UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യന്‍ ജനതയുടെ വിമോചനത്തിന് ആദ്യം വേണ്ടത് ദളിത് വിമോചനം

ദളിത് വിമോചനസമരത്തില്‍ 2016 ഒരു പ്രധാനപ്പെട്ട വര്‍ഷമായിരുന്നു

മിക്ക രാഷ്ട്രീയ പോരാട്ടങ്ങളിലും ഇരുവിഭാഗങ്ങള്‍ക്കും നിര്‍ണായകമായ മേല്‍ക്കൈ ഉണ്ടാകാറില്ല;വിജയപരാജയങ്ങള്‍ കൂടിപ്പിണഞ്ഞിരിക്കും; ഋണാത്മകതയില്ലാതെ ധനാത്മകതയില്ല. ഈ അര്‍ത്ഥത്തില്‍ ദളിത് വിമോചനസമരത്തില്‍ 2016 ഒരു പ്രധാനപ്പെട്ട വര്‍ഷമായിരുന്നു.

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയില്‍ ഖൈര്‍ലാഞ്ചി ഗ്രാമത്തില്‍ ഒരു ദളിത് കുടുംബത്തിലെ നാലുപേരെ ‘പിന്നാക്ക ജാതി’ക്കാരായ കുന്‍ബി-മറാത്ത ജാതിയിലെ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന കുറേപ്പേര്‍ ചേര്‍ന്ന് അതിക്രൂരമായി കൊന്ന സംഭവം നടന്നിട്ട് 10 വര്‍ഷം (2006 സെപ്റ്റംബര്‍ 29) കഴിഞ്ഞിരിക്കുന്നു. സംഭവത്തോട് സര്‍ക്കാരും പൌരസമൂഹവും മാധ്യമങ്ങളും കാണിച്ച അവഗണനയില്‍ നിന്നും കുതറിമാറി പുറത്തുവരാന്‍ മഹാരാഷ്ട്രയിലെ ദളിത സമൂഹം കുറച്ചു സമയമെടുത്തു. പക്ഷേ അവരങ്ങനെ ചെയ്തപ്പോള്‍ സര്‍ക്കാര്‍ അതിനെ കര്‍ശനമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഖൈര്‍ലാഞ്ചി തര്‍ക്കത്തിന് ഭൂമി പ്രശ്നവുമായും പട്ടിക ജാതി, പട്ടിക വര്‍ഗ (അതിക്രമ നിരോധന) നിയമം, 1989-നു കീഴില്‍ കുന്‍ബി-മറാത്ത വിഭാഗത്തിലെ ഒരാള്‍ക്കെതിരെ എടുത്ത കേസുമായും ബന്ധമുണ്ടായിരുന്നു.

2016 ആദ്യം ഹൈദരാബാദ് സര്‍വകലാശാലയിലെ PhD വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമൂലയുടെ ആത്മഹത്യ എന്ന ദുരന്തത്തിനു സാക്ഷ്യം വഹിച്ചു. അംബേദ്കര്‍ വിദ്യാര്‍ത്ഥി അസോസിയേഷന്റെ (ASA) കീഴില്‍ അയാള്‍ ഉയര്‍ത്തിയ രാഷ്ട്രീയത്തെ അധികാരികള്‍ക്ക് ദഹിക്കാത്തത് മൂലം രോഹിത് വെമുലയുടെ ഫെല്ലൊഷിപ്പ് ആദ്യം റദ്ദാക്കിയിരുന്നു. രോഹിത് കൂടി ഭാഗമായ ASA ഉയര്‍ത്തിയ രണ്ടു പ്രധാന പ്രക്ഷോഭങ്ങള്‍ അധികൃതരുടെ അസഹിഷ്ണുത വീണ്ടും കൂട്ടി. പ്രത്യേകിച്ചും ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വിദ്യാര്‍ത്ഥി വിഭാഗമായ എ ബി വി പിയെ എതിര്‍ത്ത സംഭവം. എ‌ ബി ‌വി‌ പിയുടെ കള്ളപ്പരാതി ബി ജെ പി കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയക്ക് (ഒരു പ്രമുഖ ‘പിന്നാക്ക-ജാതി’ രാഷ്ട്രീയക്കാരന്‍) അയച്ചുകൊടുത്തു. ദത്താത്രേയ അത് അന്നത്തെ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കും. അവര്‍ നടപടിയെടുക്കാനായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പറാവുവിന് നിര്‍ദേശം നല്കുകിയതിന്റെ ഫലമായിരുന്നു രോഹിതിന്റെ പുറത്താക്കല്‍. ആ സംഭവത്തെത്തുടര്‍ന്നുണ്ടായ ‘ദളിത ജീവിതങ്ങളും കണക്കാക്കപ്പെടണം’ എന്ന തരത്തിലുള്ള മുന്നേറ്റങ്ങളും രോഹിതിന്റെ അമ്മ രാധിക വെമുലയടക്കമുള്ളവര്‍ അതില്‍ വഹിച്ച പങ്കും എടുത്തുപറയേണ്ടതാണ്.

2016 ജൂലായില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ ഗുജറാത്തിലെ ഗിര്‍ സോംനാഥ് ജില്ലയിലെ ഉന നഗരത്തില്‍ നാല് ദളിത് യുവാക്കളെ ഹിന്ദുത്വവാദി ഗോ സംരക്ഷക് പ്രവര്‍ത്തകര്‍ നഗ്നരാക്കി ചങ്ങലകള്‍ കൊണ്ട് മര്‍ദിച്ചു. ഒരു പശുവിനെ കൊന്നെന്ന് തെറ്റായ ആരോപണം ഉന്നയിച്ചായിരുന്നു ഇത്. തങ്ങളുടെ പ്രവര്‍ത്തിയില്‍ അഭിമാനം കൊണ്ട ഗോ രക്ഷകന്‍മാര്‍ മര്‍ദ്ദനത്തിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ നല്കി. എന്നാല്‍ ഇതിനെ തുടര്‍ന്നു ഗുജറാത്തിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും ദളിത് പ്രതിഷേധമുയര്‍ന്നു. ഇടതുപക്ഷത്തിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു.

ഇന്ത്യന്‍ ഭരണഘടനയില്‍ ഉദാത്ത ആദര്‍ശങ്ങളൊക്കെയുണ്ടെങ്കിലും സവര്‍ണരും ബ്രാഹ്മണിക മൂല്യങ്ങളെ ആന്തരികവത്കരിച്ചിരിക്കുന്ന പിന്നാക്ക വിഭാഗവും അടങ്ങുന്ന ജാതി സംവിധാനം ദളിതരെ മനുഷ്യരായി അംഗീകരിക്കാന്‍ തയ്യാറല്ല. എന്നാല്‍ 1968-ലെ കില്‍വെന്‍മനി കൊലകളും 1970 അവസാനങ്ങളിലെ മധ്യ ബിഹാറിലെ ദളിത് കൂട്ടക്കൊലകളും ഓര്‍മ്മിച്ചാല്‍ കഴിഞ്ഞ കാലത്തില്‍ നിന്നുമുള്ള മാറ്റം ശ്രദ്ധേയമാണ്. എന്നത്തേക്കാളും കൂടുതലായി സംവിധാനത്തില്‍ ദളിത് സാന്നിധ്യമുണ്ട്- കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്‍റ്, നിയമസഭാ അംഗങ്ങള്‍,പോലീസ്, ജുഡീഷ്യറി എന്നിവയിലെ ദളിത് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റമുണ്ടാക്കാന്‍ ഇതിനായിട്ടില്ല.

എസ് സി, എസ് ടി (അതിക്രമ നിരോധന) നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്നും മറ്റ് പ്രമുഖ ജാതികള്‍ സംവരണം ആവശ്യപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍- ഹരിയാനയിലെ ജാട്ടുകള്‍, ഗുജറാത്തിലെ പട്ടേലുകള്‍-തങ്ങള്‍ക്കും സംവരണം വേണമെന്നാവശ്യപ്പെട്ട് ശക്തമായ സ്വാധീനമുള്ള ജാതിയായ കുന്‍ബികളടക്കമുള്ള മറാത്തകളും ശക്തമായ സമരത്തിലാണ്. 1970-കള്‍ മുതല്‍ ശക്തരായ, ഭൂവുടമസ്ഥതയുള്ള, ‘പിന്നാക്ക ജാതി’ക്കാരുടെ ഈ രാഷ്ട്രീയ ശക്തിപ്പെടലിന്റെ പശ്ചാത്തലത്തില്‍ വേണം ദളിത് പീഡനങ്ങളെ കാണാന്‍. തട്ടുകളാക്കിയ അസമത്വമുള്ള, ഓരോ തലത്തിലും ശകലീകരിക്കപ്പെട്ട ജാതി വ്യവസ്ഥയുടെ ശ്രേണീഘടന അത് സാമ്പത്തിക, ബൌദ്ധിക വിഭവങ്ങളുടെ പ്രാപ്യതയെ രൂപപ്പെടുത്തുന്നു എന്നും കണക്കിലെടുത്താല്‍ ഏറ്റവും രൂക്ഷമായ വൈരുദ്ധ്യങ്ങള്‍ ഇപ്പോള്‍ സവര്‍ണ്ണ ജാതിക്കാരും (വ്യവസ്ഥയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍) ദളിതരും (ജാതിയുടെ ഏറ്റവും ഭീകരമായ അടിച്ചമര്‍ത്തല്‍ നേരിട്ടവര്‍)തമ്മിലല്ല, പക്ഷേ ദളിതരും ജാതിവ്യവസ്ഥാ ശ്രേണിയിലെ ഇടക്കുവരുന്ന ജാതികളും ദളിതരോട് ഏറെ അടുത്തുവരുന്നവരും തമ്മിലാണ് എന്നുകാണാം.

ഇന്ത്യയിലെ ജാതിവ്യവസ്ഥക്ക് നീണ്ട കാലത്തെ പഴക്കമുണ്ട്. കൊളോനിയല്‍ ഭരണകാലത്തെ അവികസിതമായ മുതലാളിത്തത്തിന് ജാതിയുടെ അടിത്തറയെ ഗണ്യമായി ദുര്‍ബ്ബലമാക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ സമൂഹത്തിന്റെ ചില ഘടനകളെ ഭദ്രമാക്കാനും ഉറപ്പിക്കാനുമുള്ള ജാതി വ്യവസ്ഥയുടെ ശേഷിയെ ഇല്ലാതാക്കാന്‍ അതിനായില്ല. ഉത്പാദനോപാധികളുടെ പ്രാപ്യതയേയും ഉത്പാദനബന്ധങ്ങളുടെ ഘടനകളെയും നിശ്ചയിക്കുന്ന അസമവും അടിച്ചമര്‍ത്തുന്നതുമായ സാമൂഹ്യ-മത സ്ഥാപനമായി ജാതി നിലനിന്നു. ചൂഷണവും ജാതി വിവേചനവും ഇന്ത്യയുടെ അവികസിത മുതലാളിത്തത്തിന്റെ ഘടനയില്‍ വേരൂന്നിയിരിക്കുന്നു. സമൂഹത്തിന്റെ വിഭവങ്ങളും അവസരങ്ങളും തുല്യനീതിയില്‍ പങ്കുവെക്കുന്നതിന് ജാതി ഒരു സാമൂഹ്യസ്ഥാപനമെന്ന നിലയില്‍ തീര്‍ത്തും എതിര്‍വശത്താണ്.

പ്രവചനീയമായ വിധത്തില്‍ അക്കാദമിക ലോകവും ജാതി പ്രശ്നത്തില്‍ പല തട്ടിലാണ്. വാദങ്ങള്‍ മറുവാദങ്ങള്‍ കൊണ്ടല്ല, കുത്തുവാക്കുകളും അധിക്ഷേപങ്ങളും കൊണ്ടാണ് (EPW 18 ജൂണ്‍, 3 ഡിസംബര്‍ 2016)നേരിടുന്നത്. ഗവേഷണത്തിനുള്ള പണം തരുന്നവരോട് മാത്രമല്ല തങ്ങള്‍ പഠന വിധേയരാക്കുന്ന ജനങ്ങളോടും, സഹപ്രവര്‍ത്തകരോടും, പിന്തുടരുന്ന ശാസ്ത്രത്തോടും, വ്യവസ്ഥയുടെ ലക്ഷ്യങ്ങളേയും പ്രതിബദ്ധതയെയും മൂല്യങ്ങളെയും ചോദ്യം ചെയ്യാന്‍ തയ്യാറാകുന്ന തങ്ങളുടെ വിദ്യാര്‍ത്ഥികളോടും കൂടി തങ്ങള്‍ക്ക് ചുമതലകളുണ്ടെന്ന് അക്കാദമിക സ്ഥാപനങ്ങള്‍ ഓര്‍ക്കണം.

തീര്‍ച്ചയായും അംബേദ്കര്‍ വാദികള്‍ ഉള്‍പ്പെടെ ആര്‍ക്കും ജാതി പ്രശ്നത്തില്‍ സത്യത്തിന്റെ കുത്തകയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല. പരസ്പര പഠനത്തിന്റെ പ്രക്രിയക്ക് നമ്മള്‍ സന്നദ്ധമാകണം. ദളിത് പ്രശ്നം എന്നാല്‍ ദളിത് വിമോചനത്തെക്കുറിച്ചാണ്. മുഴുവന്‍ ഇന്ത്യന്‍ ജനതയുടെയും വിമോചനത്തിന് അത്തരം വിമോചനം ആവശ്യമാണ്; അത് കൂടാതെ അസാധ്യവുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍