UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗളുരുവില്‍ റാഗിംഗിനിരയായ ദളിത്‌ വിദ്യാര്‍ഥിനിയുടെ അവസ്ഥ ഗുരുതരം

അഴിമുഖം പ്രതിനിധി 

ബംഗളുരുവില്‍ സ്വകാര്യ നഴ്‌സിങ് കോളജില്‍ റാഗിങ്ങിന് ഇരയായ ദളിത് വിദ്യാര്‍ഥിനിയുടെ അവസ്ഥ ഗുരുതരം. എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. റാഗിംഗിനിടെ ബലം പ്രയോഗിച്ച് ടോയ്ലറ്റ് ക്ലീനര്‍ കുടിപ്പിച്ചതോടെയാണ് വിദ്യാര്‍ഥിനിയുടെ അവസ്ഥ ഗുരുതരമായത്. വിദ്യാര്‍ത്ഥിനിയുടെ അന്നനാളത്തിന് ഗുരുതരമായ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നല്‍കിയാണ് അശ്വതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. 

മെയ് ഒമ്പതിനു രാത്രിയിലായിരുന്നു സംഭവം നടന്നത്. കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയായ അശ്വതി ഹോസ്റ്റലില്‍ വച്ച് റാഗിംഗിന് ഇരയാവുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥിനികള്‍ ആണ് അശ്വതിയെ ഗുല്‍ബര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നാലു ദിവസം ഐസിയുവിലായിരുന്നു വിദ്യാര്‍ഥിനി. അവിടെനിന്നും മറ്റൊരു വിദ്യാര്‍ഥിനിയ്ക്കൊപ്പം അശ്വതിയെ കോളജ് അധികൃതര്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടില്‍ എടപ്പാള്‍, തൃശ്ശൂര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടാവാഞ്ഞതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാരണക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു ശിക്ഷാനടപടിയും കോളേജ് അധികൃതര്‍ സ്വീകരിച്ചില്ല. കര്‍ണാടകയിലെ ആശുപത്രിയില്‍ കഴിയുന്ന സമയം കര്‍ണാടക പോലീസ് അശ്വതിയുടെ മൊഴിയെടുക്കാന്‍ എത്തിയിരുന്നെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ അത് നടക്കുകയുണ്ടായില്ല. എന്നാല്‍ ഇക്കാര്യത്തില്‍ തുടരന്വേഷണം ഉണ്ടായിട്ടില്ല എന്ന് വിദ്യാര്‍ഥിനിയുടെ അമ്മ ജാനകി പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍