UPDATES

പശുവല്ല, ഞങ്ങള്‍ക്ക് വലുത് ഞങ്ങളുടെ ജീവന്‍; സെലീന പ്രക്കാനം

അഴിമുഖം പ്രതിനിധി

“നിങ്ങളുടെ പശു നിങ്ങള്‍ക്ക്, ഞങ്ങളുടെ ജീവനും ഭൂമിയും ഞങ്ങള്‍ക്ക്” രാജ്യം എഴുപതാം സാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ഗുജറാത്തിലെ ദളിത്‌ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡിഎച്ച്ആര്‍എമ്മിന്റെ നേതൃത്വത്തില്‍ വിവിധ ദളിത്‌, രാഷ്ട്രീയ സംഘടനകള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മഹാ ദളിത്‌ റാലിയില്‍ മുഴങ്ങി കേട്ട മുദ്രാവാക്യം ആണിത്.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച റാലി സെക്രട്ടേറിയേറ്റിനു മുന്നില്‍ ഡിഎച്ച്ആര്‍എം ജനറല്‍ സെക്രട്ടറി സെലീന പ്രക്കാനം ഉല്‍ഘാടനം ചെയ്തു.

“ ഇന്ത്യാ രാജ്യം എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഭരണകൂടവും അത് ഗംഭീരമാക്കുകയാണ്. എന്നാല്‍ ഈ ദിവസത്തില്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരു ദളിത്‌ മഹാറാലി നടത്തേണ്ട ഗതികേടിലേക്ക് ഇവിടുത്തെ സാധാരണ ജനങ്ങള്‍ എത്തപ്പെട്ടിരിക്കുന്നു.

ഈ രാജ്യത്ത് ആര്‍ക്കാണ് സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ളത്?ഏത് മത വിഭാഗത്തിനാണ് സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ളത്? ഏത് ജാതിക്കാണ്‌ സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ളത്? ഏത് സമുദായത്തിനാണ് സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ളത്‌? മനുഷ്യന് സമാധാനമായി ജീവിക്കാന്‍ അവകാശമില്ലാത്ത ഒരു രാജ്യമായി ഇന്ന് ഇന്ത്യാ മഹാരാജ്യം മാറ്റപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ഇവിടെ മൃഗങ്ങളെ ദൈവമാക്കി ആരാധിക്കേണ്ട ഗതികേടിലാണ് ഇവിടത്തെ മനുഷ്യര്‍. കോമിക്കുകളില്‍ ഒക്കെ നമ്മള്‍ വായിച്ചിട്ടുണ്ട് മൃഗാധിപത്യം വന്നാല്‍ എങ്ങനെയിരിക്കും എന്ന്. ഇപ്പോള്‍ സംഭവിക്കുന്നത് അത് തന്നെയാണ്. മനുഷ്യനെ പശു ഭരിക്കാന്‍ പോകുന്നു.

പശുവിനെ അമ്മയെ പോലെ കാണണം എന്ന് പറയുന്നവരോട് ഞങ്ങള്‍ ഒന്ന് ചോദിക്കട്ടെ? നിങ്ങള്‍ സ്വന്തം അമ്മയുടെ കഴുത്തില്‍ കയറ് കെട്ടിയാണോ  കൊണ്ട് നടക്കുന്നത്? നിങ്ങള്‍ നിങ്ങളുടെ മാതാവിനെ തൊഴുത്തിലാണോ കിടത്തുന്നത്? പകരം വീടിനകത്ത്, റൂമിനകത്ത് കിടത്തൂ. സ്വന്തം അമ്മയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് കച്ചവടത്തിന് കൊടുക്കുന്നത് എന്തിനാണ്? സഹോദരങ്ങള്‍ക്ക് കൊടുക്കേണ്ട മുലപ്പാലല്ലേ നിങ്ങള്‍ കച്ചവടം ചെയ്യുന്നത്? 

ഇവിടുത്തെ സാധാരണ ജനത പശുവിന്‍റെ തോലെടുത്ത് സാധനങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്നു, അതിനെ തടയാന്‍ ഗോസംരക്ഷണ നിയമം കൊണ്ടു വന്നു. ഇതെല്ലം എന്തിനാണ്? ഇവിടുത്തെ അടിസ്ഥാന വര്‍ഗ്ഗക്കാരെ ദ്രോഹിക്കാന്‍. ആ മൃഗം അവര്‍ക്ക് പവിത്രമാണെങ്കില്‍ അതിനെ അവര്‍ ആരാധിക്കട്ടെ. അതിനെ എന്തിനാണ് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്? ഈ രാജ്യത്ത് സ്വന്തം വിശ്വാസം കയ്യില്‍പ്പിടിച്ചു ജീവിക്കാന്‍ ഓരോ പൌരനും അവകാശമുണ്ട്. അത് എതിര്‍ക്കാന്‍ വരുന്നവര്‍ ആരായാലും ഞങ്ങള്‍ ചോദ്യം ചെയ്യും.”  റാലി ഉല്‍ഘാടനം ചെയ്തു കൊണ്ട് സെലീന പ്രക്കാനം പറഞ്ഞു.

എന്‍ജെപി, വേല്‍ഫെയര്‍ പാര്‍ട്ടി, അംബേദ്‌കര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ബി എസ് പി (കന്‍ഷി റാം) എന്നീ പാര്‍ട്ടികളും പരിപാടിയില്‍ പങ്കെടുത്തു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍