UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിവാം; ജാതിവെറിയന്‍ വലിച്ചെറിഞ്ഞ ഒരു ദളിത് ബാല്യം

Avatar

അഴിമുഖം പ്രതിനിധി

എട്ടുവയസേയുള്ളൂ ശിവാമിന്. ജന്മം കൊണ്ടുകിട്ടിയ നിര്‍ഭാഗ്യത്താല്‍ ഒരു ദളിത് ബാലനായിപ്പോയതുകൊണ്ട് ഈ കുഞ്ഞിന് അവന്റെ ഇടതുകൈ തോളിനു ചേര്‍ന്ന് നഷ്ടപ്പെട്ടു. ഇനിയുള്ള ജീവിതം മുഴുവന്‍ ജാതിവൈകൃതത്തിന്റെ പേരില്‍ നഷ്ടമായ ഇടതുകൈയുടെ വേദനയുമായി വേണം അവന് തള്ളിനീക്കാന്‍.

ഉത്തര്‍പ്രദേശിലെ ജാന്‍പൂരില്‍ മഹാരാജ് ഗഞ്ച് ബ്ലോക്കില്‍ അമ്മയ്ക്കും അച്ഛനും ഇളയ സഹോദരിക്കുമൊപ്പമായിരുന്നു ശിവാമിന്ന്റെ ജീവിതം. 2015 ഡിസംബര്‍ 28, മാതാപിതാക്കള്‍ പതിവുപോലെ ജോലി തേടി പുറത്തുപോയിരിക്കുന്നു. വീട്ടില്‍ ശിവാമും  അനിയത്തിയും മാത്രം. ഈ സമയം രണ്ടുപേര്‍ ഷിവാനെ തേടി വന്നു. രാധേശ്യാം തിവാരിയും വിജയ് നാഥ് തിവാരിയും. ജാന്‍പൂരിലെ ഉന്നതകുലജാതര്‍. കരിമ്പ് മെതിക്കുന്ന ജോലിക്കു വരാന്‍ അവര്‍ ആ ബാലനോട് ആജ്ഞാപിച്ചു. ശിവാം  അതു നിഷേധിച്ചു. തങ്ങളോട് താണജാതിയില്‍പ്പെട്ടൊരുത്തന്‍ എതിര്‍ത്തു പറഞ്ഞത് രാധേശ്യാമിനെ കോപാകുലനാക്കി. അയാള്‍ ആ കുഞ്ഞിനെ ആദ്യം തല്ലി. പിന്നീട് ബലമായി പിടിച്ചുവലിച്ചുകൊണ്ടുപോയി. രാധേശ്യാമിലെ ജാതിവെറി അടങ്ങിയിരുന്നില്ല. കരിമ്പു മെതിയ്ക്കുന്ന യന്ത്രത്തിലേക്ക് ആ എട്ടുവയസുകാരനെ വലിച്ചെറിഞ്ഞാണ് അയാള്‍ തന്റെ കോപം അടക്കാന്‍ ശ്രമിച്ചത്. കരിമ്പു മെതിക്കുന്ന യന്ത്രത്തില്‍ ആദ്യം കുടുങ്ങിയത് ശിവാമിന്റെ ഇടതുകൈ. പക്ഷേ ആ ബാലന്‍ അവിടെ അസാമാന്യ ധൈര്യം കാണിച്ചു. യന്ത്രത്തില്‍ നിന്നും തന്റെ കൈവലിച്ചൂരി അവന്‍ ഓടി. കുറെയോടി..പിന്നെയെവിടെയോ ബോധം നഷ്ടപ്പെട്ടു വീണുപോയി.

ശിവാമിനെ കണ്ടെത്തിയശേഷം ആദ്യം അവന്റെ മാതാപിതാക്കള്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് മകനെ എത്തിച്ചത്. സര്‍ക്കാര്‍ ആശുപത്രിക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. പിന്നീട് മറ്റൊരു സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടു വന്നു. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ആ കുഞ്ഞുകൈ അവന് എന്നന്നേക്കുമായി നഷ്ടപ്പെട്ടു.

ശിവാമിന്റെ മാതാപിതാക്കള്‍ മഹാരാജ് ഗഞ്ച് പൊലീസില്‍ തിവാരിമാര്‍ക്കെതിരായി പരാതി കൊടുത്തു. പൊലീസ് പരാതി അവഗണിച്ചു. ദിവസങ്ങളോളം നടപടികളൊന്നും കൈക്കൊണ്ടില്ല. ഒടുവില്‍ പൊലീസിനെതിരെ പ്രദേശത്തെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് ജനുവരി 19 ന് ഷിവാന്റെ മാതാപിതാക്കളുടെ പരാതിയില്‍ എഫ് ഐ ആര്‍ ഇടാന്‍ തയ്യാറായെങ്കിലും അതിന്റെ പേരില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.

ജാന്‍പൂരില്‍ ശിവാമിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. ദളിത് പീഡനത്തിന് കുപ്രസിദ്ധമാണ് ജാന്‍പൂര്‍. ബ്രാഹ്മണര്‍, രജപുത്രര്‍, യാദവര്‍ എന്നീ ജാതിവിഭാഗങ്ങളാണ് ജാന്‍പൂരിലെ ഭൂമിയുടെ അധികാരികള്‍. ഇവിടുത്തെ ഇഷ്ടിക കളങ്ങളിലും കാര്‍പ്പറ്റ് നിര്‍മാണശാലകളിലുമെല്ലാം ജോലിക്കാരായ ചെറിയ കുട്ടികള്‍ പൊതുവായ കാഴ്ച്ചയാണ്. ശിവാമിന്റെ കുടുംബം ഉള്‍പ്പെടുന്ന ചാമര്‍ സമുദായത്തില്‍പ്പെട്ട കുട്ടികളാണ് ബാലവേലയുടെ ഇരകള്‍. ഉത്തര്‍പ്രദേശിലെ തന്നെ ഏറ്റവും വലിയ ദളിത് സമുദായമാണ് ചാമര്‍. ഭൂമിയുടെ അവകാശത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്ന ഇവര്‍ ജന്മിമാരുടെ കൃഷിഭൂമിയിലെ പണിക്കാരാണ്. അന്തിയോളം പണിയെടുത്താലും കിട്ടുന്ന കൂലി മൂന്നുനേരത്തെ അന്നത്തിനുപോലും തികയില്ല. 

മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുന്ന ഈ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനോ, ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തികസഹായം കിട്ടുന്നതിനോ, ആരോഗ്യസുരക്ഷയ്‌ക്കോ, പാര്‍പ്പിട സൗകര്യത്തിനോ അവകാശമില്ല. കടുത്ത ജാതീവെറിയുടെ ഇരകളായി പീഡനങ്ങള്‍ അനുഭവിച്ച്, നീതി നിഷേധിക്കപ്പെട്ട് കിട്ടിയ ജന്മം ജീവിച്ചു തീര്‍ക്കേണ്ടവര്‍.

സവര്‍ണശരീരങ്ങളുടെ കോപം തീര്‍ക്കാന്‍ ഇനിയും ഷിവാമുമാര്‍ യന്ത്രങ്ങളിലേക്ക് വലിച്ചെറിയപ്പെടും. അതിനെ തടുക്കേണ്ടത് ആവശ്യമാണ്. തെറ്റു ചെയ്തവര്‍ക്ക് ശിക്ഷ കിട്ടണം, ശിവാമിന് നീതിയും.

അതിനായി രാജ്യവ്യാപകമായി ഒരു പൊതു പരാതി തയ്യാറാവുകയാണ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനാണ് ഈ പരാതി സമര്‍പ്പിക്കുന്നത്. 

ശിവാമിനോട് ക്രൂരത കാട്ടിയ രാധേശ്യാം തിവാരി, വിജയ്‌നാഥ് തിവാരി എന്നിവര്‍ക്കെതിരെ കേസ് എടുത്ത് ശിക്ഷ നല്‍കുക, പരാതി കിട്ടിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിമുഖ കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക, ഷിവാമിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ബാലവേല തടയുന്നതിനും ദളിത് പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനും ശക്തമായ നിയമനിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങളാണ് അഖിലേഷ് യാദവിന് മുന്നില്‍ വയ്ക്കുന്നത്.

ഈ പെറ്റീഷന്‍ കാമ്പയനിംഗില്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഒപ്പുവയ്ക്കാം. പണവും ജാതിയും ചേര്‍ന്ന് കൊല്ലാക്കൊല ചെയ്യുന്ന ശിവാമിനെപോലുള്ള അനേകായിരങ്ങള്‍ക്കായി നിങ്ങള്‍ക്കും പ്രതികരിക്കാം.

താഴെ കാണുന്ന ലിങ്ക് പരിശോധിക്കുക

https://www.change.org/p/chief-minister-of-uttar-pradesh-akhilesh-yadav-8-year-old-dalit-boy-thrown-into-sugarcane-crushing-machine?recruiter=36862056&utm_source=share_petition&utm_medium=copylink

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍