UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് ലോകം ‘മാര്‍ജിനലൈസ്ഡ്’ അല്ല; അത് വിശാലമാണ്

Avatar

വി.കെ.അജിത്കുമാര്‍

ബുദ്ധനും അംബേദ്ക്കറും ഫുലേയും കഠിനമായ പട്ടിണിയും കൂടിച്ചേര്‍ന്ന് സുഖപ്പെടുത്തിയ സാഹിത്യപ്രതികരണമെന്ന് ഇന്ത്യന്‍ ദളിത് സാഹിത്യത്തെ വിളിക്കാം. വ്യവസ്ഥാപിത ദളിത് സാഹിത്യത്തിന്റെ പിതാവ് രാമാജി ബഹുളിന്റെ ജീവിതത്തില്‍ ഗോര്‍ക്കിയും ചെക്കോവിനും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കും  സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ജാതിയാഥാര്‍ത്ഥ്യം ഉണ്ടാക്കിയ സ്വാധീനം ബഹുളിന്റെ സാഹിത്യ നിലപാടുകളെ കൃത്യമായ ദളിത്പക്ഷത്തേക്ക് ഉറപ്പിക്കുകയായിരുന്നു.

രാഷ്ട്രാന്തരതലത്തില്‍ ലാറ്റിനമേരിക്കയിലെ കറുത്ത സാഹിത്യകാരന്‍മാരും ഓസ്‌ട്രേലിയിയിലെ ജനിതകപാരമ്പര്യ ശ്രേണിയില്‍പ്പെട്ട എഴുത്തുകാരും അടിച്ചമര്‍ത്തലുകള്‍ക്കും ഭരണകൂട ഭീകരതകള്‍ക്കും വിധേയരാകുന്ന ജനവിഭാഗങ്ങളും സൃഷ്ടിച്ചെടുത്ത സര്‍ഗ്ഗാത്മക പ്രതികരണങ്ങള്‍ വിഷയപരമായും വിശകലനപരമായും ഇന്ത്യന്‍ ദളിത് സാഹിത്യത്തിന്റെ അനുബന്ധം തന്നെയാണ്. ടോണി മോറിസണും അയന്‍ കാത്ത് മാക്കറും (ഓസ്‌ട്രേലിയന്‍ എഴുത്തുകാരി) അതുകൊണ്ടുതന്നെ  ഒരു തരം പൊള്ളുന്ന ഭാഷ ഉപയോഗിക്കുമ്പോള്‍ അത് മോഷ്ടിക്കപ്പെട്ട ഒരു തലമുറയുടെ ശബ്ദമായി മാറുന്നു. അടിച്ചമര്‍ത്തവപ്പെട്ടവന്റെ നിലവിളിക്ക് കേള്‍വിക്കാര്‍ ഏറെയുണ്ട്. 19-ആം നൂറ്റാണ്ടില്‍ ആഫ്രോ അമേരിക്കന്‍ സാഹിത്യത്തില്‍ വിപുലമായി ചര്‍ച്ച ചെയ്യപ്പെട്ട ഫെഡ്രറിക്ക് ഡഗ്ലസിന്റെ ‘അടിമ ജീവിത വിവരണം’ മുതല്‍ ഈ സ്വീകാര്യത തെളിയിക്കപ്പെട്ടിട്ടുണ്ട്. മികച്ച കമ്പോളവും കമ്പോള സംസ്‌കാരവും പാശ്ചാത്യ ലോകം മുഴുവന്‍ അപമാനവീകരണം നടത്തുമ്പോള്‍ തന്നെയാണ് കരീബിയന്‍ എഴുത്തുകാര്‍ വാഴ്ത്തപ്പെടുന്നത്. പുതുവായനയുടെ ഗതി നിശ്ചയിക്കാന്‍ ഈ ‘മണ്ണെഴുത്തി’ന് കഴിയും. 

ബഹുളിന്റെ സാന്നിദ്ധ്യം മറാത്തി സാഹിത്യത്തില്‍ വരുത്തിയ ചിന്താധാര പക്ഷേ, വായനക്കാരേറെയുള്ള മലയാളത്തില്‍ അന്നു സംഭവിച്ചില്ല. മുപ്പതുകളിലെ തൊഴിലാളി വര്‍ഗ്ഗ സാഹിത്യമാണ് ഇവിടെ സാധാരണക്കാര്‍ക്കു വേണ്ടി സംസാരിച്ചത്. ജാതി എന്ന സങ്കല്‍പ്പത്തിനുപരി വര്‍ഗ്ഗം എന്ന കമ്മ്യൂണിസ്റ്റ്  ആശയം കൂടുതല്‍ ശക്തമായി എന്നും വാദിക്കാം. ഒരു കാര്യം സംശയമില്ലാതെ പറയാം. മലയാള സാഹിത്യത്തില്‍ പൊയ്കയില്‍ യോഹന്നാനും പണ്ഡിറ്റ് കുറുപ്പനും തുടങ്ങി വച്ച സാഹിത്യരീതിയുടെ തായ്ത്തടി വെട്ടിമാറ്റിക്കൊണ്ടാണ് തൊഴിലാളി വര്‍ഗ്ഗ സാഹിത്യം വേരുറപ്പിച്ചത്. 1904 ലാണ് പണ്ഡിറ്റ് കുറുപ്പന്‍ ‘ജാതികുമ്മി’യുമായി പടപ്പുറപ്പാട് നടത്തിയത്. ക്രൈസ്തവസഭയുമായി കലഹിച്ച് പൊയ്കയില്‍ യോഹന്നാന്‍ അശരണര്‍ക്കുവേണ്ടി ഒരു പ്രാര്‍ത്ഥനാ ക്രമം തന്നെ സൃഷ്ടിച്ചു. ഇങ്ങനെ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന കീഴാള സാഹിത്യത്തെയാണ് പ്രൊലിട്ടേറിയന്‍ ചിന്ത ഇല്ലാതാക്കിയത് എന്നത് മലയാള സാഹിത്യത്തില്‍ എഴുതപ്പെടാതെ പോയ യാഥാര്‍ത്ഥ്യമാണ്. മുപ്പതുകളില്‍ ‘വാഴക്കുല’ എന്ന കാവ്യത്തിലൂടെ ഭാഷ ഒരു പ്രത്യേക ദളിത്പക്ഷം ഉറപ്പിക്കുകയായിരുന്നു. തകഴിയും കേശവദേവും തോപ്പില്‍ഭാസിയും പൊന്‍കുന്നം വര്‍ക്കിയും ഈ പക്ഷത്തിന്റെ വക്താക്കളായി മാറി. എന്നാല്‍ അവര്‍ സൃഷ്ടിച്ചെടുത്തത് തൊഴിലാളി വര്‍ഗ്ഗസാഹിത്യത്തിന്റെ ചട്ടക്കൂട്ടിലെ ദളിത് ജീവിതം എന്ന *** സാഹിത്യം മാത്രമായിരുന്നു. 

പ്രോലിട്ടേറിയന്‍ സാഹിത്യവും ദളിത് സാഹിത്യവും തമ്മിലുള്ള വ്യത്യാസത്തെ വിശക്കുന്നവന്റെയും എച്ചിലില്‍ നിന്നുപോലും ആട്ടിയകറ്റപ്പെട്ടവന്റെയും കരച്ചിലില്‍ ഉള്ള വ്യത്യാസമെന്നോ  വ്യാഖ്യാനിക്കാം. ഇവ രണ്ടും പരസ്പരപൂരകങ്ങളല്ല. തകഴിയും ദേവും മുല്‍ക്ക്‌രാജ് ആനന്ദും ശിവരാമ കാരന്തും എഴുതിയത് വിശക്കുന്നവന് വേണ്ടിയായിരുന്നെങ്കില്‍ അര്ജ്ജുന്‍ ഡാന്‍ഗിലും ഓംപ്രകാശ് വാല്മീകിയും മനോജ് എം.ബി.യും സണ്ണി കപിക്കാടും രണ്ടാം പക്ഷത്തുനിന്ന് രൂപപ്പെട്ടവരായിരുന്നു. 

വിളംബിത സാംസ്‌കാരിക നിലവാരത്തിലെത്താത്തവര്‍ എന്ന് എം.എസ്.ശ്രീനിവാസനെപ്പോലുള്ള സാമൂഹികശാസ്ത്രജ്ഞന്‍മാരാല്‍ വിളിക്കപ്പെടുന്ന ദളിത് വിഭാഗം അവരുടെ സാംസ്‌കാരിക തലത്തില്‍ നിന്ന് നടത്തുന്ന ശക്തമായ നിലപാട് വ്യക്തമാക്കലാണ് ഓരോ ദളിത് സാഹിത്യവും. ഈ പ്രതികരണത്തിന്റെ തോതാണ് അതിന്റെ ശക്തി നിര്‍ണ്ണയിക്കല്‍. പ്രോലിട്ടേറിയന്‍ ചിന്തയില്‍ സാഹിത്യം വര്‍ഗ്ഗ സമരത്തിന്റെ ആയുധമാണ് എന്ന കമ്മ്യൂണിസ്റ്റ് സങ്കല്‍പ്പം ഇവിടെയും നിഴലിക്കുന്നുണ്ട് എന്നതും വ്യക്തമാണ്.

ഭാഷ എന്നാല്‍ ഭയമില്ലാതെ എടുത്ത് ഉപയോഗിക്കാനുള്ളതാണ്. ഔപചാരികതയുടെയും മാന്യതയുടെയും മതിലുകള്‍ക്കുള്ളില്‍ നിന്നും സ്വയം കണ്ടെടുക്കുന്ന മിനുസപ്പെടുത്തിയ സാധനമല്ല ഭാഷയും ഭാവനയും എന്ന തിരിച്ചറിവാണ് കീഴാളസാഹിത്യത്തിന്റെ സ്വഭാവം. ഇതുതന്നെയാണ് തൊഴിലാളി വര്‍ഗ്ഗ സാഹിത്യത്തില്‍ നിന്നും ഇതിനെ വേര്‍തിരിക്കുന്നതും. ജാതിവ്യവസ്ഥയുടെ ഗര്‍ഭത്തില്‍ നിന്നുമാണ് ദളിത് സാഹിത്യം പെറ്റുവീഴുന്നത് (ലക്ഷമണ്‍ ഹെക്വാഡ്). അതുകൊണ്ടുതന്നെ രതിയും കാമവും കാല്‍പനിക പ്രണയവും കറുത്ത ഹാസ്യവും ഇവിടെ സൃഷ്ടിക്കപ്പെടുന്നില്ല. ഇതെല്ലാം ഉപരിവര്‍ഗ്ഗ സാഹിത്യകാരന്‍മാര്‍ അധോവര്‍ഗ്ഗത്തിന്റെ കഥകള്‍ പറയുമ്പോള്‍ കടുത്ത ചായം തേച്ച് വിവരിച്ചിട്ടുള്ളതായി കാണാം. ചെറ്റക്കുടിലിലെ ഇണചേരലും കൃഷിയിടങ്ങളിലെ ഡയലക്റ്റിക്‌സും എല്ലാം ഇവര്‍ പലപ്പോഴും സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുകയും ചെയ്യുന്നു. ഇതാണ് ഈ വര്‍ഗ്ഗത്തിന്റെ ജീവിതമെന്ന തെറ്റായ ധാരണയും അതിനാല്‍ ഉണ്ടാകാറുണ്ട്. ഇത്തരം അപനിര്‍മ്മാണങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് എന്താണ് അനുഭവിച്ച ജീവിതമെന്ന് ഋജുവായ രീതിയില്‍ പ്രകടിപ്പിക്കുകയാണ് ദളിത് എഴുത്തുകാര്‍. അമേരിക്കന്‍ നീഗ്രോകളെപ്പറ്റി ഡ്യൂബോയ്‌സ് നടത്തിയ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ‘രണ്ടാം തരം പൗരന്‍മാര്‍ എന്ന് മറ്റുള്ളവരാല്‍ വിലയിടാന്‍ ഭാഗ്യം സിദ്ധിച്ച ഏഴാം സന്തതികളായ നീഗ്രോകള്‍ പലപ്പോഴും അവരെ കാണുന്നത് മറ്റുള്ളവരുടെ കണ്ണുകളിലൂടെയാണ്. ഈ ഇരട്ട ബോധം അവനെ കൊണ്ടുചെന്നെത്തിക്കുന്നത് ഒരേ സമയം നീഗ്രോ ആയും അമേരിക്കനായും ജീവിക്കുക എന്ന തലത്തിലാണ്.’ ഇതാണ് ഇന്ത്യന്‍ ദളിതരുടെയും അവസ്ഥ. 

കൂടെ പഠിച്ച ഉണ്ണികള്‍
നടന്നു പോകുമ്പോള്‍
വരാന്തയില്‍ നിന്ന് മാഞ്ഞുപോയിട്ടുണ്ട്. (ബിനു എം. പള്ളിപ്പാട്)

കറുത്തവരെ നിങ്ങള്‍ക്കിഷ്ടമാണോ?
അവര്‍ക്കറിയില്ല പൂവുകള്‍ അവരെ നോക്കി ചിരിക്കുന്നുണ്ടെന്ന്
കുഴിയാനകള്‍ വീടിനു ചുറ്റും
വളരുന്നുണ്ടെന്ന്
ഇരട്ടവാലിയും
വണ്ടും ഊച്ചാളിയും
ഓമനിക്കാനല്ല ഇറങ്ങി നടക്കുന്നതെന് അവര്‍ക്കറിയില്ല. (മനോജ് എം.ബി.)

ഇവിടെയെല്ലാം ഈ നിരീക്ഷണം വളരെ ശക്തിപ്രാപിക്കുന്നു. ദളിത് ലോകം അര്‍ത്ഥതലത്തില്‍ മാര്‍ജിനലൈസ്ഡ് അല്ല. അത് വിശാലമാണ്. ലോകത്തെ അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ കാണാന്‍ അവര്‍ക്കു മാത്രമേ കഴിയൂ. കാല്‍പ്പനികതയുടെയും ആദര്‍ശാത്മകതയുടെയും വളച്ചുകെട്ടുകള്‍ വിട്ടുപോകുമ്പോള്‍ ദളിത് കാഴ്ച്ചപ്പാടുകള്‍ കൂടുതല്‍ വ്യക്തമാകുന്നു. ഭാഷ അവിടെ അതിന്റെ യഥാര്‍ത്ഥഭാവം പ്രകടിപ്പിക്കുന്നു.

വിഷയപരമായ നിശബ്ദത കാലത്തിന്റെ ഭാഗമായിരിക്കും. ചില നിശബ്ദതകള്‍ ഖണ്ഡിക്കപ്പെടുകയും മറ്റു ചിലത് ചിലയാളുകളാല്‍ സൂക്ഷിക്കപ്പെടുകും ചെയ്യുന്നു. എനിക്കിഷ്ടം നിശബ്ദതയെ ഖണ്ഡിക്കുന്നതാണ് എന്ന് ടോണി മോറിസണ്‍ അഭിപ്രായപ്പെട്ടു. നിശബദ്തയെ ഭജ്ഞിക്കുന്നവനാണ് യഥാര്‍ത്ഥ വിപ്ലവകാരി. കാലത്തിന്റെയും സമൂഹത്തിന്റെയും ദൂഷിതവലയത്തില്‍പ്പെട്ട് നാവിന്റെ സാന്നിദ്ധ്യം പോലും മറന്നുപോയ ഒരു വിഭാഗത്തിന്റെ നിലവിളികള്‍ അതുകൊണ്ടുതന്നെ വിപ്ലവാത്മകമാകുന്നു.

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍