UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന ദളിത് സ്വാതന്ത്ര്യമര്‍ഹതി; ജാതിവെറിയുടെ കേരളീയ അനുഭവങ്ങള്‍

Avatar

ധനശ്രീ

”ജനങ്ങളേ നിങ്ങള്‍ ഇത് ശ്രദ്ധിക്കുവിന്‍… ദ്വന്ദ്വയുദ്ധ മുറപ്രകാരം അര്‍ജ്ജുനനും കര്‍ണ്ണനും അവരവരുടെ പേരും വിവരവും പ്രഖ്യാപിക്കുക. ഇതാ ഈ നില്‍ക്കുന്ന യുവാവ് അര്‍ജ്ജുനനാണ്. കുരുവംശജനായ പാണ്ഡുവിന്റെ മകന്‍, യദുകുലത്തില്‍ പിറന്ന പൃഥയുടെ പുത്രന്‍. . അല്ലയോ യുവാവേ മുറപ്രകാരം നീ നിന്റെ കുലവും അച്ഛന്‍, അമ്മ എന്നിവരുടെ പേരുകളും പറയുക.” കൃപന്‍ ജനസഞ്ചയത്തെ നോക്കി ഉറക്കെ പറഞ്ഞു.

ഭാരത ഇതിഹാസമായ മഹാഭാരതത്തിലെ നാടകീയ രംഗമാണിത്. ഹസ്തിനപുരത്തിലെ ജനങ്ങളെല്ലാം ഒത്തുകൂടിയ ഉത്സവ സമാന വേദി. കൗരവ, പാണ്ഡവ കുമാരന്മാരുടെ ആയുധപരിശീലനത്തിനു ശേഷമുള്ള ആയുധവിദ്യാ പ്രദര്‍ശനം കാണാനെത്തിയതാണവര്‍. അവര്‍ക്കിടയിലേക്കാണ് അസാമാന്യ തേജസ്സുള്ള ആ യുവാവെത്തിയത്. അര്‍ജ്ജുന്‍ പ്രയാസപ്പെട്ട് കാട്ടിയ അസ്ത്രവിദ്യാ ജാലങ്ങള്‍ നിഷ്പ്രയാസം കര്‍ണ്ണന്‍ അവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പരസ്പരം ദ്വന്ദ്വയുദ്ധത്തിന് ഒരുങ്ങുകയാണ് അര്‍ജ്ജുനനും കര്‍ണ്ണനും.

കൃപന്റെ വാക്ക് കേട്ട് ആ യുവാവ് ഞെട്ടിത്തെറിച്ചു. മഴയില്‍ നനഞ്ഞു ചാഞ്ഞ താമരപ്പൂപോലെ ശിരസ് ലജ്ജ കൊണ്ട് താണു. വേദനയാല്‍ ചുണ്ടുകള്‍ ചലിച്ചു. തലതാഴ്ത്തി മൗനം പൂണ്ടു നിന്നു കര്‍ണ്ണന്‍. കാരണം അവന്‍ സൂതനായ അധിരഥന്റെ മകനാണ്. . . പെട്ടെന്ന് ഈ സമയം കര്‍ണ്ണന്റെ സമീപത്തേക്ക് അധിരഥനുമെത്തി. കര്‍ണ്ണന്‍ പിതാവിനെ വണങ്ങി.

കര്‍ണ്ണനെ വാക്കുകള്‍ കൊണ്ട് പാതാളത്തോളം താഴ്ത്തി ഭീമസേനന്റെ ആക്രോശമെത്തി പിന്നാലെ. .. ”എടാ സൂത്രപുത്രാ. . . അര്‍ജ്ജുനന്റെ കൈകൊണ്ടു മരിക്കാനുള്ള കൊതി നീ മതിയാക്കൂ. ചമ്മട്ടി കൈയിലെടുത്തു സ്വന്തം തൊഴില്‍ ചെയ്യുന്നതാണ് നിനക്ക് ഉചിതം.

അസ്ത്രവിദ്യയില്‍ ഇളയസഹോദരനായ അര്‍ജ്ജുനനേക്കാള്‍ ഒരുപടി മുന്നിലുള്ള കര്‍ണ്ണന്റെ യഥാര്‍ത്ഥ മരണം അവിടെ സംഭവിക്കുന്നു. (ധീരന് മാനഹാനിയേക്കാള്‍ വലിയ മരണമില്ലെന്ന് ഭഗവദ്ഗീത). . . യോഗ്യരെങ്കിലും കര്‍ണ്ണനെപ്പോലെ ജീവിതത്തിന്റെ നിര്‍ണ്ണായക നിമിഷങ്ങളില്‍ തലകുമ്പിട്ടു പോരേണ്ടി വന്ന എത്രയോ പേരെ ആധുനിക ഭാരതത്തിലും നാം ഇന്നും കാണുന്നു. രോഹിത് വെമുലയെപ്പോലെ ജാതിയുടെയും നിറത്തിന്റെയും പേരില്‍ അവര്‍ സമൂഹമദ്ധ്യത്തില്‍ അവമതിക്കപ്പെടുന്നു… അവരുടെ യോഗ്യതകളെല്ലാം ആധുനിക ഭീമസേനന്മാരുടെ നാക്കിനു മുന്നില്‍ ഭസ്മമായി പോകുന്നു.

മഹാഭാരതത്തില്‍ കര്‍ണ്ണന് അംഗരാജ്യം നല്‍കി ആശ്‌ളേഷിക്കാന്‍ സുയോധനനുണ്ടായപ്പോള്‍ ആധുനികകാലത്ത് രോഹിതുമാരെ ആശ്‌ളേഷിച്ചത് യമപാശമായിരുന്നു. ഇങ്ങ് കേരളവും അതില്‍ നിന്ന് വ്യത്യസ്തമല്ലെന്ന് വാദ്യകലാരംഗത്തെ ജാതിവിലക്കിന്റെ ഇരകളായ രണ്ട് കലാകാരന്മാരുടെ ജീവിതം പറയുന്നു. മദ്ദളതിമില വാദ്യകലാകാരന്‍ തൃശൂര്‍ കടവല്ലൂര്‍ സ്വദേശി താമിയും ഇലത്താള കലാകാരന്‍ വടക്കേക്കാട് സ്വദേശി കല്ലൂര്‍ ബാബുവും. അവരുടെ അനുഭവങ്ങളിലൂടെ…

1966 കാലഘട്ടം. വേദി: കടവല്ലൂര്‍ ശ്രീരാമക്ഷേത്രം. മദ്ദള കലാനിധി കടവല്ലൂര്‍ അരവിന്ദാക്ഷനാശാന്റെ കീഴില്‍ മദ്ദളം അഭ്യസിച്ച താമിയെന്ന ആ ദളിത് യുവാവിന് അടുത്തുള്ള കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ പഞ്ചവാദ്യത്തില്‍ അരങ്ങേറണമെന്ന് മോഹം. മോഹവുമായി ക്ഷേത്രം അധികൃതരെ സമീപിച്ചെങ്കിലും ദളിതന് പടിക്ക് പുറത്തായിരുന്നു അരങ്ങേറ്റം വിധിച്ചത്. ജാതീയമായ പീഡനങ്ങളുടെ അരങ്ങേറ്റം കൂടിയായിരുന്നു താമിക്ക് അത്. ദളിതനായതിനാല്‍ പല ക്ഷേത്രങ്ങളിലും കൊട്ടാന്‍ വിളിച്ചില്ല. ഒരിക്കല്‍ കടവല്ലൂര്‍ മുത്തി ഭഗവതി ക്ഷേത്രത്തില്‍ കേളി കൊട്ടിക്കൊണ്ടിരിക്കുമ്പോള്‍ മദ്ദളത്തോടെ പിടിച്ച് പുറത്താക്കി. പല സ്ഥലങ്ങളിലും ഇതായിരുന്നു അനുഭവം.


കടവല്ലൂരില്‍ കല്ലുംപുറം ദേശത്ത് ദലിത് കുടുംബത്തില്‍ 1940-ല്‍ ജനിച്ച താമി ചെണ്ടയിലും തിമിലയിലും മദ്ദളത്തിലുമെല്ലാം മികച്ച ഗുരുക്കന്മാര്‍ക്ക് കീഴിലാണ് പരിശീലനമാണ് നേടിയത്. പക്ഷേ സവര്‍ണ്ണരായ കലാകാരന്മാര്‍ താമിയെ ഒരിക്കലും വാദ്യത്തിന് കൂടെകൂട്ടിയില്ല. 1978 മുതല്‍ നാലുവര്‍ഷം പഞ്ചവാദ്യകലയുടെ ഭീഷ്മാചാര്യനായ അന്നമനട പരമേശ്വര മാരാരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയമായി തിമില പഠിച്ചെങ്കിലും ദളിതനായി പിറന്നതിനാല്‍ താമിയെ ആരും കലാകാരനായി അംഗീകരിച്ചതേയില്ല. കലാമണ്ഡലം സെക്രട്ടറി പി. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ പ്രത്യേക താപ്പര്യപ്രകാരം കലാമണ്ഡലത്തില്‍ ചേര്‍ന്നു തിമില പഠനം തൂടര്‍ന്ന അദ്ദേഹത്തിന് അവിടേയും ദുരനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയിരുന്നാല്‍ അവരെല്ലാം എഴുന്നേറ്റ് പോവും. വാദ്യം പഠിച്ച് തുടങ്ങുമ്പോഴേ തുടങ്ങി വര്‍ണ്ണവെറിയുടെ ദുരനുഭവങ്ങള്‍.

പഞ്ചവാദ്യം പഠിപ്പിച്ചതിന് താമിയുടെ ആശാനായ അരവിന്ദാക്ഷന് നാലുവര്‍ഷത്തോളം സവര്‍ണരായ കലാകാരന്മാര്‍ ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തിരുന്നു. വാദ്യപരിപാടികളില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. എന്നിട്ടും ആ ഗുരു ശിഷ്യനൊപ്പം നിന്നു. ജാതിവിവേചനത്തിന്റെ തീക്കനല്‍ പാതയില്‍ സ്ഫുടം ചെയ്‌തെടുക്കുകയായിരുന്നു താമിയുടെ വാദ്യകലാജീവിതം. അവകാശങ്ങള്‍ക്കായി സമരവീര്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു താമി പിന്നീട്. അതിന് വേദിയായത് സത്യഗ്രഹത്തിലൂടെ പുകള്‍പെറ്റ ഗുരുവായൂരായിരുന്നു. സംഭവം ഇങ്ങനെ.

തിമില വിദ്വാന്‍ വെള്ളിത്തിരുത്തി കുട്ടിക്കൃഷ്ണന്‍നായര്‍ ആശാനും തിച്ചൂര്‍ വാസുവാര്യര്‍ ആശാനും പട്ടികജാതിക്കാരെ പഞ്ചവാദ്യം അഭ്യസിപ്പിച്ചു. ഇവര്‍ക്ക് അരങ്ങേറ്റം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചവാദ്യസേവയായി നടത്താന്‍ ആഗ്രഹം. ദേവസ്വം അനുമതി നിഷേധിച്ചു. ഹിന്ദു നവോത്ഥാന്‍ പ്രസിഡന്റ് സ്വാമി ഭൂമാനന്ദതീര്‍ത്ഥയുടെയും താമിയാശാന്റെയും നേതൃത്വത്തില്‍ സമരമായി. 64 ഹിന്ദു സംഘടനകളെ ചേര്‍ത്ത് ഹിന്ദു ഐക്യമുന്നണി രൂപീകരിച്ചു. 1987 ജനുവരി രണ്ടിന് സമരം തുടങ്ങി. ആദ്യഘട്ടമായി ക്ഷേത്രമതില്‍ക്കെട്ടിനു ചുറ്റും പ്രദക്ഷിണ ഘോഷയാത്രയും ശയനപ്രദക്ഷിണവും. പിന്നീട്, ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ സത്യഗ്രഹത്തിനു സാക്ഷ്യം വഹിച്ച മഞ്ജുളാല്‍ പരിസരത്ത് 1987 ജൂണ്‍ 14 മുതല്‍ താമിയാശാന്‍ ഉള്‍പ്പെടെയുള്ളവരുടെ ഏഴുദിവസം നീണ്ട ഉപവാസം. സമാപനത്തില്‍ മഞ്ജുളാല്‍ പരിസരത്തുനിന്ന് ഘോഷയാത്രയും. ഘോഷയാത്രയില്‍ പങ്കെടുത്ത താമിയാശാനും സ്വാമി ഭൂമാനന്ദയുമടക്കം നൂറുകണക്കിനുപേരെ അറസ്റ്റു ചെയ്തു. കല്ലേറും അതിക്രമവുമൊക്കെയായി സവര്‍ണ്ണരും രംഗത്തെത്തി. ജീവന്‍ കൈയിലടക്കി പിടിച്ചാണ് ആ സമരമുഖത്ത് നിന്നതെന്ന് വയ്യായ്കയ്ക്കിടയിലും താമി ആശാന്‍ ഓര്‍മ്മിക്കുന്നു.

1988 ജൂലായ് 17-ന് ദേവസ്വം ബോര്‍ഡ് സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചു. ചര്‍ച്ചയ്ക്കു ശേഷം ജൂലായ് 23-ന് ക്ഷേത്രത്തിനകത്ത് പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും മധ്യേ പഞ്ചവാദ്യസേവ നടത്താന്‍ തീരുമാനിച്ചു. പട്ടികജാതിക്കാരടക്കമുള്ള കലാകാരന്മാരുടെ പഞ്ചവാദ്യത്തിന് തിമിലയില്‍ പ്രമാണം വഹിച്ചത് താമിയാശാന്റെ ഗുരു സാക്ഷാല്‍ അന്നമനട പരമേശ്വരമാരാരായിരുന്നു. മദ്ദളത്തില്‍ പ്രമാണം താമിയാശാനും.

1986 ഫെബ്രുവരി 22-ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് എതിര്‍പ്പുകളെ അവഗണിച്ച് പട്ടികജാതിക്കാരുടെ പഞ്ചവാദ്യത്തില്‍ മദ്ദളം കൊട്ടുവാനും താമിയാശാന് സാധിച്ചു. സ്വാമി ചിന്മയാനന്ദന്റെ നേതൃത്വത്തില്‍ നടന്ന സമൂഹ കോടിയര്‍ച്ചനയോടനുബന്ധിച്ചായിരുന്നു അന്നത്തെ പഞ്ചവാദ്യം. ആ പോരാട്ടങ്ങളുടെയെല്ലാം കനല്‍ മനസില്‍ സൂക്ഷിച്ചാണ് താമിയുടെ പിന്നീടുള്ള ജീവിതം.

വയ്യായ്കയ്ക്കിടയിലും സമരനാളുകളിലെ അനുഭവങ്ങള്‍ തീയതി തെറ്റാതെ ഓര്‍ത്തെടുക്കുകയാണ് താമിയാശാന്‍. കലാമണ്ഡലം ഭരണസമിതി അംഗമായ ഏക ഹരിജന്‍, കലാമണ്ഡലം പുരസ്‌കാര ജേതാവ് എന്നതൊക്കെ ആ സമരജീവിതത്തിന് നിറം നല്‍കി. പാക്കനാര്‍ അവാര്‍ഡ്, 2004-ല്‍ ഭാരതീയ ദലിത് സാഹിത്യ അക്കാദമി ഫെലോഷിപ്പ്, 2004-ല്‍ ക്ഷേത്രവാദ്യസംഗീത സമിതി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും നേടി. 1998-ല്‍ ഉത്സവപ്പറമ്പുകളോട് വിടപറഞ്ഞ അദ്ദേഹം കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഞ്ചവാദ്യ സംഘത്തിന്റെ മുഖ്യപരിശീലകനായി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഞ്ചവാദ്യത്തില്‍ സ്‌കൂളിനെ അനവധി തവണ ജേതാവാക്കി. യോഗ്യതകളേറെയുണ്ടായിട്ടും കേരളത്തിലെ പ്രധാനക്ഷേത്രങ്ങളില്‍ പഞ്ചവാദ്യം അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. ഇപ്പോള്‍ വാര്‍ദ്ധക്യസഹജമായ വയ്യായ്കകളുമായി കടവല്ലൂര്‍ കല്ലുംപുറത്തെ വീട്ടില്‍ കഴിയുകയാണ് ഈ വാദ്യകലാകാരന്‍.


വാദ്യകലയ്ക്കായി സമരവീര്യം കൊണ്ട് താമിയുള്‍പ്പെടെ പിടിച്ചുവാങ്ങിയ ക്ഷേത്രമതില്‍ക്കെട്ടുകളെല്ലാം ഇന്നും ദളിതനുമുമ്പില്‍ കൊട്ടിയടക്കപ്പെടുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് അദ്ദേഹത്തിന്റെ ശിഷ്യന്‍കൂടിയായ വടക്കേക്കാട് സ്വദേശി കല്ലൂര്‍ ബാബുവിന്റെ അനുഭവങ്ങള്‍. . .

2014 ജനുവരി അഞ്ച്: വേദി ഗുരുവായൂര്‍ ഇടത്തരികത്ത് കാവ്. കലാമണ്ഡലം പരമേശ്വരന്‍ മാരാര്‍ നയിച്ച പഞ്ചവാദ്യത്തില്‍ ഇലത്താളം വായിക്കാനെത്തിയതാണ് കല്ലൂര്‍ ബാബു. പകല്‍ വാദ്യത്തില്‍ പ്രഗത്ഭര്‍ക്കൊപ്പം ഇലത്താളം വായിച്ചു . പഞ്ചവാദ്യം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അഭിനന്ദിക്കാനായി പലരുമെത്തി. ഏറെനാളത്തെ ആഗ്രഹമായിരുന്നു അത്. കണ്ണനു മുന്നിലെ പഞ്ചവാദ്യസംഘത്തിന്റെ ഭാഗമാകുകയെന്നത്. അതിനായി അമ്മയുടെയും ഗുരുകൂടിയായ അച്ഛന്റെയും അനുഗ്രഹം വാങ്ങിയാണ് ഗുരുവായൂരിലെത്തിയത്. ഗുരുകാരണവന്മാരെ മനസില്‍ ധ്യാനിച്ച് കണ്ണനെ വണങ്ങി രാത്രി വാദ്യത്തിനായി ക്ഷേത്രത്തിനടുത്ത് പഞ്ചവാദ്യകലാകാരന്മാര്‍ക്കായി സൗകര്യമൊരുക്കിയിരുന്ന പാഞ്ചജന്യം ലോഡ്ജിലെത്തി. രാത്രി വാദ്യമായിരുന്നു മനസു നിറയെ. പക്ഷേ വൈകിട്ടായപ്പോഴാണ് ആ വിവരം ബാബുവറിയുന്നത്. പഞ്ചവാദ്യത്തില്‍ നിന്ന് ഒഴിവാക്കിയെന്ന്. കീഴ്ജാതിക്കാരനാണെന്ന് അറിഞ്ഞ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ താലപ്പൊലിക്കമ്മിറ്റിയുമായി ചര്‍ച്ച നടത്തി ക്ഷേത്രത്തിനകത്തെ പഞ്ചവാദ്യത്തില്‍ പങ്കെടുപ്പിക്കാനാവില്ല എന്ന തീരുമാനത്തിലെത്തുകയായിരുന്നു. പിന്നെ കണ്ണനു മുന്നില്‍ നിന്നും കണ്ണീരോടെയായിരുന്നു മടക്കം. ഇത് ആദ്യത്തെ സംഭവമല്ലെന്ന് കല്ലൂര്‍ ബാബു ആണയിടുന്നു. ഇപ്പോഴും ദളിത് കലാകാരന്മാര്‍ക്ക് പ്രധാനക്ഷേത്രങ്ങളുടെ മതിലിനു പുറത്താണ് വാദ്യസേവയ്ക്ക് അവസരമമെന്ന് ബാബുവിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

2010-ല്‍ തിരുവമ്പാടിക്ഷേത്രത്തില്‍ തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് മേളത്തിന് വിളിച്ചെങ്കിലും പിന്നീടിതേ വരെ പ്രധാനക്ഷേത്രങ്ങളിലൊന്നും മേളത്തിന് വിളിച്ചിട്ടില്ലെന്ന് ബാബു പറയുന്നു. ഇപ്പോള്‍ ചെറിയ ചില ക്ഷേത്രങ്ങളില്‍ ഇലത്താള കലാകാരനായി പോകുന്നു. ഗുരുവായൂരിലെ സംഭവം ഉയര്‍ത്തിയ സമര കോലാഹലം ഏറെ നീണ്ടു. സംഭവത്തില്‍ റിട്ടയേര്‍ഡ് ജഡ്ജിയെ വച്ച് അന്വേഷിക്കാമെന്ന ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനമെത്തി. അനുരഞ്ജന ചര്‍ച്ചയായി. മൊഴിയെടുപ്പായി. പക്ഷേ ഉദ്യോഗസ്ഥ തമ്പുരാക്കന്മാരും മറ്റ് തമ്പ്രാക്കന്മാരും ഇന്നും ആ പഴയ തീട്ടൂരങ്ങള്‍ ആവര്‍ത്തിച്ചിറക്കുന്നു. ഗുരുവായൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ വച്ച് മൊഴിയെടുത്തെങ്കിലും പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് കല്ലൂര്‍ ബാബു തന്നെ പറയുന്നു.

ക്ഷേത്രവരുമാനത്തെ ചൊല്ലി വിവാദങ്ങളുയര്‍ത്തുന്ന ഹൈന്ദവസംഘടനകള്‍ പോലും ഈ അപ്രഖ്യാപിത വിലക്കുകളില്‍ പോലും സക്രിയമായി ഇടപെടുന്നില്ല. സര്‍ക്കാര്‍ പോലും പൊട്ടന്‍ ആട്ടം കാണുന്നപോലെ ഈ ഒഴുക്കില്‍ കൂടെ ഒഴുകുന്നു. എന്തിനും തന്ത്രിമാരാണ് അവസാന വാക്കെന്ന പരിച ഓരോ വിവാദത്തിനുമുന്നിലും ഭരണകൂടം ഉയര്‍ത്തി പിടിക്കും. 

ദളിതന്റെ പണം ക്ഷേത്രത്തിനെടുക്കാം. പക്ഷേ എല്ലാ മേഖലയിലും അവന് പ്രാതിനിധ്യം കൊടുക്കാന്‍ വൈമുഖ്യമാണ് ഭരണകൂടങ്ങള്‍ക്ക്. തൃശൂര്‍ പൂരത്തിലെ ഘടകക്ഷേത്രങ്ങളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലെ ഭരണസമിതിയുടെ കാര്യത്തിലായാലും ഈ പ്രാതിനിധ്യമില്ലായ്മ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു.

കാലമേറെ മാറി. പക്ഷേ ഇന്നും ദളിത് ജീവിതം അടയാളപ്പെടുത്തുന്നത് ഇത്തരം വിലക്കിന്റെ പേരിലുള്ള വിവാദങ്ങളിലൂടെയാണ്. കലാകാരന്മാരായാലും ഉദ്യോഗസ്ഥരായാലും വിദ്യാര്‍ത്ഥിയായാലും ഈ ഐ.ടി യുഗത്തിലും ആ സാഹചര്യങ്ങള്‍ക്ക് മാറ്റം വരുന്നേയില്ല. ഓരോ ക്ഷേത്രത്തിനും പാരമ്പര്യമായി വാദ്യകല ചെയ്യാന്‍ ഓരോ കുടുംബക്കാരെ (അടിയന്തരക്കാര്‍) നിയോഗിച്ചിട്ടുണ്ട്. ആ വിശേഷാധികാരം ജന്മസിദ്ധമെന്ന മട്ടില്‍ കൊണ്ടുനടക്കുകയാണ് പലരും. ജാതീയമായ ചില വിശേഷാധികാരങ്ങളുണ്ടെന്ന വിശ്വാസം ഇന്നും അവര്‍ വച്ചുപുലര്‍ത്തുന്നു. യോഗ്യത കൊണ്ടല്ല ജന്മം കൊണ്ടാണ് അവര്‍ കഴിവു തെളിയിക്കുന്നത്. യോഗ്യനു മുന്നില്‍ അംഗരാജ്യം കാഴ്ചവച്ച് ആശ്‌ളേഷിച്ച ദുര്യോധനന്റെ മനോഭാവം പോലും ഇന്നത്തെ തലമുറയിലെ പലര്‍ക്കുമില്ല.

സംവരണാനുകൂല്യത്തോടെ മാത്രം മുന്നോട്ടുകയറുന്നവരെന്ന അപഖ്യാതി പറഞ്ഞുപരത്താനാണ് ഇവര്‍ക്കേറെ താല്‍പ്പര്യം. എന്നാല്‍ യോഗ്യതയോടെ നെഞ്ചുവിരിച്ച് മുന്നിലെത്തിയാല്‍ ഭീമസേനനെപ്പോലെ ജാതി പറഞ്ഞും നിറം പറഞ്ഞും അപഹസിച്ച് ഇകഴ്ത്തും. ചെറുമന്റെ മകന്‍ പാടത്ത് പണിതാല്‍ മതിയെന്ന തീട്ടൂരം അദൃശ്യമായി വിതയ്ക്കുകയാണ് അവരിന്നും. ധൃതരാഷ്ട്രാലിംഗനവുമായി ഭരണകൂടം ഓരോ ദളിതന്റെയും പിന്നാലെയുണ്ട്. അവര്‍ സ്‌നേഹം നടിച്ച് വാരിപ്പുണര്‍ന്ന് ഞെക്കിക്കൊല്ലും. തന്റേടത്തോടെ തീരുമാനങ്ങളെടുക്കാതെ ധൃതരാഷ്ട്രകാഴ്ചയില്‍ അഭിരമിക്കുകയാണവര്‍. മാമൂലുകളോട് അടങ്ങാത്ത അഭിനിവേശമാണ് അവര്‍ക്ക്. മുതലക്കണ്ണീരൊഴുക്കി അവര്‍ മനുസ്മൃതിയിലെ വാക്യങ്ങള്‍ക്ക് ഇപ്പോള്‍ മറ്റൊരു ഭാഷ്യം ചമയ്ക്കുന്നു. ‘ന ദളിത് സ്വാതന്ത്ര്യമര്‍ഹതി.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍