശ്രദ്ധ അകറ്റാനും പെട്ടെന്നുണ്ടാകുന്ന ഇത്തരമൊരു സമ്പന്നത സഹായിച്ചേക്കും.

 

ബെസ്റ്റ് ഓഫ് അഴിമുഖം
ഗാന്ധി യുഗത്തിന്‍റെ അന്ത്യം

ആരേയും കൂസാത്ത ഓഡിറ്റര്‍മാര്‍

നരേന്ദ്ര മോഡി: ദി മാന്‍, ദി ടൈംസ് – നീലാഞ്ജന്‍ മുഖോപാധ്യായ

ഇസ്രത് ജഹാന്മാര്‍ കൊല്ലപ്പെടുന്നതെങ്ങനെ?

ഏകാധിപതിമാര്‍ ചിരിയെ ഭയക്കുന്നതെന്തിന്?

എന്തായാലും, മോദിയുടെ ഏറ്റവും വലിയ പരിഷ്കാരം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ തന്നെയാവും. ഗാന്ധി കുടുംബത്തിനപ്പുറത്തേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ വളര്‍ത്താനുള്ള ഉറച്ച പല നീക്കങ്ങളും അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് തോന്നുന്നു. കോണ്‍ഗ്രസിന്റെ നേതാക്കളിലും അണികളിലും കുറെ കാലമായി കാണാത്തതരം ഭാവനപൂര്‍ണവും ശക്തവുമായ നയങ്ങളും തന്ത്രങ്ങളും ഇനിയെങ്കിലും അവര്‍ മെനഞ്ഞില്ലെങ്കില്‍ ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ നിന്നും ദുര്‍ബലമായ കുറെ പ്രതിപക്ഷ കക്ഷികളില്‍ ഒന്നെന്ന നിലയിലേക്ക് എന്നെന്നേക്കുമായി അത് വീണുപോയേക്കാം. 
   

ഇന്ത്യ മറ്റൊരു ഗുജറാത്തല്ലെന്ന് ബുദ്ധിമാനായ മോദിയ്ക്കറിയാം. എന്നാല്‍, നിര്‍ദയമായ, നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വത്തിന്റെ ഗുണവും അദ്ദേഹത്തിന് നന്നായറിയാം. 1526-ലെ ഡല്‍ഹി ചൂടില്‍ ചെങ്കിസ് ഖാന്റെയും തിമുറിന്റെയും 43 വയസ്സുള്ള പിന്‍ഗാമി ചെയ്തതുപോലെ 2014-ലെ കൊടുംചൂടില്‍ ഒരു പഴയ ചായക്കടക്കാരന്‍റെ മകനും ഇന്ത്യയുടെ ചരിത്രം എന്നേക്കുമായി തിരുത്തിക്കുറിച്ചേക്കാം.

 

 

ഈ ചൂടുകാലത്തിന്റെ അത്യുഷ്ണം ചരിത്രപ്രാധാന്യമുള്ളതാണോ? അതോ, മറ്റേതൊരുഷ്ണവും പോലെ പ്രവചിക്കാനാവാത്ത ചൂടും പൊടിയും തന്നു കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആവര്‍ത്തിക്കാന്‍ പോവുന്ന ഒന്നു മാത്രമോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍