UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടുത്ത റിപ്പബ്ലിക് ദിനമെങ്കിലും രോഹിതുമാരുടേത് കൂടിയാകട്ടെ

Avatar

കെ എ ആന്റണി

നമ്മള്‍ വീണ്ടും ഒരു റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ലഹരിയിലാണ്. ആഘോഷം കൊഴുപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റുമുണ്ട്. ഫ്രഞ്ച് പട്ടാളക്കാരുടെ വക കവാത്തുമുണ്ട് അങ്ങ് ഡല്‍ഹിയില്‍. ഒട്ടേറെ പേര്‍ പുരസ്‌കാരങ്ങളുടെ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്നു. അതേ, ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 67-ാം വാര്‍ഷികാഘോഷം പൊടി പൊടിക്കുകയാണ്.

വര്‍ഷാവര്‍ഷം ഓണവും വിഷവും പൊങ്കലും ഹോളിയുമൊക്കെ പോലെ തന്നെ നമ്മള്‍ റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും കൊണ്ടാടുന്നു. എന്നാല്‍ ഈ ആഘോഷങ്ങളില്‍ നിന്നൊക്കെ തീണ്ടാപ്പാടകലെ നില്‍ക്കുന്ന വലിയൊരു സമൂഹത്തെ നമ്മള്‍ കാണുന്നില്ല. അവര്‍ സ്വമേധയാ മാറി നില്‍ക്കുന്നതല്ല; മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. അല്ലെങ്കിലും ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെയാണല്ലോ.

നമ്മുടെ ആഘോഷങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന ആ വലിയ സമൂഹത്തിന്റെ പ്രതിനിധി തന്നെയായിരുന്നു ഹൈദരാബാദ് സര്‍വകലാശാല കാമ്പസില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയും. ഇന്ത്യയിലെ കറുത്ത സായിപ്പന്‍മാരുടെ കറുത്ത മനസിലേക്ക് ഒരു പിടി ചോദ്യങ്ങള്‍ വാരിയെറിഞ്ഞിട്ടാണ് രോഹിത് കടന്നു പോയത്.

ഇതൊരു രോഹിതിന്റെ മാത്രം പ്രശ്‌നമല്ല. രാജ്യത്ത് അങ്ങോളമിങ്ങോളം നൂറു കണക്കിന് രോഹിതുമാര്‍ മനം നീറി മരിച്ചു ജീവിക്കുന്നുണ്ട്. ദളിതനോ ആദിവാസിയോ ആയി ജനിച്ചു പോയതാണ് അവരില്‍ നമ്മള്‍ ചുമത്തുന്ന കുറ്റം. ആ ഒറ്റക്കാരണത്താല്‍ അവര്‍ അവഗണിക്കപ്പെടുന്നു; പുച്ഛിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. കിടപ്പാടത്തിനുവേണ്ടി, കൃഷിക്കുവേണ്ടി അവര്‍ അല്‍പം മണ്ണു ചോദിച്ചാല്‍ അത് കലാപമായി ചിത്രീകരിക്കപ്പെടുന്നു. അവരുടെ കുടിലുകള്‍ ചുട്ടുകരിക്കപ്പെടുന്നു. നമ്മുടെ പൊലീസും പട്ടാളവും അവരെ കൂട്ടക്കൊല ചെയ്യാന്‍ തയ്യാറാകുന്നു. 2003-ല്‍ വയനാട്ടിലെ മുത്തങ്ങയില്‍ സംഭവിച്ചതുപോലെ.

കാലമേറെ മാറിയിട്ടും നമുക്ക് ഇടയിലെ മാടമ്പി സ്വഭാവത്തിനോ ബ്രാഹ്മണ്യ ചിന്തകള്‍ക്കോ മാറ്റം സംഭവിച്ചിട്ടില്ല. ഹൈദരാബാദില്‍ അധ്യാപനം നടത്തുന്ന ഒരു മലയാളി സുഹൃത്ത് പറഞ്ഞത് രോഹിത് ഒരു നല്ല വിദ്യാര്‍ത്ഥി മാത്രമായിരുന്നില്ല; നല്ലൊരു ഇടതുപക്ഷ പോരാളി കൂടിയായിരുന്നുവെന്നാണ്. എസ് എഫ് ഐ എന്ന ഇടതുപക്ഷ പുരോഗമന വിദ്യാര്‍ത്ഥി സംഘടനയ്ക്കുള്ളിലെ ബ്രാഹ്മണ്യം സഹിക്കാനാകാതെ ആണത്രേ അവന്‍ അംബേദ്ക്കര്‍ വിദ്യാര്‍ത്ഥി സംഘടനയില്‍ ചേര്‍ന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പുരപ്പുറത്തു കയറി നിന്ന് പുരോഗമനം പ്രസംഗിക്കുന്ന ഇടതുപ്രസ്ഥാനങ്ങളില്‍ നിന്നു പോലും ദളിതനും ആദിവാസിക്കും നീതി ലഭിക്കുന്നില്ലെന്ന് അര്‍ത്ഥം.

കണ്ണൂര്‍ ജില്ലയില്‍ കരിക്കോട്ടക്കരി എന്നൊരു ഗ്രാമമുണ്ട്. അവിടെ കുടിയേറ്റ നസ്രാണികളുടെ അത്രതന്നെ പരിവര്‍ത്തിത നസ്രാണികളുമുണ്ട്. നാലോ അഞ്ചോ തലമുറ മുമ്പ് ക്രിസ്തുമതം സ്വീകരിച്ചവരാണ് അവര്‍. എങ്കിലും അവരെ കുടിയേറ്റ നസ്രാണികള്‍ കളിയാക്കി വിളിക്കുന്ന പേര് പൂച്ച എന്നാണ്. പൂച്ചയ്ക്ക് അല്‍പം ഊര്‍ജ്ജം കൂടിയിരിക്കട്ടേ എന്ന് കരുതിയാകണം പില്‍ക്കാലത്ത് എവറെഡി എന്ന പേരു കൂടി വന്നു. എവറെഡി ബാറ്ററിയുടെ പുറത്തെ കരിംപൂച്ചയുടെ ചിത്രമായിരുന്നു ഈ പ്രയോഗത്തിന് കാരണം.

ഇതൊരു കരിക്കോട്ടക്കരിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സംഭവമല്ല. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ഹോസ്റ്റലുകളില്‍, എന്തിനേറെ തൊഴിലിടങ്ങളില്‍ പോലും ദളിതനും ആദിവാസിയും അപമാനിതരാകുന്നത് പതിവ് സംഭവം മാത്രമാണ്. ആദിവാസികളും ദളിതരും ഉന്നമനം അര്‍ഹിക്കുന്നില്ലെന്ന കടുംപിടിത്തത്തിലാണ് നമ്മളില്‍ പലരും. അവര്‍ നല്ല വസ്ത്രം ധരിക്കരുത്, ഉന്നത വിദ്യാഭ്യാസം നേടരുത്, നല്ല തൊഴിലുകള്‍ ചെയ്യരുത്, ഇങ്ങനെ അരുതായ്മകളുടെ പട്ടിക നീളുകയാണ്. കുറവനും കുറത്തിയും തത്തയും ചീട്ടും കുരങ്ങനുമായി നാടുചുറ്റിക്കൊള്ളണം. നായാടിയായും വണ്ണാനും മലയനും അരയനും ഒക്കെ അവര്‍ പണ്ട് എന്തായിരുന്നുവോ ആ സ്ഥിതിയില്‍ തന്നെ തുടരണം. ഇങ്ങനെ പോകുന്നു പരിഷ്‌കൃത സമൂഹത്തിന്റെ ചിന്തയും.

കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഏറെ വേരോട്ടമുള്ള കേരളത്തിലെ സ്ഥിതിയാണിത്. കമ്മ്യൂണിസ്റ്റുകാര്‍ക്കും ദളിതനും ആദിവാസിയും ഒക്കെ അധികാര സ്ഥാനങ്ങള്‍ നേടാനുള്ള തങ്ങളുടെ പോരാട്ടത്തിലെ വെറുംകൂലി പടയാളികള്‍ മാത്രമായി മാറും. ഇതിനിടയിലാണ് വെള്ളാപ്പള്ളിയെ പോലുള്ളവര്‍ പഞ്ചാരവാക്കുകളുമായി അവര്‍ക്ക് പിന്നാലേ ഓടുന്നത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒരുമിച്ച് സമത്വസുന്ദരമായ കേരളം കെട്ടിപ്പെടുക്കണമെന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ സി വി രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡ വര്‍മ്മയിലെ ‘നാന്‍ ലച്ചിപ്പോം’, എന്ന ചാന്നാന്റെ വാക്കുകള്‍ ഓര്‍മ്മ വരുന്നു.

ഈഴവരുടെ രക്ഷയെന്ന് പറഞ്ഞ് നടന്ന വെള്ളാപ്പള്ളി ഈഴവരിലെ സ്വന്തക്കാരെ മാത്രം രക്ഷിച്ച കഥ സ്വജ്ജാതിക്കാര്‍ തന്നെ പറയും. അപ്പോള്‍ പിന്നെ നായാടിക്കും മറ്റും വെള്ളാപ്പള്ളി വഴി എന്ത് രക്ഷയാണോ കിട്ടുക.

എസ് എഫ് ഐ, എ ഐ എസ് എഫ്, കെ എസ് യു തുടങ്ങിയ സംഘടനകളില്‍ വിശ്വാസം നഷ്ടപ്പെട്ട ദളിത് വിദ്യാര്‍ത്ഥികള്‍ കേരളത്തിലും അംബേദ്കര്‍ കളക്ടീവ് എന്ന പേരില്‍ സംഘടന ഉണ്ടാക്കാന്‍ പോകുന്നത്രേ. രോഹിത് വെമുലയുടെ ജന്മദിനമായ ജനുവരി 30-ന് എംജി സര്‍വകലാശാലയിലാണ് പുതിയ സംഘടന പിറവിയെടുക്കുന്നത്. ഈ സംഘടനയുടെ ഭാവി എന്താകുമെന്ന് ഇപ്പോള്‍ അറിയില്ല. എങ്കിലും എസ് എഫ് ഐ പോലുള്ള ഇടതുപക്ഷ പുരോഗമന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും കെ എസ് യു, എ ബി വി പി പോലുള്ള സംഘടനകള്‍ക്കും അവര്‍ വെല്ലുവിളിയാകും എന്നുതന്നെ വേണം കരുതാന്‍. ജെ എന്‍ യുവില്‍ ഐസ, എസ് എഫ് ഐയ്ക്ക് ഭീഷണിയായതു പോലെ. ഐസയും ഇപ്പോള്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമായി തുടങ്ങിയിരിക്കുന്നു.

ഒരു മാറ്റം നമ്മുടെ നിലവിലുള്ള ഇടതുപക്ഷ പാര്‍ട്ടികളിലും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളിലും അനിവാര്യമായിരിക്കുന്നുവേണം കരുതാന്‍. അല്ലാത്ത പക്ഷം തങ്ങളുടെ കാലിന് കീഴിലെ മണ്ണ് ഒലിച്ചു പോകുകയും ഇതിന്റെ ഗുണം സംഘപരിവാര്‍ പോലുള്ള ശക്തികള്‍ക്ക് ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍