UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിതനോ മുസ്ലിമോ ആണോ നിങ്ങള്‍? എങ്കില്‍ ജയിലില്‍ അകപ്പെടാന്‍ സാധ്യത കൂടുതലാണ്

Avatar

അഴിമുഖം പ്രതിനിധി

ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലിലൂടെ കൊലപ്പെട്ടു എന്ന ഔദ്യോഗിക ഭാഷ്യത്തെ ചോദ്യം ചെയ്ത് രാജ്യത്തുടനീളം നേതാക്കളും മനുഷ്യവകാശപ്രവര്‍ത്തകരം രംഗത്തെത്തുകയാണ്. ജയില്‍ ഗാര്‍ഡിനെ സ്പൂണും സ്റ്റീല്‍ പാത്രങ്ങളും ആയുധമാക്കി വധിക്കുകയും മറ്റൊരാളെ ബന്ദിയാക്കുകയും ചെയ്ത ശേഷം എട്ട് സിമി പ്രവര്‍ത്തകര്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി തടവുചാടിയെന്നാണ് പൊലീസ് പറയുന്നത്. ജയിലില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ കൈവശപ്പെടുത്തിയ സ്പൂണുകളും പ്ലേറ്റും മാത്രം കയ്യിലുണ്ടായിരുന്നവരെ വെടിവെച്ച് കൊല്ലാന്‍ പോലീസിനെ പ്രേരിപ്പിച്ചത് എന്ത് എന്നതിന് ഉത്തരം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി അഞ്ച് പേരെ പോലീസ് വെടിവെക്കുന്ന ദൃശ്യം ഒരു ചാനല്‍ പുറത്ത് പുറത്ത് വിടുക കൂടി ചെയ്തതോടെ ഔദ്യോഗിക ഭാഷ്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പൊലീസിന്റെ വിശദീകരണവും ദൃശ്യങ്ങളും പൊരുത്തക്കേടുണ്ടാക്കുന്നു. തടവുകാരുടെ കൈവശം ആയുധമുണ്ടെന്നത് സംബന്ധിച്ച് പൊലീസിന്റെ വാദത്തിലും മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ വാദത്തിലും വൈരുദ്ധ്യമുണ്ട്.

പ്രതികള്‍ ജയില്‍ ചാടിയതാണോ ആരെങ്കിലും ജയില്‍ ചാടിച്ചതാണോ എന്നാണ് ഇതേകുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന്റെ ചോദ്യം. എന്തു കൊണ്ടാണ് ജയിലുകളില്‍ നിന്നു സിമി പ്രവര്‍ത്തകര്‍ മാത്രം രക്ഷപ്പെടുന്നത് എന്നും എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങ് ചോദിക്കുന്നു. ദീപാവലി ആഘോഷത്തിനിടെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യമൊട്ടാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതാണ്. സിമി ബന്ധം ആരോപിക്കപ്പെടുന്ന തടവുകാരെ പാര്‍പ്പിച്ച ജയിലില്‍ ഇത്രയും വലിയ സുരക്ഷാ വീഴ്ച്ച എങ്ങനെ ഉണ്ടായി എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കേണ്ടതായുണ്ട്.

എന്നാല്‍ ഇതിനെക്കാളൊക്കെ ഏറേ ഭയപ്പെടുത്തുന്നത് കുറ്റവാളികളല്ല എന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തവരുടെ കൊലപാതകം ഇന്ത്യന്‍ പൊതുസമൂഹത്തിന് അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാവുന്ന സാഹചര്യമാണ്. മുസ്ലീമെന്നോ ദളിതനെന്നോ ഉള്ള ഐഡന്റിറ്റി പൊതുസമൂഹത്തിന്റെ മുന്നില്‍ കുറ്റവാളിയോ രാജ്യദ്രോഹിയോ ആകാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ മുസ്ലിമോ, പട്ടികജാതിപട്ടികവര്‍ഗക്കാരനോ, ഒബിസിയോ ആണെങ്കില്‍ ജയിലിലകപ്പെടാനുള്ള സാധ്യതയേറെയാണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ കുറ്റവാളിയല്ല എന്ന് നിയമം വിധിച്ചാലും സമൂഹത്തിന്റെ പൊതുബോധം ഇവരെ ഇരുട്ടിലാക്കുന്നു.

നാഷണല്‍ ക്രൈം  റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്കുകള്‍

2015ലെ നാഷണല്‍ ക്രൈം  റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് പലതരം കുറ്റകൃത്യങ്ങലുടെ പേരില്‍ വിചാരണ നേരിടുന്നവരില്‍ 55 ശതമാനവും മുസ്ലീം, ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. എന്‍സിആര്‍ബിയുെട രേഖകള്‍ പ്രകാരം ജയിലുകളില്‍ കഴിയുന്നവരില്‍ മുക്കാല്‍ശതമാനവും വിചാരണ നേരിടുന്നവരാണ്. വിചാരണനേരിടുന്നവരില്‍ എഴുപചി ശതമാനത്തിലേറേ പേര്‍ പത്താം ക്ലാസ് പാസായിട്ടില്ല എന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മുസ്ലിമുകളും, ആദിവാസികളും, ദളിതരും ഇന്ത്യന്‍ ജനസംഖ്യയുടെ 39 ശതമാനം മാത്രമാണെന്ന യാഥാര്‍ത്ഥ്യവും വിചാരണ നേരിടുന്നവരുടെ കണക്കുകളം കൂടിചേര്‍ത്തുവെക്കുമ്പോഴാണ് പൊരുത്തമില്ലായ്മ ബോധ്യപ്പെടുക. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 14.2 ശതമാനം മുസ്ലിമുകളും, 16.6 ശതമാനം പട്ടികജാതിയും 8.6 ശതമാനം പട്ടികവര്‍ഗ്ഗക്കാരും ആണ്. ഈ മുന്ന് വിഭാഗങ്ങളില്‍ നിന്നും കുറ്റം ചെയ്തതായി ബോധ്യപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണംതീരെ വിചാരണ നേരിടുന്നവരുടെ കണക്കിനെക്കാള്‍ വളരെ കുറവാണ്.

മുസ്ലിമുകളെ സംബന്ധിച്ചിടത്തോളം അവരുടെ ഇന്ത്യന്‍ ജനസംഖ്യയെക്കാള്‍ അല്പം മുകളില്‍ 15.8 ശതമാനം പേര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ വിചാരണ നേരിടുന്നവരുടെ ഇടയില്‍ മുസ്ലിമുകളുടെ എണ്ണം വളരെ കൂടുതലാണ്. വിവധ ജയിലുകളില്‍ വിചാരണ നേരിടുന്നവരില്‍ 20.9 ശതമാനം മുസ്ലിമുകളാണ്.

ജയിലുകളില്‍ കഴിയുന്ന പട്ടികജാതിക്കാരില്‍ 21.6 ശതമാനം വിചാരണ നേരിടുമ്പോള്‍ ശിക്ഷിക്കപ്പെടുന്നത് 20.9 ശതമാനം പേരാണ്. പട്ടികവര്‍ഗ്ഗക്കാരിലേക്ക് കണക്ക് പരിശോധിക്കുമ്പോള്‍ 12.4 ശതമാനം വിചാരണ നേരിടുകയും 13.7 ശതമാനം ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയില്‍ വിവിധ ജയിലുകളിലായി വിചാരണ നേരിടാനായി പാര്‍പ്പിച്ചിരിക്കുന്ന 2,82,076 പേരില്‍ 80,528 പേര്‍ നിരക്ഷരരാണ്( 28.5 ശതമാനം). വിചാരണ നേരിടുന്ന 1,19,082 പേര്‍ ( 42.2 ശതമാനം)പത്താം ക്ലാസിന് താഴെ വിദ്യാഭ്യാസം ലഭിച്ചവരുമാണ്.

കുറഞ്ഞത് മൂന്ന് മാസം എങ്കിലും ജയില്‍ കഴിഞ്ഞ ശേഷമാണ് ഇവരില്‍ ഭൂരിഭാഗത്തിനും ജാമ്യം കിട്ടുന്നത്. ഏതാണ്ട് 65 ശതമാനം പേര്‍ മൂന്ന് മുതല്‍ അഞ്ച് മാസം വരെ ജാമ്യം ലഭിക്കുന്നതിന് മുമ്പ് ജയിലുകളില്‍ കഴിയുന്നു.

2014ലെ റിപ്പോര്‍ട്ടുകളുമായി താരതമ്യം ചെയ്ത് എന്‍സിആര്‍ബി ചൂണ്ടികാട്ടുന്നത് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് ബലാത്സംഗകേസുകളില്‍ ആണെന്നാണ്. ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം11.6 ശതമാനവും കൊലപാതക കേസുകളില്‍ 1.5 ശതമാനവും മൊത്തം കുറ്റകൃത്യങ്ങളില്‍ ഇത് രണ്ടു ശതമാനവുമായി വര്‍ദ്ധിച്ചിട്ടുണ്ട്.

വിചാരണ നേരിടുന്നവരുടെ എണ്ണത്തില്‍ 2014ലേതിനേക്കാള്‍ 0.3 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേരെ പാര്‍പ്പിക്കാനാവും വിധം മാറിയിട്ടും ക്രമാധികമായി ഞെങ്ങിഞെരുങ്ങിയ ജയിലുകളാണ് രാജ്യത്തെങ്ങും (100 പേരെ ഉള്‍കൊള്ളാനാവുന്നിയിടത്ത്് 114 പേരെ ഉള്‍െകാള്ളുന്ന അവസ്ഥ) ദാദ്ര നാഗര്‍ ഹവേലിയിലെ ജയില്‍ 276.7 ശതമാനം ഞെരുങ്ങിയ അവസ്ഥയില്‍ രാജ്യത്തെ ഏറ്റവും തിരക്കുള്ളതാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. ചത്തിസ്ഗഡ്ഡ് 233.9 ശതമാനം 226.9 ശതമാനം ഡല്‍ഹി, മേഘാലയ 177.9 ശതമാനം, ഉത്തര്‍പ്രദേശ് 168.8 ശതമാനം, മദ്ധ്യപ്രദേശ് 139.8 ശതമാനം എന്ന രീതിയില്‍ അന്തേവാസികളെ കുത്തിത്തിരുകിയിരിക്കുകയാണ്.

രാജ്യത്ത് ശിക്ഷിക്കപ്പെടുന്നവരുടെ കണക്കില്‍ 59.6 ശതമാനവും കൊലപാതക കേസുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. വിചാരണ നേരിടുന്നവരില്‍ 26.5 ശതമാനവും കൊലപാതകകേസുകളാണ്. കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശും (21.9 ശതമാനം) മധ്യപ്രദേശും (15.8 ശതമാനം) ആണ് മുന്നില്‍ .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍