UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എക്സ്ക്ലൂഷന്റെ പുതിയ യുക്തികൾ; റാഗിംഗ് മാത്രമല്ല ജാതിയും ചര്‍ച്ച ചെയ്തേ പറ്റൂ

Avatar

സാബ്ലു തോമസ്

‘ചുമ്മാതല്ലെടീ നീ കരി ആയത്, അച്ഛനില്ലാത്തവളേ’ എന്നൊക്കെ വിളിച്ചായിരുന്നു റാഗിംഗ് എന്ന് ബാംഗ്ലൂരിലെ ഗുല്‍ബര്‍ഗയിലെ നേഴ്‌സിങ് കോളേജിലെ വായില്‍ ഫിനോള്‍ ഒഴിച്ചതിനെ തുടര്‍ന്നു ആശുപത്രിയിലായ പെണ്‍കുട്ടി പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

 

ഈ വാക്കുകളില്‍ തീര്‍ച്ചയായും ഒരു വംശീയ അധിക്ഷേപമുണ്ട്. ഇതില്‍ ജാതിയില്ല, വെറും റാഗിംഗ് മാത്രം എന്നു കരുതുന്ന ‘നിഷ്‌കളങ്ക’ര്‍ക്ക് നല്ല നമസ്‌കാരം. അത്രയ്ക്ക് നിഷ്‌കളങ്കനല്ലാത്തതുകൊണ്ട് ഇത് വെറും റാഗിംഗാണ് എന്ന സമീകരണത്തില്‍ വിശ്വസിക്കാന്‍ മനസില്ല. നിഷ്‌കളങ്കതയെന്ന പേരില്‍ ഒളിച്ചു കടത്തുന്ന രാഷ്ട്രീയത്തിന്റെ മനുഷ്യത്വവിരുദ്ധത ശരിക്കും പേടിപ്പിക്കുന്നുണ്ട്.

 

രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലും ഇത്തരം വരേണ്യയിടങ്ങളില്‍ ദളിതരും മറ്റും കടന്നു വരുമ്പോള്‍ സവര്‍ണ ബോധ്യങ്ങള്‍ പേറുന്നവരുടെ ബോധങ്ങളുമായുണ്ടാവുന്ന കലഹങ്ങളായിരുന്നു. സി.ഇ.ടി കോളേജില്‍ ഓണാഘോഷത്തിനിടെ തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ത്ഥിനി ജീപ്പിടിച്ച് മരിച്ച 2015 ഓഗസ്റ്റിലെ സംഭവത്തില്‍ മാപ്പ് ചോദിച്ചുകൊണ്ട് സി.ഇ.ടി കോളേജ് അധ്യാപകന്‍ സജീവ് മോഹന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. അപകടത്തില്‍പ്പെട്ട ജീപ്പോടിച്ചിരുന്ന ബൈജുവും 56000+ റാങ്ക് വാങ്ങി പട്ടികജാതി വിഭാഗത്തില്‍ അഡ്മിഷന്‍ നേടിയ, നിലവില്‍ മുപ്പതോളം ബാക്ക്‌പേപ്പറുകള്‍ ഉള്ള വിദ്യാര്‍ത്ഥിയാണ് എന്നറിയുക എന്നായിരുന്നു സജീവ് മോഹന്റെ ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശം. പണ്ട് ചിലരുടെ മാത്രം കുത്തകയായിരുന്ന വിദ്യാഭ്യാസ ഇടങ്ങളിലേക്ക് കീഴാളര്‍ കടന്നു വരുന്നതിലുള്ള ആധികളാണ് ഇതേ മാനസികാവസ്ഥയിലൂടെ ഇത്തരക്കാര്‍ മുന്നോട്ടു വെക്കുന്നത്. ജാതി ഒരു മാനസിക നിലയാണ് എന്ന അംബേദ്ക്കറുടെ വാക്കുകള്‍ ഓര്‍ക്കുക.

എസ്.എസ്.എല്‍.സിയിലെ വിജയ ശതമാനം ഉയരുന്നതില്‍ ഉത്കണ്ഠപ്പെടുന്നവരിലും ഇത്തരം ഒരു ‘ബോധ്യം’ ഉണ്ടായിരുന്നു. വിദ്യാഭ്യാസം ചില വര്‍ഗത്തിനും ജാതിക്കും മാത്രമുള്ള ഒരു അവകാശമായിരുന്ന കാലത്തിന്റെ ഹാങ്ങ്ഓവര്‍ മനസ്സില്‍ സൂക്ഷിക്കുന്നവരാണവര്‍. തന്റെ മകനു കിട്ടുന്നതിനു തുല്യമായ ഒരവസരം അപരന്റെ മകനും കിട്ടുന്നതില്‍ വേവലാതിയുള്ളവര്‍. ഇത്തരക്കാര്‍ തന്നെയാണ് പറമ്പിലെ പണിക്കും തെങ്ങ് കയറാനും ഇപ്പോള്‍ ആളെ കിട്ടാറില്ലെന്ന് ആകുലപ്പെടുന്നതും.

 

 

ഒരാളുടെ വിദ്യാഭ്യാസ അവസരത്തിന് അയാളുടെ സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളുമായി ബന്ധമുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളതുകൊണ്ട് മക്കളുടെ സംശയങ്ങള്‍ക്ക് കൃത്യമായി മറുപടി കൊടുക്കാന്‍ കഴിയുന്ന മാതാപിതാക്കളുടെ മക്കള്‍ക്കും നിരക്ഷരരോ അര്‍ദ്ധസാക്ഷരരോ ആയതുകൊണ്ട് മക്കളുടെ പഠനത്തില്‍ ഗുണപരമായി ഇടപെടാന്‍ കഴിയാത്ത ഒരാളുടെ മക്കള്‍ക്കും ഒരു പോലെയുള്ള ശിക്ഷണമല്ല കിട്ടുക. വിദഗ്ദ്ധ ട്യൂഷന്‍ ലഭിക്കാന്‍ സാമ്പത്തിക ശേഷിയുള്ളവരെയും അത് ഇല്ലാത്തവരെയും ഒരേ അളവുകോലു കൊണ്ട് വിലയിരുത്തുന്നത് നീതിയല്ല. ഓര്‍മ്മശക്തിയല്ലാതെ മറ്റൊന്നും പരീക്ഷിക്കാത്ത എഴുത്തു പരീക്ഷകള്‍ സാമൂഹിക സാഹചര്യത്തില്‍ ആര്‍ക്ക് അനുകൂലമാണ് എന്ന ചോദ്യം ചോദിക്കപ്പെടാതെ പോവുന്നു. അതിലും എത്രയോ ജനാധിപത്യപരമാണ്, എല്ലാ വിഭാഗങ്ങള്‍ക്കും ഒരു പോലെ അവസരം നല്‍കുന്ന കുടുതല്‍ പ്രവര്‍ത്തനോന്‍മുഖമായ നിരന്തര മൂല്യനിര്‍ണയ പ്രക്രിയ.

എസ്എസ് എല്‍ സിക്ക് കേരളത്തിലെ ഏറ്റവും കുറവ് വിജയ ശതമാനമുള്ള വിദ്യാഭ്യാസ ജില്ല കേരളത്തിലെ ഒരേ ഒരു ട്രൈബല്‍ ബ്ലോക്ക് പഞ്ചായത്തായ അട്ടപ്പാടി കൂടി ഉള്‍ക്കൊള്ളുന്ന പാലക്കാടു ജില്ലയിലെ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയായത് യാദൃശ്ചികമാണ് എന്ന് കരുതുവാനാവില്ല. പ്രത്യേകിച്ച് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏറ്റവും വിജയ ശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട് തന്നെയാണ് എന്ന യാഥാര്‍ഥ്യം പരിഗണിച്ചാല്‍. 1986-ലെ പുത്തന്‍ വിദ്യാഭ്യാസനയത്തെ പിന്തുടര്‍ന്നു രൂപപ്പെട്ട സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നല്‍കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഭരണകൂടത്തിന്റെ ചുവടുമാറ്റത്തിനെ പിന്തുടരുന്ന നയങ്ങളാണ് പുതിയ കാലത്ത് എക്‌സ്‌ക്ലൂഷന്‍ സൃഷ്ടിക്കുന്നത്. അണ്‍ ഇക്കണോമിക് എന്ന മാനദണ്ഡമുപയോഗിച്ച് സര്‍ക്കാര്‍/ എയിഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന സാഹചര്യവും മറ്റും സൃഷ്ടിക്കുന്നത് ഈ എക്‌സ്‌ക്ലൂഷന്റെ യുക്തിയാണ്. കേരളത്തിലെ അണ്‍ ഇക്കണോമിക് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ ഭാഗം ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍ നിന്നുമുള്ളവരാണ് എന്ന്‍ തിരുവനന്തപുരം ആസ്ഥാനമായുള്ള റൈറ്റ്‌സിന്റെ പഠനം വ്യക്തമാക്കുന്നുണ്ട്.

 

ഉണ്ണിക്കൃഷ്ണന്‍ കേസ്, പൈ ഫൌണ്ടേഷന്‍ കേസ്, ഇനാംദാര്‍ കേസ് എന്നിവയിലെ കോടതി വിധികളിലൂടെയൊക്കെ മുന്നോട്ട് വെക്കുന്നതും ആഗോളവല്‍ക്കരണ കാലത്തെ മെറിറ്റിന്റെ രാഷ്ട്രീയം പിന്തുടരുന്ന അതേ എക്‌സ്‌ക്ലൂഷന്റെ യുക്തിയാണ്. സര്‍ക്കാര്‍ ഗ്രാന്റ്‌റില്ലാതെ നടക്കുന്ന സ്ഥാപനങ്ങളില്‍ സര്‍ക്കാരിന് ഫീസ് നിയന്ത്രിക്കാനും അഡ്മിഷന്‍ നടത്താനും അധികാരമില്ലാ എന്നാണ് ഈ വിധി. ഇതിന്റെ ഫലമായി ഇവിടങ്ങളില്‍ സംവരണമില്ലാതെയാവുന്നതു കൊണ്ടാണ് ഈ കോളേജുകളെ ദളിതരില്ലാത്ത എക്‌സ്‌ക്ലൂസിവ് ഇടങ്ങളാക്കുന്നത്, ഇത്തരം സ്ഥാപനങ്ങളില്‍ ദളിതര്‍ എത്തിയാല്‍ ഉണ്ടാവുന്ന സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് ഗുല്‍ബര്‍ഗയിലെ നേഴ്‌സിങ് കോളേജ് വിഷയത്തില്‍ ചര്‍ച്ചയാവേണ്ടത് റാഗിംഗ് മാത്രമല്ല മറിച്ചു ഇത്തരം ഇടങ്ങളിലെ ജാതി കൂടിയാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

സ്ലൈഡ് പെയിന്‍റിംഗ്: Sunil Abhiman Awachar

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍