UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് വിദ്യാര്‍ത്ഥിനി റാഗിങ്ങിന് ഇരയായ സംഭവം; മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ വധശ്രമത്തിന് കേസ്

അഴിമുഖം പ്രതിനിധി 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ദളിത് വിദ്യാര്‍ത്ഥിനി അശ്വതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ വധശ്രമത്തിന് കേസ്. ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അശ്വതിയെ ടോയ്‌ലറ്റ് ക്ലീനര്‍ ബലമായി കുടിപ്പിച്ചത് ഇവരാണ് എന്നാണ് ആരോപണം. ഇവര്‍ക്കെതിരെ വധശ്രമം, റാഗിംഗ്, എസ്‌ സി/എസ് ടി പ്രൊട്ടക്ഷന്‍ ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയതത്. ഇവരെ കൂടാതെ വേറെയും മലയാളി വിദ്യാര്‍ത്ഥിനികള്‍ ഉണ്ടായിരുന്നതായി അശ്വതി പറഞ്ഞിട്ടുണ്ട്. പക്ഷെ അവരുടെ പേരുകള്‍ വ്യക്തമല്ല. ഗുല്‍ബര്‍ഗ് റോസ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇവിടെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുമായി മെഡിക്കല്‍ കോളേജ് പൊലീസ് സംഘം ബാംഗളൂരില്‍ എത്തി.

അതേസമയം കേരളത്തില്‍ വിഷയം വാര്‍ത്തയായ ഉടനെതന്നെ കേരള ഡിജിപി ലോക് നാഥ് ബഹ്‌റ തന്നെ നേരിട്ട് ബന്ധപ്പെട്ടെന്നും പ്രാഥമിക അന്വേഷണ നടപടികള്‍ തുടങ്ങിയെന്നും ഗുല്‍ബര്‍ഗ് എസ് പി എന്‍.ശശികുമാര്‍ പറഞ്ഞു. ഡി വൈ എസ് പി ജാനകി കേസ് അന്വേഷിക്കുമെന്നും അതിക്രൂരമായ റാഗിംങിന്റെ കാര്യത്തില്‍ കര്‍ശന നടപടികള്‍തന്നെ ഉണ്ടാവുമെന്നും കേരള ഡിജിപിയെ അറിയിച്ചതായും എന്‍. ശശികുമാര്‍ പറഞ്ഞു.

കേസ് നടന്നത് ബംഗളൂരില്‍ വെച്ചാകയാല്‍ കേരളത്തിലെ പൊലീസിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അന്വേഷണത്തില്‍ അവരെ സഹായിക്കാനാണ് ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുപ്രകാരമാണ് തങ്ങള്‍ ഇവിടെ കുട്ടിയെ കണ്ട് മൊഴി രേഖപ്പെടുത്തി കുറ്റവാളികളുടെ പേരടക്കം വെച്ച് എഫ്‌ഐആര്‍ ഉണ്ടാക്കിയതെന്ന് മെഡിക്കല്‍കോളജ് സിഐ ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.

തുടക്കം മുതല്‍ അശ്വതിയെ റാഗ് ചെയ്ത് തുടങ്ങിയ പെണ്‍കുട്ടികളെല്ലാം മലയാളികളാണ്. അവര്‍ എട്ടു പേരുണ്ടായിരുന്നെന്നാണ് മൊഴി. എന്നാല്‍ അവസാന ദിവസം ടോയ്‌ലറ്റ് ലായിനികുടിപ്പിച്ചവരാണ് ആതിരയും ലക്ഷ്മിയും. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. അവിടുത്തെ പൊലീസ് ആവശ്യപ്പെട്ടാല്‍ ഇവരെ കണ്ടെത്തുന്നതടക്കമുള്ള സഹായങ്ങളെല്ലാം കേരളാ പൊലീസ് ചെയ്തുകൊടുക്കുമെന്നും സിഐ പറഞ്ഞു.

മെയ് ഒമ്പതിനു രാത്രിയിലായിരുന്നു സംഭവം. നിര്‍ധന ദളിത് കുടുംബാംഗമായ അശ്വതി അഞ്ചുമാസം മുമ്പാണ് നഴ്‌സിംഗിനു ചേര്‍ന്നത്. ക്ലാസ് ആരംഭിച്ചതു മുതല്‍ തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ പീഡനം തുടങ്ങിയിരുന്നു. കറുത്തവളെന്ന് വിളിച്ച് അപമാനിക്കുന്നതു പതിവായിരുന്നു.നാലു ലക്ഷം രൂപ വായ്പയെടുത്ത് അതില്‍ നിന്നു 75,000രൂപ ഫീസടച്ചാണ് അശ്വതി ഗുല്‍ബര്‍ഗിലെ കോളേജില്‍ ചേര്‍ന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍