UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരുമ്പാവൂര്‍: എവിടെപ്പോയി നമ്മുടെ പൊതുസമൂഹം, മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍?

Avatar

സി.ആര്‍ നീലകണ്ഠന്‍

ഡല്‍ഹി സംഭവത്തെക്കാള്‍ അതിഭീകരമായ ഒന്നാണ് പെരുമ്പാവൂരിലെ പെണ്‍കുട്ടിക്കതിരെ ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്നത് ആളില്ലാത്ത തെരുവില്‍ അര്‍ദ്ധ രാത്രിയിലാണ്. അതും സുഹൃത്തിനൊപ്പം പോയ ഒരു പെണ്‍കുട്ടിയെ. ഇവിടെ ഈ പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത് പട്ടാപ്പകല്‍, ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനും ഇടയ്ക്ക്; അതും സ്വന്തം വീട്ടില്‍ വച്ച്. പുറമ്പോക്കില്‍ ഒരു കുടിലില്‍ അമ്മയോടൊപ്പം ജീവിക്കുന്ന ഈ കുട്ടി നിയമ പഠനം പൂര്‍ത്തിയാക്കി ഇനി ചില പരീക്ഷകള്‍ കൂടി എഴുതി തീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു. രണ്ടു മണിക്ക് പൊതു ടാപ്പില്‍ നിന്നെടുത്ത വെള്ളവുമായി ഈ കുട്ടി വീട്ടിലേക്കു പോകുന്നതു കണ്ടവരുണ്ട്. ജനനിബിഡമായ ഒരു പ്രദേശത്ത്, കുറുപ്പംപടിയില്‍ പട്ടാപ്പകല്‍ നടന്ന ഒരു സംഭവം തൊട്ടടുത്തുള്ള ആരും അറിഞ്ഞില്ല എന്ന് പറയുന്നത് തന്നെ ദുരൂഹമാണ്. തങ്ങള്‍ എന്തോ ചില ശബ്ദം കേട്ട് എന്ന് സമ്മതിക്കുന്ന ചിലരുണ്ട്. എന്നാല്‍ കാര്യമെന്താണെന്നു തിരക്കാന്‍ അവരും തിരക്കാന്‍ മെനക്കെട്ടില്ല .

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് പെണ്‍കുട്ടിയുടെ മാറിടത്തിലും കഴുത്തിലും 13 ഇഞ്ച് ആഴമുള്ള രണ്ടു മുറിവുകള്‍ ഉണ്ട് . ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ട് കുത്തിക്കയറ്റിയിരുന്നു. വയര്‍ കത്തി കൊണ്ട് കീറി കുടല്‍ മാല പുറത്തു ചാടിയിരുന്നു. ആണി പറിക്കുന്ന ഇരുമ്പ് കമ്പിയുടെ അടിയേറ്റു മൂക്ക് തെറിച്ചു പോയിരുന്നു. ശരീരത്തില്‍ മൊത്തം പതിനേഴിലധികം മുറിവുകള്‍ ഉണ്ടായിരുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ശേഷം നടത്തിയ ക്രൂരമായ ആക്രമണമാണ് ഇതെന്ന് പ്രാഥമിക നിഗമനം. ഇത് ഒറ്റയ്ക്ക് ഒരാള്‍ ചെയ്ത കൃത്യമാണെന്നു കരുതാനാവില്ല. ഇക്കാര്യം സംബന്ധിച്ച് പോലീസിന്റെ അന്വഷണവും നടപടി ക്രമങ്ങളും പലവിധ സംശങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. കുട്ടിയുടെ ജേഷ്ഠത്തിയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ചു അന്വഷണം വഴിതിരിച്ചു വിടാനും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തന്നെയുമല്ല, കുട്ടിയുടെ അമ്മയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ട് എന്ന രീതിയില്‍ നടത്തുന്ന പ്രചരണവും ദുരുദ്ദേശ പൂര്‍ണമാണ്. ഈ സംഭവത്തില്‍ അമ്മ നല്‍കുന്ന മൊഴിയുടെ വിശ്വാസ്യത തകര്‍ക്കുന്നതിന് ഇത് വഴി വയ്ക്കും.

തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യത്തിലെ ഏറ്റവും മൂര്‍ത്തമായ സംഘര്‍ഷ കാലത്ത് എവിടെയെങ്കിലും ജനനമോ മരണമോ വിവാഹമോ ഉണ്ടെന്നു കേട്ടാല്‍ ഓടിയെത്തി മുഖം കാണിച്ചു ഫോട്ടോ എടുക്കുന്ന ഒരു രീതിയുണ്ട്. എന്നാല്‍ ഇത്ര ഭീകരമായ ഒരു സംഭവം ഉണ്ടായിട്ടും സ്ഥാനാര്‍ഥികളോ അവരുടെ രാഷ്ട്രീയ നേതാക്കളോ സംഭവസ്ഥലത്ത് എത്താനോ ഈ വിഷയത്തില്‍ ഇടപെടാനോ തയാറായില്ല എന്നതും ദുരൂഹമാണ്. ഒരു ദളിത് പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത് എന്നത് തന്നെ ആവാം ഈ അവഗണനയ്ക്ക് കാരണം. ഏതു ചെറിയ സംഭവവും എതിരാളിയെ കീഴ്‌പ്പെടുത്തുന്നതിനുള്ള ആയുധമായി ഉപയോഗിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ഇവിടെ തീര്‍ത്തും നിശബ്ദര്‍ ആകുന്നതെന്തുകൊണ്ട്? ഒരുപക്ഷേ പുറമ്പോക്കില്‍ താമസിക്കുന്ന ഇവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഇതിന്റെ പിന്നാലെ പോയി പത്തു വോട്ടു പിടിക്കേണ്ട സമയം നഷ്ടപ്പെടുത്തെണ്ടതില്ലെന്ന് അവര്‍ കരുതിയിരിക്കാം. ദളിത് വിഭാഗത്തിനു നേരിട്ട ദുരന്തത്തില്‍ അതിരു കവിഞ്ഞ് ഇടപെടുക വഴി മറ്റു ചില വിഭാഗങ്ങളുടെ വോട്ട് നഷ്ടപെട്ടേക്കാം എന്ന പ്രായോഗിക ബുദ്ധികൊണ്ടും ആകാം .

നീതിക്കൊപ്പം നില്‍ക്കുക എന്നത് ഒരു രാഷ്ട്രീയ തന്ത്രമല്ല ഇന്ന്, മറിച്ച് ഏതു ഞാണിന്‍ മേല്‍ കളിയിലൂടെയും കൂടുതല്‍ വോട്ടു നേടുക മാത്രമായിരിക്കുന്നു ലക്ഷ്യം. മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാര്‍ സംഭവ സ്ഥലത്ത് വരുന്നത് തന്നെ പല ദിവസങ്ങള്‍ക്കു ശേഷമാണ്. അതും രണ്ടാംനിര നേതാക്കള്‍ മാത്രം. മഹാത്മ അയ്യങ്കാളിയും ശ്രീനാരായണ ഗുരുദേവനും ജീവിച്ച മണ്ണാണിത് എന്ന ഓര്‍മ പോലും നമുക്ക് ഇല്ലാതായിരിക്കുന്നു. 

രാഷ്ട്രീയ കക്ഷികളെക്കാള്‍ മലയാളി വിശ്വസിക്കുന്നത് മാധ്യമങ്ങളെയാണ്. ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് ആകെയുള്ള മാധ്യങ്ങള്‍ ശക്തമായി പ്രതികരിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. സര്‍ക്കാരിലും സമൂഹത്തിലും അത് ഉണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു. എന്നാല്‍ കേരളത്തില്‍ ഡല്‍ഹിയുടെതിനെക്കാള്‍ ക്രൂരമായ സംഭവം നടന്നു നാല് ദിവസം പിന്നിടുമ്പോഴും ഒരു പത്രത്തിന്റെയും ഒന്നാം പേജിലോ ഒരു ചാനലിന്റെയും സായാഹ്ന ചര്‍ച്ചയ്ക്കുള്ള വിഷയമായോ ഇത് വരാതിരുന്നത് എന്ത് കൊണ്ട് ?

വിദ്യാര്‍ഥി സമൂഹത്തില്‍ ഉള്‍പ്പെട്ട ഒരു വ്യക്തിയായിരിന്നിട്ടു കൂടി ഇത്ര ശക്തമായ നീതിനിഷേധം നടന്നിട്ട് പോലും, അവര്‍ പഠിച്ചിരുന്ന നിയമവിദ്യാലയത്തില്‍ പോലും യാതൊരു ചലനവും ഇതു സൃഷ്ടിച്ചില്ല. വിയറ്റ്‌നാമിലും ക്യൂബയിലും നടക്കുന്ന സംഭവങ്ങളോട് തല്‍സമയം പ്രതികരികരിക്കുന്ന കാമ്പസുകളാണ് കേരളത്തിലേത്. എന്നാല്‍ ഈ സംഭവത്തില്‍ പ്രതികരിക്കാന്‍ എത്തിയത് ചില ചെറിയ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ മാത്രം. എന്തുകൊണ്ട് പൊലീസിന്റെ ഭാഗത്തു നിന്നും ഈ വിഷയത്തില്‍ ഇത്രമാത്രം അനാസ്ഥ ഉണ്ടായി എന്നും ചിന്തിക്കേണ്ടതുണ്ട്. പൊലീസുകാര്‍ ശക്തമായി ഇടപെടണമെങ്കില്‍ മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമോ പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടേയും ഇടപെടലുകളോ ഉണ്ടാകണം. നിര്‍ഭാഗ്യവശാല്‍ ഇതൊന്നും ഉണ്ടായില്ല. ചിലപ്പോള്‍ പൊലീസിന്റെ കരങ്ങളെ മുകളില്‍ നിന്നുള്ള ചില ഇടപെടലുകള്‍ തടഞ്ഞിരിക്കാം എന്നും കരുതാം. ശക്തമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമെ പട്ടാപ്പകല്‍ നടന്ന ഈ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താനാകൂ. അഭ്യന്തര മന്ത്രി ചാനലുകളിലൂടെ ശക്തമായി ഇടപെടും എന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്റെ ഗൗരവം പൊലീസ് നടപടിയില്‍ കാണുന്നില്ല. ഇതു തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒരു രാഷ്ട്രീയ വിഷയമല്ലെന്നു പൊലീസിനും നന്നായി മനസിലായിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും പൊലീസിനെ നേര്‍വഴിക്കു കൊണ്ടു വരും എന്നു കരുതാനാവില്ല. സാമ്പത്തികമായും മറ്റും സ്വാധീനമുള്ളവരാണ് പ്രതികള്‍ എങ്കില്‍ പൊലീസ് അന്വേഷണം ഫലപ്രദമാകാന്‍ ഇടയില്ല. ഇതു മറികടക്കണമെങ്കില്‍ മാധ്യമങ്ങള്‍ അടക്കമുള്ള പൊതുമനസ് ഉണര്‍ന്നു വരേണ്ടതുണ്ട്. ഇതുവരെ അതും ഉണ്ടായിട്ടില്ല.

ദലിത്-സ്ത്രീ വിഭാഗങ്ങളോട് കേരളത്തിലെ മുഖ്യധാര സമൂഹത്തിനും മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും ഇന്നുള്ള സമീപനം ഒട്ടും തന്നെ പുരോഗമനപരം ആണെന്നു പറയാന്‍ കഴിയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തിലെ ബജറ്റില്‍ ഒരു രൂപപോലും സ്ത്രീ സുരക്ഷയ്ക്കായി നീക്കിവച്ചിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഇത്തരമൊരു സംഭവമുണ്ടായാല്‍ കൊല്ലപ്പെട്ട സ്ത്രീക്കും കുടുംബത്തിനും എതിരെ വ്യാപകമായ ദുഷ്പ്രചണങ്ങള്‍ നടത്താന്‍ സംഘടിതമായ ശ്രമങ്ങള്‍ നടക്കാറുണ്ട്. ഇവിടെയും അതിന്റെ വാസന തലപൊക്കി തുടങ്ങിയിട്ടുണ്ട്.

മുഖ്യധാര എത്ര തന്നെ മുക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തു കൊണ്ടു വരുന്നതില്‍ നവ സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള പങ്കു വലരെ വലുതാണ്. അത്തരത്തിലുള്ള ചില ഇടപെടലുകള്‍ മാത്രമെ ഇനി എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നുള്ളൂ..

 

(ആം ആദ്മി പാര്ട്ടി കേരള  ഘടകം കണ്‍വീനറാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍