UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്ഷാകര്‍തൃത്വം ഏറ്റെടുക്കും മുമ്പ് ഇടതുപക്ഷം നടത്തേണ്ട ആത്മപരിശോധനകള്‍

ജാതിയും അതുണ്ടാക്കുന്ന സാമൂഹിക പിന്നാക്കാവസ്ഥയും കേരളത്തിന്റെ പൊതുബോധത്തെ നിര്‍ണയിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജിഷയുടെ കൊലപാതകത്തെ ആദ്യം ലാഘവത്തോടെ പോലീസും ഭരണകൂടവും കണ്ടത്. അതുകൊണ്ടാണ് ദിവസങ്ങള്‍ കഴിഞ്ഞ് കേരളം ഈ സംഭവം അറിയുന്നതും അടുത്തുണ്ടായിരുന്ന അയല്‍ക്കാര്‍ ജിഷ ആക്രമിക്കപ്പെട്ടത് അറിയാതെ പോയതും. ദളിതരുടെയും ആദിവാസികളുടെയും പ്രശ്‌നം കേരളത്തില്‍ മുഖ്യധാരാ സാമൂഹികപ്രശ്‌നമല്ല. പകരം അത്, അതാത് സമുദായത്തിന്റെ പ്രശ്‌നമാണ്. സാമൂഹിക പ്രശ്‌നങ്ങളുടെ പരിധിയില്‍ വരാത്തതുകൊണ്ടു കൂടിയാണ് കണ്ണൂരില്‍ ഉണ്ടായ സംഭവങ്ങളോട് സംസ്ഥാന മുഖ്യമന്ത്രിക്ക് ലാഘവത്തോടെ പ്രതികരിക്കാന്‍ കഴിഞ്ഞത്.

മുഖ്യമന്ത്രി പറഞ്ഞത് സത്യമാണ്. ഇതിന് മുമ്പും ആളുകള്‍ ജയിലില്‍ പോയിട്ടുണ്ട്. പ്രത്യേകിച്ചും കുട്ടികള്‍. പല കാരണങ്ങള്‍ കൊണ്ടും ജയിലില്‍ പോയിട്ടുണ്ട്. മുത്തങ്ങ സമരത്തിന് ശേഷം ആദിവാസി സ്ത്രീകള്‍ പലരും മരണപ്പെട്ടു. ഇപ്പോള്‍ സംഘപരിവാര്‍ സംഘത്തില്‍ ആയെങ്കിലും ആദിവാസി നേതാവായിരുന്ന സി.കെ ജാനുവിന്റെ മര്‍ദ്ദനമേറ്റ മുഖം മലയാളികള്‍ കണ്ടതുമാണ്. അന്ന് പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം ആദിവാസികളെ സര്‍ക്കാര്‍ കൊല്ലുന്നുവെന്ന് അതിശക്തമായ പ്രസ്താവനകള്‍ ഇറക്കിയിരുന്നു (എന്നാല്‍ പ്രത്യക്ഷത്തില്‍ കാര്യമായ ഒരു സമരപരിപാടികളും നടത്തിയിരുന്നില്ല).

കണ്ണൂര്‍ സംഭവത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും എത്രയൊക്കെ മറച്ചുവയ്ക്കാന്‍ ശ്രമിച്ചാലും മൂലകാരണം ജാതി തന്നെയാണ്. കാരണം ഇത്തരമൊരവസ്ഥ കേരളത്തിലെ സവര്‍ണ്ണജാതി വിഭാഗത്തില്‍പെട്ടവര്‍ക്കുണ്ടാകില്ല എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ പ്രശ്‌നത്തിന്റെ തീവ്രത മനസ്സിലാകുന്നത്. പാര്‍ട്ടിയില്‍ എ.കെ. ബാലന്‍ എന്ന മന്ത്രിയോ, രാധാകൃഷ്ണന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകനോ, ഇതോടൊപ്പം രാജ്യസഭാ മെമ്പറായി ദളിതനെ നിയമിച്ചതുകൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ല ദളിതന്റേത്. ഈ പറഞ്ഞ വ്യക്തികള്‍ ആരും തന്നെ സംഘടനയില്‍ അധികാരകേന്ദ്രങ്ങളല്ല. ദളിത് വിഷയങ്ങളില്‍ അവരുടേതായ അഭിപ്രായം ഇതുവരെ രേഖപ്പെടുത്തിയിട്ടുമില്ല. ഈ കാര്യത്തില്‍ പാര്‍ട്ടി സമീപനം തെറ്റാണെങ്കില്‍ പോലും ശരിവയ്‌ക്കേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ശക്തമായ പൊതുനിലപാടാണ് വേണ്ടത് എന്ന് പറയുമ്പോഴും പൊതുനിലപാട് എന്നത് സാമ്പത്തിക – സാമൂഹിക മേധാവിത്വത്തില്‍ നിന്നും രൂപപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് ഇത്തരം പൊതു കാഴ്ച്ചപ്പാടുകളെ മറികടക്കാനുള്ള ചിന്താശക്തിയുണ്ടാകണം. 

ഇത് ഇടതുസംഘടനകളുടെ മാത്രം പ്രശ്‌നമല്ല. കേരളത്തിന്റെ പൊതു ബോധം നേരത്തെ സൂചിപ്പിച്ചതുപോലെ സാമൂഹിക-സാമ്പത്തിക അധികാരത്തിലൂടെ രൂപപ്പെട്ടതാണ്. കണ്ണൂര്‍ സംഭവത്തില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിന് കാരണമായി പറഞ്ഞത് ഇടതുനേതാക്കന്മാര്‍ അവരെ അപമാനിച്ചുവെന്നാണ്. എം.എല്‍.എ പറഞ്ഞത് ഞങ്ങളാണ് ദളിതരുടെ സംരക്ഷകര്‍ എന്നും ഞങ്ങളാണ് നിങ്ങള്‍ക്ക് വഴിനടക്കാനുള്ള അവകാശവും ദളിത് സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശവും നേടിത്തന്നത് എന്നുമാണ്. ആ പ്രഖ്യാപനങ്ങള്‍ ഒരര്‍ത്ഥത്തില്‍ ദളിത് സമൂഹത്തെ അപമാനിക്കലും സത്യത്തെ നിഷേധിക്കലുമാണ്. അയ്യന്‍കാളി എന്ന നവോത്ഥാന നായകനെ തള്ളിപ്പറഞ്ഞ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നിലപാട് ദളിത് സമൂഹത്തിന് മറക്കാന്‍ കഴിയില്ല. അതോടൊപ്പം ഭൂപരിഷ്‌ക്കരണ നിയമത്തിലൂടെ ദളിതരെ പാര്‍ശ്വവല്‍ക്കരിച്ചതും ചരിത്രസത്യങ്ങളാണ്. എന്നാല്‍ ഇത്തരം ചരിത്രത്തെ നിഷേധിച്ചുകൊണ്ട് ദളിതരുടെ സംരക്ഷകരായി ഇടതുപക്ഷം മാറുന്നത് ദളിത് ചരിത്രത്തേയും സാമൂഹികബോധത്തെയും അപമാനിക്കലാണ്. അത് തന്നെയാണ് ചാനല്‍ ചര്‍ച്ചകളില്‍ സംഭവിക്കുന്നതും. 

ഇനി ഈ പെണ്‍കുട്ടികള്‍ തങ്ങളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചവരുടെ പാര്‍ട്ടി കേന്ദ്രത്തില്‍ കടന്നുകയറി ആക്രമിച്ചുവെങ്കില്‍ അത് വര്‍ത്തമാന കാലത്തെ അനിവാര്യതയാണ്. അതിനെ ആക്രമം എന്നല്ല പറയേണ്ടത്. പകരം പ്രതിരോധം എന്നാണ്. ഭരണകൂടത്തിന്റെ കണ്ണില്‍ അത് ഗുരുതരമായ കുറ്റം തന്നെയാണ്. കണ്ണൂര്‍ സംഭവത്തില്‍ മാധ്യമ ഇടപെടല്‍ ഉണ്ടായപ്പോള്‍ ഇതേ സമയത്ത് തന്നെയാണ് ഒരാദിവാസി പെണ്‍കുട്ടി യു.എ.പി.എ നിയമം ചുമത്തി ജയിലില്‍ കഴിയുന്നതും. കേരളത്തിലെ മാധ്യമങ്ങള്‍ ആദ്യം അവരെ ശ്രദ്ധിച്ചില്ല. യു.എ.പി.എ എന്ന കരിനിയമം ഏറ്റവും കൂടുതല്‍ ചാര്‍ത്തിയിട്ടുള്ളത് ആദിവാസി, ദളിത്, മുസ്ലിം വിഭാഗത്തിലും. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാര്‍ പ്രേരിപ്പിച്ചു എന്നതാണ് അവരുടെ മേലുള്ള കുറ്റം. അത് ജനാധിപത്യ അവകാശവും കൂടിയാണ്. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ച് കണ്ടില്ല. അവര്‍ക്ക് ജാമ്യം കിട്ടിയിട്ടില്ല. ഭരണകൂടം പറയുന്നത് അവര്‍ രാജ്യദ്രോഹികള്‍ ആണെന്നാണ്. ഇടതുപക്ഷ സര്‍ക്കാരിന് പോലും ഇക്കാര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് ഉള്ളത്. 

ഒരു സമൂഹത്തിന്റെ രക്ഷകര്‍ത്തൃത്വം ഏറ്റെടുക്കുമ്പോള്‍ മറുപടി പറയേണ്ട ചോദ്യങ്ങള്‍ ഇതാണ്. അതിനുള്ള ആര്‍ജ്ജവമാണ് ഉണ്ടാകേണ്ടത്. യു.എ.പി.എ കേസില്‍ ഭരണകൂട ഭാഷയാണ് ഇടതുപക്ഷവും സ്വീകരിക്കാന്‍ പോകുന്നത്. മറിച്ചൊരു നിലപാട് ഉണ്ടാകാന്‍ പോകുന്നില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍