UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഡ്വ. ജയശങ്കറിന്റെ രാഖിയും ളാഹ ഗോപാലന്റെ ഫ്യൂഡല്‍ സമീപനങ്ങളും: എവിടെ ദളിത് ബുദ്ധിജീവികള്‍?

Avatar

ഷഫീഖ് വി

ചാനല്‍ ചര്‍ച്ചകളിലെ ‘നിഷ്പക്ഷ’ രാഷ്ട്രീയ വിമര്‍ശകന്‍ അഡ്വ. ജയശങ്കറിന്റെ ആര്‍എസ്എസ് ചടങ്ങിലെ സാന്നിദ്ധ്യവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയില്‍പ്പോലും ആചരിക്കപ്പെട്ടു എന്നു പറയപ്പെടുന്ന രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കേരളീയ സമൂഹം എങ്ങനെ സൂക്ഷ്മമായി സവര്‍ണ്ണവല്‍ക്കരിക്കപ്പെടുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണല്ലോ. തീര്‍ച്ചയായും ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ട വിഷയങ്ങള്‍ തന്നെ ആണിത്.

എന്നാല്‍ ഈ ചര്‍ച്ചകളില്‍ കാണാതെ പോകുന്ന അല്ലെങ്കില്‍ മനപ്പൂര്‍വ്വം വിസ്മരിക്കപ്പെടുന്ന ചില വസ്തുതകളാണ് ഈ കുറിപ്പിനാധാരം. സവര്‍ണ്ണവല്‍ക്കരണത്തെക്കുറിച്ചും കീഴാള-മുസ്ലീം വിരുദ്ധതയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ കീഴാള ആശയമണ്ഡലം എത്തരത്തിലാണ് ‘സവര്‍ണ്ണവല്‍ക്കരിക്കപ്പെടുന്നത്’ എന്നതിനെക്കുറിച്ച് കൃത്യമായി മൗനം പുലര്‍ത്തുന്നു.

അഡ്വ. ജയശങ്കറിനെയും ഡിവൈഎഫ്‌ഐയെയും വിചാരണ ചെയ്യുമ്പോള്‍ തന്നെയാണ് ചെങ്ങറ ഭൂസമരവേദിയില്‍നിന്ന് ഒട്ടും ആശ്വാസകരമല്ലാത്ത ചില വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട കളക്ടറേറ്റില്‍ സമരവുമായി എത്തിയ ചെങ്ങറ സമര വളണ്ടിയര്‍മാര്‍ സമര നേതാവ് ളാഹ ഗോപാലന്റെ ഫ്യൂഡല്‍ സമീപനങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ഉന്നയിക്കുകയുണ്ടായി. ളാഹ ഗോപാലനും സംഘവും ആവശ്യപ്പെടുന്ന പണം നല്‍കാത്തതിനാല്‍ സമരഭൂമിയില്‍നിന്ന് പുറത്താക്കപ്പെട്ടവരായിരുന്നു പരാതിയുമായി എത്തിയത്. മാത്രമല്ല, ഗൗരവകരമായ മറ്റൊരു വിമര്‍ശനവും അവര്‍ ഉയര്‍ത്തി. സ്ത്രീകളോട് പോലും വളരെ മോശമായി പെരുമാറുന്നു എന്നതായിരുന്നു അത്. കപ്പം നല്‍കാത്തവരെ ഭീകരമായി നേരിടലും സ്ത്രീകളോട് മോശമായ പെരുമാറ്റവും തന്നെ ആയിരുന്നല്ലോ ഫ്യൂഡല്‍ മാടമ്പിമാരുടെ സ്വഭാവവും. ഇതിന് മുമ്പും ചെങ്ങറ സമരഭൂമിയില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇന്നത്തെപ്പോലെ അന്നും, കേരളത്തില്‍ സവര്‍ണ്ണ പൊതുമണ്ഡലമോ കീഴാള-മുസ്ലീം ആശയമണ്ഡലമോ ഇതിനെതിരെ പ്രതികരിച്ചതായി കണ്ടില്ല.

കേരളത്തിലെ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കായിട്ടില്ലെന്ന വാദം ശക്തമാണ്. ഇത് ഇത്തരം വിഭാഗങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താന്‍ കാരണമായിട്ടുമുണ്ട്. എന്നാല്‍ ഇങ്ങനെ മാറി ചിന്തിക്കുന്നവര്‍ കേരളത്തിലെ ഏത് കീഴാള പ്രസ്ഥാനത്തിന്റെ കീഴിലാണ് അണിനിരക്കുന്നത്? ഇത്തരത്തില്‍ ശക്തിപ്പെട്ട ഏതു ദളിത് സംഘടനയാണ് ഇവിടെ ഉള്ളത്? മറിച്ച്, ഇവരില്‍ നല്ലൊരു ശതമാനവും ബ്രാഹ്മണിക്കല്‍ മേധാവിത്വം അരക്കിട്ട് ഉറപ്പിക്കുന്ന ആര്‍എസ്എസിന്റെ നേതൃത്വത്തിലൂടെ വലതുപക്ഷ രാഷ്ട്രീയത്തിലാണ് ചെന്നെത്തുന്നത് എന്നത് ഒരു വസ്തുതയാണ്. കഴിഞ്ഞകാല തെരഞ്ഞെടുപ്പ് കണക്ക് എടുത്ത് പരിശോധിച്ചാല്‍ ഇത് കൂടുതല്‍ ബോധ്യമാവും. കായല്‍ സമ്മേളനത്തിന്റെ ഓര്‍മപുതുക്കലുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ നരേന്ദ്ര മോദി പങ്കെടുത്തതും അതിന് സംഘാടകര്‍ നല്‍കിയ നല്‍കിയ വിശദീകരണവും ഇവിടെ പ്രസക്തമാകുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഭൂസംരക്ഷണനിയമം അട്ടിമറിക്കുന്നത് ആര്‍ക്ക് വേണ്ടി?
സംസ്ഥാന എ.ഡി.ജിപിയുടെ ജാതി ചോദിക്കുമ്പോള്‍
സ്വാമി അസീമാനന്ദ് സി.കെ.ജാനുവിനെ സന്ദര്‍ശിച്ചതെന്തിന്?
കേരളം എന്ന ഭ്രാന്താലയം
ഇനി അമ്പലങ്ങളില്‍ നിന്ന് ഇറങ്ങുകയാണ് വേണ്ടത്

എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം വിഷയങ്ങളില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ ഇവിടുത്തെ ദളിത് സംഘടനകള്‍ക്ക് ആകാത്തത്. അവിടെയാണ്, ദളിത് ആശയമണ്ഡലത്തിന്റെ വര്‍ത്തമാനകാല സ്ഥിതി നാം പരിശോധിക്കേണ്ടത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായപ്പോള്‍ ദളിതര്‍ക്ക് അവരുടെ അജണ്ട നിര്‍ണയിക്കാനുള്ള അവകാശം ഇല്ലായിരുന്നു എന്ന് പരിതപിച്ച ഇവിടുത്തെ ചില ദളിത് ബുദ്ധിജീവികള്‍, ഇന്നുള്ള കീഴാള-പിന്നോക്ക-മുസ്ലീം വിശാലവേദിയില്‍ ആ അധികാരം എത്ര കണ്ട് ദളിതന്മാരിലുണ്ടെന്ന വസ്തുത പരിശോധിക്കണം. ഇന്ന് പലപ്പോഴും ഇത്തരം വേദികള്‍ തീവ്രസ്വഭാവം പുലര്‍ത്തുന്ന സംഘടനകള്‍ക്ക് തങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള വേദികളായി മാറുന്നു എന്നാരോപണം ശക്തമാണ്. ഈ ഒരു വിശാല വേദിയില്‍ കഴിഞ്ഞ കുറച്ചു കാലമായി ഉയര്‍ന്ന് വരുന്ന ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും ആരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് ഈ വേദി പ്രാമുഖ്യം നല്‍കുന്നത് എന്ന്. അതുകൊണ്ട് തന്നെയാണ്, ഹിന്ദു ഫാസിസത്തിന്റെ സൂക്ഷ്മമായ ഇടപെടലുകള്‍ മനസ്സിലാകുന്ന ദളിത് മുന്നേറ്റങ്ങള്‍ക്ക് മറ്റു മതങ്ങള്‍ക്കിടയില്‍ ശക്തിപ്പെട്ട് വരുന്ന വര്‍ഗീയ പ്രവണതകളെ കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നത്. രക്ഷാബന്ധന്‍ പോലുള്ള പുരുഷാധിപത്യ പ്രവണതകളെ തുറന്ന് കാണിക്കുമ്പോള്‍ തന്നെ, മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കി കുറക്കണം എന്ന ചില സംഘടനകളുടെ ആവശ്യം കാണാതിരുന്നതും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നിരന്തര സമരം ചെയ്തവര്‍ക്ക് ഇന്ന് അത്തരത്തില്‍ ഒരു സമരം സംഘടിപ്പിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്നും പരിശോധിക്കേണ്ടി ഇരിക്കുന്നു.

ദളിത് സംഘടന നേതൃത്വങ്ങള്‍ക്ക് ഇത് മനസ്സിലായാലും ഇല്ലെങ്കിലും അതിലെ നല്ലൊരു ശതമാനം സാധാരണ അംഗങ്ങളും ഇത് മനസ്സിലാക്കുന്നു എന്നുവേണം അനുമാനിക്കാന്‍. അതുകൊണ്ട് തന്നെയാണ് തീവ്രവര്‍ഗീയ സ്വഭാവം പുലര്‍ത്തന്ന ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് വോട്ട് ചെയ്യാന്‍ സാധാരണ ദളിതന് സാധിക്കുന്നത്. നരേന്ദ്ര മോദിയെ കൊണ്ടുവന്നതിന് വിഷ്ണുപുരം ചന്ദ്രശേഖരന്റെ ന്യായവാദങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

(മമ്പാട് എം ഇ എസ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകന്‍)

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍