UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വച്ഛ് ഭാരതത്തിലെ ശുദ്ധികലശങ്ങള്‍; 2015 ലെ ഇന്ത്യന്‍ ദളിത്‌ ജിവിതം

Avatar

വി കെ അജിത് കുമാര്‍

വാര്‍ഷിക വിലയിരുത്തലുകള്‍ സിനിമകളെ സംബന്ധിച്ചും രാഷ്ട്രീയ ഭൂപടത്തെ സംബന്ധിച്ചും ആണ്ടറുതിയില്‍ പുറത്തുവരുന്നത്‌ സാധാരണമാണ്. എന്നാല്‍ 2015 ല്‍ ഇന്ത്യന്‍ ദളിതുകള്‍ എങ്ങനെ ജിവിച്ചുവെന്ന് സംവരണ വിരുദ്ധരും പുരോഗമന വാദികളും മാനവിക വാദികളും അറിയേണ്ടതാണ്.

അടിമ ജീവിതമാണ് ലോകത്ത് ഏറ്റവും ദയനിയമായ ജീവിതമെന്ന് പറഞ്ഞത് ഡോ ബി ആര്‍ അംബേദ്‌കറായിരുന്നു. എന്നാല്‍ അതിലും ദയനീയമാണ് ഇന്ത്യന്‍ ദലിതുകളുടെ അവസ്ഥയെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തത് ‘അണ്‍ടച്ചബില്‍സി’ലായിരുന്നു. അതിഹൈന്ദവതയുടെ കൈകളിലൂടെ അംബേദ്‌കറുടെ നുറ്റിയിരുപത്തിയഞ്ചാമത് ജന്മവാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതും അതേസമയം അവരാല്‍ അദ്ദേഹം പ്രതിനിധാനം ചെയ്ത മനുഷ്യരൂപം മാത്രമുള്ളവരെ ഭൂമുഖത്തുനിന്നും ആട്ടിയോടിക്കാന്‍ തുനിഞ്ഞിറങ്ങുന്നതുമാണ്‌ പുതിയ ഇന്ത്യന്‍കാഴ്ച.

തിയതിയും സമയവും ആസ്പദമാക്കിയുള്ള വിലയിരുത്തലില്‍ വലിയ കാര്യമില്ലെന്നും, ആണ്ടും മാസവും ദിവസവും മണിക്കൂറുമെല്ലാം ചില കണക്കുകള്‍ മാത്രമാണെന്നും, ഇവയിലൂടെയെല്ലാം കടന്നുപോയാലും ഈ മനുഷ്യരുടെ ജിവിതത്തിലും മറ്റുള്ളവര്‍ക്ക് അവരോടുള്ള കാഴ്ചപ്പാടിലും വലിയ വ്യത്യസമൊന്നുമില്ലാത്തതിനാലും 2015 എന്ന മാനകത്തിനും വലിയ പ്രസക്തിയൊന്നുമില്ല.

2015ല്‍ ഇന്ത്യന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും തെരയപ്പെട്ടത്‌ സണ്ണി ലിയോണ്‍ എന്ന നഗ്നസുന്ദരിയെ ആയിരുന്നുവെന്നു കണ്ടുകഴിഞ്ഞു. വെറുതെ ഗൂഗിള്‍ സെര്‍ച്ചില്‍ dalit killed എന്ന് ടൈപ്പ് ചെയ്തു നോക്കൂ.. കാണാം ദേശം തിരിച്ചുള്ള സജഷനുകള്‍. ഇനി upper caste killed എന്നും ടൈപ്പ് ചെയ്യൂ.. ഒന്നും കാണില്ല. ഇനി ചര്‍ച്ചചെയ്യാം അസഹിഷ്ണുതയെന്ന വാക്കിനെപ്പറ്റി.

മഹാരാഷ്ട്രയിലെ  ഷിര്‍ദ്ദിയില്‍ സാഗര്‍ ശേജ്വല്‍ എന്ന നഴ്സിംഗ് വിദ്യാര്‍ഥി അതിക്രൂരമായി കൊലചെയ്യപ്പെട്ടതിന്‍റെ കാരണം അയാളുടെ മൊബല്‍ ഫോണ്‍ റിംഗ് ടോണായിരുന്നു. Tumhi kara re kitihi halla / Mazbut Bhimacha quilla [Shout all you want / Bhim’sfortress is strong]    എന്ന അംബേദ്‌കര്‍ സ്തുതി ഗിതം. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി മേയ് 16ന് ഷിര്‍ദ്ദിയില്‍ എത്തിയ ആ യുവാവ്‌ സമീപത്തുള്ള ഒരു ബീയര്‍ ഷോപ്പില്‍ കൂട്ടുകാരോടോത്ത് ഇരിക്കുമ്പോള്‍ അയാളുടെ മൊബൈല്‍ റിംഗ് ചെയ്യുന്നു..  ആ ഗാനം ആ ടോണ്‍…. അതാണ്‌ ചിലരെ പ്രകോപിപ്പിച്ചത്. പൊതുസ്ഥലത്ത് ദളിതന്‍ എന്ന ഐഡന്റിറ്റി വെളിവാക്കപ്പെടുകയായിരുന്നുവെന്നും അത് സൃഷ്ടിച്ച അസഹിഷ്ണുത അയാളുടെ മരണത്തില്‍ അവസാനിക്കുകയും ചെയ്തുവെന്നുമുള്ളതില്‍ കൂടുതല്‍ ഇതിലെന്ത് വായിക്കാന്‍.  ബിയര്‍ കുപ്പികൊണ്ട് അയാളുടെ തലയ്ക്ക് അടിച്ചിട്ടും കലിതീരാത്ത സന്മാര്‍ഗ്ഗ വാദികള്‍ അയാളെ വലിച്ചിഴച്ചുകൊണ്ടുപോകുകയും സമിപത്തുള്ള കാട്ടില്‍ വച്ച് അയാളെ അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

സിസിടിവിയും ദൃക്സാക്ഷികളും നല്‍കിയ മൊഴികള്‍ പോലും അവഗണിക്കുകയായിരുന്ന പോലിസ് ഒടുവില്‍ അയാളെ തിരയാന്‍ എയര്‍ കണ്ടിഷന്‍ ചെയ്ത വാഹനം പോലും പരാതിക്കാരോടാവശ്യപ്പെട്ടെന്നതും സത്യമായി നിലനില്‍ക്കുന്നു. ഒടുവില്‍ സാഗര്‍ ശേജ്വലിന്‍റെ ബന്ധുക്കള്‍ നഗ്നമാക്കപ്പെട്ട, വികൃതമക്കപ്പെട്ട ശവശരിരം കണ്ടെത്തുകയുമായിരുന്നു.

ചര്‍ച്ചചെയ്യുക അസഹിഷ്ണുത എന്ന വാക്കിലെ ‘അ’ കാരത്തെ പറ്റി. എന്തിന് കള്ളുകുടിക്കാന്‍ പോയി എന്ന് സദാചാര വാദികള്‍ ചോദിച്ചേക്കാം. അറിഞ്ഞില്ല.. കള്ളുകുടിയും വരേണ്യവല്‍ക്കരിക്കപ്പെട്ടതായി. നമ്മള്‍ പറയുന്ന കള്ളുഷാപ്പിലെ ജനാധിപത്യം പോലും നഷ്ടമാകുന്നുവെന്ന്.

കുട്ടിക്കുറ്റവാളിയെപ്പറ്റിയും ദല്‍ഹി പെണ്‍കുട്ടിയുടെ പേര് തിരിച്ചറിഞ്ഞതിന്‍റെയും ചര്‍ച്ചയില്‍ മുഴുകിയിരുന്ന ഈ കഴിഞ്ഞ ആഴ്ചയിലാണ് മീററ്റില്‍ കേവലം എട്ട് വയസുള്ള ദളിത്‌ പെണ്‍കുഞ്ഞിനെ ബലാല്‍സംഗം ചെയ്യപ്പെട്ട നിലയില്‍ സമീപത്തെ കരിമ്പിന്‍ തോട്ടത്തില്‍ കണ്ടെത്തിയത്. അതിന് പരാതിയനുസരിച്ച് കേസെടുത്തിട്ടുണ്ട്… സെക്ഷന്‍ 376 അനുസരിച്ച്. തൃപ്തിയായില്ലേ?  വിണ്ടും അസഹിഷ്ണുത കാണിക്കരുത്. 

ചണ്ഢിഗറിനടുത്തുള്ള സോനിപെഡില്‍ ഗോവിന്ദ് എന്ന പതിനാലു വയസുകാരന്‍  കൊലചെയ്യപ്പെട്ടത് ഒരു പ്രാവിനെ മോഷ്ടിച്ചുവെന്ന കുറ്റം  ചെയ്തതിനാലാണ്. കൊന്നത് പോലീസും. അറസ്റ്റു ചെയ്യപ്പെട്ട ഗോവിന്ദിനെയും കുട്ടുകാരനെയും വിട്ടുകിട്ടാന്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട പോലിസ് കൂട്ടുകാരനെ വിട്ടുകൊടുക്കുകയും ഗോവിന്ദ് എവിടേക്കോ ഓടിപ്പോയെന്നു പറയുകയും ചെയ്തു. തുടരന്വേഷണത്തില്‍ അനാഥമായ ഒരു കെട്ടിടത്തില്‍ ഗോവിന്ദ് കൊലചെയ്യപ്പെട്ട രീതിയില്‍ കണ്ടെത്തി. റെയില്‍ പാത ഉപരോധിക്കലും മറ്റ് പല ‘പരമ്പരാഗത’  സമരമാര്‍ഗ്ഗങ്ങളും അവലംബിച്ചതിനാല്‍ ഒടുവില്‍ ചില പോലീസുകാര്‍ക്കെതിരെ കേസെടുത്തു. അങ്ങനെ ‘അസഹിഷ്ണുത’ അവസാനിപ്പിച്ചു.

ഗണേശപുരം എന്ന ഗ്രാമത്തില്‍ ഒരു ദളിത്‌ പെണ്‍കുട്ടിയുടെ നിഴല്‍ ഉന്നത ജാതിയില്‍പ്പെട്ട പുരന്‍ യാദവ്‌ എന്ന തടിയന്‍റെയും അയാളുടെ ഭാര്യയുടെയും മുകളില്‍ വിണെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ കഠിനമായി ഉപദ്രവിച്ചത്. വെളിച്ചം പോലും വരേണ്യ വിഭാഗത്തിനുള്ളതാണ്. ഓരോ ദളിതനും മനസിലാക്കണം -നിന്‍റെ നിഴലിനെ പോലും നീ കൊന്നു കളയണമെന്ന്, വെളിച്ചത്തിനും വെളുത്തവനും ഇടയില്‍ നീയുണ്ടെങ്കില്‍. ഇവിടെയും കേസെടുത്തു. ഭരണഘടനാപരമായമായ പിന്‍ബലത്തില്‍. പിന്നെയെന്തിന് അസഹിഷ്ണുത.

നോയിഡയില്‍ ഉടുവസ്ത്രമില്ലാതെ നില്‍ക്കുന്ന ദളിത്‌ കുടുംബം വൈറലായതിനു പിന്നില്‍ പല വാദഗതികളും നിലനില്‍ക്കുന്നു. ഉടുവസ്ത്രം അഴിച്ചു പ്രതിഷേധിച്ചുവെന്നും വസ്ത്രം അഴിക്കപ്പെട്ടെന്നുമുള്ള അഭിപ്രായങ്ങള്‍- ചര്‍ച്ചകള്‍ അവിടെ നില്‍ക്കട്ടെ. പ്രായഭേദമില്ലാതെ ഉടുവസ്ത്രം വലിച്ചഴിക്കപ്പെടുകയും അടിമയുടെ ശരിരത്തിന്‍റെ വന്യമായ പ്രതിരോധം ആസ്വദിക്കുകയും ചെയ്യുമ്പോള്‍ വലിച്ചഴിച്ചതായാലും സ്വയമഴിച്ചതായാലും ഇവിടെ നഗനമാക്കപ്പെടുന്ന സത്യം ഓരോ ദളിതനും  എത്രമാത്രം നിയമങ്ങളില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുന്നുവന്നതാണ്. ഉടുവസ്ത്രമഴിച്ചു മണിപ്പൂരില്‍ പ്രതിഷേധിച്ച സ്ത്രികളെപ്പറ്റിയും ചിന്തിക്കുക. പരമ്പരാഗത സമരമാര്‍ഗ്ഗങ്ങള്‍ കണ്ടില്ലെന്നു നടിക്കുമ്പോഴാണ് പ്രതിഷേധത്തിന്‍റെ അവസാന വാക്കായി നിങ്ങള്‍ വൃത്തികേടാക്കാന്‍ കാംഷിക്കുന്നത് ഈ ശരീരമെങ്കില്‍ അത് ഞങ്ങള്‍ പരിത്യജിക്കുന്നു, എന്നാലെങ്കിലും ഞങ്ങള്‍ക്ക് അവകാശപ്പെട്ട നീതി ലഭ്യമാക്കൂ എന്ന പ്രസ്താവനയായും ഇത് വ്യാഖ്യാനിക്കാം.

തൊണ്ണൂറു വയസുള്ള ഒരു മുത്തശ്ശന്‍ ചുട്ടെരിച്ചു കൊലചെയ്യപ്പെടുന്നത് ദൈവസന്നിധിയില്‍ ഒന്നു പ്രാര്‍ത്ഥിക്കുവാന്‍ എത്തിയതിന്റെ പേരിലായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത നല്കിയ ഹിന്ദുസ്ഥാന്‍ ടൈംസ് കൊടുത്ത, ഒരു തെരുവുനായ കയറിപ്പോകുന്ന ആ ക്ഷേത്രത്തിന്‍റെ പടിവാതില്‍ ചിത്രം ഒരുപാടു തലങ്ങള്‍ നല്‍കുന്നു. അസഹിഷ്ണുതയുടെ വേരുകള്‍ എവിടയാണ് ചെന്നെത്തുന്നത്. ഒരു നായയുടെ ജിവിതംപോലുമില്ലാത്ത, ഒരു പ്രാവിന്‍റെ ജിവിതം പോലും അര്‍ഹിക്കാത്ത, ഈ കറുത്ത മനുഷ്യരേ പുതുലോകത്ത് നിന്ന് അകറ്റി നിര്‍ത്തപ്പെടേണ്ടത് ആരുടെ ആവശ്യമാണ്. ഇതാകാം സ്വച്ഛ്ഭാരതത്തിലെ പുതിയ ശുദ്ധികലശം.

ഫരിദാബാദില്‍ കത്തിയമര്‍ന്ന രണ്ടു കുരുന്നു ദളിത്‌ ഐഡന്റിറ്റിയെക്കൂടി പരിഗണിക്കാം. ഉത്തരവാദിത്തപ്പെട്ട അധികാര വര്‍ഗ്ഗത്തിന്റെ നിഷ്ക്രിയമായ ഇടപെടലും പ്രസ്താവനകളും ഇതിനെ ചുറ്റിപ്പറ്റി ഒരുപാടു ഉയര്‍ന്നു വന്നു. ഒടുവില്‍ വീട്ടില്‍ നിന്നും സ്വയം കത്തിപ്പടര്‍ന്ന തീയായിരുന്നുവെന്നുവരെ ഭരണകൂടം വ്യാഖ്യാനിക്കുമ്പോള്‍ ഓരോ ദളിത്‌ വീടുകളിലും ഇത്തരം തീ ഉയരുന്നുവെന്നുകൂടി മനസ്സിലാക്കേണ്ടതായുണ്ട്. 

കേരളത്തിലെ കാര്യവും സര്‍വോപരി തമിഴ്‌നാടെന്ന ദ്രാവിഡന്‍റെ സ്വന്തം നാട്ടിലെക്കാര്യവും ഇവിടെ ഇപ്പോള്‍ കുറിക്കുന്നില്ല. സ്കൂള്‍ ബഞ്ചുകളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്നവരും കൊന്നു കുഴിച്ചു മൂടപ്പെടുന്നവരും ഇവിടെയും ദളിതര്‍ തന്നെ. അല്ലെങ്കില്‍ പട്ടികയില്‍ ഒതുക്കപ്പെട്ടവര്‍ മാത്രമാണ്.

പറഞ്ഞാലും എഴുതിയാലും തീരില്ല ഇതൊന്നും. ദാ കഴിഞ്ഞ ദിവസം നമ്മുടെ ജനകീയ പാര്‍ലമെന്‍റ് പാസാക്കി വിട്ടിരിക്കുന്നു. അട്ട്രോസിറ്റിയുടെ പുതിയ വ്യാഖ്യാനങ്ങളും നിയമ പരിരക്ഷയും സുചിപ്പിക്കുന്ന ബില്‍.  ഭരണഘടന രൂപം കൊണ്ടിട്ട് അര്‍ദ്ധശതകം പിന്നിട്ടു; പൌരത്വാവകാശങ്ങളുടെ നിയമപരമായ പരിരക്ഷയ്കും. പിന്നെയെന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊരു ബില്‍ നമുക്ക് വേണ്ടിവന്നു. ലൈംഗികമായ ഉദ്ദേശത്തോടെയും മറ്റും ദളിത്‌ സ്ത്രീകളെ സമിപിക്കുക അവരെ നിര്‍ബന്ധിച്ചു ദേവദാസികളാക്കുക അവരെ ചെരുപ്പുമാല അണിയിക്കുക ഇതെല്ലാം കുറ്റകരമാണ് മാഷെ ..എന്ന് കാണിക്കുന്ന നിയമപരിരക്ഷ … അംബേദ്‌കര്‍ സ്മൃതി വര്‍ഷത്തില്‍ കൊണ്ടുവരികയാണ്. അര്‍ദ്ധശതകത്തിലെ ഈ പുതുക്കല്‍ തന്നെ നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ അടയാളപ്പെടുത്തല്‍ മാത്രമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍