UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിലേത് കാട്ടുനീതിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത സിപിഐഎമ്മിനുണ്ട്

Avatar

അഴിമുഖം പ്രതിനിധി

തലശേരി കുട്ടിമാക്കൂലില്‍ ദളിത് സഹോദരിമാരെ റിമാന്‍ഡ് ചെയ്ത നടപടി ദേശീയ ശ്രദ്ധയില്‍ എത്തിയിരിക്കുന്നു. സിപിഐഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവതികള്‍ക്കെതിരെ പൊലീസ് കള്ളക്കേസ് ഉണ്ടാക്കിയതാണെന്ന ആരോപണം ശക്തമാവുകയാണ്. കൈക്കുഞ്ഞുമായാണ് റിമാന്‍ഡ് ചെയ്യപ്പെട്ട യുവതികളിലൊരാളായ അഖില ജയില്‍ കഴിയുന്നതെന്നത് വാര്‍ത്തകള്‍ക്ക് മനുഷ്യാവകാശമുഖം കൂടി നല്‍കിയിരിക്കുകയാണ്.

സിപിഐഎം ഓഫിസില്‍ കയറി അക്രമം നടത്തുകയും ഡിവൈഎഫ് ഐ നേതാവ് ഷിജിലിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടികള്‍ക്കെതിരെ ഉണ്ടായിരിക്കുന്ന കേസിനാധാരം. എന്നാല്‍ തങ്ങളെ നിരന്തരം ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുന്നത് ചോദിക്കുന്നതിനായി പാര്‍ട്ടി ഓഫിസില്‍ പോയതാണെന്നും അവിടെ വച്ച് തങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും കാണിച്ച് അഖില, അഞ്ജന എന്നീ യുവതികളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തങ്ങളുടെ പരാതി അവഗണിച്ച പൊലീസ് മൊഴിയെടുക്കാമെന്ന വ്യാജേന സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് യുവതികള്‍ പറയുന്നത്.

കുട്ടുമാക്കൂലിലെ കോണ്‍ഗ്രസ് നേതാവ് രാജന്റെ മക്കളാണ് റിമാന്‍ഡ് ചെയ്യപ്പെട്ട അഖിലയും അഞ്ജനയും. പ്രാദേശിക സിപിഐഎം നേതൃത്വവും രാജനുമായി നടക്കുന്ന രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും പറയപ്പെടുന്നു.

കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ അരവിന്ദാക്ഷന്‍ ഈ സംഭവത്തെക്കുറിച്ച് പറയുന്നത് ഇപ്രകരാമാണ്: സിപിഐഎം ആധിപത്യമുള്ള പ്രദേശത്ത് കോണ്‍ഗ്രസ് നേതാവായ രാജന്‍ നിരവധി ഭീഷണികള്‍ എതിര്‍പ്പാര്‍ട്ടിക്കാരില്‍ നിന്നും നേരിട്ടാണ് കഴിഞ്ഞുപോരുന്നത്. പലതരത്തിലുള്ള ഉപദ്രവങ്ങളും രാജനും മക്കള്‍ക്കുമെതിരെ സിപിഎം പ്രവര്‍ത്തകര്‍ നടത്താറുണ്ട്. രാജന്റെ പെണ്‍മക്കളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നതും വീട്ടില്‍ കയറി ആക്രമിക്കുന്നതുമൊക്കെ ഉണ്ടായിട്ടുണ്ട്. വീടു കയറി അക്രമത്തിനെതിരെ രാജന്‍ നല്‍കിയ പരാതിയില്‍ മൂന്നു സിപിഐഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്യുകയും അവരെ റിമാന്‍ഡ് ചെയ്യുകയുമുണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതിഷേധമെന്നോണം കഴിഞ്ഞ ദിവസം പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ രാജന്റെ പെണ്‍മക്കളെ മുകളിലത്തെ നിലയിലുള്ള പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്ന ഷിജിലും മറ്റു ചിലരും ചേര്‍ന്ന് അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും നഗ്നത പ്രദര്‍ശനം നടത്തുകയുമൊക്കെയുണ്ടായി. തങ്ങള്‍ക്കുനേരെ നടന്ന ഈ അധിക്ഷേപങ്ങള്‍ ചോദ്യം ചെയ്യാനാണ് അഖിലയും അഞ്ജനയും പാര്‍ട്ടി ഓഫിസില്‍ ചെന്നത്. എന്നാല്‍ അവിടെവച്ച് അവര്‍ വീണ്ടും അപമാനിക്കപ്പെടുകയായിരുന്നു. അതുകൊണ്ടും അവസാനിക്കാതെ ഇവരുടെ വീട്ടിലും ആക്രമണംഉണ്ടായി. മര്‍ദ്ദനമേറ്റ് രാജനും മക്കളും ആശുപത്രിയില്‍ ചികിത്സ തേടുകയുമുണ്ടായി. ഈ പരാതിയൊക്കെ പൊലീസിന്റെ മുന്നില്‍ ഉണ്ടെന്നിരിക്കെ തന്നെയാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പൊലീസും അക്രമികളുടെ കൂടെയാണെന്നതിനു തെളിവായിരുന്നു പിന്നീട് കണ്ടത്. മൊഴിയെടിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കൊണ്ടുപോവുകയും മജിസ്‌ട്രേറ്റ് അവധിയില്‍ ആയതിനാല്‍ പകരം ചുമതല വഹിക്കുന്ന കണ്ണൂര്‍ സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡില്‍ അയയ്ക്കുകയുമായിരുന്നു. കള്ളക്കേസില്‍ കുടുക്കി രണ്ടു ദളിത് പെണ്‍കുട്ടികളെ അതും ഒരുകൈക്കുഞ്ഞ് ഉള്‍പ്പെടെ ജയിലില്‍ അടയ്ക്കാനുള്ള ഹീനമായ ശ്രമങ്ങളാണ് ഇവിടെ നടന്നത്. ദളിതര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്നൊരു പാര്‍ട്ടിയാണ് ഇവിടെ രണ്ടു ദളിത് പെണ്‍കുട്ടികളെ ജയിലില്‍ അടച്ചിരിക്കുന്നത്. അതും അധികാരം കൈയിലുണ്ടെന്ന അഹങ്കാരത്തോടെ. ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുസമൂഹമാണ്. ഇത്തരം കാട്ടുനീതികളാണ് സിപിഎമ്മിന്റെ പൊലീസ് തുടരുന്നതെങ്കില്‍ അതു തടഞ്ഞേതീരൂ…

എന്നാല്‍ കോണ്‍ഗ്രസ് ആരോപണങ്ങളെയും മാധ്യമവാര്‍ത്തകളെയും പൂര്‍ണമായി തള്ളിക്കളയുകയാണ് സിപിഐഎം. പാര്‍ട്ടിക്കെതിരെ നടക്കുന്ന ഗൂഡാലോചനയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്നും സിപിഐഎം നേതാവ് സോമന്‍ പറയുന്നു: പ്രശ്‌നങ്ങള്‍ എല്ലാം തുടങ്ങുന്നത് രാജന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സിപിഐഎം വിദ്വേഷത്തില്‍ നിന്നാണ്. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ട്ടി സ്ഥാപിച്ച കൊടികളും മറ്റും ഇയാള്‍ സ്ഥിരമായി നശിപ്പിക്കുമായിരുന്നു. ഈ പ്രദേശത്ത് രാജന്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ഉള്ളത്. ഇയാളുടെ വീടിന്റെ പരിസരങ്ങളില്‍ സ്ഥാപിക്കുന്ന കൊടികളായിരുന്നു നശിപ്പിക്കപ്പെട്ടത്. ഇയാളുടെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തെന്നും വീട് കയറി ആക്രമിച്ചുവെന്നും കാണിച്ച് പാര്‍ട്ടി പ്രവര്‍ത്തകരായ യുവാക്കള്‍ക്കെതിരെ ഇയാള്‍ കള്ള പരാതി കൊടുക്കുകയും ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ മൂന്നു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്യുകയുമുണ്ടായി. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്. ഇത്തരത്തില്‍ ഉപദ്രവം ഏറിവന്നതോടെ ഈ വിഷയത്തില്‍ രാജനെ താക്കീത് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന്റെ ഫലമായി രാജന്റെ ഭാഗത്തു നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്നും ധാരണയുണ്ടാക്കി. എന്നാല്‍ ഈ ധാരണ രാജന്‍ തെറ്റിച്ചു. ഷിജില്‍ എന്ന ഡിവൈഎഫ് ഐ നേതാവിനെതിരെ കള്ളപ്പരാതി കൊടുക്കയും അതിന്റെ ഭാഗമായി പൊലീസ് ഷിജിലിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയാണെന്നും ജാമ്യം എടുക്കാനുള്ള വഴികള്‍ നോക്കാന്‍ ആവശ്യപ്പെടുകയും ഉണ്ടായി. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഷിജില്‍ വഴിയില്‍വച്ചു കണ്ടപ്പോള്‍ രാജനോട് തനിക്കെതിരെ പരാതി നല്‍കാനുണ്ടായ സാഹചര്യം ആരാഞ്ഞു. എന്നാല്‍ രാജന്‍ രൂക്ഷമായ ഭാഷയിലാണ് ഷിജിലിനോട് പ്രതികരിച്ചത്. രാജന്റെ വീടുകയറി സിപിഐഎം ആക്രമണം നടത്തിയെന്ന് വീണ്ടും പരാതി ഉണ്ടാകുന്നതും ഇതിനു പിറകെയാണ്. ഇതോടെ ഒരു മുഖ്യധാര പത്രം ഈ വിഷയം വലിയ വാര്‍ത്തയാക്കുകയും കോണ്‍ഗ്രസ് നേതൃത്വം ഈയവസരം സിപിഐഎമ്മിനെതിരെ ഉപയോഗിക്കാമെന്ന് കണക്കുകൂട്ടുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഉപദേശമെന്നോണം രാജന്‍ പെണ്‍മക്കളെയും കൂട്ടി പാര്‍ട്ടി ഓഫിസിലേക്ക് വന്നത്. രാജന്‍ താഴെ നിന്നശേഷം പെണ്‍മക്കളെ ഓഫീസിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഓഫീസില്‍ കയറി പെണ്‍കുട്ടികള്‍ ഷിജിലിനെ മര്‍ദ്ദിക്കുകയും കസേര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. അവിടെയപ്പോള്‍ ഉണ്ടായിരുന്ന ഒരാള്‍പോലും ഈ പെണ്‍കുട്ടികളെ ഏതെങ്കിലും തരത്തില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല. കാരണം ഇവര്‍ കരുതിക്കൂട്ടി വന്നതാണെന്ന് വ്യക്തമായി. സ്ത്രീകളുടെ ദേഹത്തു തൊട്ടാല്‍ അതു മറ്റു രീതിയില്‍ പ്രശ്‌നമാകുമെന്ന് അറിയാം. ഇതുകൊണ്ട് ആ പെണ്‍കുട്ടികളുടെ അക്രമം സഹിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പാര്‍ട്ടി ഓഫീസില്‍ കയറി അക്രമവും മര്‍ദ്ദനവും നടത്തിയതിനാണ് പരാതി നല്‍കിയത്. ഇതാണ് വാസ്തവമെന്നിരിക്കെ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം കരുതിക്കൂട്ടിയുള്ളതാണ്. 

മറ്റ് സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി ചോദ്യം ചെയ്യുന്ന സിപിഐഎമ്മിന് കേരളത്തില്‍ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയമായ തിരിച്ചടിയണ്. യഥാര്‍ത്ഥവസ്തുത എന്താണെന്ന് പൊതുസമൂഹത്തില്‍ വ്യക്തമാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയാതെ വന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന ചീത്തപ്പേര് സംസ്ഥാനഭരണത്തിനു തന്നെ നാണക്കേടായിരിക്കും. അതുകൊണ്ട് തലശ്ശേരിയില്‍ നടന്നത് കാട്ടുനീതിയാണോ അല്ലയോ എന്ന ചോദ്യത്തിന് സിപിഐഎം എത്രയും പെട്ടെന്ന് ഉത്തരം നല്‍കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍