UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോക്കപ്പ് പീഡനം: ഉനയില്‍ നിന്നും ഏറെ അടുത്താണ് അഞ്ചാലുംമൂട്

Avatar

അഴിമുഖം പ്രതിനിധി

ഗുജറാത്തിലെ ഉനയിലായാലും കൊല്ലത്തെ അഞ്ചാലുംമൂട്ടിലായാലും ആക്രമിക്കപ്പെടുന്ന ദളിതരുടെ വേദന ഒരുപോലെയാണ്. അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യാവകാശങ്ങളുടെ ഇരകളായി നീതിക്കുവേണ്ടി പോരാടേണ്ടി വരുന്നവരുന്ന ദളിത് ന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് ഉത്തരേന്ത്യയില്‍ മാത്രമാകരുത്. അങ്ങനെയല്ലാതെ വരുമ്പോഴാണ് ഇപ്പോള്‍ നടത്തിവരുന്ന ദളിത-ന്യൂനപക്ഷ ആകുലതയുടെ പേരില്‍ കേട്ടുവരുന്ന ഇടതുപക്ഷവാചോടാപം സാമാന്യബുദ്ധിക്ക് അസഹ്യമായി തോന്നുന്നത്.

ഇന്ത്യയിലെ മൊത്തം ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികോന്നമനത്തിനും അവകാശസംരക്ഷണത്തിനും വേണ്ടി നിലപാടുകളെടുക്കുന്ന ഇടതുപക്ഷത്തിന് അവര്‍ക്ക് അധികാരമുള്ള ഒരുു സംസ്ഥാനത്ത് ഇടവിട്ടുണ്ടാകുന്ന ദളിത് പ്രശനങ്ങള്‍ക്ക് കൃത്യമായ പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, അവരുടെ പ്രതിബദ്ധത ചോദ്യം ചെയ്യേണ്ടതു തന്നെയാണ്.

കൊല്ലം അഞ്ചാലുംമൂടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ടു ചെറുപ്പക്കാരെ അഞ്ചുദിവസങ്ങളാണ് പൊലീസ് അന്യായമായി തടങ്കലില്‍വയ്ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. മാധ്യമവാര്‍ത്തകളിലൂടെ പുറത്തറിഞ്ഞ ഈ വിഷയത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ ഇടപെട്ട സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് കുറ്റക്കാരനെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിരിക്കുന്ന പൊലീസുകാരെ സ്ഥലം മാറ്റുക മാത്രമാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് എപ്പോള്‍ വരുമെന്നോ, കുറ്റക്കാരായി പൊലീസുകാര്‍ക്കെതിരേ മറ്റെന്തെങ്കിലും ശിക്ഷാനടപടികള്‍ ഉണ്ടാകുമോയെന്നും അറിയില്ല. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ മാതൃകാപരമായ യാതൊരു ശിക്ഷകളും ഇക്കാര്യത്തില്‍ ഉണ്ടാവുകയില്ല എന്നു തന്നെ ഊഹിക്കാം. മാധ്യമങ്ങള്‍ക്ക് ഈ വിഷയത്തിലുള്ള താത്പര്യം കെട്ടടങ്ങുന്നതോടെ അഞ്ചാലുംമൂട് സംഭവവും പൊതുശ്രദ്ധയില്‍ നിന്നും മായ്ക്കപ്പെടും.

നവോഥാന മുന്നേറ്റങ്ങള്‍ നിരവധി ഉണ്ടായിട്ടുള്ള കേരളത്തില്‍ പോലും ആദിവാസി-ദളിത് വിഭാഗങ്ങള്‍ പൊതുസമൂഹത്തിന്റെ ഭാഗമായി മാറിയിട്ടില്ല എന്നതു തന്നെയാണ് ഇത്തരം വിഷയങ്ങള്‍ തെളിയിക്കുന്നത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനം ഉള്ള ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനത്തെക്കുറിച്ചുകൂടിയാണ് ഇപ്രകാരം പറയേണ്ടി വരുന്നതെന്നതിന്റെ ഗൗരവം കൂടി മനസിലാക്കുക. ഇടതുപക്ഷ ഭരണകൂടങ്ങള്‍ നിലവില്‍ വരുമ്പോള്‍ പോലും തീര്‍ക്കാന്‍ കഴിയാത്തതായ പ്രശനങ്ങള്‍ കേരളത്തിലെ ദളിത്-ആദിവാസികള്‍ നേരിട്ടുകൊണ്ടേയിരിക്കുകയാണെന്നതിന് ഏറ്റവും അവസാനമായി പറയേണ്ടി വരുന്ന ഉദാഹരണമാകില്ല അഞ്ചാലുംമൂട്ടിലേതെന്നും ഉറപ്പിച്ചു പറയാം. 

മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിനു നല്‍കിയ ഉറപ്പായിരുന്നു ലോക്കപ്പ് പീഡനങ്ങള്‍ ഉണ്ടാകില്ലെന്നത്. ആ ഉറപ്പാണ് അഞ്ചാലുംമൂടിലെ പൊലീസുകാര്‍ പരസ്യമായി ലംഘിച്ചത്. ഭരണകൂടത്തെ വെല്ലവിളിക്കാന്‍ പൊലീസിന് സാധിക്കുന്നുണ്ടെങ്കില്‍, ആ ധാര്‍ഷ്ട്യത്തോട് പ്രതികരിക്കേണ്ടത് ഇത്തരം തണുപ്പന്‍ സമീപനത്തോടെയായിരുന്നോ എന്നാണു മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന് യാതൊരു വിലയും ഇല്ലാതെ വരുമ്പോള്‍ ഒരു ഭരണകൂടത്തിനുമേലുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്.

പൊലീസിന്റെ ക്രൂരതകള്‍ സംസ്ഥാനത്ത് നടക്കുന്നത് ഇതാദ്യമല്ല. അതിക്രൂരമായ ലോക്കപ്പ് മരണങ്ങളുടെ വാര്‍ത്തകള്‍ എത്രയോവട്ടം കേട്ടിരിക്കുന്നു. ഓരോ സംഭവം നടക്കുമ്പോളും ഇനിയിങ്ങനെയുണ്ടാകില്ലെന്ന തോന്നല്‍പോലും ഉണ്ടാകാത്തവിധം ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതകള്‍ മാത്രമായിരുന്നു മുമ്പില്‍ നിന്നിരുന്നത്. അതിനു കാരണം തെറ്റുകാരയവര്‍ക്കുനേരെ തക്കതായ ശിക്ഷനടപടികള്‍ ഉയര്‍ന്നില്ല എന്നതു തന്നെ. ഇത്തരം വിഷയങ്ങളില്‍ അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെടുന്നത് അതേ ഫോഴ്‌സിന്റെ ഭാഗമായിട്ടുള്ളൊരാളെയായിരിക്കും. വര്‍ഗസ്‌നേഹം കാണിക്കുന്നതില്‍ പൊലീസിനോളം മാതൃക പറയാന്‍ മറ്റാരുമില്ല. കൂടിവന്നാല്‍ ഒരു സസ്‌പെന്‍ഷന്‍, ഭൂരിഭാഗ കേസിലും സ്ഥലംമാറ്റത്തില്‍ ഇതൊതുങ്ങും. അതിനപ്പുറം ഒരു വര്‍ഷംപോലും തടവില്‍ കിടക്കേണ്ടി വന്ന ഒരു കൊലയാളി പൊലീസിനെക്കുറിച്ചും വായിച്ചുകേട്ട ഓര്‍മപോലുമില്ല.

ഭരണകൂടമാകട്ടെ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ വേട്ടക്കാരനെ പിടികൂടാന്‍ നില്‍ക്കാതെ ഇരയ്‌ക്കോ ഇരയുടെ ബന്ധുക്കള്‍ക്കോ എന്തെങ്കിലും സൗജന്യം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ നോക്കും. സഹതാപമോ സ്വാന്തനമോ അല്ല, തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ കിട്ടുന്നതു തന്നെയാണ് ഓരോ ഇരയും അല്ലെങ്കില്‍ ആ വ്യക്തിയുടെ ബന്ധുക്കളോ ആഗ്രഹിക്കുന്നത്. അത്തരത്തിലൊന്നും നടക്കുന്നില്ല എന്നിടത്താണ് പ്രശ്‌നം.

കേരളത്തിലെ ജയിലുകളില്‍ ക്രൂരതകള്‍ക്ക് ഇരയാകേണ്ടി വരുന്നവരില്‍ ദളിത വിഭാഗത്തില്‍ നിന്നുള്ളവരുടെ എണ്ണം വളരെയേറെയാണ്. അപരിഷ്‌കൃതമെന്നും കുറ്റകൃത്യങ്ങളുടെ താവളങ്ങളെന്നും പരിഹസിക്കപ്പെടുന്ന ദളിത് കോളനികളുടെ സന്തതികള്‍ക്ക് പൊലീസ് ലോക്കപ്പുകള്‍ മരണക്കളങ്ങളാകുന്നത് അവിചാരിതമായിട്ടല്ല. അവനെ കൊന്നാല്‍ ആരുണ്ട് ചോദിക്കാനെന്ന പഴയ മാടമ്പിയുടെ മനോഭാവമാണ് കേരളത്തിലെ പൊലീസുകാര്‍ക്കും. ഈ മനോഭവമാണ് മാറ്റേണ്ടത്. വ്യക്തികളിലൂടെ വ്യവസ്ഥിതിയെ തിരുത്താം. പക്ഷേ തിരുത്താന്‍ തക്ക ശക്തിയോടെ ഇടപെടണമെന്നു മാത്രം. അതിനൊക്കാത്ത ഇടതുവലുതു മുന്നണികളാണ് കേരളത്തിലെ അദിവാസി-ദളിത് അടിച്ചമര്‍ത്തലുകളുടെ പ്രധാന ഉത്തരവാദികള്‍.

കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളുടെ വോട്ടുഷെയര്‍ കൂടുതലും കൈയാളുന്നത് സിപിഎമ്മാണ്. അത പാര്‍ട്ടിയാണ് ഇപ്പോള്‍ അധികാരത്തില്‍ ഉള്ളതും. ദളിതരുടെയും ആദിവാസിയുടേയും വോട്ട് വാങ്ങി കൈയില്‍വച്ചിരിക്കുന്നവര്‍ക്ക് അവരുടെ മേല്‍ എന്തുകൊണ്ടും ഉത്തരവാദിത്വമുണ്ട്. തല്ലിക്കൊന്നാലും ഉരുട്ടിക്കൊന്നാലും ബലാത്സംഗം ചെയ്തു കൊന്നാലും ചത്തവന്റെ നിറവും ജാതിയും നോക്കി, അയ്യോ കഷ്ടമായി പോയി എന്നു മൂക്കുപിഴിയാനല്ല ഒരു കമ്യണിസ്റ്റ് മുഖ്യമന്ത്രിയും തയ്യാറാവേണ്ടത്. ചരിത്രം മറക്കാന്‍ പാടില്ലാത്ത കമ്യൂണിസ്റ്റുകാരന്റെ വര്‍ഗബോധമനസിന്റെ ഉറപ്പാണ് ജനങ്ങള്‍ക്ക് പ്രകടമാകേണ്ടത്.

കുടലും പണ്ടവും കുത്തിക്കീറി പുറത്തിടുന്ന വെറിയുടെ ഇരകള്‍ക്ക് അഞ്ചു സെന്റ് സ്ഥലവും കുമ്മായം പൂശിയ വീടും ഉണ്ടാക്കി കൊടുത്താല്‍ തീരുന്നതല്ല ഒരു ഭരണകൂടത്തിന്റെയും ബാധ്യത. കൈനഖത്തിനിടയില്‍ പച്ചീര്‍ക്കിലി കുത്തിയിറങ്ങുമ്പോള്‍ ഉയരുന്ന അലറിക്കരച്ചില്‍ ഇതാദ്യമായിട്ടല്ല കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഉയരുന്നത്. പാതിയില്‍ കെട്ടുപോയ അത്തരം നിലവിളികളെ തങ്ങള്‍ക്കനുകൂലമാക്കിയെടുത്ത കമ്യൂണിസ്റ്റുകാരോട് തന്നെയാണു പറയുന്നത്, ഉനയും അഞ്ചാലുംമൂട് രണ്ട് സ്ഥലങ്ങളല്ല, രണ്ടിടത്തുനിന്നും കേട്ടത് ഒരേ വേദനയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍