UPDATES

ശ്രുതീഷ് കണ്ണാടി

കാഴ്ചപ്പാട്

ശ്രുതീഷ് കണ്ണാടി

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കീഴാളരെ കണ്ടില്ലെന്ന് നടിക്കുന്നവരോട്

1917ല്‍ ലെനിന്‍റെ നേതൃത്വത്തില്‍ റഷ്യയില്‍ നടന്ന തൊഴിലാളി വര്‍ഗ്ഗ വിപ്ലവം ലോകത്തിലെ തന്നെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ പുത്തനുണര്‍വ്വായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതിന് സമാനമായ വിപ്ലവം പക്ഷേ യൂറോപ്യന്‍ രാജ്യങ്ങളിലേക്കൊന്നും പടര്‍ന്നു പന്തലിക്കുകയുണ്ടായില്ല. റഷ്യയിലേതിനു സമാനമായ കടുത്ത സാമൂഹിക അസമത്വങ്ങള്‍, സാമ്പത്തിക ചൂഷണങ്ങള്‍, തൊഴില്‍ പീഡനങ്ങള്‍, മറ്റ് സാമൂഹിക സാഹചര്യങ്ങള്‍ എല്ലാം ഉണ്ടായിട്ടും പക്ഷേ യൂറോപ്പില്‍ വിപ്ലവം സംഭവിച്ചില്ല. ഇത് സംബന്ധിച്ച് വളരെ വിശദമായ പഠനങ്ങള്‍ തന്നെ ഗ്രാംഷി നടത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് യൂറോപ്പില്‍ ഭരണകൂടത്തിന്‍റെ താല്പര്യങ്ങള്‍ അവിടെയുള്ള പൊതുജനത്തിന്‍റ അഥവാ അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ കൂടി താല്‍പര്യവും ആവശ്യകതയുമായി മാറ്റിയെടുക്കാന്‍ അവിടുത്തെ ഭരണ വര്‍ഗ്ഗത്തിന് കഴിഞ്ഞതിനാലാണ് വിപ്ലവം സംഭവിക്കാതെ പോയതെന്നാണ്. ഒരു പക്ഷേ ഇന്ത്യയിലും അത്തരമൊരു നയം തന്നെയാണ് നമ്മുടെ ഭരണകൂടങ്ങളും സ്വീകരിച്ചു പോന്നിട്ടുള്ളത്. അതോടൊപ്പം നാനാ ജാതി, ഉപജാതി വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ താല്പര്യങ്ങള്‍ എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ സാധിച്ചു എന്നതാണ് സത്യം.

എന്നാല്‍ നിലവിലുള്ള സാമൂഹിക വിഭജനങ്ങളെയെല്ലാം യുക്തിപൂര്‍വ്വം മറികടക്കാന്‍ പ്രാപ്തമായ പുതിയ ഒരു തലമുറ ഇവിടെ രൂപം കൊള്ളാന്‍ തുടങ്ങിയിട്ടുണ്ടെന്നും അതിന്‍റെ ഭാഗമായുണ്ടായേക്കാവുന്ന സാമൂഹിക മുന്നേറ്റങ്ങള്‍ നിലവിലെ ഭരണകൂടങ്ങളെ ചോദ്യം ചെയ്യുമെന്നും നമ്മുടെ അധികാര വര്‍ഗ്ഗം തിരിച്ചറിഞ്ഞിട്ടുണ്ട്. ബീഫ്, ഏകീകൃത സിവില്‍ കോഡ്, മുസ്ലിം അപരത്വ നിര്‍മ്മിതി, സംവരണം അട്ടിമറിക്കല്‍ തുടങ്ങി സ്റ്റേറ്റ് സ്പോണ്‍സേര്‍ഡായ നിരവധി വിവാദങ്ങള്‍ മേല്‍ പറഞ്ഞ ഭരണകൂടത്തിന്‍റെ തിരിച്ചറിവില്‍ നിന്നും ഉടലെടുത്തിട്ടുള്ളതാണ്. പക്ഷേ ഇതെല്ലാം കേവലം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമായി ഭരണകൂടം നടത്തിയ ഇടപെടലുകളായി കാണുവാന്‍ സാധ്യമല്ല. ബീഫ് നിരോധനം, ഏകീകൃത സിവില്‍ കോഡ് തുടങ്ങി ഭരണകൂടത്തിന്‍റെ വിവാദപരമായ മിക്ക നിലപാടുകളിലും ഭൂരിപക്ഷ താല്പര്യം അവര്‍ക്കൊപ്പമായിരുന്നു എന്നത് അതീവ ഗൌരവത്തോടെ തന്നെ കാണേണ്ടതുണ്ട്.

എന്നാല്‍ ഭരണകൂടത്തിന്‍റെ ഇത്തരം നിലപാടുകളെയെല്ലാം തകര്‍ക്കുന്ന ഏറ്റവും ധീരമായ ഇടപെടലാണ് ഗുജറാത്തിലെ ദളിത്‌ ജനത ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നിന് പശുവിന്‍റെ തൊലിയുരിഞ്ഞെന്നു പറഞ്ഞു ദളിത്‌ യുവാക്കളെ ഒരു കൂട്ടം ജാതി ഹിന്ദുക്കള്‍ ചേര്‍ന്ന് പരസ്യമായി മര്‍ദ്ദിക്കുകയുണ്ടായി. തുടര്‍ന്ന് ഇതിനോടുള്ള കടുത്ത പ്രതിഷേധമെന്നോണം നൂറോളം ചത്ത പശുക്കളെ ട്രക്കുകളിലായി കളക്ടരേറ്റിനു മുന്‍പില്‍ എത്തിച്ച് സവര്‍ണ്ണ വിഭാഗങ്ങളോട് തന്നെ അത് നീക്കം ചെയ്യാന്‍ ദളിതര്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ചത്ത പശുക്കളെ നീക്കം ചെയ്തതിന്‍റെ പേരില്‍ കൊടിയ മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്ന ദളിതര്‍ ഇനി ആ പണി തങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞു കൊണ്ട് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി ഉണ്ടായ ദളിതരുടെ വന്‍ ജനാവലിയും രോഷ പ്രകടനവുമെല്ലാം രാജ്യത്തെ കീഴാള ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ അടയാളങ്ങള്‍ തന്നെയാണ്. അംബേദ്കറൈറ്റ് രാഷ്ട്രീയം കൂടുതല്‍ വേരൂന്നി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിനു ഗുജറാത്തിലെ ദളിത്‌ ജനത കാണിച്ചു തന്ന പോരാട്ടത്തിന്‍റെ പുത്തന്‍ വഴികള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

1927ല്‍ ചൌദാര്‍ കുളത്തില്‍ നിന്നും അധ:സ്ഥിത വിഭാഗത്തില്‍പ്പെട്ട തന്‍റെ സഹോദരങ്ങള്‍ക്കൊപ്പം വെള്ളം കോരി കുടിച്ചു കൊണ്ട് ബാബാ സാഹേബ് അംബേദ്‌കര്‍ നടത്തിയ ഐതിഹാസികമായ ആ കുടിവെള്ള സമരത്തോളം വൈകാരികവും രാഷ്ട്രീയവുമായ സമര പ്രഖ്യാപനമായാണ് ഗുജറാത്തില്‍ നടന്ന ദളിത്‌ പ്രക്ഷോഭത്തെ ഇന്ത്യയിലെ മുഴുവന്‍ ദളിതരും നോക്കിക്കാണുന്നത്. ഇപ്പോള്‍ ചത്ത പശുവിനെ സംസ്ക്കരിക്കാന്‍ തങ്ങള്‍ ഇനി തയ്യാറല്ലെന്ന് ദളിതര്‍ വിളിച്ചു പറയുന്നത് പോലും അതൊരു മോശം തൊഴിലായതു കൊണ്ടല്ല, മറിച്ച് തങ്ങളുടെ ഗതികേട് കൊണ്ട് കൂടിയാണ്. സംയമനം പാലിക്കുന്തോറും ഒതുങ്ങിക്കൂടി ജീവിക്കാന്‍ ശ്രമിക്കുന്തോറും ജീവന്‍ തന്നെ ബലി നല്‍കേണ്ട അവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ടതു കൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കേണ്ട സാഹചര്യം ഗുജറാത്തിലെ ദളിതര്‍ക്ക് ഉണ്ടായത്. ആ പ്രതിഷേധ രീതിയെ വിമര്‍ശന ബുദ്ധിയോടെ നോക്കിക്കാണുന്നത് പോലും അവരോടു ചെയ്യുന്ന ഏറ്റവും വലിയ അനീതിയായി മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു.

ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ‘അംബേദ്‌കര്‍’ എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. ഒരു ക്ഷുരകന്‍ എരുമയുടെ രോമം മുറിക്കുന്നതാണ് രംഗം. അവിടേക്ക് ‘താഴ്ന്ന’ ജാതിക്കാരിയായ ഒരു സ്ത്രീ തന്‍റെ മകനെയും കൊണ്ട് മുടി വെട്ടിക്കാനായി വരുന്നു. എന്നാല്‍ ക്ഷുരകന്‍ കുട്ടിയുടെ മുടി വെട്ടാന്‍ തയ്യാറാകുന്നില്ല. കാരണം എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ? ആ അമ്മ അത് ചോദ്യം ചെയ്തപ്പോള്‍ നിങ്ങള്‍ എരുമകളേക്കാള്‍ വൃത്തിഹീനരാണെന്നു പറഞ്ഞ് ക്ഷുരകന്‍ കളിയാക്കുകയാണു ചെയ്യുന്നത്ണ്ടാ. 

മനുസ്മൃതിയെ അംഗീകരിക്കുന്ന ചെറിയ ഒരു ന്യൂനപക്ഷം അധികാരം കൈയ്യടക്കുകയും ഭൂരിപക്ഷത്തിന്‍റെ മേല്‍ മനുവിന്‍റെ ചട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് കാലാകാലങ്ങളായി നമ്മുടെ രാജ്യത്ത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ചൂഷണം ചൂഷണമല്ലെന്ന് അതിന്‍റെ ഇരകള്‍ തന്നെ ചിന്തിക്കുന്ന തലത്തിലേക്ക് ഇവിടുത്തെ ബ്രാഹ്മണിക അധീശത്വ വ്യവഹാരങ്ങള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. തോട്ടിപ്പണി തങ്ങളുടെ കടമയാണെന്നും അത് മാത്രമാണ് തങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മാന്യമായ തോഴിലെന്ന് ദളിതരെ കൊണ്ട് തന്നെ ചിന്തിപ്പിക്കാന്‍ ഇവിടെ വേരാഴ്ത്തിയ ബ്രാഹ്മണ അധീശത്വത്തിനു കഴിഞ്ഞു എന്നതാണ് സത്യം. ആ അധീശത്വ വ്യവഹാരത്തെയാണ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്. കാഞ്ചാ ഐലയ്യ പറഞ്ഞത് പോലെ പൂര്‍ണ്ണമായ ഒരു ‘ദളിത്‌ വല്ക്കരണ’ത്തിലൂടെ മാത്രമേ നമുക്കത് നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

ഇന്ത്യയിലെ മുഴുവന്‍ ദളിതരും അത്യാവേശത്തോടെ നോക്കിക്കാണുകയും സ്വയം പ്രചോദിതരാവുകയും ചെയ്യുന്ന അതിവിപ്ലവകരമായ സാമൂഹിക മുന്നേറ്റം തന്നെയാണ് ഗുജറാത്തില്‍ ഉപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒരു ജനതയുടെ മുഴുവന്‍ ഭൗതിക ശേഷിയും കൈയ്യടക്കി വയ്ക്കുകയും അവന്‍റെ ജീവിക്കാനുള്ള അവകാശത്തെ പോലും ഹനിക്കുകയും ചെയ്യുന്ന സവര്‍ണ്ണത വച്ച് പേറുന്ന മുഴുവന്‍ ആളുകളോടുമുള്ള വെല്ലുവിളിയായി തന്നെയാണ് ഈ മുന്നേറ്റത്തെ നാം മനസ്സിലാക്കേണ്ടത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട വലിയ ഒരു ജനതയുടെ ധീരമായ ഈ തുറന്നു പറച്ചിലിനെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ വളരെ വൈകാരികമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ജാതീയമായ ഉച്ചനീചത്വങ്ങളില്‍പ്പെട്ട് ജീവിക്കാന്‍ മറന്നു പോയ ഒരു ജനതയെ നോക്കി അവരുടെ നിസംഗതയും നിസ്സഹായതയും കണ്ട് ഒരിക്കല്‍ പൊയ്കയില്‍ അപ്പച്ചന്‍ പറഞ്ഞത് എന്‍റെ കാരണവന്മാര്‍ക്ക് ഒന്ന് തൂങ്ങി മരിക്കാന്‍ പോലും തോന്നിയില്ലലോ എന്നാണ്. മരിക്കണമെന്ന് ചിന്തിക്കാന്‍ പോലും ശേഷിയില്ലാതെ ഭൗതികമായി അത്രത്തോളം അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയായിരുന്നു ഒരുകാലത്ത് ഇവിടെ ജീവിച്ചിരുന്നത്. എന്നാല്‍ അപ്പച്ചനോട് ഇന്ന് സധൈര്യം വിളിച്ചു പറയാം, നാവുയര്‍ത്തി ചോദ്യം ചെയ്യാന്‍ അറിയുന്ന, പ്രതികരിക്കാന്‍ അറിയുന്ന, ചാതുര്‍വര്‍ണ്യത്തിന്‍റെ വിഴുപ്പും പേറി നടക്കുന്നവരെ അറിവ് കൊണ്ട് വെല്ലുവിളിക്കാന്‍ കഴിയുന്ന പുതിയ ഒരു തലമുറ ഇവിടെ വളര്‍ന്നു വന്നിട്ടുണ്ടെന്ന്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രുതീഷ് കണ്ണാടി

ശ്രുതീഷ് കണ്ണാടി

മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്രുതീഷ് കണ്ണാടി ഇപ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നു. ദളിത്‌ പ്രവര്‍ത്തകനാണ്. 'ഒച്ച' ശബമില്ലാത്തവരുടെ ശബ്ദമാണ്. മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവരുടെ, അധ:സ്ഥിത വിഭാഗങ്ങളുടെ, വേട്ടയാടപ്പെടുന്നവരുടെ ശബ്ദം. നാം കേള്‍ക്കാതെ പോകുന്ന, കേട്ടില്ലെന്ന് നടിക്കുന്ന നിലവിളികള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഒച്ചയിലൂടെ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍