UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടി.ജി. മോഹന്‍ദാസിന്‍റെ ചന്തിക്കടി; കൊണ്ടത് ഭരണഘടനയുടെ മുഖത്ത്

Avatar

ബിനീഷ് ബുദ്ധ

ഗുജറാത്തില്‍ രണ്ട് ദളിതരുടെ ചന്തിക്കടിച്ചതാണോ പ്രശ്‌നമെന്ന് ചോദിച്ച ആര്‍.എസ്.എസ്. നേതാവ് ടി.ജി. മോഹന്‍ദാസിനെ പോലുള്ളവര്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ദളിതരുടെ ചന്തിക്കേറ്റ അടി മതനിരപേക്ഷതയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ മുഖത്തേറ്റ അടിയാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. ചത്ത പശുവിന്റെ തോല് ഉരിഞ്ഞെടുത്ത ദളിതരെ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവം ഗുജറാത്തിലുണ്ടാക്കിയ പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ പ്രതിഷേധത്തെ മര്‍ദ്ദനത്തിനെതിരെയുള്ള പ്രതിഷേധം മാത്രമായി കണക്കാക്കാന്‍ കഴിയില്ല. ഇതിനുമുമ്പും കൊടിയ പീഡനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ദളിതര്‍ ഇരയായിട്ടുണ്ട്. അപ്പോഴൊക്കെയുണ്ടായിട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് പരിമിതികളുണ്ടായിരുന്നു. നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും തൊഴിലിന്റെ പേരിലും രാജ്യ വ്യാപകമായി ദളിതുകള്‍ക്കെതിരായി അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. മനുസ്മൃതിയിലധിഷ്ടിതമായ ജാതി വ്യവസ്ഥയുടെ ഇരകളായി നൂറ്റാണ്ടുകളോളം  ജീവിച്ച ദളിതര്‍ അവരുടെ സ്വത്വ ബോധത്തെ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഇപ്പോള്‍ ഇന്ത്യയിലാകമാനം ജ്വലിക്കുന്ന പ്രതിഷേധം.

ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ച ദളിത് വൃദ്ധനെ കോടാലികൊണ്ടു വെട്ടി വീഴ്ത്തി മണ്ണെണ്ണയൊഴിച്ചു കത്തിച്ചതാണ് 2105 ലെ ഇന്ത്യാ ചരിത്രമെന്നത് നാം പ്രത്യേകം ഓര്‍ക്കണം. ദളിതര്‍ തങ്ങളുടെ കൂടെയുള്ളവരല്ലെന്നും ഇവരെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ലെന്നുമാണ് ഈ സംഭവങ്ങളിലൂടെ ജാതി ഹിന്ദുക്കള്‍ പറയാതെ പറയുന്നത്.

കേവലം രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രം രൂപം കൊണ്ട ഹിന്ദുമതവും അതിന്റെ സംരക്ഷണ സംഘടനകളുമെല്ലാം വാദിക്കുന്നത് അനാദികാലം മുതല്‍ക്കേ പശു ദിവ്യ മൃഗമായിട്ടാണ് കരുതപ്പെട്ടിരുന്നതെന്നും അതുകൊണ്ട് അതിനെ കൊല്ലരുതെന്നുമാണ്. സ്വര്‍ഗത്തില്‍ ഒരു ഗോലോകമുണ്ടെന്നും അവിടെ സുരഭിയെന്ന ഒരു പശുവുണ്ടെന്നും ഭൂമിയിലെ എല്ലാ പശുക്കളും അതിന്റെ മക്കളാണെന്നുമാണ് ജാതി ഹിന്ദുക്കള്‍ വിശ്വസിക്കുന്നതും വാദിക്കുന്നതും (യുക്തിക്കു നിരക്കുന്നതല്ലെങ്കിലും). എന്നാല്‍ ഡി.എന്‍.ഛായുടെ 2009 ല്‍ പ്രസിദ്ധീകരിച്ച ‘ദി മിത്ത് ഓഫ് ഹോളി കൗ’ എന്ന പുസ്തകം ഈ വാദഗതികളെയെല്ലാം തള്ളിക്കളയുന്നു. ജാതി ഹിന്ദുക്കളുടെ അടിസ്ഥാന പ്രമാണങ്ങളായ ബൃഹദാരണ്യ ഉപനിഷദ്, ഋഗ്വേദം, മനുസ്മൃതി, പരാശരസംഹിത എന്നിവയിലെ ശ്ലോകള്‍ ഉദ്ധരിച്ചുകൊണ്ട്  ബ്രാഹ്മണര്‍ പശുവിനെയും കാളയെയും ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നെന്ന് ഛാ സമര്‍ത്ഥിക്കുന്നു. മാത്രമല്ല മൃഗബലി ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നതിനും തെളിവുകള്‍ നിരത്തി പറയുന്നു.

അഹിംസയും സഹിഷ്ണുതയും ലോകത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ബുദ്ധന്റെ പേരിലാണ്. ഒരു ജീവിയെയും കൊല്ലരുതെന്നും എല്ലാ ജീവജാലങ്ങളെയും ഒരുപോലെ കാണുകയും സ്‌നേഹിക്കുകയും ചെയ്യണമെന്ന് ലോകത്തോടു പറഞ്ഞ ബുദ്ധമതത്തിന് സ്വീകാര്യത ഇന്ത്യയില്‍ കൂടിവന്നു. മൗര്യ ചക്രവര്‍ത്തിയായിരുന്ന അശോകന്റെ കാലത്താണ് ബുദ്ധമതം ഇന്ത്യയില്‍ കൂടുതല്‍ പ്രചരിച്ചത്. കലിംഗ യുദ്ധത്തോടെ അശോകന് മനം മാറ്റം സംഭവിക്കുകയും അഹിംസയിലധിഷ്ടിതമായ ഭരണം മൂലം രാജ്യത്ത് മൃഗബലി കുറയ്ക്കുകയും ചെയ്തു. അശ്വമേധയാഗം പോലുള്ള യാഗങ്ങള്‍ കുറഞ്ഞുവന്നു. ഇതോടെ ബ്രാഹ്മണര്‍ക്ക് ലഭിച്ചിരുന്ന അളവറ്റ സമ്പത്തും ഭക്ഷണത്തിനായി ലഭിച്ചിരുന്ന പശുവിന്റെയും കാളയുടെയും ഇറച്ചിയും ലഭിക്കാതായി. ഇതില്‍ ബ്രാഹ്മണര്‍ അസന്തുഷ്ടരായി. ഈ സ്ഥിതി കാലങ്ങളോളം തുടര്‍ന്നു രാജ്യത്ത് ശാന്തിയും സമാധാനവും നിലനിന്നു പോന്നു. ബുദ്ധമതത്തെ തകര്‍ക്കാന്‍ ബ്രാഹ്മണര്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരുന്നു. വീണ്ടും ബ്രാഹ്മണര്‍ രാജ്യത്തിന്റെ അധികാരം പിടിച്ചടക്കിയ ചരിത്രം ടി.എച്ച്.പി. ചെന്താരശേരി തന്റെ ‘ചാതുര്‍ വര്‍ണ്യവും അംബേദ്കറിസവും’ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു.

‘വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മൗര്യ രാജാവായിരുന്ന ബൃഹത്ദൃതന്റെ സൈന്യാധിപനായി പുഷ്യമിത്രതുംഗനെന്ന ബ്രാഹ്മണനെ അവരോധിക്കുന്നു. ബി.സി.185ല്‍  സൈനിക പരിശോധനയ്ക്കിടെ പുഷ്യമിത്രതുംഗന്‍ ബൃഹത്ദൃതനെ വധിച്ചുകൊണ്ട് അധികാരം പിടിച്ചെടുക്കുന്നു. അധികാരമേറ്റ പുഷ്യമിത്രന്‍ രാജ്യ വിസ്തൃതി വര്‍ദ്ധിപ്പിക്കുകയോ പ്രജകളുടെ ക്ഷേപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോയല്ല ചെയ്തത്. മറിച്ച് നടത്തിയത് ഒരു അശ്വമേധ യാഗം നടത്തുകയായിരുന്നു. കാലങ്ങളോളം യാഗങ്ങളിലൂടെയും പൂജകളിലൂടെയും തങ്ങളുടെ വരുമാനമാര്‍ഗവും മാംസാഹാര ശീലവും ഇല്ലാതാക്കിയ ബുദ്ധമതത്തോടുള്ള കടുത്ത പ്രതിഷേധമായിട്ടായിരുന്നു ആ യാഗം നടന്നത്.’ (അധ്യായം-ഒന്ന്-ചാതുര്‍വര്‍ണ്യത്തിന്റെ ഉദയം). കാലങ്ങള്‍ എത്രകഴിഞ്ഞിട്ടും ബുദ്ധമതം പഠിപ്പിച്ച സസ്യാഹാരക്രമം ജനങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറായില്ല. ഇത് തിരിച്ചറിഞ്ഞ ബ്രാഹ്മണര്‍ ക്രമേണ മാംമസാഹാരം മനസില്ലാമനസോടെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി.

പില്‍ക്കാല ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ഗോവധ നിരോധനവും ഗോമാതാ പ്രയോഗവും രാഷ്ട്രീയ ലക്ഷ്യവച്ചുകൊണ്ടുള്ളതാണെന്നും മനസിലാക്കാന്‍ കഴിയും. മതത്തിന്റെ താത്പര്യത്തിനനുസരിച്ച് രാജ്യത്തെ ഭരിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരുന്നത്. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കടുക്കുന്ന കാലമെത്തിയപ്പോള്‍ പശു വാദം ശക്തമായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനെക്കാള്‍ പ്രധാനപ്പെട്ടതാണ് പശു വധമെന്നും സ്വാതന്ത്ര്യം കിട്ടായാല്‍ ആദ്യ നിരോധിക്കേണ്ടത് പശു വധമാണെന്നുമാണ്  ഗാന്ധി പറഞ്ഞത്. ‘എന്നെ കൊല്ലൂ പശുവിനെ വെറുതേ വിടൂ’ എന്ന് ബാലഗംഗാധര തിലകനും പറഞ്ഞിട്ടുണ്ട്. അധികാര രാഷ്ട്രീയത്തില്‍ പശുവിന് വലിയ സ്ഥാനമുണ്ടെന്ന് ദേശിയ നേതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു.

30 കോടിയിലേറെ പശുക്കളാണ് ഇന്ത്യയിലുള്ളത്. ശരാശരി 30 വയസുവരെയാണ് ഒരു പശുവിന്റെ ആയുസ്. ഇത് 10 വര്‍ഷത്തോളം പാലുതരും. പിന്നീടെങ്ങനെയാണ് പശുക്കളെ പോറ്റുന്നതെന്നത് കര്‍ഷകനെ വലക്കുന്ന ചോദ്യമാണ്. ഗോശാലകള്‍ ഇന്ത്യയിലെമ്പാടും ഉണ്ട്. എന്നാല്‍ ഗോശാലകളിലാക്കപ്പെടുന്ന പശുക്കള്‍ ഇറച്ചിയായി കയറ്റുമതിചെയ്യപ്പെടുകയോ തീന്‍ മേശകളിലെത്തുകയോ ചെയ്യുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. ബീഫ് എക്‌സ്‌പോര്‍ട്ടില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണെന്നാണ് ഔദ്യോഗിക കണക്ക്. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ ബീഫിന്റെ കയറ്റുമതി രണ്ടിരട്ടിയായി. മോദി പ്രധാനമന്ത്രിയായ ശേഷം 15 ശതമാനത്തിലേറെ വര്‍ധനയുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ഇവ മാംസമാക്കി കയറ്റിഅയക്കുന്ന സ്ഥാപനങ്ങളുടെ ഉടമകളൊന്നും തന്നെ ദളിതരല്ല. ഇന്ത്യയില്‍ കശാപ്പുജോലികള്‍ ചെയ്തു പണമുണ്ടാക്കുന്ന ദളിതരെ നിങ്ങള്‍ക്ക് കണ്ടെത്താനാകില്ല. ചെറുതും വലുതുമായ കശാപ്പുശാലകളില്‍ തൊഴില്‍പരമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുന്ന ദളിതര്‍ വിരളം. എക്‌സ്‌പോര്‍ട്ട് കമ്പനികളും കശാപ്പുശാലകളും ഒന്നും തന്നെ സ്ഥിതിചെയ്യുന്നത് ദളിതരുടെ ഉടമസ്ഥതതിയിലുള്ള ഭൂമിയിലല്ല. മൃഗങ്ങളെ വളര്‍ത്തി വില്‍ക്കുന്നവര്‍ക്കും വാങ്ങിക്കുന്നവര്‍ക്കുമിടയില്‍ ഇടനിലക്കാരായി ദളിതര്‍ പ്രവര്‍ത്തിക്കുന്നില്ല. പശുക്കളെയും കാളകളെയും പോത്തിനെയും വളര്‍ത്തുഫാമുകളിലേക്കും അവിടെനിന്ന് കശാപ്പിടങ്ങളിലേക്കും കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ ദളിതരുടെ ഉടമസ്ഥതയിലുള്ളതല്ല. ഇവയുടെ തോലുകളും എല്ലും വിറ്റ് സമ്പത്തുണ്ടാക്കുന്നവരുടെ ഗണത്തിലും ദളിതരില്ല. തീന്‍മേശപോലുമില്ലാത്ത ദളിതന്റെ ആഹാരക്രമത്തില്‍ ബീഫ് കടന്നു ചെല്ലുന്നുപോലുമില്ലെന്ന് നാം അറിയണം.

ചത്തുമലച്ചു വഴിയില്‍ കിടക്കുന്ന പശുവിനെ എടുത്തുമറവ്  ചെയ്യുന്നതിനു മുമ്പായി മണിക്കൂറുകള്‍ക്കകം അഴുകി മണ്ണിനോടു ചോര്‍ന്നു പോയേക്കാവുന്ന അതിന്റെ തോല്‍ ഉരിഞ്ഞെടുക്കുകമാത്രമാണ് ഗുജറാത്തില്‍ മര്‍ദ്ദനത്തിനിരയായ ദളിതര്‍ ചെയ്തത്. പശുക്കളെ ചത്തുകിടക്കുന്നിടത്തുനിന്ന് കൊണ്ടുപോകുന്നതിന് അവന് യാതൊരു പ്രതിഫലവും ലഭിക്കുന്നില്ലെന്നു കൂടി നമ്മള്‍ ഓര്‍ക്കണം. മനുസ്മൃതിയിലധിഷ്ടിതമായ ജാതി വ്യവസ്ഥ അടിച്ചേല്‍പ്പിച്ച ഒരു തൊഴിലാണിത്. അത് പൂര്‍വികര്‍ പകര്‍ന്നു നല്‍കിയതാണെന്നു കരുതി തുടര്‍ന്നു പോരുന്നു. ജാതി നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്ന ജാതി ഹിന്ദുവിന് ദുര്‍ഗന്ധം മണക്കാതിരിക്കാന്‍ പണിയെടുക്കുന്നവന്‍. ചത്തപശുവിന്റെ തോല്‍ ഉരിഞ്ഞത് കണ്ട് പശുവിനു പിറന്നവര്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമത്വ സുന്ദരമായ ഭരണം വിഭാവനം ചെയ്യുന്ന ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യയെന്നുള്ള ബോധം പോലുമില്ലാതെ. പൗരാവകാശങ്ങള്‍ക്കും സ്വത്വ ബോധത്തിനും മേലുള്ള ഹിന്ദുക്കളുടെ കടന്നുകയറ്റം അവസാനിപ്പിച്ചേതീരുവെന്ന് ദളിതര്‍ തിരിച്ചറിയുന്നു.

ഗുജറാത്തിലേത് കേവലം പ്രതിഷേധമെന്നതിലുപരി ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമം ഇനി വിലപ്പോകില്ലെന്ന മുന്നറിയിപ്പു കൂടിയാണിത്. ചത്ത പശുക്കളുടെ  ശവശരീരങ്ങള്‍ തങ്ങള്‍ നീക്കം ചെയ്യില്ലെന്നും അവര്‍ സുധീരം പ്രഖ്യാപിച്ചു. അത് നൂറ്റാണ്ടുകളായി ജാതിയുടെ പേരില്‍ തൊഴിലിന്റെ പേരില്‍ തങ്ങള്‍ അനുഭവിച്ചുപോന്ന അടിമത്തത്തെ തിരിച്ചറിഞ്ഞ ജനതയുടെ ധീരമായ പ്രഖ്യാപനം കൂടിയായിരുന്നു അത്. തങ്ങള്‍ ഹിന്ദുക്കളായിരിക്കാനാഗ്രഹിക്കുന്നില്ലെന്ന സന്ദേശം കൂടി ഈ പ്രതിഷേധങ്ങള്‍ നല്‍കുന്നു. മതങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ തങ്ങളുടെ എണ്ണം ഉയര്‍ത്തിക്കാട്ടാന്‍ കൂടെകൂട്ടുന്ന ഹിന്ദുത്വ കപട സ്‌നേഹത്തെ ഇവര്‍ തിരിച്ചറിയുന്നു. ദളിതര്‍ അവരുടെ സ്വത്വ ബോധത്തെ തിരിച്ചറിയുന്ന നാള്‍ വരുമെന്നും അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുമെന്നും ബാബാസാഹിബ് ഡോ. ബി.ആര്‍. അംബേദ്കര്‍ സ്വപ്നം കണ്ടത് സത്യമാകുന്നു. നൂറ്റാണ്ടുകളോളം മതത്തിന്റെ അടിമത്വമനുഭവിച്ച് സഹിഷ്ണുതയെന്തെന്നറിയാതിരുന്ന ജനങ്ങള്‍ ഇന്ന് തിരിച്ചറിവിന്റെ പാതയിലൂടെ പിച്ചവയ്ക്കുന്നു.  മനുസ്മൃതിയിലധിഷ്ടിതമായ കര്‍ശന ജാതി നിയമവും പരമ്പരാഗത കുലത്തൊഴിലുമാണ് പൊളിച്ചെഴുതുന്നത്. ഡോ. അംബേദ്കര്‍ കാട്ടിയപാതയിലൂടെ ദളിതര്‍ വീണ്ടും നടന്നു തുടങ്ങുന്നു. യഥാര്‍ത്ഥ ഇന്ത്യയുടെ രണ്ടാം ഘട്ട നവോത്ഥാനമാണിവിടെ പിറവിയെടുക്കുന്നത്.

ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം പ്രത്യേകം നീതി നടപ്പാക്കിയിരുന്ന ഇന്ത്യയില്‍ എല്ലാവര്‍ക്കും ഒരു പോലെ നീതി ലഭ്യമാക്കണമെന്ന് ഭരണഘടനയിലൂടെ വര്‍ഷങ്ങള്‍ക്കുമുമ്പ്  ഡോ.അംബേദ്കറാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്നും ആ നീതി നിഷേധം തുടരുന്നു. ഓരോ ദളിതനെയും മര്‍ദ്ദിക്കുമ്പോഴും നിഷ്ഠൂരം കൊല്ലുമ്പോഴും ദളിതര്‍ തങ്ങളുടെ കൂടെയുള്ളവരല്ലെന്ന് ഹിന്ദുത്വ വാദികള്‍ അടിവരയിട്ടു പറയുന്നു. പശു ഒരു ജീവിയെന്ന നിലയിലുള്ള വൈകാരികതയുടെ പേരില്‍ കൊല്ലരുതെന്ന മറ്റൊരു വാദവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എരുമയെയും പോത്തിനെയും കാളയെയും ആടിനെയും പന്നിയെയും കൊല്ലുന്നതില്‍ ഈ വൈകാരികത നോക്കാത്തതെന്തെന്ന മറുചോദ്യവുമുണ്ട്. ഹിന്ദുരാജ്യമായി ഇന്ത്യയെ നിലനിര്‍ത്താന്‍ ജാതി ഹിന്ദുക്കള്‍ നടത്തുന്ന രാഷ്ട്രീയ പൊറാട്ട് നാടകമാണ് പശുവിനെ ഗോമാതാവാക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതില്‍ ഹിന്ദു രാഷ്ട്രീയ സംഘടനകളും സംരക്ഷണ സംഘടനകളും ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള്‍ ആക്രമിക്കപ്പെടുന്നതും കൊലചെയ്യപ്പെടുന്നതും ദളിതരാണെന്നത് മത നിരപേക്ഷ ഇന്ത്യയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കണമെന്നത് ദുഃഖകരമാണ്.  

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ബിനീഷിന്റെ ലേഖനങ്ങള്‍

അയ്യങ്കാളിയുടെ പേരില്‍ കോളേജ്; വാര്‍ത്ത തമസ്കരിക്കപ്പെട്ടതിന് പിന്നില്‍
ഒരു ദളിത് രാഷ്ട്രീയക്കാരനോട് ജീവിതവും പാര്‍ട്ടിയും കാണിക്കുന്നത്
ഓലപീപ്പിയിലൂടെ നമ്മള്‍ കേട്ട ദളിതരുടെ ശബ്ദം

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍