UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരില്‍ ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അഴിമുഖം പ്രതിനിധി 

പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന സി പി ഐ എമ്മിന്റെ പരാതിയെ തുടര്‍ന്ന് റിമാന്‍ഡിലായ ദളിത് സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തലശ്ശേരി കുട്ടിമാക്കൂലെ കോണ്‍ഗ്രസ്സ് നേതാവ് കുനിയില്‍ രാജന്‍റെ മകള്‍ അഞ്ജനയാണ് അമിതമായി മരുന്ന് കഴിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപമാനകരമായ പ്രചാരണത്തില്‍ അസ്വസ്ഥയായാണ് അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നു സഹോദരി അഖില പറഞ്ഞു.  

ഇപ്പോള്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അഞ്ജനയുള്ളത്. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം നടന്നത്.

സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെ അപമാനകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അഞ്ജന വിഷമത്തിലായിരുന്നെന്ന് സഹോദരി അഖില പറഞ്ഞു. ഓഫിസ് ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ വ്യാപകമായ അപവാദ പ്രചാരണങ്ങള്‍ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നും അഖില മാധ്യമങ്ങളോട് വ്യക്തമാക്കി.

നേരത്തെ സി പി എം പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നു എന്നു ഇവര്‍ പരാതിപ്പെട്ടിരുന്നു. അത് ചോദ്യം ചെയ്യാനാണ് പാര്‍ട്ടി ഓഫീസില്‍ കയറിയാതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സി പി എം പ്രവര്‍ത്തകര്‍ ഇവരുടെ വീട് ആക്രമിച്ചതായും ഇവര്‍ ആരോപിച്ചിരുന്നു. 

അഖില, അഞ്ജന എന്നിവര്‍ക്ക് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. ഇരുവരും ഇന്നലെ വൈകീട്ട് 5.30ഓടെ കണ്ണൂര്‍ വനിതാ ജയിലില്‍നിന്ന് മോചിതരാവുകയായിരുന്നു. 

കൈക്കുഞ്ഞുമായി ദളിത് യുവതികളെ റിമാന്‍ഡ് ചെയ്ത പോലീസിന്റെ നടപടി പൊതുസമൂഹത്തിന്റെ മുന്‍പി‌ല്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ഇത് നടന്നത് എന്നതും സംഭവത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. കോണ്‍ഗ്രസ്സും ബി ജെ പിയും ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തികഴിഞ്ഞു.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍