UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാസിസ്റ്റ് കാലത്തെ ഘര്‍ വാപസിയും ദളിത് രാഷ്ട്രീയവും

Avatar

സാബ്ലു തോമസ്‌

എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളായിരുന്ന മാധ്യമം ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോയിലെ റിപ്പോർട്ടറായിരുന്ന ജി.രാജേഷ്‌ കുമാറിന്‍റെ സ്മരണയ്ക്ക് സുഹൃത്തുക്കൾ നടത്തുന്ന അനുസ്മരണ പ്രഭാഷണ പരമ്പരയിൽ ഈ വര്‍ഷം സംസാരിച്ചത് പ്രശസ്ത ദളിത്‌ ചിന്തക ഡോ. മീര വേലായുധനാണ്. വിഷയം: ജാതിയും സമകാലിക സ്ത്രീ, ദളിത് പ്രസ്ഥാനങ്ങള്‍- വ്യവഹാരവും പ്രായോഗികതയും.

മീരയുടെ പ്രഭാഷണം എന്തായിരുന്നു എന്നതിനെക്കാൾ അത് ഞാൻ എങ്ങനെ മനസില്ലാക്കിയെന്നതാണ് ഈ കുറിപ്പിനാധാരം. മനസിലാക്കൽ എന്ന പ്രക്രിയയ്ക്ക് ഒരു രാഷ്ട്രീയമുണ്ട് എന്നും ഒരു പ്രഭാഷണത്തെ സംബന്ധിച്ച് വിഷയത്തെ കുറിച്ചുള്ള അഭിപ്രായം പോലെ തന്നെ പ്രധാനമാണ്, കേൾവിക്കാരനെ സംബന്ധിച്ച് അതിന്റെ മനസിലാക്കലിനും എന്നും ഞാന്‍ കരുതുന്നു. മനസിലാക്കൽ എന്ന പ്രക്രിയ കേൾവിക്കാരന്റെ വൈയക്തികവും സാമുഹികവുമായ അനുഭവത്തിന്റെയും ഇടപെടലിന്റെയും അടിസ്ഥാനത്തിൽ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. 

കേരളത്തിലെ ദളിത്‌ മുന്നേറ്റങ്ങളുടെ ചരിത്രം കായൽ സമ്മേളനം മുതൽ ആരംഭിച്ച് ഇന്നത്തെ വർത്തമാന കാലം വരെ ക്രോണിക്കിൾ ചെയ്യുകയല്ല മീര തന്റെ പ്രഭാഷണത്തിൽ ചെയ്തത്. ഓരോ കാലഘട്ടത്തിലെയും ചരിത്രം ആ കാലഘട്ടത്തിലെ വ്യക്തികളുടെ അനുഭവങ്ങളുടെ കൂടി ചരിത്രമാവുന്നു എന്ന് മീര ഓർമിപ്പിക്കുന്നു. നിരവധി വ്യക്തികളുടെ സ്വകാര്യ ചരിത്രം അടങ്ങുന്ന ഓരോ കാലഘട്ടത്തിന്റെയും സമാഹൃത ചരിത്രമാണ് ഒരു നാടിന്റെ ചരിത്രം. അതുകൊണ്ടുതന്നെയാണ് ഒരു സവിശേഷ കാലഘട്ടത്തിലെ നാടിന്റെ ബൃഹദ് ചരിത്രം പറയുമ്പോൾ ആ നാട്ടിൽ അന്ന് ജീവിച്ചിരുന്നവരുടെ അനുഭവങ്ങളുടെ ചരിത്രം പ്രസക്തമാവുന്നത്. 

മീര വേലായുധൻ കേരളത്തിന്റെ ദളിത്‌ സമുദായ രൂപികരണത്തിന്റെ ചരിത്രം പറഞ്ഞു തുടങ്ങുന്നത് തന്റെ അമ്മയായ ദാക്ഷായണി വേലായുധന്റെ വ്യക്തിപരമായ ചരിത്രം പറഞ്ഞുകൊണ്ടാണ്. അത് ആരംഭിക്കുന്നത് കൊച്ചി പ്രജാസഭയിലും, കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയിലും അംഗമായ  ദാക്ഷായണി വേലായുധൻ എന്ന രാഷ്ട്രീയ പ്രവർത്തകയുടെ ചരിത്രത്തിൽ നിന്നല്ല. സമുദായ രൂപികരണത്തിന്റെ പ്രാരംഭ കാലത്ത് വൈപ്പിനിൽ നിന്ന് ആദ്യമായി സ്കൂളിൽ പോയിത്തുടങ്ങിയ ദാക്ഷായണിയെന്ന ദളിത്‌ പെണ്‍കുട്ടിയുടെ ജീവിതത്തിൽ നിന്നാണ്. സമുദായാംഗങ്ങളായ സ്ത്രീകൾ മേൽമുണ്ട് ധരിക്കുന്നത് ജാതീയമായി എതിർപ്പ് നേരിട്ടിരുന്ന ഒരു കാലഘട്ടത്തിൽ കുപ്പായം ധരിച്ച് സ്കൂളിൽ പോവുമ്പോൾ ഉണ്ടായിരുന്ന എക്സ്സൈറ്റ്മെന്റിനെ കുറിച്ച് അമ്മ പറഞ്ഞത് മീര ഓർക്കുന്നു. മഹാരാജാസ് കോളേജിൽ ആദ്യമായി സയൻസ് പഠിക്കാൻ വരുന്ന ദളിത്‌ പെണ്‍കുട്ടിയെ കാത്തുനിൽക്കുന്ന പത്രക്കാർക്ക് തന്നെ തിരിച്ചറിയാൻ കഴിയാതെ പോയതിനെ കുറിച്ചുള്ള അമ്മയുടെ ഓർമയും മീര പങ്കുവെച്ചു. ദളിതരുടെ നിറത്തെക്കുറിച്ചുള്ള അവരുടെ ഭാവനയിലെ വാർപ്പ് മാതൃകകളിൽ അമ്മ ഉൾപ്പെടാതിരുന്നതുകൊണ്ടാണ് ഇത് എന്ന് അമ്മ പറയാറുള്ളത് മീര ഓർക്കുന്നു.

സമുദായരൂപീകരണമെന്നത് അനേകം വ്യക്തികളുടെ അനുഭവങ്ങളുടെ ആകെ തുകയാണ്. പുറത്തു നിന്നും ഇടപെടുന്ന നവോത്ഥാന പ്രേരിതരായ ചില നല്ല മനുഷ്യരുടെ പ്രവർത്തനമല്ല, സ്വന്തം അനുഭവങ്ങളോടുള്ള അകത്തുള്ള മനുഷ്യരുടെ പ്രതികരണത്തിൽ നിന്നാണ് സമുദായത്തിൽ പരിഷ്കരണം വരുന്നത് എന്നും മീര പറഞ്ഞു വെക്കുന്നുണ്ട്.

ജാതിയെന്നത് മാർക്സിയൻ വീക്ഷണത്തിലുള്ള വർഗമല്ലെന്നും ചില സോഷ്യോളജിസ്റ്റുകൾ പറയുന്ന വംശം (race) അല്ലെന്നുമുള്ള നിഗമനത്തിലേക്കും മീരയെ എത്തിക്കുന്നത് വ്യക്തിപരമായ അനുഭവങ്ങളുടെ ആകെത്തുകയായി സമുദായത്തെ മനസിലാക്കുന്ന ഈ വീക്ഷണമാണ്. സമാനമായ അനുഭവങ്ങൾ ഉള്ളവരുടെ ലഘു ചരിത്രങ്ങളുടെ സമാഹൃത രൂപമാണ് കീഴാള ചരിത്രമെന്ന ബോധ്യമാണ് കേരളത്തിലെ ദളിത്‌ സമുദായ രൂപികരണത്തിൽ നിന്നും ദേശീയമായ ദളിത്‌ കൂട്ടായ്‍മയെന്ന സങ്കല്പത്തിലേക്കും അവിടെ നിന്ന് മണ്ഡൽ കമ്മീഷണാന്തര കാലത്തെ ദളിത്‌ -ബഹുജൻ ഐക്യമെന്ന സങ്കല്പത്തിലേക്കും അവിടെനിന്ന് ദളിതരുമായി സമാനതകളുള്ള കറുത്ത വർഗക്കാരുമായുള്ള സഹോദര്യത്തിലേക്കും നീളുന്നത്. ഏകശിലാത്മകമായ ഒരു രൂപമല്ല സമുദായമെന്നും അത് വ്യക്തികളുടെ ആകെ തുകയായ രൂപമാണ് എന്ന ബോധ്യം തന്നെയാണ്, ലിംഗ വിഭജനമില്ലാത്ത ഒരു ജാതിയുമില്ല എന്നും, ജാതിയില്ലാത്ത ഒരു ലിംഗവുമില്ല എന്നുമുള്ള ബോധ്യത്തിലും എത്തിക്കുന്നത്. അതുതന്നെയാണ് ദളിത്‌ രാഷ്ട്രിയം എന്നത് എക്സ്ക്ലുഷന്റെ രാഷ്ട്രീയമല്ല മറിച്ച്  ഇൻക്ലുഷന്റെ രാഷ്ട്രീയമാണ് എന്ന ബോധ്യത്തിലേക്കും എത്തിക്കുന്നത്.

കായൽ സമ്മേളനം പുലയ സമുദായ രൂപീകരണത്തിന്റേത് ആവുമ്പോൾ തന്നെ പുലയരുടേത് മാത്രമല്ലെന്ന് മീര പറയുന്നതും അതുകൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് പണ്ഡിറ്റ്‌ കറുപ്പനെപോലുള്ള പുലയ സമുദായത്തിനു പുറത്തുള്ളവർക്കും ആ സമ്മേളനത്തിൽ ഇടമുണ്ടായത്. പണ്ഡിറ്റ്‌ കറുപ്പനെ പോലുള്ളവരും ക്രിസ്തുമതം സ്വീകരിച്ചിരുന്ന പുലയരും പങ്കെടുത്ത ആ സമ്മേളനത്തെ ഹിന്ദു പുലയരുടേത്‌ മാത്രമാക്കി ചുരുക്കി ഹിന്ദുത്വത്തെ ലെജിറ്റിമൈസ് ചെയ്യുന്ന പുലയ മഹാസഭയിലെ ഒരു വിഭാഗത്തിന്റെ നീക്കം ചരിത്ര വിരുദ്ധമാണ് എന്നും മീര പറയുന്നു. ഘർ വാപസി പോലുള്ള പരിപാടികൾക്ക്  ന്യായീകരണമാകുന്നത് ഇത്തരം ചുരുക്കലുകളാണ്. ദളിത്‌ ക്രൈസ്തവര്‍ക്ക് സംവരണം ശുപാർശ ചെയ്യുന്ന മിശ്ര കമ്മിഷൻ റിപ്പോർട്ട്‌ അട്ടിമറിക്കാനാണ് ഘർ വാപസി പോലുള്ള പരിപാടികൾ. ഇത്തരം ഒരു ഇൻക്ലുഷന്റെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ഫാസിസത്തിന്റെ കാലത്തെ ചെറുത്തു നിൽപ്പുകൾക്ക ദളിത് രാഷ്ട്രീയം സമാന മനസ്കരുമായി കോമണ്‍ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കേണ്ടതിനെ പറ്റി മീര പറയുന്നത്.

ആദ്യമേ പറഞ്ഞപോലെ ഈ കുറിപ്പ് മീര വേലായുധന്റെ പ്രഭാഷണം എനിക്ക് എങ്ങനെ അനുഭവപ്പെട്ടു, ഞാൻ എങ്ങനെ മനസിലാക്കി എന്നതിനെ കുറിച്ചാണ്. മറ്റൊരാൾക്ക് ഇതിൽ നിന്നും വ്യത്യസ്തമായി മനസിലായി എന്ന് വരാം.വ്യത്യസ്തമായ വായനകളും വ്യത്യസ്തമായ മനസിലാക്കലുകൾക്കും ഇടമുള്ള ഒരു ഇൻക്ലുഷന്റെ രാഷ്ട്രീയമാണ് ഒരു ബഹുസ്വര സമുഹത്തെ പ്രസക്തമാക്കുന്നത്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍